Connect with us

Kerala

വിഴിഞ്ഞം തുറമുഖ അഴിമതി: ജുഡീഷ്യല്‍ കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Published

|

Last Updated

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വൈകിട്ട് 4ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും. മുന്‍ തുറമുഖ വകുപ്പ് സെക്രട്ടറി കെ മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍നിന്നു വിരമിച്ച പിജെ മാത്യു എന്നിവരാണു കമ്മിഷന്‍ അംഗങ്ങള്‍.

അതേ സമയം സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി പരിശോധിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് തല്‍ക്കാലം സര്‍ക്കാര്‍ പുറത്തുവിട്ടേക്കില്ല. എന്നാല്‍ ജുഡീഷ്യല്‍ കമ്മിഷന്‍ പിരിച്ചുവിട്ടു സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നത് സര്‍ക്കാറിന് തലവേദനയാകും. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹരജിയില്‍ തീരുമാനമെടുക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാരണത്താല്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ ഹൈക്കോടതിക്ക് മുമ്പാകെയെങ്കിലും സര്‍ക്കാറിന് ഹാജരാക്കേണ്ടി വരും.

വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ സംസ്ഥാനത്തിനു കനത്ത നഷ്ടം വരുത്തി വച്ചതായുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടാണു കമ്മിഷന്‍ പ്രധാനമായും പരിശോധിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വര്‍ഗീസ്, വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍, പിസി ജോര്‍ജ് എംഎല്‍എ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍ എന്നിവരും കമ്മിഷനു മുമ്പാകെ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്.