ചൈനയുടെ ഇരട്ടത്താപ്പ്

Posted on: February 20, 2019 2:06 pm | Last updated: February 20, 2019 at 2:06 pm

40 സൈനികരുടെ മരണത്തിനിടയാക്കിയ കശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ അതിശക്തമായ നയതന്ത്ര നടപടികളുമായി മുന്നോട്ട് പോകുകയാണ്. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, റഷ്യ, ഇറാന്‍, സഊദി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുകയും ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാക്കിസ്ഥാനാണെന്ന് ശക്തമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. സാര്‍ക്ക് രാജ്യങ്ങള്‍ നേരത്തേ തന്നെ ഇന്ത്യയുടെ സമീപനം അംഗീകരിക്കുന്നവയാണ്. മേഖലയിലെ അശാന്തിക്ക് മുഖ്യ കാരണം പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും കുത്തിത്തിരിപ്പുകളുമാണെന്ന ഇന്ത്യയുടെ നിലപാടിന് കൂടുതല്‍ അംഗീകാരം ലഭിക്കുന്ന സ്ഥിതിയാണ് പുല്‍വാമക്ക് ശേഷം കാണുന്നത്.

എന്നാല്‍ ഈ രാജ്യങ്ങളെല്ലാം ഭീകരവാദത്തെ തള്ളിക്കളയുകയും പുറമേക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയും ചെയ്യുമ്പോഴും പരോക്ഷമായി എടുക്കുന്ന സമീപനം അത്ര ആശാവഹമാണെന്ന് പറയാനാകില്ല. അതില്‍ ഏറ്റവും നിര്‍ണായകമായ നയവ്യതിയാനം ദൃശ്യമായിട്ടുള്ളത് ചൈനയില്‍ നിന്നാണ്. ഒരു ഭാഗത്ത് ഭീകരവാദത്തെ തള്ളിപ്പറയുന്ന ചൈന മറുഭാഗത്ത് ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഗ്രൂപ്പുകളെ സംരക്ഷിക്കുന്ന സമീപനം പുലര്‍ത്തുന്നു. ജെയ്‌ഷെ മേധാവി മസൂദ് അസ്ഹറിനെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ യു എന്നില്‍ ചെറുത്ത് തോല്‍പ്പിച്ചത് ചൈനയായിരുന്നു. ബ്രിട്ടനും ഫ്രാന്‍സും യു എസുമെല്ലാം പിന്തുണച്ചിട്ടും ചൈന വീറ്റോ ചെയ്തു. അസ്ഹറിന്റെ പ്രവൃത്തികള്‍ക്ക് തെളിവ് പോരെന്നാണ് ചൈനയുടെ നിലപാട്. മറ്റെല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടും ചൈനക്ക് തെളിവ് പോരെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്? പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും അസ്ഹറിനെതിരായ സമീപനമെന്തെന്ന ചോദ്യമുയര്‍ന്നു. സംഘടനകളെ നിരോധിക്കാം, വ്യക്തികള്‍ക്കെതിരെ തിരിയുമ്പോള്‍ കൂടുതല്‍ തെളിവ് വേണമെന്ന പല്ലവിയാണ് ചൈന ആവര്‍ത്തിച്ചത്.

മസൂദ് അസ്ഹറിനെ ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ എല്ലാ പ്രതിസന്ധിയും അവസാനിച്ചുവെന്നോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കുമെന്നോ അര്‍ഥമില്ല. യു എന്‍ പട്ടികകളുടെ കരുത്ത് എത്രയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ഇവിടെ ചോദ്യമുയരുന്നത് ചൈനയുടെ പ്രീണന നയത്തിനെതിരെയാണ്. പാക്കിസ്ഥാന്റെ കൂടെനില്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ചൈന നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നതാണ് സത്യം. കുട്ടനെയും മുട്ടനെയും കുത്തു കൂടിച്ച് ചോര കുടിക്കുന്ന ഈ കുറുക്കന്‍ പരിപാടി പാക്കിസ്ഥാനെ സഹായിക്കാനല്ല, സംരക്ഷിക്കാനുമല്ല. ഭൗമ രാഷ്ട്രീയ വടംവലിയില്‍ പക്ഷം ചേര്‍ന്ന് നേട്ടമുണ്ടാക്കുക മാത്രമാണ് ലക്ഷ്യം. മേഖലയിലെ നേതൃസ്ഥാനത്തിനായി വല്ലാതെ കൊതിക്കുന്ന ചൈനയുടെ എതിര്‍ ചേരിയിലെ ഏറ്റവും ശക്തമായ സാന്നിധ്യം ഇന്ത്യയാണ്. കിഴക്കന്‍ ചൈനാ കടലിലെ ദ്വീപ് തര്‍ക്കത്തില്‍ ചൈനയുടെ എതിര്‍ പക്ഷത്താണ് ഇന്ത്യ. ജപ്പാനുമായി ഇന്ത്യ ഉണ്ടാക്കിയെടുത്ത സൗഹൃദത്തില്‍ ചൈനക്ക് എതിര്‍പ്പുണ്ട്. ശ്രീലങ്കയിലും മാലെ ദ്വീപിലും നേപ്പാളിലും അഫ്ഗാനിലുമൊക്കെ ചൈന പണം വാരിക്കോരിയെറിഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സഹായഹസ്തം നീട്ടുന്നതും ഇന്ത്യയുടെ പരമ്പരാഗത സ്വാധീനം തുടച്ചു നീക്കാന്‍ വേണ്ടിയാണ്. പാക്കിസ്ഥാന്റെ മൊത്തം ആയുധ ഇറക്കുമതിയുടെ 63 ശതമാനവും ചൈനയില്‍ നിന്നാണ്. 2006-10 കാലയളവില്‍ ഇത് 38 ശതമാനമായിരുന്നു.

അക്കാലയളവില്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 36 ശതമാനവും. യു എസിന്റെ പങ്ക് 19 ശതമാനമായി കുറഞ്ഞു. കുറവ് നികത്തുന്നത് ചൈനയാണെന്ന് വ്യക്തം. അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതോടെ അവരുടെ ‘സംരക്ഷണം’ കൂടി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് ചൈന.
ചൈനക്ക് എന്തിനേക്കാളും പ്രധാനം അതിന്റെ സാമ്പത്തിക താത്പര്യങ്ങളാണ്. പ്രത്യയശാസ്ത്രം പോലും അതിന് താഴെയേ വരൂ. സാമ്പത്തിക, വ്യാപാര രംഗത്ത് വന്‍ കുതിപ്പ് പ്രതീക്ഷിച്ച് നടപ്പാക്കുന്ന വമ്പന്‍ പദ്ധതിയാണ് ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. പാക്കിസ്ഥാനിലൂടെ അറബിക്കടലിലേക്കാണ് ചൈന പാതയൊരുക്കുന്നത്. ചൈനയിലെ കശ്ഗാറില്‍ നിന്ന് ബലൂചിസ്ഥാനിലെ ഗ്വാദറിലേക്കാണ് പാത. ഇത് കടന്നു പോകുന്നത് പാക്കധീന കശ്മീരിലൂടെയാണ്. എന്നുവെച്ചാല്‍ ബലൂചിസ്ഥാന്‍, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചൈനക്കുള്ള താത്പര്യം തികച്ചും സാമ്പത്തികമാണെന്ന് വ്യക്തം. അതുകൊണ്ട് പാക്കിസ്ഥാനുമായുള്ള ബാന്ധവം ചൈനക്ക് പ്രധാനമാണ്. അതിനായി അവര്‍ റഷ്യയുമായും സഊദിയുമായും അമേരിക്കയോടു പോലും ധാരണയുണ്ടാക്കും. പാക്കിസ്ഥാനെ ഏത് നിലക്കും സംരക്ഷിച്ചു കൊണ്ട് ഇന്ത്യയുടെ വിരുദ്ധ പക്ഷത്ത് നില്‍ക്കും.

ഇന്ത്യാ പാക് യുദ്ധമുണ്ടാകില്ലെന്ന് തന്നെയാണ് അനുമാനിക്കേണ്ടത്. അങ്ങനെയൊന്ന് ഇരുപക്ഷവും ആഗ്രഹിക്കുന്നില്ല. ഒരു വിദൂര സാധ്യതയെന്ന നിലയില്‍ യുദ്ധം സംഭവിച്ചുവെന്നിരിക്കട്ടെ. ചൈന കൃത്യമായി പാക് പക്ഷം നില്‍ക്കും. ചൈന ആ നിലപാടെടുക്കുന്നതോടെ അമേരിക്കയും റഷ്യയും ഇറാനുമൊക്കെ ഇന്ത്യയെ കൈവിടും. അതുകൊണ്ട് ചൈനയുടെ ഇരട്ടത്താപ്പ് കൂടി ലോകത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഇന്ത്യക്കുണ്ട്. യുദ്ധം ഒഴിവാക്കാനുള്ള ഉത്തരവാദിത്വവും. കശ്മീരികളുടെ സമ്പൂര്‍ണ വിശ്വാസമാര്‍ജിച്ച് പാക്കിസ്ഥാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഇന്ത്യക്ക് സാധിക്കണം. പരമ്പരാഗത അയല്‍ക്കാര്‍ക്കിടയില്‍ ശത്രുത മൂര്‍ഛിപ്പിക്കുന്നവരുടെ ലക്ഷ്യം പാക് അധികാരികള്‍ മനസ്സിലാക്കണം. പരാജിത രാഷ്ട്രമായി തങ്ങളെ മുദ്ര കുത്തുന്നതിന്റെ കാരണമന്വേഷിക്കാന്‍ ആ രാജ്യം തയ്യാറാകണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ തന്നെയാണ് പക്വതയുടെ വഴി കാണിക്കേണ്ടത്.

അഫ്ഗാനിസ്ഥാനില്‍ കിരീടവും ചെങ്കോലും താലിബാനെ ഏല്‍പ്പിച്ചാണ് അമേരിക്ക പിന്‍വാങ്ങുന്നത്. ഈ സാഹചര്യം എന്ത് പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. സങ്കീര്‍ണമായ ഭാവിയിലേക്ക് മേഖലയെ തള്ളിവിടാനാകും വിവിധ ശാക്തിക ചേരികള്‍ ശ്രമിക്കുക. അത്തരമൊരു ഘട്ടത്തില്‍ സന്തുലനത്തിനായുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യക്കാണ് സാധിക്കുക.