Connect with us

Cover Story

മലയാളിയിലെ മലയാളം

Published

|

Last Updated

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സ്ഥാപിതമായിട്ട് ആറ് വര്‍ഷം പിന്നിട്ടിരിക്കുന്നു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് അഞ്ച് വര്‍ഷവുമായി. ഇവ മലയാളിയുടെ മലയാളത്തില്‍ കൊണ്ടുവന്ന സ്വാധീനങ്ങള്‍, മാറ്റങ്ങള്‍ തുടങ്ങിയവ പരിശോധിക്കുകയും ഭാവിയിലെ പദ്ധതികള്‍ വിശദീകരിക്കുകയും പൊതുവെ മാതൃഭാഷയോട് നാം കാണിക്കേണ്ട വാത്സല്യത്തെയും കരുതലിനെയും കുറിച്ച് സൂചിപ്പിക്കുകയുമാണ് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍…

? മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. അതിന്റെ പ്രതിഫലനം ഭാഷയില്‍ പ്രകടമാണോ
ഭാഷയുടെ പഴക്കത്തെ അവലംബിച്ചാണ് ശ്രേഷ്ഠ പദവി ലഭിക്കുന്നത്. പഴക്കം, ഭാഷയുടെ പൂര്‍വരൂപത്തിന്റെ നിലവിലെ അവസ്ഥ, തുടര്‍ച്ച തുടങ്ങിയവയെ കുറിച്ചുള്ള കണ്ടെത്തലുകളാണ് ശ്രേഷ്ഠ ഭാഷാ പദവിക്ക് അര്‍ഹമാക്കുന്നത്. 2013 മെയ് 23 നാണ് മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത്. ഭാഷയുടെ വികസനത്തിനും പ്രചാരണത്തിനും ഇത് ഉപകരിക്കും. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നൂറ് കോടി രൂപയുടെ സഹായം ലഭിക്കുമെന്നത് നേട്ടമാണ്. ഭാഷാ പരിപോഷണത്തിനും ഗവേഷണങ്ങള്‍ക്കും ഈ തുക വിനിയോഗിക്കാം.

ശ്രേഷ്ഠ പദവിക്കൊപ്പം അതിന്റെ പേരില്‍ ഒരു മികവ് കേന്ദ്രം ലഭിക്കണമെന്നുണ്ട്. എന്നാല്‍, ആറ് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ മലയാള ഭാഷക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകള്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഈ വര്‍ഷമാണ് മികവുകേന്ദ്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. മൈസൂരിലെ സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജ് പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയിരുന്നു. മറ്റു കേന്ദ്രങ്ങള്‍ പരിഗണിച്ചെങ്കിലും മലയാള ഭാഷയുടെ സംസ്‌കാരത്തിന്റെ വ്യാപനത്തിന് അനുയോജ്യമായ സ്ഥലം ഇവിടെയാണെന്ന് മനസ്സിലാക്കിയാണ് മലയാള സര്‍വകലാശാലയെ മികവ് കേന്ദ്രമായി തിരഞ്ഞെടുത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ എം എച്ച് ആര്‍ ഡി മലയാള സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവെക്കേണ്ടതുണ്ട്. ഇനി ഭൗതിക സൗകര്യങ്ങള്‍ കൂടി ഒരുക്കിയാല്‍ ഭാഷയുടെ വികസനത്തിന് പല പദ്ധതികളും ഇവിടെ തുടങ്ങും. ഈ കേന്ദ്രത്തിലൂടെ കേവലം മലയാള പഠനം മാത്രമല്ല, ഭാഷയിലൂടെ സമസ്ത വിജ്ഞാന വികാസമാണ് ലക്ഷ്യമിടുന്നത്.

? ഭരണ ഭാഷ മലയാളമാക്കിയത്
ഫലം കണ്ടുവോ
സര്‍ക്കാര്‍ ഉത്തരവുകളിലെല്ലാം ഭരണ ഭാഷ മലയാളം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏറെക്കുറെ പാലിക്കുന്നുമുണ്ട്. പല ഉദ്യോഗസ്ഥര്‍ക്കും മലയാളം ഉപയോഗിക്കാന്‍ മടിയാണ്. പിന്തുടരുന്ന സമ്പ്രദായം മാറ്റാന്‍ അവര്‍ തയ്യാറാകുന്നില്ല. ശിക്ഷാ നടപടി ലളിതമായതാണ് മാറ്റംവരുത്താതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഊര്‍ജം നല്‍കുന്നത്. ഭരണ ഭാഷ മലയാളത്തിലെന്ന് വാതിലിന്റെ മുകളില്‍ എഴുതി വെച്ചാല്‍ മാത്രം പോരാ, പ്രാവര്‍ത്തികമാക്കുക കൂടി വേണം. ഭരണ ഭാഷ അട്ടിമറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതുണ്ട്.

? കോടതികളിലെ ഭാഷ
ഉടച്ചുവാര്‍ക്കേണ്ടതല്ലേ
സാധാരണക്കാര്‍ക്ക് നീതി ലഭിക്കേണ്ട ഇടമായ നീതിപീഠങ്ങളില്‍ മാതൃഭാഷയിലായിരിക്കണം വ്യവഹാരങ്ങള്‍ നടക്കേണ്ടത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം നേടിയവര്‍ കുറവായിരിക്കും. അറിയാത്ത ഭാഷയില്‍ വാദവും വിധിയും കേട്ടിട്ട് ഒരു കാര്യവുമില്ല. കോടതിയുടെ നിയമ പുസ്തകങ്ങളെല്ലാം മലയാളത്തിലാക്കിയിട്ടുണ്ട്. ഇതിനാല്‍ കോടതി വ്യവഹാരങ്ങള്‍ മലയാളത്തിലാക്കുക എളുപ്പമാണ്. ഇതിനുള്ള മുറവിളി സാംസ്‌കാരിക തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരണം. ഇതരസംസ്ഥാന ജഡ്ജിമാരും മറ്റും അധികമുണ്ടാകാത്ത കീഴ്‌ക്കോടതികളിലെങ്കിലും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്.

? മലയാളി മലയാളത്തെ മറക്കുന്നുണ്ടോ
മലയാളത്തെ ഉപേക്ഷിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മാതൃഭാഷ എന്ന സങ്കല്‍പ്പത്തിന് തന്നെ മാറ്റം അനിവാര്യമാണെന്നാണ് ഭാഷാ പണ്ഡിതരുടെ അഭിപ്രായം. മാതൃഭാഷയെ പ്രാഥമിക ഭാഷ എന്ന് പറയുന്നതാണ് ഉചിതം. മലയാളത്തോട് പുച്ഛവും ഇംഗ്ലീഷ് ഭാഷ അഭിമാന മുദ്രയായും കണക്കാക്കുന്ന മലയാളികളുണ്ട്.

“മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം/ ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം/ അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ/ സമ്മേളിച്ചീടുന്നതൊന്നാമതായ്/ മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍/ മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍”. “എന്റെ ഭാഷ” എന്ന കവിതയില്‍ മലയാളത്തിന്റെ മഹിമയെയും മാധുര്യത്തെയും കുറിച്ച് വള്ളത്തോള്‍ നാരായണമേനോന്റെ വിവരണമാണിത്. സംസാരിച്ചു തുടങ്ങുന്ന കുഞ്ഞിന്റെ ചുണ്ടില്‍ നിന്നും ആദ്യം പുറപ്പെടുന്ന ശബ്ദമാണ് “അമ്മ”. ഈ ശബ്ദം ഏതു ഭാഷയിലാണോ ഉച്ചരിക്കുന്നത് അതാണ് കുഞ്ഞിന്റെ മാതൃഭാഷ. അമ്മിഞ്ഞപ്പാലിനൊപ്പം ചുണ്ടില്‍ വിരിയുന്ന ആ ഭാഷയാണ് ചുറ്റുമുള്ള ലോകത്തെ കുറിച്ച് വിജ്ഞാനം നേടിക്കൊടുക്കുന്നത്. ആദ്യത്തെ ഗുരു അമ്മയാണെന്നത് പോലെ ആദ്യത്തെ ഭാഷ മാതൃഭാഷയാണ്. മാതൃഭാഷ പെറ്റമ്മയാണ്. മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാരാണ്. “പെറ്റമ്മ ചമഞ്ഞാന്‍ പോറ്റമ്മയാകില്ല” എന്ന പഴഞ്ചൊല്ല് സുപരിചിതമായ മലയാളിക്ക് മാതൃഭാഷക്കും അന്യഭാഷകള്‍ക്കും മനുഷ്യ ജീവിതത്തിലുള്ള സ്ഥാനം വേഗം വ്യക്തമാകും. വിജ്ഞാനം മാതൃഭാഷയില്‍ ആര്‍ജിക്കുകയെന്നത് പരമ പ്രധാനമാണ്.
ആത്മഭാഷയായ മലയാളത്തെ പുതിയ കാലത്തിന്റെ അറിവ് കൊണ്ടു വ്യാപിപ്പിക്കുകയാണ് രാഷ്ട്രീയവും മാനസികവുമായ അടിമത്തത്തില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതോടെ രാഷ്ട്രീയാധിപത്യത്തില്‍ നിന്ന് നാം മോചനം നേടിയെങ്കിലും മാനസിക അടിമത്തം നിലനില്‍ക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇംഗ്ലീഷിന്റെ ആധിപത്യം തുടരുകയാണ്. വള്ളത്തോളിന്റെ വാക്കുകള്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ ഇന്ന് ലോകത്തെ ഏതു വിജ്ഞാനവും മലയാളത്തില്‍ പഠിക്കാന്‍ യുവതലമുറക്ക് അവസരം ലഭിക്കുമായിരുന്നു.
തത്വശാസ്ത്രവും ശാസ്ത്രജ്ഞാനവും സാഹിത്യവും നമുക്ക് രുചികരമായി തോന്നുക മാതൃഭാഷയിലൂടെ ലഭിക്കുമ്പോഴാണ്. മനുഷ്യന്റെ വളര്‍ച്ചയില്‍, മാനസികവും ബൗദ്ധികവുമായ വികാസത്തില്‍ മാതൃഭാഷയും വലിയ പങ്കുവഹിക്കുന്നുണ്ട്. മുലപ്പാല്‍ ശാരീരികമായ വളര്‍ച്ചയെ സ്വാധീനിക്കുമ്പോള്‍ മാതൃഭാഷ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശൈശവ ബാല്യകൗമാരങ്ങളില്‍ നേടുന്ന വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം.

? ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ മെഡിസിന്‍, എന്‍ജിനീയറിംഗ് എന്നിവ മാതൃ ഭാഷയില്‍ പഠിപ്പിക്കുന്നുണ്ട്.
ഇതിനാണ് മലയാളം സര്‍വകലാശാല സ്ഥാപിച്ചത്. ലോക വൈജ്ഞാനികം മലയാളത്തില്‍ ലഭ്യമാക്കുക ലക്ഷ്യമാണ്. അന്യ ഭാഷകളില്‍ നിന്ന് വിജ്ഞാനം മലയാളത്തില്‍ ലഭ്യമാകണം. ആദ്യ ഘട്ടത്തില്‍ ചരിത്രം, സോഷ്യോളജി എന്നിവ മലയാളത്തില്‍ പഠിപ്പിക്കുന്നുണ്ട്. ശാസ്ത്ര വിഷയങ്ങളും ഉടനെ പഠിപ്പിക്കും. ഗണിതം, എം ബി എ, ഫിസിക്‌സ് എന്നിവക്കെല്ലാം മലയാളത്തില്‍ പി ജിയുണ്ടാകും. തുടര്‍ന്ന് മെഡിസിന്‍, എന്‍ജിനീയറിംഗ് എന്നീ കോഴ്‌സുകളും മലയാളത്തില്‍ പഠിപ്പിക്കും.

? സാമൂഹിക മാധ്യമങ്ങളുടെ അടക്കിഭരണമാണല്ലോ ഇപ്പോഴുള്ളത്. പുതിയ എഴുത്തുകാരും നിരൂപകരുമെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്നുവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ നന്നായി വായിക്കപ്പെടുകയും എഴുതുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ മലയാളം വളരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്.
“ആറ് മലയാളിക്ക് നൂറ് മലയാളം” കുഞ്ഞുണ്ണി മാഷ് പഞ്ഞതാണിത്. പണ്ട് സാമുദായിക ഭാഷ, പ്രാദേശിക ഭേദം, മുസ്‌ലിം, നമ്പൂതിരി ഭാഷ, വള്ളുവനാടന്‍ ഭാഷ എന്നിങ്ങനെയായിരുന്നു. ഇപ്പോള്‍ പത്രങ്ങള്‍, ചാനല്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവക്കെല്ലാം വ്യത്യസ്തമായ ഭാഷാ ശൈലിയാണുള്ളത്. ഈ വകഭേദങ്ങളെയൊന്നും തള്ളിക്കളയരുത്. എല്ലാം ഉള്‍ക്കൊണ്ട് സമ്പുഷ്ടമായ വ്യാകരണമാണ് ആവശ്യം. ഭാഷയുടെ പ്രചാരണത്തിന് ഇത് ഇടയാക്കും. സാമൂഹിക മാധ്യമങ്ങളില്‍ ഭാഷയെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു വാക്കിന് വാളാകാനും വീണയാകാനും സാധിക്കും. ഭാഷക്ക് അത്ര മാത്രം ശക്തിയുണ്ട്. അനാവശ്യ പദപ്രയോഗങ്ങള്‍ വ്യാപകമായ വിപത്തുണ്ടാക്കും. ഭാഷയില്‍ വിഷം ചേര്‍ക്കുന്നത് കലാപത്തിന് വരെ ഇടയാക്കും. അതിനാല്‍ കരുതലും ജാഗ്രതയും അത്യാവശ്യമാണ്.

? ഇതിന് മാറ്റം വരാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്
സംസ്ഥാനതലത്തില്‍ തന്നെ മാതൃഭാഷക്ക് പ്രാധാന്യം നല്‍കുന്ന പുതിയ കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ചെറിയ ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ തന്നെ പ്രാഥമിക ഭാഷയായി മലയാളത്തെ മാറ്റിയിട്ടുണ്ട്. എം ബി ബി എസ്, എന്‍ജിനീയറിംഗ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസതലങ്ങളിലും മാതൃഭാഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ബിരുദം അടിസ്ഥാന യോഗ്യതയുള്ള പി എസ് സി, യു ജി സി പരീക്ഷകള്‍ മലയാള മാധ്യമത്തിലൂടെ നടപ്പാക്കണം. സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തില്‍ എഴുതാന്‍ നിലവില്‍ അവസരമുണ്ട്. പക്ഷേ, മലയാളികള്‍ പലപ്പോഴും അത് ഉപയോഗപ്പെടുത്താറില്ല. ഭാഷയുടെ വികസനത്തിന് മലയാളം മിഷന്‍, മലയാള സര്‍വകലാശാല, സാഹിത്യ അക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

? ഇംഗ്ലീഷ് അടക്കമുള്ള പല ഭാഷകള്‍ക്കും കീ ബോര്‍ഡുണ്ട് മലയാളത്തിനും ആവശ്യമല്ലേ
മലയാളത്തിന് കീ ബോര്‍ഡ് കൂടിയുള്ള കമ്പ്യൂട്ടര്‍ ലഭ്യമാണ് ഇപ്പോള്‍. അത് സാര്‍വത്രികമായിട്ടില്ല. ചെറിയ ക്ലാസ് മുതല്‍ മലയാളം ടൈപ്പിംഗും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും സിലബസിന്റെ ഭാഗമാക്കണം. മലയാളം കീ ബോര്‍ഡ് ഭാഷക്ക് കൂടുതല്‍ പ്രയോജനപ്പെടും.

? പുതുതലമുറക്ക് മലയാളം നന്നായി എഴുതാനും വായിക്കാനും കഴിയാത്ത അവസ്ഥയുണ്ടല്ലോ
പണ്ടത്തെ പോലെ ചെറിയ ക്ലാസ് മുതല്‍ ഭാഷാപഠനം കൃത്യതയോടെ നടക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. ചിട്ടയില്ലാത്ത പഠനമാണ് നടക്കുന്നത്. വൈജ്ഞാനിക വ്യാകരണത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ല. പണ്ട് പദ്യം പഠിപ്പിക്കുമ്പോള്‍ വൃത്തം, അലങ്കാരം തുടങ്ങിയവ കണിശമായി ക്ലാസെടുത്തിരുന്നു. ശാസ്ത്രീയമായ അടിത്തറയോടെയാണ് പഠിപ്പിച്ചിരുന്നത്. കുട്ടികള്‍ കവിത ചൊല്ലുമ്പോള്‍ ഉച്ചാരണവും വാക്ശുദ്ധിയും വേണ്ട വിധത്തില്‍ പാലിക്കപ്പെടുന്നില്ല. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരില്‍ പോലും വാക്യഘടന കാണുന്നില്ല. ചെറിയ ക്ലാസ് മുതല്‍ തന്നെ ശാസ്ത്രീയ രൂപത്തില്‍ ഭാഷാ പഠനം നല്‍കണം.

? ഭാഷാ പരിപോഷണത്തില്‍ പ്രവാസി മലയാളികളുടെ പങ്ക്
മലയാള ഭാഷയെ സ്‌നേഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍; പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍. അവരും ഭാഷയെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഗള്‍ഫ് അടക്കമുള്ള വിദേശ രാഷ്ട്രങ്ങളില്‍ പത്രങ്ങളും മാസികകളും പുറത്തിറങ്ങുന്നുണ്ട്. മലയാളം ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും പുസ്തക പ്രസിദ്ധീകരണവും സജീവമാണ്. സാംസ്‌കാരിക- സാഹിത്യ സദസ്സുകളെല്ലാം വിപുലമായി നടക്കുന്നു. പ്രവാസികളുടെ മലയാളം വിനിമയത്തില്‍ തന്നെ മറ്റു ഭാഷകളുടെ കലര്‍പ്പുണ്ടാകും. മലയാളം മാറിയത് അനേകം ഘട്ടങ്ങളിലൂടെയാണ്. തമിഴിന്റെയും കന്നഡയുടെയും കലര്‍പ്പുണ്ടായിരുന്നു. ഇതുപോലെ വിദേശ ഭാഷകളുടെ കലര്‍പ്പുണ്ടാക്കുന്നതിലും പ്രവാസികളുടെ പങ്ക് വലുതാണ്. അറബി, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളെല്ലാം മലയാളത്തെ സമ്പുഷ്ടകമാക്കുന്നുണ്ട്.

? ഭാഷയുടെ ശാക്തീകരണത്തിലും സംരക്ഷണത്തിലും മലയാള സര്‍വകലാശാലയുടെ ഇടപെടലുകള്‍
മലയാള ഭാഷക്ക് വിദേശത്ത് ആദ്യമായി ജര്‍മനിയിലെ ക്യുബിക്കല്‍ യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ചെയര്‍ സ്ഥാപിച്ചു. ഈ യൂനിവേഴ്‌സിറ്റിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആര്‍ക്കൈവ്‌സ് മലയാള ഭാഷയുടെ പ്രചാരണത്തിനും ലോകശ്രദ്ധയില്‍ കൊണ്ടുവരാനും സാധിക്കും. മലയാളത്തില്‍ എം എയും പി എച്ച് ഡിയും ഒക്കെ സാധിക്കുമെന്ന് വിളംബരം ചെയ്യുകയാണ് മലയാള സര്‍വകലാശാല. മലയാള ഭാഷക്ക് എന്ത് വൈജ്ഞാനിക വിഷയവും കൈകാര്യം ചെയ്യാനുള്ള ക്ഷമത നേടിയെടുക്കലാണ് ലക്ഷ്യം. ആധുനിക വൈജ്ഞാനിക ഗ്രന്ഥങ്ങളും ആശയങ്ങളും മലയാളത്തില്‍ ലഭ്യമാകണം. ഇതിന് സര്‍വകലാശാലക്ക് കര്‍മ പദ്ധതികളുണ്ട്. മറ്റൊരു ഭാഷക്കും പിന്നില്‍ അല്ല മലയാളം എന്ന് ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. സമഗ്ര ഓണ്‍ലൈന്‍ നിഘണ്ടുവായാലും ഭാഷാ സാങ്കേതികവിദ്യാ കേന്ദ്രമായാലും എഴുത്തച്ഛന്‍ പഠന കേന്ദ്രമായാലും, സര്‍വകലാശാലാ പദ്ധതികളുടെ മാനദണ്ഡം അതാണ്.
2012 നവംബര്‍ ഒന്നിനാണ് തിരൂര്‍ മലയാള സര്‍വകലാശാല പിറവിയെടുത്തത്. കോഴ്‌സുകള്‍ നടത്തുന്നതോടൊപ്പം മലയാള ഭാഷയെ ശാക്തീകരിക്കാനുള്ള ഇടപെടലുകള്‍ കൂടി സര്‍വകലാശാല നടത്തുന്നുണ്ട്. ആദ്യ സമ്പൂര്‍ണ ഭാഷാ സാഹിത്യ ചാനലായ “തിരൂര്‍ മലയാളം” ആരംഭിച്ചിട്ടുണ്ട്. വിവര വിസ്‌ഫോടനത്തിന്റെ കാലത്ത് ഭാഷയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാനല്‍ തുടങ്ങിയത്. സാഹിത്യ ചര്‍ച്ച, പുസ്തക ചര്‍ച്ച, എഴുത്തുകാരുമായി സംവാദം, നാടകം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രശ്‌നോത്തിരി, സാഹിത്യ വാര്‍ത്തകള്‍, കവിതകളുടെ ദൃശ്യാവിഷ്‌കാരം എന്നിവയായിരിക്കും ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്. ഇതിന് നിരവധി പ്രൊജക്ടുകള്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണ് സര്‍വകലാശാലാ അധികൃതര്‍. ഡിജിറ്റല്‍ ലൈബ്രറി, നിഘണ്ടു, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്നിവ ആരംഭിക്കാനായി ഭാഷാ സാങ്കേതിക കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി പ്രസ്സ്, വിമണ്‍ അണ്‍ലിമിറ്റഡ്, ഓറിയന്റ് നവയാന തുടങ്ങിയ പ്രസാധകരുടെ സഹായത്തോടെ ഈ വര്‍ഷം ഏഴ് പുസ്തകങ്ങളുടെ പരിഭാഷ പുറത്തിറക്കും. പത്ത് ബിരുദാനന്തര കോഴ്‌സുകളും പി എച്ച് ഡി യും ഇവിടെയുണ്ട്. എല്ലാം മലയാളത്തിലാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍, അറിയിപ്പുകള്‍, സര്‍ക്കുലറുകള്‍ എന്നിവയെല്ലാം മലയാളത്തിലാണെന്നത് പറയേണ്ടതില്ലല്ലൊ.
എഴുത്തച്ഛന്‍ കൃതികളുടെ വ്യാപനത്തിനായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് എഴുത്തച്ഛന്‍ പഠന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കേരളീയ പൈതൃകങ്ങള്‍ സൂക്ഷിക്കാന്‍ മ്യൂസിയം, 50,000 പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമുള്ള അത്യാധുനിക ലൈബ്രറി, ആനുകാലികങ്ങള്‍, ജേണലുകള്‍, ഇ- ബുക്കുകള്‍, ഇ- ജേണലുകള്‍ എന്നിവക്ക് പ്രത്യേക വിഭാഗം എന്നിവയുമുണ്ട്. ഭാഷാഭേദ സര്‍വേ, ഡിജിറ്റല്‍ ഡിക്ഷണറി, പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സ്, സെന്റര്‍ ഫോര്‍ മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ കര്‍മ പദ്ധതികളാണ് സര്‍വകലാശാല ഏറ്റെടുത്ത് നടപ്പാക്കാന്‍ പോകുന്നവ. വാക്കുകളുടെ ബൃഹത്തായ ശേഖരമാണ് ഭാഷാഭേദ സര്‍വേയിലൂടെ സമാഹരിച്ചത്.

ഡോ. അനില്‍ വള്ളത്തോള്‍/ കമറുദ്ദീന്‍ എളങ്കൂര്‍

.

Latest