ജനസാഗരമിരമ്പി; വൈസനിയത്തിന് ഉജ്ജ്വല സമാപ്തി

Posted on: December 31, 2018 1:06 am | Last updated: December 31, 2018 at 10:53 am

മലപ്പുറം: ജനലക്ഷങ്ങള്‍ സാക്ഷി, രണ്ടു പതിറ്റാണ്ടിന്റെ സേവന വഴിയില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ച് മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയം സമ്മേളത്തിന് ഉജ്ജ്വല പരിസമാപ്തി. ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ മൂന്ന് വര്‍ഷമായി നടന്നു വരുന്ന സമ്മേളനമാണ് ഇന്നലെ സമാപിച്ചത്. 30 സെഷനുകളിലായി നാലു ദിവസം വ്യത്യസ്തങ്ങളായ പരിപാടികളാണ് സമാപന സമ്മേളനത്തിന്റെ ഭാഗമായി വിവിധ വേദികളില്‍ നടന്നത്.

സമാപന മഹാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് (ഹളര്‍മൗത്ത്) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമെ ഡീങ് മുഖ്യാതിഥിയായി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. അറബി ഭാഷക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് അറബിക് ലാംഗ്വേജ് ഇന്‍പ്രൂവ്മെന്റ് ഫോറം നല്‍കുന്ന അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഡോ. അബ്ദുല്‍ ഫത്താഹ് അബ്ദുല്‍ ഗനി(അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഈജിപ്ത്), ഗുട്ടിറെസ് കവനാഗ് (സ്പെയിന്‍), യു.ടി ഖാദിര്‍ (കര്‍ണാടക നഗര വികസന വകുപ്പ് മന്ത്രി), സി.എം ഇബ്റാഹീം (മുന്‍ കേന്ദ്ര മന്ത്രി), എ.പി അബ്ദുല്‍ കരീം ഹാജി (ആപ്കോ ഗ്രൂപ്പ് തലവന്‍), ഡോ. ഫാറൂഖ് നഈമി (പ്രസിഡണ്ട്, എസ്.എസ്.എഫ്), സയ്യിദ് അബ്ദുല്ല ഫദ്അഖ് (സൗദി അറേബ്യ), പ്രഫ. സയ്യിദ് ജഹാംഗീര്‍ (അറബിക് വിഭാഗം തലവന്‍, ഇഫ്ലു), അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമാപന ദിവസമായ ഇന്നലെ പ്രവാസലോകത്തെ അവസരങ്ങളും സാധ്യതകളും അനാവരണം ചെയ്ത് ഗ്ലോബല്‍ മലയാളി മീറ്റ് നടന്നു. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയില്‍ നൗഫല്‍ കോഡൂര്‍, സൈഫുള്ള നിസാമി, ഡോ. ഹാമിദ് ഹുസൈന്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. രാവിലെ ഒമ്പതിന് സായിദ് ഹൗസില്‍ നടന്ന പരിപാടിയില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

എജ്യൂപാര്‍ക്കിലെ അമിറ്റി സ്‌ക്വയറില്‍ നടന്ന മുല്‍തഖല്‍ അഷ്‌റാഫ് സാദാത്ത് സംഗമം ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രവാചക കുടംബത്തിലെ നിരവധി പേരാണ് സംഗമത്തിനെത്തിയത്. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിച്ചു.

സെന്തമിഴ് ഉലമാ ഉമറാ കോണ്‍ഫറന്‍സ് അമിറ്റി സ്‌ക്വയറില്‍ നടന്നു. തമിഴ്നാട് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹകീം ഇംദാദി സംഗമം ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അഹ്സനി കായല്‍പട്ടണം അധ്യക്ഷത വഹിച്ചു. കേരളീയ മുസ്ലിം പാരമ്പര്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്ത് സായിദ് ഹൗസില്‍ നടന്ന നവോത്ഥാന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സിറാജുല്‍ ഉലമാ ഹൈദ്രൂസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കേരളം നേരിട്ട പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി എ ഹൈദ്രോസ് ഹാജിയേയും ബഷീര്‍ മാസ്റ്റര്‍ അരിമ്പ്രയേയും ചടങ്ങില്‍ ആദരിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം പ്രസംഗിച്ചു.