പൈലറ്റ് ക്ഷാമം: ഇന്‍ഡിഗോ 32 സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു

Posted on: February 13, 2019 1:51 pm | Last updated: February 13, 2019 at 3:54 pm

മുംബൈ: പൈലറ്റുമാരുടെ കുറവു കാരണം 32 വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ ഇന്‍ഡിഗോ കമ്പനി ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കി. കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു തുടങ്ങി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയത്. ഏറെ വൈകിയാണ് വിവരമറിയിച്ചതെന്നതിനാല്‍ യാത്രക്കാരില്‍ പലര്‍ക്കും കൂടിയ ടിക്കറ്റ് നിരക്കില്‍ മറ്റു വിമാനക്കമ്പനികളുടെ സര്‍വീസുകളെ ആശ്രയിക്കേണ്ടി വന്നതായി പരാതിയുണ്ട്.

പ്രതികൂല കാലാവസ്ഥയും മറ്റു തടസ്സങ്ങളുമാണ് പൊടുന്നനെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ പറയുന്നത്. പ്രതിസന്ധി കുറച്ചു ദിവസം നീണ്ടുനില്‍ക്കുമെന്നതിനാല്‍ ദിവസം തോറും 30 സര്‍വീസുകള്‍ മുടങ്ങുമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകുന്ന സ്ഥിതിയില്ലെന്നും തങ്ങളുടെതിന് സമാനമായ യാത്രാ സൗകര്യമാണ് മറ്റു വിമാന സര്‍വീസുകളിലും ലഭിക്കുന്നതെന്നും കമ്പനി അധികൃതര്‍ പറയുന്നു.