Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായി തലസ്ഥാന ജില്ല

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാവുകയാണ് തലസ്ഥാന ജില്ലയിലെ രണ്ട് മണ്ഡലങ്ങളും. ജില്ലയിലെ ഇരു മണ്ഡലങ്ങളിലും സിറ്റിംഗ് എം പിമാരെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കുന്നതിനാണ് ഇരു മുന്നണികളും ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് ശശി തരൂരും ആറ്റിങ്ങലില്‍ എ സമ്പത്തുമാണ് സിറ്റിംഗ് എം പിമാര്‍. തിരുവനന്തപുരത്ത് കരുത്ത് തെളിയിക്കാന്‍ ബി ജെ പിയും കച്ചമുറുക്കി കഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെപി.

അതേസമയം, തിരുവനന്തപുരം മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയതിന്റെ ജാള്യത മാച്ചുകളയാനാണ് എല്‍ ഡി എഫിന്റെ ശ്രമം. എല്‍ ഡി എഫില്‍ സി പി ഐക്കാണ് തിരുവനന്തപുരം മണ്ഡലം ലഭിക്കുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാര്‍ഥി ബെനറ്റ് എബ്രഹാം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. തിരുവനന്തപുരം പെയ്‌മെന്റ് സീറ്റാണെന്ന പഴിയും ജില്ലയിലെ സി പി ഐ നേതൃത്വം കേട്ടു. ഇതോടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പി രാമചന്ദ്രന്‍ നായര്‍ക്കും ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമൂട് ശശിക്കുമെതിരെ സംഘടനാ നടപടിയുമുണ്ടായി. യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരാകട്ടെ ബി ജെ പിയിലെ ഒ രാജഗോപാലിനെ നേരിയ ഭൂരിപക്ഷത്തിനാണ് മറികടന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്താകെ ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരം മണ്ഡലം. മുതിര്‍ന്ന സി പി ഐ നേതാക്കളായിരുന്ന എം എന്‍ ഗോവിന്ദന്‍നായരെയും പി കെ വാസുദേവന്‍ നായരെയും പന്ന്യന്‍ രവീന്ദ്രനെയും ലോക്‌സഭയിലെത്താക്കാന്‍ സി പി ഐക്ക് കഴിഞ്ഞ മണ്ഡലമാണ് തിരുവനന്തപുരം.

ഇത്തവണ താന്‍ മത്സരിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേര് സി പി ഐ സജീവമായി പരിഗണിക്കുന്നുണ്ട്. യു ഡി എഫില്‍ ശശി തരൂരിന് തന്നെയാണ് മുന്‍തൂക്കം. ബി ജെ പി സ്ഥാനാര്‍ഥിയായി നടന്‍ മോഹന്‍ലാലിനെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനോട് മോഹന്‍ലാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. നായര്‍, നാടാര്‍ സമുദായങ്ങള്‍ക്ക് മേല്‍കൈയുള്ള മണ്ഡലത്തില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെയാകും മൂന്ന് മുന്നണികളും പരിഗണിക്കുക. സിറ്റിംഗ് എം എല്‍ എ. ഒ രാജഗോപാലിനെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്ന് വാദിക്കുന്നവര്‍ ബി ജെ പിയിലുമുണ്ട്.

ആറ്റിങ്ങലില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എം പി ഡോ. എ സമ്പത്തിനെ തന്നെ പരിഗണിക്കണമെന്നാണ് മുന്നണിയില്‍ പൊതുവിലുള്ള അഭിപ്രായം. മണ്ഡലത്തില്‍ സമ്പത്തിനുള്ള സ്വീകാര്യത പരിഗണിച്ച്് വീണ്ടും സ്ഥാനാര്‍ഥിത്വം നല്‍കണമെന്നാണ് പൊതുവിലുള്ള വികാരം. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷവും മണ്ഡലത്തിന്റെ പേര് മാറിയതിന് ശേഷവും യു ഡി എഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ വിജയിക്കാനായിട്ടില്ല.

പഴയ ചിറയിന്‍കീഴ് മണ്ഡലം യു ഡി എഫിനുവേണ്ടി തലേക്കുന്നില്‍ ബഷീര്‍ നിലനിര്‍ത്തിയിരുന്നതാണ്. എന്നാല്‍ എ സമ്പത്തും വര്‍ക്കല രാധാകൃഷ്ണനും എല്‍ ഡി എഫിലേക്ക് എത്തിക്കുകയായിരുന്നു. മുസ്‌ലിം, ഈഴവ സമുദായങ്ങള്‍ക്ക് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ സാമുദായിക സമവാക്യങ്ങളും നിര്‍ണായകമാകും. മണ്ഡലം തിരിച്ചു പിടിക്കുന്നതിനു സിറ്റിംഗ് എം എല്‍ എ അടൂര്‍ പ്രകാശിനെ നിയോഗിക്കണമെന്ന് വാദിക്കുന്നവര്‍ യു ഡി എഫിലുണ്ട്്. മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് കാത്തുസൂക്ഷിക്കുന്ന വ്യക്തിബന്ധങ്ങളും സാമുദായിക സമവാക്യവും അദ്ദേഹത്തിനു ഗുണകരമാകുമെന്ന വിലയിരുത്തലാണ് യു ഡി എഫിന്. കഴിഞ്ഞ പ്രാവശ്യം ഇപ്പോഴത്തെ കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണയിലൂടെ മണ്ഡലം തിരിച്ചു പിടിക്കുന്നതിനു യു ഡി എഫ് ശ്രമിച്ചിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ സമ്പത്ത് വിജയക്കൊടി പാറിച്ചു. ബി ജെ പിക്ക് കാര്യമായ സ്വാധീനം മണ്ഡലത്തില്‍ ഇല്ല.

 

ഡി ആര്‍ സരിത്ത്

തിരുവനന്തപുരം

Latest