Connect with us

Kerala

ജെ ജെ ആക്ട്: 58 അനാഥാലയങ്ങള്‍ കൂടി അടച്ചുപൂട്ടി

Published

|

Last Updated

തിരുവനന്തപുരം:ജുവനൈല്‍ ജസ്റ്റിസ് ആക്ട് നടപ്പായതിന് പിന്നാലെ സംസ്ഥാനത്തെ കൂടുതല്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കേരളത്തിലെ 58 അനാഥാലയങ്ങള്‍ കൂടി അടച്ചുപൂട്ടി. ഇതോടെ ജെ ജെ ആക്ട് നിലവില്‍ വന്നതിന് ശേഷം പൂട്ടിയ സ്ഥാപനങ്ങളുടെ എണ്ണം 346 ആയി. ഈ അധ്യയന വര്‍ഷം തീരുന്നതോടെ നൂറിലധികം സ്ഥാപനങ്ങള്‍ കൂടി പൂട്ടുമെന്നാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്ക്. അതേസമയം, നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള നിര്‍ദേശവും ഇതുവരെ നടപ്പായില്ല. അപ്രായോഗിക നിര്‍ദേശങ്ങളേറെയുള്ള ജെ ജെ ആക്ട് നിലവില്‍ വന്നതിന് പിന്നാലെ സ്ഥാപന നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായതോടെയാണ് അനാഥാലയങ്ങള്‍ വ്യാപകമായി അടച്ച് പൂട്ടുന്നത്.

എല്ലാചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും 2017 ഡിസംബര്‍ 31നകം ജെ ജെ ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടത്തണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇതനുസരിച്ച് 817 സ്ഥാപനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 27 സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതും 790 എണ്ണം സന്നദ്ധ സംഘടനകളുടെയും സ്വകാര്യ ട്രസ്റ്റുകളുടെയും വ്യക്തികളുടെയും നിയന്ത്രണത്തിലുള്ളവയുമാണ്.

എന്നാല്‍, ജെ ജെ ആക്ടിലെ കടുത്ത വ്യവസ്ഥകള്‍ പലതും അനാഥാലയങ്ങള്‍ ഏറെയുള്ള കേരളത്തെയാണ് ബാധിച്ചത്. ജെ ജെ ആക്ട് പ്രകാരം നൂറ് കുട്ടികളുള്ള സ്ഥാപനത്തില്‍ 25 ജീവനക്കാര്‍ വേണം. ഇവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളവും നല്‍കണം. അധ്യാപകര്‍ക്ക് പുറമെ കെയര്‍ടേക്കര്‍, ഡോക്ടര്‍, ഗൈനക്കോളജിസ്റ്റ്, എം എസ് ഡബ്ല്യു യോഗ്യതയുള്ള സമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണ് ജീവനക്കാരുടെ പട്ടിക. ഈ വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നടത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയോ ഒരു വര്‍ഷത്തെ തടവോ ഇത് രണ്ടും ഒരുമിച്ചോ ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. ഈ കടുത്ത നിയന്ത്രണങ്ങളാണ് അനാഥാലയ നടത്തിപ്പുകാരെ പിന്നോട്ടടിപ്പിച്ചത്. മാത്രമല്ല, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ വ്യാപകമായി പരിശോധനക്ക് ഇറങ്ങിയതും സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിച്ചു.

ഒരു സ്ഥാപനത്തില്‍ മറ്റൊരു ജില്ലയില്‍ നിന്നുള്ള കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് പോലും നിയന്ത്രണമുണ്ട്. മാത്രമല്ല, ഒരു സ്ഥാപനത്തിലെ കുട്ടിയെ പുറത്ത് കൊണ്ടുപോകണമെങ്കില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറുടെ അനുമതി വേണമെന്നാണ് മറ്റൊരു വ്യവസ്ഥ.

ലാഭേച്ഛ കൂടാതെ അനാഥകളുടെ വിദ്യാഭ്യാസ പുരോഗതി മാത്രം ലക്ഷ്യമിട്ട് നടത്തുന്ന സ്ഥാപനങ്ങളില്‍ പലതിനും ഈ വ്യവസ്ഥകള്‍ പാലിച്ച് നടത്തികൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെയാണ് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായത്. ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പൂട്ടിയത് കോട്ടയത്തും കുറവ് മലപ്പുറം, കാസര്‍കോഡ് ജില്ലകളിലുമാണ്. 60 അനാഥാലയങ്ങളാണ് കോട്ടയത്ത് പൂട്ടിയത്. മലപ്പുറത്തും കാസര്‍കോഡും ഏഴ് വീതവും.

പൂട്ടിയ വിവരം സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനെ അറിയിച്ചവരുടെ കണക്കാണിത്. പൂട്ടിയ സ്ഥാപനങ്ങളിലെല്ലാമായി ഏതാണ്ട് നാലായിരത്തോളം കുട്ടികള്‍ പഠിച്ചിരുന്നു. ഇവരില്‍ പലരും മറ്റ് സ്ഥാപനങ്ങളില്‍ അഭയം തേടിയെങ്കിലും കുറേ പേരുടെ പഠനം തന്നെ പ്രതിസന്ധിയിലായിട്ടുണ്ട്. ജെ ജെ ആക്ട് നടപ്പാക്കിയത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയതോടെയാണ് പലരും അടച്ച് പൂട്ടലിലേക്ക് നീങ്ങിയത്. മാര്‍ച്ച് മാസത്തോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ പൂട്ടുകയാണെന്ന വിവരം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളിലെ കുട്ടികളെ ശിശു ക്ഷേമ സമിതികള്‍ക്ക് കീഴില്‍ പുനരധിവസിപ്പിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അപ്രായോഗിക നിര്‍ദേശങ്ങള്‍ മറികടക്കുന്നതിന് ചട്ടം കൊണ്ടുവരുമെന്ന നിര്‍ദേശവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

 

വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്താനാകില്ല: മന്ത്രി ശൈലജ

തിരുവനന്തപുരം: ജെ ജെ ആക്ടിന്റെ ചട്ടങ്ങള്‍ തയ്യാറായി വരികയാണെന്ന് സാമൂഹിക ക്ഷേമ മന്ത്രി കെ കെ ശൈലജ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ബാലനീതി ചട്ടങ്ങള്‍ കേന്ദ്ര മാതൃക ചട്ടങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാറിന് പരിമിതമായ കാര്യങ്ങളെ ചെയ്യാനാകൂ.
കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബാലനീതി നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ മിനിമം സ്റ്റാന്‍ഡേര്‍ഡ് ഓഫ് കെയര്‍, അടിസ്ഥാനസൗകര്യം, ജീവനക്കാര്‍, കുട്ടികളുടെ ദിനചര്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകള്‍ എല്ലാസ്ഥാപനങ്ങളിലും നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് പി ഉബൈദുല്ലയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.