Connect with us

Articles

വിശ്വാസവും കലാപവും

Published

|

Last Updated

കേരളത്തിന്റെ സാമൂഹികാവസ്ഥയില്‍ ശീലിച്ചു വന്നിട്ടുള്ള ഒരു പാട് ജീവിത രീതികളുണ്ട്. അതില്‍ എടുത്തു പറയേണ്ടതാണ് കേരളത്തിന്റെ മനസ്സ് ഒരിക്കലും കലാപത്തിന്റെ ഭാഗമായിരുന്നില്ല എന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോഴും അത് പ്രാദേശികമായി ഒതുങ്ങി നില്‍ക്കുന്നത് കേരളം മൊത്തത്തില്‍ കലാപത്തിന്റെ വഴിയിലേക്ക് സഞ്ചരിക്കാന്‍ തയ്യാറല്ല എന്നതുകൊണ്ടാണ്. സാമൂഹിക ശാസ്ത്രപരമായ ഈ വസ്തുത നിലനില്‍ക്കെ പലപ്പോഴും കലാപത്തിനുള്ള ഒരുക്കപ്പാടുകള്‍ നടക്കാറ് വര്‍ഗീയതയുടെ ഭാഗമായാണ്. ഏറ്റവും എളുപ്പത്തിലും വേഗത്തിലും അപരവിദ്വേഷത്തിന്റെ വിത്ത് മുളപ്പിക്കാന്‍ കഴിയുക മതത്തെ മുന്‍നിര്‍ത്തിയുള്ള അതിവൈകാരിക പ്രകടനങ്ങള്‍ക്കാണല്ലോ.
ചില അധികാര താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം കലാപങ്ങള്‍ നടക്കാറുള്ളത്. അധിനിവേശകാലത്ത് അത് പതിവായിരുന്നു. ആധുനിക ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര കാലത്തും അതിനു ശേഷവും നാം അത് കണ്ടു. ഏറ്റവും ഒടുവില്‍ അതിന്റെ രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ പൂര്‍ണമായും ബോധ്യപ്പെട്ട കലപമായിരുന്നു 2002ലെ ഗുജറാത്ത് വംശീയ കലാപം. വ്യക്തമായ ലക്ഷ്യങ്ങളോടെ നടപ്പാക്കപ്പെട്ട ആ കലാപ കാലത്തെ മുഖ്യമന്ത്രിയാണ് ഇന്നത്തെ പ്രധാനമന്ത്രി. ഗുജറാത്ത് കലാപത്തിന് ശേഷം ഇന്ത്യയില്‍ പലയിടത്തും ഈ കലാപത്തിന്റെ രീതികള്‍ പരീക്ഷിക്കപ്പെട്ടു. എന്നാല്‍ കേരളത്തില്‍ മാത്രം അതിന്റെ നേരിയ സാധ്യതകള്‍ പോലും വിജയിച്ചില്ല. ഇത്തരമൊരു സാമൂഹിക യാഥാര്‍ഥ്യത്തില്‍ നിന്നായിരിക്കണം ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന “വിശ്വാസ” കലാപത്തിന്റെ രാഷ്ട്രീയം തിരിച്ചറിയേണ്ടത്.

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ മാത്രമാണ് സംഘ്പരിവാര്‍ ശക്തികള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ അജന്‍ഡകള്‍ വര്‍ഗീയമായി സ്ഥാപിക്കാന്‍ കഴിയാത്തത്. അതിന് നിരവധി കാരണങ്ങളുണ്ട്. പ്രധാനമായും സംഘ്പരിവാര്‍ അജന്‍ഡകളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ കേരളത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേടിയ ഉയര്‍ന്ന രാഷ്ട്രീയ ബോധ്യങ്ങളാണ് അതിന് കാരണം. മത വിഭാഗീയത സൃഷ്ടിക്കുന്ന ശത്രുതാ മനോഭാവങ്ങളും അതുണ്ടാക്കുന്ന അസഹിഷ്ണുതകളും കേരളത്തില്‍ വിറ്റഴിക്കാന്‍ എളുപ്പത്തില്‍ കഴിയില്ല. ഇതിനു കാരണം ഇവിടെ നിലനില്‍ക്കുന്ന ഉയര്‍ന്ന സാമൂഹിക ബോധ്യങ്ങളാണ്.

ശബരിമല വിഷയത്തില്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും വഴിയില്‍ ഹിന്ദു വിശ്വാസികള്‍ക്ക് അപ്പുറം ഇതര മത വിശ്വാസികളുടെ കൂടി പിന്തുണ തുടക്കത്തിലുണ്ടായിരുന്നു. അതിന്റെ ശക്തിയിലാണ് തെരുവിലേക്ക് നാമജപ മന്ത്രങ്ങളുമായി വിശ്വാസികള്‍ (?) ഇറങ്ങിയത്. ഈ സമയത്ത് തന്നെയാണ് കോടതി വിധിയെ സ്വാഗതം ചെയ്ത ബി ജെ പിയും കോണ്‍ഗ്രസും നിലപാട് മാറ്റിയത്. അപ്പോഴേക്കും ഇത് വിശ്വാസത്തേക്കാള്‍ രാഷ്ട്രീയവും ജാതീയവുമായ മാനങ്ങളിലേക്ക് വളര്‍ന്നു കഴിഞ്ഞിരുന്നു. ഇതൊക്കെ പൊതു സമൂഹത്തിന് ബോധ്യമായ വസ്തുതകളാണ്. അപ്പോഴും സംഘ്പരിവാര്‍ ഈ വിഷയത്തില്‍ ഇടപെട്ടത് രാഷ്ട്രീയമായാണ്. അതിനാകട്ടെ വ്യക്തമായ ലക്ഷ്യങ്ങളുണ്ട് താനും.

ഹൈന്ദവ ദേശീയതയെ രാഷ്ട്രീയമായി വളര്‍ത്തിയെടുക്കാനുള്ള ഏക വഴി വര്‍ഗീയമായ കലാപമാണ്. അത്തരം കലാപങ്ങള്‍ക്ക് എതിരെയുള്ള ശക്തി ഹിന്ദു വിരുദ്ധമാണ് എന്നു വരുത്തി തീര്‍ക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. നിലവില്‍ സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്ന ഹിന്ദുത്വ സവര്‍ണ അധികാരഘടനക്കുള്ളിലേക്ക് കേരളീയ ഹൈന്ദവ വിശ്വാസി സമൂഹത്തെ എത്തിക്കാന്‍ ശബരിമല വിഷയത്തിനു കഴിയുമെന്ന ധാരണയാണ് കലാപത്തിലേക്ക് നയിച്ചത്. ഹൈന്ദവ രാഷ്ട്രീയവത്കരണത്തിന്റെ ഭാഗമായി കേരളത്തെ മാറ്റുക എന്നത് വളരെ കാലമായി സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നതാണ്. ഒന്നാമതായി വിശ്വാസമെന്നത് വ്യക്തികളുടെ ഉള്ളില്‍ ചിരപ്രതിഷ്ഠ നേടിയതുകൊണ്ട് അതിനെ തൊട്ടു കളിക്കുന്ന ഏത് വിരുദ്ധ ശക്തികളെയും ശത്രുപക്ഷത്ത് നിര്‍ത്താം എന്നതായിരുന്നു ലാക്ക്. അതിനെ വിജയത്തിലെത്തിക്കാന്‍ കഴിയാത്തിടത്ത് കലാപം മറ്റൊരു വഴിയായി മാറുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ ഘട്ടത്തില്‍ കുലമഹിമ പ്രഖ്യാപിച്ച് റോഡിലിറങ്ങിയ സ്ത്രീകളെ നാം കണ്ടില്ല. കണ്ടത് നേരത്തെ പല സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇടപെട്ട കുറേ മനുഷ്യരെയാണ്. ദൈവ വിശ്വാസത്തിന്റെ വഴിയില്‍ ജീവിക്കുന്നവര്‍ക്ക് എങ്ങനെ അക്രമികളാകാന്‍ കഴിയും എന്നത് എക്കാലത്തെയും ചോദ്യമാണ്. അത് ഏതെങ്കിലും ഒരു മതത്തെ മാത്രം ബാധിക്കുന്ന ചോദ്യവുമല്ല.

ഇത്തരമൊരു തിരിച്ചറിവില്‍ നിന്നാണ് ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട് ബി ജെ പി സ്വീകരിച്ച നിലപാട് വിശ്വാസികള്‍ക്ക് തന്നെ പരിശോധിക്കേണ്ടതായി വരുന്നത്. ഇന്ത്യയില്‍ എവിടെയായാലും തങ്ങളുടെ ആക്രമണരീതി സമാനമാണെന്ന് സംഘ്പരിവാര്‍ തെളിയിക്കുകയായിരുന്നു. ഗുജറാത്ത് കലാപ കാലത്ത് തെരുവിലിറങ്ങിയ കലാപകാരികളോടുള്ള രൂപസാദൃശ്യം കേരളത്തിലെ റോഡിലും കണ്ടു. ഒരു ഫാസിസ്റ്റ് രീതിക്ക് അതിന്റേതായ പ്രത്യയശാസ്ത്ര രീതികളുണ്ട്. അത് എവിടെയും ഒരേ പോലെ പ്രയോഗിക്കുമ്പോഴാണ് അതിന്റെ ഭീകരത ബോധ്യപ്പെടുന്നത്. കേരളത്തെ സംബന്ധിച്ച് കഴിഞ്ഞ കാലത്തൊക്കെ തീവ്ര ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങളെ പ്രതിരോധിച്ചത് ജനങ്ങളുടെ ഉയര്‍ന്ന രാഷ്ട്രീയവും സാമൂഹികവുമായ തിരിച്ചറിവുകളാണ്. ഇവിടെ വിഷയം വിശ്വാസമായതുകൊണ്ട് പ്രതികരണത്തിന്റെ സ്വഭാവം മാറുന്നു. വിവാദത്തിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്നത് തന്റെ മതവിശ്വാസമാണ് എന്ന രീതിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രചാരണം ചില വിശ്വാസികളില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള സംഘ്പരിവാര്‍ ശ്രമത്തെയാണ് കേരളം പരാജയപ്പെടുത്തിയത്.

ഒരു ദേശത്ത് ഉണ്ടാകുന്ന ഏതൊരു കലാപവും കലാപകാരികള്‍ ലക്ഷ്യമിടുന്നവരെ മാത്രം ബാധിക്കുന്നതല്ല. മറിച്ച് ഒരു ബഹുസ്വര സമൂഹമെന്ന രീതിയില്‍ ആ ദേശത്തെ മുഴുവന്‍ ജനങ്ങളെയും അത് നേരിട്ടു ബാധിക്കുന്നുണ്ട്. അവിടെ ആരാണ് വിശ്വാസി ആരാണ് അവിശ്വാസി എന്ന തരംതിരിവ് അപ്രസക്തമാണ്.
അതുകൊണ്ടാണ് കലാപം ഒരു സമൂഹത്തിലെ മുഴുവന്‍ പേരുടെയും സൈ്വര ജീവിതത്തെയും പുരോഗതിയെയും നേരിട്ട് ബാധിക്കുന്നതാണ് എന്ന് തിരിച്ചറിയേണ്ടത്. വിജൃംഭിച്ച് നിര്‍ത്തിയ വിശ്വാസത്തെക്കാള്‍ പ്രധാനം ജനങ്ങളുടെ ജീവിതത്തിനാണ് എന്ന് കലാപത്തിന് നേതൃത്വം നല്‍കുന്ന “വിശ്വാസികള്‍” തിരിച്ചറിയേണ്ടതുണ്ട്. പ്രളയാനന്തര കേരളം പുനര്‍നിര്‍മാണത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുമ്പോഴാണ് ഈ കലാപം ഭീമമായ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കുന്നത്. സാമ്പത്തിക നഷ്ടത്തേക്കാള്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടാക്കുന്ന വിഭാഗീയതയും ഭീതിയും ആത്യന്തികമായി നാടിനെ വിനാശത്തിലേക്കാണ് നയിക്കുക എന്ന് തിരിച്ചറിയാന്‍ കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്ക് അറിയില്ല എന്ന് ധരിക്കുന്നത് തെറ്റാണ്. പകരം അവര്‍ കേരളത്തെ കലാപത്തിലൂടെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് ഓരോ കേരളീയനും തിരിച്ചറിയണം.

ഇ കെ ദിനേശന്‍

Latest