ബജറ്റല്ല; സ്വപ്നാടനം

ജനങ്ങളെയൊന്നാകെ ഏതോ ഒരു മായാലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നുണ്ട് ബജറ്റ്. പോകുന്ന പോക്കില്‍ കുറെ പ്രഖ്യാപനങ്ങള്‍. ധനമാനേജ്‌മെന്റിനൊന്നും ഇവിടെ പ്രസക്തിയില്ല. വിഭവസമാഹരണത്തിന്റെ വഴികളെ കുറിച്ച് ചോദിക്കുകയുമരുത്. നാലര വര്‍ഷം മറന്നവരെ ഓര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് മോദിയും ഗോയലും. പി എം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് കിട്ടിയ ഈ രണ്ടായിരം രൂപയുടെ ഭാരവുമായി വേണം കര്‍ഷകര്‍ ബൂത്തിലേക്ക് നീങ്ങാന്‍. മഹാരോഷം അണപൊട്ടിയ കര്‍ഷകരുടെ മനം കവരാന്‍ മോദിയുടെ 6000ന് കഴിയുമോ? പഴയ 15 ലക്ഷം രൂപയുടെ ഓര്‍മയുള്ളത് കൊണ്ടാകണം മുന്‍കാല പ്രാബല്യം പ്രഖ്യാപിച്ചത്. കള്ളപ്പണം കൊണ്ടുവന്ന് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നല്ലോ 2014ലെ വാഗ്ദാനം.
Posted on: February 2, 2019 10:03 am | Last updated: February 2, 2019 at 10:03 am

വിറ്റഴിക്കല്‍, കാലിയാക്കല്‍ എന്നൊരു പദ്ധതി വ്യാപാരികള്‍ പൊതുവില്‍ നടപ്പാക്കുന്നതാണ്. നടത്തി കൊണ്ടിരിക്കുന്ന സ്ഥാപനം അടച്ച് പൂട്ടുന്നതിന് മുന്നോടിയായോ കടകളുടെ സ്റ്റോക്കെടുപ്പിന് മുന്നെയൊക്കെയാണ് സാധാരണ ഇങ്ങനെയൊരു പൊടിക്കൈ പ്രയോഗിക്കാറ്. ഇത്തരമൊരു സ്‌കീം ആണ് കേന്ദ്രബജറ്റ് എന്ന പേരില്‍ പീയൂഷ്‌ഗോയലും അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളെയൊന്നാകെ ഏതോ ഒരു മായാലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നു. പോകുന്ന പോക്കില്‍ കുറെ പ്രഖ്യാപനങ്ങള്‍. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു വോട്ട്. ധനമാനേജ്‌മെന്റിനൊന്നും ഇവിടെ പ്രസക്തിയില്ല. വിഭവസമാഹരണത്തിന്റെ വഴികളെ കുറിച്ച് ചോദിക്കുകയുമരുത്. നാലര വര്‍ഷം മറന്നവരെ ഓര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് മോദിയും ഗോയലും. ഒന്നോ രണ്ടോ മാസം മാത്രം ആയുസ്സുള്ളപ്പോഴാണ് ഇതിന് മുതിര്‍ന്നതെന്നത് മറ്റൊരു കാര്യം.

അംബാനി മുതല്‍ മല്ല്യവരെ വലിയ വലിയ ആളുകളുടെ കാര്യത്തിലായിരുന്നു ഇത്രയും കാലത്തെ ശ്രദ്ധ. കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കാന്‍ ഓരോ ബജറ്റിലും മത്സരിച്ചു. ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചടിയുണ്ടായപ്പോഴാണ് കര്‍ഷകരെ കുറിച്ച് ആലോചിക്കുന്നത്. അവസാന നാളില്‍ അവരുടെ അക്കൗണ്ടിലേക്ക് ആറായിരം രൂപ നല്‍കി വോട്ട് പെട്ടിയിലിക്കാന്‍ കഴിയുമോയെന്നതിലാണ് മോദിയുടെ ശ്രദ്ധ. നോട്ട് ബന്ദിയിലൂടെ കര്‍ഷകന്റെ ചോര വരെ ഊറ്റിയെടുത്ത ശേഷമാണ് ഈ ആറായിരത്തിന്റെ സമ്മാന പൊതിയെന്നത് മറ്റൊരു കാര്യം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഗഡുക്കളായി അക്കൗണ്ടിലേക്ക് നേരിട്ടെത്തും. രണ്ടായിരം രൂപ വീതം- മൂന്ന് തവണകള്‍.

2018 ഡിസംബര്‍ മുതല്‍ പ്രാബല്യമുണ്ട്. മുന്‍കൂര്‍ പ്രാബല്യമുള്ളത് കൊണ്ട് ആദ്യ ഗഡു രണ്ടായിരം രൂപ ഇപ്പോള്‍ മോദി സര്‍ക്കാറിന് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഇട്ട് കൊടുക്കാം. പി എം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് കിട്ടിയ ഈ രണ്ടായിരം രൂപയുടെ ഭാരവുമായി വേണം കര്‍ഷകര്‍ ബൂത്തിലേക്ക് നീങ്ങാന്‍. എന്തൊരു ബുദ്ധി. മഹാരോഷം അണപൊട്ടിയ കര്‍ഷകരുടെ മനം കവരാന്‍ മോദിയുടെ ആറായിരത്തിന് കഴിയുമോയെന്ന് കണ്ടറിയണം. പഴയ പതിനഞ്ച് ലക്ഷം രൂപയുടെ ഓര്‍മയുള്ളത് കൊണ്ടാകണം മുന്‍കാല പ്രാബല്യം പ്രഖ്യാപിച്ചത്. കള്ളപ്പണം എല്ലാം തിരിച്ച് കൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നല്ലോ 2014ലെ വാഗ്ദാനം.
കര്‍ഷകര്‍ക്ക് വേണ്ടത് കണ്ണില്‍ പൊടിയിടല്‍ പദ്ധതികളല്ല. അവര്‍ക്ക് വേണ്ടത് മാന്യമായി ജീവിക്കാനുള്ള അവസരമാണ്. അത് നല്‍കാന്‍ മോദിക്ക് കഴിയുമോ? അതിന് അനുസൃതമായ പദ്ധതികള്‍ ബജറ്റിലുണ്ടോ? കൈയടികള്‍ക്കിടയില്‍ അതേക്കുറിച്ച് കൂടി പരിശോധിക്കണം.

രാജ്യത്തെ കര്‍ഷകരുടെ ജീവിത സാഹചര്യം വരച്ചുകാട്ടുന്നുണ്ട് പുതിയ എക്കണോമിക് റിവ്യൂ. നാട്ടുകാര്‍ അതുവായിച്ച് മനസ്സിലാക്കുമോയെന്ന് ഭയന്നാണ് പാര്‍ലിമെന്റില്‍ പോലും വെക്കാതെ പൂഴ്ത്തി വെച്ചിരിക്കുന്നത്. കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ പ്രഖ്യാപനങ്ങള്‍ വേറെയുമുണ്ട്. കിസാന്‍ ക്രെഡിറ്റ് വായ്പയും പലിശ ഇളവും. കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ട്.
കര്‍ഷകരെ മാത്രമല്ല, ഇടത്തരക്കാരെ കൂടി കൈയിലെടുക്കുന്നുണ്ട് മോദി. ആദായനികുതിയുടെ പരിധി അഞ്ച് ലക്ഷം രൂപയാക്കിയിരിക്കുന്നു. ഇളവുകള്‍ ചേര്‍ത്താല്‍ ഇത് ആറര ലക്ഷം വരെയാകും. ഇതിന് മുന്‍കാല പ്രാബല്യമൊന്നുമില്ല. ഈ മാര്‍ച്ച് 31 വരെ പരിധി രണ്ടര ലക്ഷം തന്നെ. അതായത് വോട്ട് ചെയ്ത് തങ്ങളെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ പ്രഖ്യാപനം നടപ്പാക്കുന്നത് ആലോചിക്കുമെന്ന് സാരം. ഇതൊരു തരത്തില്‍ മധ്യവര്‍ഗത്തിന് നേരെയുള്ള ഭീഷണിയാണ്. വോട്ട് ചെയ്യാനുള്ള ആജ്ഞാപിക്കലാണ്. നോട്ട് നിരോധിച്ചും ജി എസ് ടിയില്‍ ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചും മധ്യവര്‍ഗത്തെ പൂട്ടിയവര്‍ തന്നെയാണ് ആദായ നികുതി ഇളവിന്റെ മധുരം കാട്ടി പ്രലോഭിപ്പിക്കുന്നത്. ഈ പരിപ്പ് ഒന്നും ഇവിടെ വേവില്ല.
ജനാധിപത്യം പോലെ തന്നെ ശക്തമായിരുന്നു നമ്മുടെ സമ്പദ്ഘടനയും. വികസ്വര രാജ്യങ്ങളില്‍ ഇന്ത്യക്കുള്ള തലക്കനവും ഒരിക്കലും വിള്ളല്‍ വീഴാത്ത സമ്പദ്ഘടനയായിരുന്നു. അതിനെ തച്ചുടച്ചവരാണ് ബജറ്റിന്റെ പേരില്‍ ഗിമ്മിക്കുമായി ഇറങ്ങിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കൈയടി കിട്ടുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റുകളില്‍ സ്വാഭാവികമാണ്. ബജറ്റ് എന്ന പ്രക്രിയയുടെ തന്നെ പ്രാധാന്യമാണ് ഇവിടെ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നത്. ഇതൊരു തരത്തില്‍ രാജ്യത്തെ ദളിതരെയും കര്‍ഷകരെയും പിന്നാക്ക വിഭാഗങ്ങളെയുമടക്കം സാധാരണക്കാരെയാകെ അവഹേളിക്കുന്നതാണ്. കാരണം, അധികാരത്തിലിരിക്കുന്ന സര്‍ക്കാറിന് നടപ്പാക്കാന്‍ കഴിയുന്നതല്ല ഈ പ്രഖ്യാപനങ്ങളൊന്നും. ബജറ്റ് എന്നതിലപ്പുറം ഒന്നാംതരം പ്രകടന പത്രികയാണിത്. തിരഞ്ഞെടുപ്പ് കാലത്ത് നടപ്പാക്കുമെന്ന് രാഷ്ട്രീയ കക്ഷികള്‍ പറയാറുള്ള വാഗ്ദാനങ്ങള്‍. അതില്‍ കവിഞ്ഞ പ്രസക്തി ഈ പ്രഖ്യാപനങ്ങള്‍ക്ക് നല്‍കാന്‍ വകുപ്പില്ല.
കര്‍ഷകര്‍ക്ക് ആറായിരം രൂപ നല്‍കുന്ന പദ്ധതിക്ക് മാത്രമാണ് മുന്‍കാല പ്രാബല്യമുള്ളത്. മറ്റുള്ളതെല്ലാം പ്രാബല്യത്തില്‍ വരുന്നത് അടുത്ത സാമ്പത്തിക വര്‍ഷമാണ്. ഏപ്രില്‍ ഒന്നിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്ന് ഉറപ്പുള്ളതിനാല്‍ ഭരിക്കുന്ന സര്‍ക്കാറിന്റെ ചുമതലയില്‍ ഇതൊന്നും വരില്ലെന്ന് സാരം. ഒരിടക്കാല ബജറ്റിലെ ഏതേത് കാര്യങ്ങള്‍ പിന്നീട് വരുന്ന സര്‍ക്കാറുകള്‍ അംഗീകരിക്കുമെന്നതിന് മുന്‍കാല അനുഭവങ്ങള്‍ തെളിവായി മുന്നിലുണ്ട്.

സമ്പദ്ഘടനയെ കുറിച്ച് അവകാശവാദങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. യാഥാര്‍ഥ്യത്തിലേക്ക് പോയാല്‍ വെറും പൊള്ളയാണെന്ന് തിരിച്ചറിയാന്‍ കഴിയും. സാമ്പത്തിക വളര്‍ച്ച ഒരു വിഭാഗത്തിലേക്ക് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ ഒരു നടപടിയും പുതിയ ബജറ്റിലുമില്ല.

കെ എം ബഷീര്‍