കേട്ടതൊന്നുമല്ല, കണ്ട ചൈന

ഹോങ്കോംഗിലേക്കുള്ള പ്രവേശന കേന്ദ്രത്തില്‍ ചെക്കിംഗ് കഴിഞ്ഞ ഉടനെ ഞങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് ഇന്റര്‍വ്യൂ നടത്താനായി പ്രത്യേക മുറികളിലെത്തിച്ചു. ആദ്യമാണ് ഇങ്ങനെ ഒരനുഭവം. കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ നിറഞ്ഞ മുഖഭാവമായിരുന്നു തെല്ലെങ്കിലും ആശ്വാസം നല്‍കിയത്. നിര്‍ഭാഗ്യവശാല്‍, തിരിച്ചും മറിച്ചുമുള്ള അവരുടെ ചോദ്യം ചെയ്യലുകളില്‍ ഞങ്ങള്‍ വീണുപോയി. പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിട്ടും എന്‍ട്രി ലഭിച്ചില്ല. ഭര്‍ത്താവിന് അവിടുത്തെ വര്‍ക്കിംഗ് വിസ ഇല്ല എന്നതായിരുന്നു കാരണമായി പറഞ്ഞത്. ഇത്രയധികം പ്രയാസപ്പെട്ട് കുട്ടികള്‍ക്കൊപ്പം എത്തിയിട്ടും വളരെയധികം മാനസികസമ്മര്‍ദം അനുഭവിച്ച അവസ്ഥ ഇപ്പോഴും ചിന്തിക്കാന്‍ വയ്യ !
യാത്ര
Posted on: January 6, 2019 12:06 pm | Last updated: January 6, 2019 at 12:06 pm

നിനച്ചിരിക്കാതെയാണ് നല്ലപാതിക്ക് ജോലിയാവശ്യാര്‍ഥം സഊദി അറേബ്യയില്‍ നിന്ന് ചൈനയിലേക്ക് മാറേണ്ടി വന്നത്. ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹത്തോടും കുട്ടികളോടുമൊപ്പം ചൈനീസ് സന്ദര്‍ശനത്തിന് അവസരം ലഭിച്ചു. കഴിഞ്ഞ റമസാന്‍ 15ന് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് മലിന്‍ഡോ എയര്‍ഫ്‌ളൈറ്റില്‍ മലേഷ്യയിലേക്കും അവിടെ നിന്ന് ഹോങ്കോംഗിലേക്കും പിന്നീട് ചൈനയിലേക്കുമായിരുന്നു ഞങ്ങളുടെ യാത്രാക്രമം. ചെറുപ്പത്തിലേ പലതവണ നടത്തിയ വിമാനയാത്രകളൊന്നും തന്നെ മോളുടെ ഓര്‍മക്കൂട്ടിലിടം പിടിച്ചിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തിനുള്‍വശവും ഫ്‌ളൈറ്റുകളുമെല്ലാം അവളുടെ കണ്ണിനിമ്പം കൂട്ടുന്നത് പ്രകടമായിരുന്നു.

ഹോങ്കോംഗെന്ന വന്‍മതില്‍
ക്വാലാലംപൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ മൂന്ന് മണിക്കൂര്‍ ആണ് ട്രാന്‍സിറ്റ് ടൈം. 100 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന എയര്‍പോര്‍ട്ടാണ് ഇത്. പണ്ടിവിടെ കൃഷിസ്ഥലമായിരുന്നു. ഇപ്പോഴും ചുറ്റുമുള്ള തെങ്ങിന്‍ തോപ്പുകളും റബ്ബര്‍ തോട്ടങ്ങളും ലാന്‍ഡിംഗ് സമയത്ത് കാണാനാകും. ഫ്‌ളൈറ്റിലെ ഭക്ഷണം രുചിയുള്ളതായതിനാല്‍ പ്രഭാതഭക്ഷണം സാന്‍ഡ്‌വിച്ചിലും കോഫിയിലും ഒതുക്കി. മലേഷ്യന്‍ റിങ്കിറ്റിന് പകരം ഹോങ്കോംഗ് ഡോളര്‍ മതിയാകും ഇവിടെ. എയര്‍പോര്‍ട്ടൊക്കെ ചുറ്റിക്കറങ്ങി, ഫ്രഷായതിന് ശേഷം ഹോങ്കോംഗിലേക്കുള്ള യാത്രക്കൊരുങ്ങി. ചെക്കിംഗെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ അടുത്ത ഫ്‌ളൈറ്റിലേക്ക്.

പക്ഷേ, ഈ സന്തോഷം എത്ര നേരം നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ ആശങ്കയായിരുന്നു. കാരണം, ഹോങ്കോംഗിലേക്ക് നേരിട്ട് എന്‍ട്രി കിട്ടുക പ്രയാസകരമാണെന്ന് അദ്ദേഹം കൂടെക്കൂടെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. എന്‍ട്രി കിട്ടിയില്ലെങ്കില്‍ മടങ്ങിപ്പോരേണ്ട അവസ്ഥ വരെ പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രെ. റോഡുമാര്‍ഗം പ്രവേശനാനുമതി ലഭിച്ചില്ലെങ്കില്‍ പിന്നെ ചെറുകപ്പലാണ് ആശ്രയം. കൃത്യമായ ലക്ഷ്യമില്ലാതെ ആ നാട്ടിലേക്ക് പ്രവേശനം അനുവദിക്കാറില്ല. ചൈനയുടെ പ്രത്യേക ഭരണ പ്രവിശ്യ എന്ന നിലയില്‍ ഹോങ്കോംഗിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാന്‍ വിസ ആവശ്യമില്ല. ഓണ്‍ലൈനായി പ്രി അറൈവല്‍ രജിസ്‌ട്രേഷന്‍ ചെയ്താല്‍ മതി. വികസിത നഗരമായ ഹോങ്കോംഗ് ഇന്ത്യയുമായുള്ള ബിസിനസ്സ് വളര്‍ത്താനും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുമാണ് വിസയില്ലാതെ ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നത്. എന്നാല്‍ ഈ സഹായം അവര്‍ക്ക് തലവേദനയായിരിക്കുകയാണ്. ഇങ്ങനെ പ്രവേശിച്ച ചില ഇന്ത്യക്കാര്‍ കാലാവധി അവസാനിച്ച ശേഷവും മടങ്ങാതെ അഭയാര്‍ഥിയാണെന്ന് സ്വയം പ്രഖ്യാപിച്ച് സ്ഥിരതാമസത്തിനുള്ള അനുവാദം ആവശ്യപ്പെടുന്ന പ്രവണതയുണ്ട്. ഹോങ്കോംഗിലേക്കുള്ള പ്രവേശന കേന്ദ്രത്തില്‍ ചെക്കിംഗ് കഴിഞ്ഞ ഉടനെ ഞങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് ഇന്റര്‍വ്യൂ നടത്താനായി പ്രത്യേക മുറികളിലെത്തിച്ചു. ആദ്യമാണ് ഇങ്ങനെ ഒരനുഭവം. കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ നിറഞ്ഞ മുഖഭാവമായിരുന്നു തെല്ലെങ്കിലും ആശ്വാസം നല്‍കിയത്. നിര്‍ഭാഗ്യവശാല്‍, തിരിച്ചും മറിച്ചുമുള്ള അവരുടെ ചോദ്യം ചെയ്യലുകളില്‍ ഞങ്ങള്‍ വീണുപോയി. പ്രി അറൈവല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിട്ടും എന്‍ട്രി ലഭിച്ചില്ല. ഭര്‍ത്താവിന് അവിടുത്തെ വര്‍ക്കിംഗ് വിസ ഇല്ല എന്നതായിരുന്നു കാരണമായി പറഞ്ഞത്. സഊദി വര്‍ക്കിംഗ് വിസയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഹോങ്കോംഗിലേക്ക് ടൂര്‍ വരുന്നവര്‍ക്ക് കുഴപ്പമില്ല, ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍ കാണിച്ചാല്‍ മതി. ഇത്രയധികം പ്രയാസപ്പെട്ട് കുട്ടികള്‍ക്കൊപ്പം എത്തിയിട്ടും വളരെയധികം മാനസികസമ്മര്‍ദം അനുഭവിച്ച അവസ്ഥ ഇപ്പോഴും ചിന്തിക്കാന്‍ വയ്യ!

പ്രാര്‍ഥനയുടെ ഫലമെന്നോണം എന്‍ട്രി ലഭിക്കാന്‍ ഞങ്ങളുടെ മുന്നില്‍ മറ്റൊരു വഴി തുറന്നു. ടെന്‍ഷന്റെയും ദേഷ്യത്തിന്റെയും മുള്‍മുനയില്‍ കുത്തിനിര്‍ത്തിയ ആ നേരത്ത് ഞങ്ങളുടെ പ്രതീക്ഷയറ്റ മുഖഭാവം കണ്ടിട്ടാണോ എന്തോ, എന്‍ട്രി നിഷേധിച്ച അതേ ഉദ്യോഗസ്ഥ തന്നെ മറ്റൊരു വഴി തുറന്നു തന്നു. കപ്പല്‍ വഴിയുള്ള പ്രവേശനമായിരുന്നു അത്. നിരാശയുടെ അഗാധചുഴിയില്‍ നിന്ന് പെട്ടെന്നു വലിച്ചുകയറ്റിയ ഒരനുഭവമായിരുന്നു അത്. പക്ഷേ ഞാനിതിനെ മറ്റൊരു രീതിയില്‍ കാണാനായിരുന്നു ഇഷ്ടപ്പെട്ടത്. തുറമുഖം വഴി മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള ആദ്യത്തെ അവസരമായിരുന്നു എന്റെ ജീവിതത്തില്‍. അങ്ങനെ കടലലകളെ തഴുകിയ കാറ്റിന്‍ തലോടലില്‍ നേര്‍ത്തുവന്ന സുഖമുള്ളൊരു നിദ്രയില്‍ തീരമണഞ്ഞതറിഞ്ഞതേയില്ല.

മുന്‍വിധികളെല്ലാം തെറ്റി
സീപോര്‍ട്ടില്‍ നിന്ന് ലഗേജെല്ലാമെടുത്ത് ടാക്‌സി പിടിച്ച് റൂമിലേക്ക്. തലേദിവസം ഉച്ചക്ക് തുടങ്ങിയ യാത്രയാണ്. എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു. രാത്രി എട്ട് മണിയോടെ ചൈനയുടെ പ്രമുഖ വ്യവസായ നഗരമായ ഷെന്‍സന്‍ലെത്തി. നേരെത്തേ തന്നെ ഞങ്ങള്‍ക്കായി ബുക്ക് ചെയ്ത ഫഌറ്റിനു മുന്നില്‍ വണ്ടി നിര്‍ത്തി. അവിടത്തെ പ്രധാന കച്ചവട കേന്ദ്രമായ ‘റെയിന്‍ബോ’യുടെ അധീനതയിലുള്ള ഇരട്ട ഫഌറ്റുകളിലൊന്നില്‍ പതിമൂന്നാം നിലയിലാണ് ഞങ്ങളുടെ ലോകം. അന്നത്തെ ദിവസം മുഴുവനും യാത്രയിലായിരുന്നതിനാല്‍ നോമ്പ് ഒഴിവാക്കേണ്ടതായി വന്നു. റൂം മാത്രം റെഡിയായിട്ടു കാര്യമില്ലല്ലോ.. എല്ലാം ഇനി ഒന്നില്‍ നിന്നു തുടങ്ങണ്ടേ. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫഌറ്റിലായിരുന്നു അന്നത്തെ ഫുഡ് ഒരുക്കിയത്. നേരം വെളുത്തിട്ടു വേണം ചൈനാ ടൗണൊന്ന് നേരേചൊവ്വേ കാണാനെന്ന ശുഭപ്രതീക്ഷയോടെ, അന്നത്തെ ദിവസം യാത്രാക്ഷീണത്തോടുകൂടെ മെല്ലെ നിദ്രയിലേക്കു വഴുതിവീണു.

‘കേട്ടറിവിനേക്കാള്‍ വലുതാണ് ചൈനയെന്ന സത്യം!’ എന്റെ മുഴുവന്‍ മുന്‍വിധികളും തെറ്റിച്ച രാജ്യം. ഇങ്ങോട്ടു കാലെടുത്തു വെക്കുന്നതിന് മുമ്പ് ‘എന്റെ ചൈന ഇങ്ങനെയല്ലായിരുന്നു.’ കമ്മ്യൂണിസ്റ്റ് കൊടികള്‍ പാറിപ്പറക്കുന്ന, ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ഹോള്‍സെയിലായ, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകളുള്ള, പാമ്പിനെയും പട്ടിയെയും പച്ചക്ക് തിന്നുന്ന, ഷിംഗ്ഷാംഗുകള്‍ മാത്രമുളള ഒരു വലിയ രാജ്യം. നിങ്ങളില്‍ പലരുടെയും മനസ്സില്‍ ചൈനയെ കുറിച്ചുള്ള ഏകദേശ ചിത്രം ഇങ്ങനെയാവാനാണ് സാധ്യത. ഞാന്‍ കണ്ട ചൈന ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു.

പതിനഞ്ച് രാജ്യങ്ങളോട് അതിര്‍ത്തി പങ്കിടുന്ന, ജനസംഖ്യയില്‍ ഒന്നാമതായ ഒരു രാജ്യം. പക്ഷേ, എന്തൊരു ഭംഗിയിലും വൃത്തിയിലുമാണ് അവിടുത്തെ നഗരങ്ങളും ഗ്രാമങ്ങളും. ചൈനയെ കളിയാക്കുന്നവര്‍ക്ക് യഥാര്‍ഥ ചൈന എന്താണെന്ന് പോലും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. ടെക്‌നോളജി, പ്രതിരോധം, ഗതാഗതം, ജി ഡി പി, നഗരസൗന്ദര്യവത്കരണം, ജീവിത നിലവാരം എന്നിവയിലെല്ലാം ലോകത്തെ മികച്ച രാജ്യം. ഗള്‍ഫ് രാജ്യങ്ങളേതിനേക്കാളും വീതിയുള്ള നിരപ്പായ റോഡുകള്‍, റോഡുകള്‍ക്കിരുവശവും വിശാലമായ നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും, റോഡിനു നടുക്കു പോലും പച്ചപ്പ് വിരിയിച്ചു നില്‍ക്കുന്ന മരങ്ങളും പൂന്തോട്ടങ്ങളും.. പിന്നെ അവയെ വൃത്തിയായി സൂക്ഷിക്കാന്‍ സദാസമയവും ജോലിക്കാരും. ഓരോ 50 മീറ്ററിലുമെന്ന പോലെ വേസ്റ്റ് ബിന്നുകള്‍.. എല്ലായിടത്തും വൃത്തിയുള്ള ടോയ്‌ലറ്റുകള്‍.. ഒരു പ്ലാസ്റ്റിക് കവറോ കടലാസ് കഷ്ണമോ പോലും എവിടെയും പരന്നു കിടക്കുന്നത് കാണാനാവില്ല. താമസം അത്യാവശ്യം നല്ല ഒരു നഗരത്തില്‍ ആയതിനാലാവാം ഈ കാഴ്ചകളൊക്കെ. ഇതെല്ലാം വെറുതെ ഉണ്ടാക്കിയാല്‍ പോരല്ലോ, വൃത്തിയായി സംരക്ഷിക്കുകയും വേണ്ടേ..? ഇവിടെയാണ് ലോകത്തെ ഏറ്റവും വൃത്തിയുള്ളവര്‍ എന്ന് സ്വയം നടിക്കുന്ന മലയാളികള്‍ പോലും പരാജയപ്പെടുന്നത്. നമ്മള്‍ ഉള്ള സൗകര്യങ്ങള്‍ പോലും നല്ല രീതിയില്‍ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ല.

സൈക്കിള്‍ യാത്ര ഒരു സംസ്‌കാരമാണ്
ഇവിടെ കണ്ട മറ്റൊരത്ഭുതമാണ് സൈക്കിളിന്റെ ഉപയോഗത്തിലുള്ള വര്‍ധന. പ്രായലിംഗ ഭേദമന്യേ സൈക്കിള്‍ ഉപയോഗം വ്യാപകമാണ്. വായുമലിനീകരണത്തിന് ഒരു പരിധിയെന്നോണം കുറവ് വരുത്താന്‍ ഇതിനായിട്ടുണ്ട്. ആദ്യദിവസങ്ങളില്‍ നടക്കാനിറങ്ങിയപ്പോള്‍ അവിടുത്തുകാര്‍ സൈക്കിളിനു നേരെ മൊബൈല്‍ തിരിച്ചുവെച്ച് എന്തോ ചെയ്യുന്നത് കണ്ടപ്പോള്‍ ആശ്ചര്യമായി. അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. പല കമ്പനികളും ചൈനയുടെ മുക്കിലും മൂലയിലും സൈക്കിള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബന്ധപ്പെട്ട കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പണമടച്ച് സൈക്കിളിലെ കോഡ് സ്‌കാന്‍ ചെയ്താല്‍ ഇലക്‌ട്രോണിക് ലോക്ക് തുറക്കാനുള്ള പാസ്സ്‌വേഡ് മെസ്സേജായി വരും. സൈക്കിള്‍ തുറന്ന് യാത്ര ചെയ്ത് സ്ഥാനത്തെത്തിയാല്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ലോക്കാക്കി പോകാം. അപ്പോള്‍ എത്ര രൂപയായെന്ന് മെസ്സേജ് വരും. അതോടെ ഉത്തരവാദിത്വം കഴിഞ്ഞു. അടുത്ത ആള്‍ക്ക് ഇനി ഇതേ രൂപത്തില്‍ ഉപയോഗിക്കാം. അച്ചടക്കമുള്ള ഒരു സമൂഹത്തിനേ ഇതൊക്കെ എളുപ്പം സാധ്യമാകൂ. മൂന്നുനാല് തവണ ഞാനും ഇതുപയോഗിച്ച് സഞ്ചരിച്ചിരുന്നു. ആറ് വരിയോ എട്ട് വരിയോയുള്ള പാതകളാണ് മുഴുക്കെയും. ഇരുവശങ്ങളിലും സൈക്കിള്‍ പാതയും നടപ്പാതയും വേര്‍തിരിച്ച് പണിതിട്ടുണ്ട്. കാഴ്ചാവൈകല്യമുള്ളവര്‍ക്ക് തടസ്സങ്ങള്‍ ലഘൂകരിക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഈ പാതകളിലും സിഗ്‌നല്‍ പോസ്റ്റുകളിലും വരെ കാണാനാകും. വിപണന മേഖലയില്‍ ചൈനയുടെ ഉത്പന്നങ്ങളുടെ ആധിപത്യത്തേക്കാള്‍ അവരുടെ വൈജ്ഞാനിക സാങ്കേതിക വിപ്ലവത്തിന്റെ മുന്നേറ്റമാണ് എങ്ങും. നഗരങ്ങളിലെങ്ങും മെട്രോ ട്രെയിന്‍ സംവിധാനം കാണാം. ഇവിടെയുള്ളവര്‍ ഭൂരിഭാഗവും സ്വന്തം വാഹനം ഉണ്ടായിട്ടു പോലും പൊതുഗതാഗത സംവിധാനങ്ങള്‍ നന്നായി ഉപയോഗിക്കുന്നവരാണ്.

വെല്ലുവിളിയായി ഭക്ഷണം
ഓരോ ദിനം കൊഴിയുന്തോറും കാണുന്ന കാഴ്ചകളധികവും വ്യത്യസ്തവും മനോഹരവുമായിരുന്നു. ഇതിലെനിക്കു തീരെ താത്പര്യമില്ലാതെ പോയത് അവിടുത്തെ ഭക്ഷണരീതിയോടായിരുന്നു. അവരുടെ യാതൊരു രുചികളും രസമുകുളങ്ങള്‍ക്ക് ചേര്‍ന്നതല്ലായിരുന്നു. പ്രധാന ഭക്ഷണം നൂഡില്‍സ് തന്നെയാണ്. പുറത്തിറങ്ങിയാല്‍ എങ്ങും ഭക്ഷണശാലകളും അവിടെയെല്ലാം തിരക്കും കാണാം. ഒരുപക്ഷേ നമ്മെ പോലെ എരിവും പുളിയും കലര്‍ത്താതെ, കൃത്യസമയത്തുള്ള ഭക്ഷണവും ചിട്ടയായ ജീവിതരീതിയുമാവാം ‘അവരുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കാത്തതും’.

അവിടെ ഭൂരിഭാഗം കടകളിലും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഇവര്‍ ചെറിയ മക്കളെ (പ്രസവിച്ചിട്ട് അധിക ദിവസമാകാത്ത) പോലും കൊണ്ടുവരും. ജോലിക്കിടയില്‍ തന്നെ പാചകവും കുട്ടിയെ നോക്കലും അങ്ങനെ എല്ലാം ഇവര്‍ തന്നെ ചെയ്തു പോരുന്നു. ഇതൊക്കെ കാണുമ്പോഴാണ് പ്രസവിച്ച് തൊണ്ണൂറു കഴിയാതെ അനങ്ങാന്‍ കൂട്ടാക്കാത്ത നാട്ടിലെ പെണ്ണുങ്ങളെയൊക്കെ (എന്നെയടക്കം) എടുത്ത് ഭാരതപ്പുഴയിലെറിയാന്‍ തോന്നുക. പട്ടി, പാമ്പ്, പന്നി… ഇത്യാദി സകലമാന ജന്തുജനങ്ങളും ഇവരുടെ മെനുവില്‍ ഉള്‍പ്പെടുന്നു. ഇവയെ പച്ചയ്ക്കും പൊരിച്ചും പുഴുങ്ങിയും ഏതു വിധേനയും ആശാന്‍മാര്‍ അകത്താക്കും. എല്ലാത്തിനും ചോപ്സ്റ്റിക്കോ ഫോര്‍ക്കോ നിര്‍ബന്ധമാണുതാനും. നമ്മെപ്പോലുള്ളവര്‍ വല്ലപ്പോഴുമൊക്കെ പുറത്തു നിന്നു കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണല്ലോ.. പക്ഷേ ഇവിടെ ഹലാല്‍ ഫുഡ് കിട്ടാന്‍ വല്ലാതെ ബുദ്ധിമുട്ടും. അദ്ദേഹം എന്നെക്കാള്‍ മുമ്പ് ഇവിടെ സെറ്റില്‍ ആയതിനാല്‍ നൂഡില്‍സ് പോലുള്ള ചില വിഭവങ്ങളൊക്കെ കഴിക്കും. എനിക്കെന്തോ ഇവരുടെ ഭക്ഷണത്തിന്റെ മണമടിച്ചാലേ വയറ്റീന്ന് കാറ്റുംകോളുമുണ്ടാകും. നാലഞ്ച് സ്റ്റോപ്പകലെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ഉണ്ടായിരുന്നതാണ് ഇത്തിരി ആശ്വാസമായത്. വീക്കെന്‍ഡില്‍ പുറത്തു പോകുമ്പോഴൊക്കെ അവിടുന്നായിരുന്നു കഴിച്ചിരുന്നത്. ആദ്യ തവണ അങ്ങോട്ടുള്ള വഴിതെറ്റി കറങ്ങിയതോര്‍ത്ത് ഇപ്പോഴും കാല് കഴയ്ക്കുന്നു.
(അവസാനിച്ചിട്ടില്ല)
.