കേരളം ചുടു ചൂളയിലേക്ക്

Posted on: February 8, 2019 10:14 am | Last updated: February 11, 2019 at 12:45 pm

ഭൂമധ്യരേഖയോടടുത്ത പെസഫിക് സമുദ്രത്തില്‍ ഇതിനകം രൂപംകൊണ്ടിരിക്കുന്ന എല്‍ നിനോ (El Nino) പ്രതിഭാസം 2019ല്‍ ലോകത്തെ മൊത്തം കാലാവസ്ഥയെ തകിടം മറിക്കുന്ന നിലയിലേക്ക് നീങ്ങുന്നതായി ജേര്‍ണല്‍ ഓഫ് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് എന്ന കാലാവസ്ഥാ ഗവേഷണ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഈ വേനല്‍ അതികഠിനമാകാന്‍ സാധ്യതയുള്ളതായി ഗവേഷണ പ്രബന്ധം വിലയിരുത്തുന്നു. 2019 ഡിസംബര്‍ അവസാനം വരെ എല്‍നിനോയുടെ ഭാഗമായി പെസിഫിക് സമുദ്രത്തില്‍ ഉഷ്ണജല പ്രവങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് അമേരിക്കയുടെ നാഷനല്‍ ഓഷിയാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (NOAA) പ്രവചിച്ചിരുന്നു. 1940ന് ശേഷം സമുദ്രജലത്തിന്റെ ചൂട് 2018 അവസാന മാസങ്ങളിലെ പോലെ ഇത്രയേറെ വര്‍ധിച്ചിട്ടില്ലത്രേ. കഴിഞ്ഞ 78 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന സമുദ്രജല ചൂടാണിത്. എല്‍ നിനോ ഉണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കാള്‍ വന്‍ അപകടമാണ് കാര്‍ബണ്‍ ഡൈയോക്‌സൈഡ് മൂലമുണ്ടായിരിക്കുന്ന ആഗോള താപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സ്വിറ്റസര്‍ലാന്‍ഡില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹരിത ഗ്രഹ വാതകങ്ങള്‍ മൂലം അന്തരീക്ഷത്തില്‍ കുടുങ്ങിക്കിടക്കുന്ന താപമാണ് സമുദ്ര ഉപരിതലത്തെ 90 ശതമാനവും ചൂടാക്കുന്നത്. ഇതാണ് പിന്നീട് സമുദ്രത്തിനു മുകളിലെ അന്തരീക്ഷ വായുവിനെ ക്രമാതീതമായി ചൂടാക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തിന് കരണമാകുന്നതും. എല്‍ നിനോ വഴിയും മനുഷ്യ നിര്‍മിതമായും ലോകത്തുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന ഫലമായുണ്ടായ കൊടുങ്കാറ്റുകളും പേമാരികളും നിമിഷ പ്രളയങ്ങളും കാട്ടുതീയും വെള്ളപ്പൊക്കങ്ങളും വരള്‍ച്ചകളും നാം അനുഭവിച്ചു കഴിഞ്ഞു. എല്‍ നിനോ ആഗോള താപനത്തിന്റെ കാഠിന്യത്തെ കൂട്ടുന്നു. 2015, 2016 കാലത്ത് ഇന്ത്യയില്‍ കാലാവസ്ഥാ വ്യതിയാനം മൂലം മരിച്ചത് 2,500 പേരാണ്. ഇതില്‍ ഭൂരിഭാഗവും അന്തരീക്ഷ ചൂട് കൊണ്ടുണ്ടായ താപതരംഗം മൂലവുമാണ്. 2019 നെ പല കാലാവസ്ഥാ നിരീക്ഷകരും കാണുന്നത് ഇത് വരെ കണ്ടതില്‍ ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കും എന്നാണ്. ഇത് കുടിവെള്ള ക്ഷാമത്തിലേക്കും വരള്‍ച്ചയിലേക്കും ഭക്ഷ്യ ക്ഷാമത്തിലേക്കും ചൂടുകാറ്റിലേക്കും കാട്ടുതീയിലേക്കും ജലജന്യരോഗങ്ങളിലേക്കും നയിക്കും. അതുകൊണ്ട് തന്നെ 2019നെ മിനി ഗ്ലോബല്‍ വാര്‍മിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആഗോള താപനത്തെ എല്‍ നിനോ കൂടുതല്‍ കഠിനമാക്കുമെന്നതിനാലാണിത് .

കേരളത്തില്‍ പ്രളയാനന്തര വേനലാണ് വരാന്‍ പോകുന്നത്. പ്രളയത്തോടനുബന്ധിച്ചുണ്ടായ 800 ഓളം ഉരുള്‍പൊട്ടല്‍ ഒഴുക്കികൊണ്ടുപോയത് പശ്ചിമഘട്ട മലകളില്‍ മഴക്കാലങ്ങളില്‍ ശേഖരിച്ചു വെച്ചിരുന്ന ഭൂഗര്‍ഭ ജല സ്രോതസ്സുകളിലെയും ഡാമുകളിലെയും ജലമാണ്. മഴയില്ലാത്ത സമയങ്ങളില്‍ നീരുറവകളായി നമ്മുടെ നദികളിലെ ഒഴുക്ക് നിലനിര്‍ത്തിയിരുന്നത് ഈ ജലാശയങ്ങളാണ്. നമുക്ക് മഞ്ഞുരുകി ജലം ലഭിക്കുന്ന ഒരൊറ്റ നദി പോലുമില്ല. പശ്ചിമഘട്ടമാണ് നമ്മുടെ ജലകുടങ്ങള്‍. ഈ കുടങ്ങളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞത്. എല്‍ നിനോ കേരളത്തെ ബാധിക്കുമെന്നതിന് തെളിവാണ് ജനുവരിയിലെ ആദ്യ ദിനങ്ങളിലുണ്ടായ രൂക്ഷമായ തണുപ്പ്. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് കുടിവെള്ള സംരക്ഷണ മാര്‍ഗങ്ങള്‍ ആരായണം. അമിതമായ ജലമെടുപ്പ് എത്രയും പെട്ടെന്ന് നിര്‍ത്തലാക്കണം. ശുദ്ധജല കച്ചവടം ബാന്‍ ചെയ്യണം. പാവപ്പെട്ട ജനങ്ങളുടെ കുടിവെള്ളമാണ് ജല വില്‍പ്പനക്കാര്‍ വിറ്റ് കാശാക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വേനലില്‍ ദുരിത മില്ലാതാക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കുഴല്‍ കിണര്‍ നിര്‍മാണം മഴക്കാലം വരെ തടയണം. വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ചൂട് വര്‍ധിക്കുമ്പോള്‍ തീപിടിത്തത്തിന് സാധ്യത ഏറെയാണ്. തീ പിടിത്ത സാധ്യത ഒഴിവാക്കുവാന്‍ പൊതുജന ബോധവത്കരണം നടക്കണം . പ്രളയ കാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പകച്ചുനിന്നതുപോലെയാകരുത് ഈ വേനലില്‍. ഈ വേനലിലെ ജനങ്ങളുടെ ദുരിതം കുറക്കണം. അതിനുള്ള മുന്നൊരുക്കങ്ങള്‍ കാലേക്കൂട്ടി ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം.

ഡോ. സി എം ജോയി