Connect with us

Editorial

തത്വദീക്ഷയില്ലാത്ത ബജറ്റ്

Published

|

Last Updated

പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മോഹന വാഗ്ദാനങ്ങള്‍ ആവോളം കോരിച്ചൊരിഞ്ഞുള്ള ബജറ്റാണ് കേന്ദ്ര ധനസഹ മന്ത്രി പീയൂഷ് ഗോയല്‍ ഇന്നലെ അവതരിപ്പിച്ചത്. സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ രാജ്യവ്യാപകമായി ഉയര്‍ത്തിവിട്ട പ്രതിഷേധം തണുപ്പിക്കാനായി “പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍” പദ്ധതി കര്‍ഷകര്‍ക്കായി ബജറ്റ് മുന്നോട്ട് വെക്കുന്നു. രണ്ട് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകരുടെ അക്കൗണ്ടിലേക്ക് വര്‍ഷാന്തം 6,000 രൂപ നേരിട്ട് എത്തിക്കുമെന്ന പ്രഖ്യാപനമാണ് ഇതില്‍ ശ്രദ്ധേയം. 2018 ഡിസംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി ബജറ്റില്‍ 75,000 കോടി വകയിരുത്തിയിട്ടുണ്ട്. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ, കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശയിളവ് തുടങ്ങിയവയാണ് പദ്ധതിയിലെ മറ്റു വാഗ്ദാനങ്ങള്‍.

ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ അറുപത് വയസ്സിന് താഴെയുളള ആദായ നികുതിദായകര്‍ക്ക് 2.5 ലക്ഷം രൂപവരെയും 60 മുതല്‍ 80 വയസ്സിന് ഇടയിലുള്ളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയും 80 വയസ്സും അതിനു മേലുമുള്ളവര്‍ക്ക് അഞ്ച് ലക്ഷം വരെയുമായിരുന്നു ഇളവ്. ഇതുവഴി മൂന്ന് കോടി നികുതിദായകര്‍ക്ക് ഉദ്ദേശം 18,500 കോടി രൂപയുടെ ഗുണഫലം ലഭിക്കും. മധ്യവര്‍ഗമാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാവുക മധ്യവര്‍ഗ വോട്ടുകളാണല്ലോ. ഏറ്റവും അധികം ചൂഷണം നേരിടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൂവായിരം രൂപ പെന്‍ഷനാണ് മറ്റൊരു പ്രഖ്യാപനം. പ്രതിമാസം 15,000 രൂപ വരെ ശമ്പളം ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം.
പ്രതിരോധ മേഖലക്ക് മൂന്ന് ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 2018ല്‍ ഇത് 2.95 ലക്ഷവും 2017-ല്‍ 2.74 ലക്ഷവുമായിരുന്നു. പ്രഖ്യാപിത സംഖ്യക്ക് പുറമെ ആവശ്യമായ പ്രത്യേക സാമ്പത്തിക സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കുകയുണ്ടായി. രാജ്യത്തിന്റെ പ്രതിരോധ മേഖലയെക്കാളുപരി ഇത് ആയുധക്കച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കുമാണ് പ്രയോജനപ്പെടുകയെന്നാണ് “റാഫേല്‍” ചൂണ്ടിക്കാട്ടുന്നത്. പശുഗുണ്ടകളുടെ അക്രമണത്തില്‍ നിന്ന് ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന കോടതിയുടെ അടിക്കടിയുള്ള ഉത്തരവുകള്‍ കാണാത്ത ഭാവം നടിക്കുന്ന സര്‍ക്കാര്‍ “ഗോമാത” സംരക്ഷണത്തില്‍ നിന്ന് ഒരിക്കലും പിറകോട്ടില്ലെന്ന പ്രഖ്യാപനത്തോടെ പശുക്കള്‍ക്കായി “രാഷ്ട്രീയ കാമധേനു യോജന”എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെടുകയും രോഗം ബാധിക്കുകയും ചെയ്യുന്ന പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ബി ജെ പിക്ക് രാഷ്ട്രീയ സ്വാധീനം കുറവുളള ദക്ഷിണ സംസ്ഥാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നാണ് സൂചന. “ദക്ഷിണ്‍ഭാരത ഗോശാല” എന്ന പേരില്‍ ഒരു ജില്ലയില്‍ കുറഞ്ഞത് മൂന്ന് കേന്ദ്രങ്ങളാണ് സ്ഥാപിക്കുക. പശുക്കളെങ്കിലും സുഖമായി ജീവിക്കട്ടെ.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 239 ബില്യന്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം, ജി എസ് ടി ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലൂടെ വളര്‍ച്ചാനിരക്കില്‍ വര്‍ധന, യു പി എ സര്‍ക്കാറിന്റെ കാലത്തെ കിട്ടാക്കടത്തില്‍ മൂന്ന് ലക്ഷം കോടി തിരിച്ചുപിടിച്ചു. വായ്പകള്‍ തിരിച്ചടക്കാത്ത വന്‍കിടക്കാരെ പിടികൂടി, വിലക്കയറ്റം പിടിച്ചുനിര്‍ത്തി തുടങ്ങി മോദി ഭരണത്തില്‍ കൈവരിച്ച, നിരവധി നേട്ടങ്ങള്‍ ബജറ്റിന്റെ ആഭിമുഖ്യത്തില്‍ എണ്ണിപ്പറയുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനത്തിന്റെ മുമ്പിലാണ് ഈ അവകാശവാദമെന്നതാണ് പരിഹാസ്യം. സര്‍ക്കാര്‍ ഇത്രയേറെ സാമ്പത്തിക നേട്ടം കൈവരിച്ചെങ്കില്‍ പിന്നെയെന്തിനാണ് റിസര്‍വ് ബേങ്ക് മേധാവികളെ വിരട്ടി ബേങ്കിന്റെ കരുതല്‍ പണം പിടിച്ചു വാങ്ങാന്‍ ഒരുമ്പെടുന്നത്?
മൊത്തത്തില്‍ ജനപ്രിയമാണ് ബജറ്റ്. എന്നാല്‍ ആദായ നികുതിയാണ് കേന്ദ്ര സര്‍ക്കാറിന്റെ വരുമാന സ്രോതസ്സുകളില്‍ പ്രധാനം. നികുതി ഒടുക്കേണ്ട വരുമാന പരിധി ഒറ്റയടിക്ക് ഇരട്ടിയാക്കിയതോടെ നികുതി വിഹിതത്തില്‍ ഗണ്യമായ കുറവ് വരും. അതേസമയം കര്‍ഷകര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും പ്രഖ്യാപിച്ച പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാറിന് വന്‍സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യും. മോഹന പദ്ധതികള്‍ക്കുള്ള പണം പിന്നെ എവിടെ നിന്ന് കണ്ടെത്തും? ഇതിനുള്ള കൃത്യമായ ഉത്തരം ബജറ്റില്‍ ഇല്ല. ക്ഷേമ പദ്ധതികള്‍ക്ക് വന്‍ തുക പ്രഖ്യാപിക്കുകയും ആദായ നികുതി പരിധി കൂട്ടുകയും ചെയ്തത് ധനക്കമ്മി കൂട്ടാന്‍ ഇടവരുത്തുകയും രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഓരോ ഇന്ത്യക്കാരന്റെയും ബേങ്ക് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന മോദിയുടെ 2014ലെ വാഗ്ദാനം പോലെ തന്നെ ഇന്നലത്തെ ബജറ്റില്‍ കാണിച്ച പദ്ധതികളും പ്രഖ്യാപനത്തില്‍ ഒതുങ്ങാനാണ് സാധ്യത. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും പരാജയങ്ങളില്‍ വന്‍ ക്ഷീണം നേരിടുകയും ഘടകകക്ഷികള്‍ ഓരോന്നായി കൊഴിഞ്ഞുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുകയില്ലെന്ന ഉത്തമബോധ്യത്തോടെ തന്നെയായിരിക്കണം സര്‍ക്കാര്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. വീണ്ടും അധികാരത്തിലേറിയാല്‍ വിത്തിന് വെച്ചതെടുത്ത് കഞ്ഞി വെക്കാമല്ലോ.

Latest