ട്രംപിന്റെ ബഗ്ദാദ് സ്ന്ദര്‍ശനം; പരമാധികാരത്തെ വെല്ലുവിളിക്കുന്നതെന്ന് ഇറാഖ്

Posted on: December 28, 2018 9:09 am | Last updated: December 28, 2018 at 11:29 am

ബഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാഖില്‍ നടത്തിയ അവിചാരിത സന്ദര്‍ശനത്തെ ചൊല്ലി വിവാദം പുകയുന്നു. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതായി ഈ നടപടിയെന്നും ഇതിനെ ശക്തമായി എതിര്‍ക്കുന്നതായും ഇറാഖിലെ രാഷ്ട്രീയ, സൈനിക നേതൃത്വം പറഞ്ഞു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ അമേരിക്കന്‍ വ്യോമ കേന്ദ്രത്തില്‍ ബുധനാഴ്ചയാണ് പ്രസിഡന്റ് ട്രംപ് ഇറാഖ് സര്‍ക്കാറിനെ മുന്‍കൂട്ടി അറിയിക്കാതെ അവിചാരിതമായി സന്ദര്‍ശനം നടത്തിയത്. ഇറാഖില്‍ അമേരിക്കന്‍ സൈന്യം ചെയ്ത സേവനങ്ങള്‍ക്ക് അദ്ദേഹം സൈന്യത്തോട് നന്ദി പറയുകയും സൈന്യത്തോടോപ്പം നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തിരുന്നു. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറോളം അദ്ദേഹം സൈനികരോടൊപ്പം ചെലവഴിക്കുകയും ചെയ്തു.

ഇറാഖിന്റെ പരമാധികാരം ലംഘിച്ച് നടത്തിയ ഈ സന്ദര്‍ശനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര പാര്‍ലിമെന്റ് യോഗം വിളിച്ചുചേര്‍ക്കാന്‍ ഇസ്‌ലാഹ് പാര്‍ലിമെന്ററി ബ്ലോക്കിന്റെ നേതാവ് സബാഹ് അല്‍സഅദി ആവശ്യപ്പെട്ടു. ട്രംപ് അദ്ദേഹത്തിന്റെ പരിമിതികള്‍ തിരിച്ചറിയണമെന്നും ഇറാഖിലെ യു എസ് അധിനിവേശം അവസാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയതന്ത്ര മര്യാദകളെല്ലാം ലംഘിക്കുന്നതായിരുന്നു ട്രംപിന്റെ സന്ദര്‍ശനമെന്നും ഇറാഖ് സര്‍ക്കാറുമായി സൗഹാര്‍ദത്തില്‍ പെരുമാറാനില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സന്ദര്‍ശനമെന്നും ഇറാഖ് പാര്‍ലിമെന്റിലെ മറ്റൊരു ബ്ലോക്കായ ബിന പറഞ്ഞു. അമേരിക്ക സദ്ദാം ഹുസൈനെ തകര്‍ക്കാന്‍ നടത്തിയ ഇറാഖ് അധിനിവേശം ആധുനിക ചരിത്രത്തിലെ ഏറ്റവും നാശകരമായ യുദ്ധമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മാരകായുധങ്ങള്‍ സൂക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യുദ്ധം തുടങ്ങിയതെങ്കിലും പിന്നീട് ഇതൊന്നും കണ്ടെത്താനായിരുന്നില്ല. ഇറാഖിനെയും സദ്ദാം ഹുസൈനെയും നശിപ്പിക്കാന്‍ അമേരിക്ക തയ്യാറാക്കിയ നാടകമായിരുന്നു ‘മാരകായുധങ്ങള്‍’ എന്ന് പിന്നീട് തെളിഞ്ഞു.

മൂന്ന് മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനിടെ, ട്രംപ് ഇറാഖിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയില്ല. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായും മറ്റു രണ്ട് നേതാക്കളുമായും കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ട്രംപ് ഇത് റദ്ദാക്കുകയായിരുന്നു. പകരം അദ്ദേഹം ഇറാഖ് ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. പ്രസിഡന്റുമാരുടെ സന്ദര്‍ശനം നേരത്തെ ഇറാഖിനെ അറിയിക്കുന്നതായിരുന്നു അമേരിക്കയുടെ രീതിയെന്നും അധികൃതര്‍ അറിയിച്ചു.