Connect with us

National

'അവനെ വെടിവെച്ചു കൊല്ലൂ, ഒന്നും സംഭവിക്കില്ല' - കുമാരസ്വാമി വീഡിയോ കുരുക്കിൽ

Published

|

Last Updated

ബംഗളുരു: പാർട്ടി പ്രവർത്തകന്റെ ഘാതകരെ വെടിവെച്ചുകൊല്ലാൻ ആഹ്വാനംചെയ്യുന്ന കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ വീഡിയോ വിവാദമാകുന്നു. തിങ്കളാഴ്ച വൈകിട്ട് മാണ്ഡ്യയിൽ വെച്ച് പ്രകാശ് എന്ന ജെഡിഎസ് പ്രവർത്തകൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞപ്പോഴാണ് കുമാരസ്വാമി വിവാദ പ്രതികരണം നടത്തിയത്.

“അവൻ മികച്ച പാർട്ടി പ്രവർത്തകനായിരുന്നു. അവനെ കൊലപ്പെടുത്തിയത് ആരാണെന്ന് അറിയില്ല.  കൊലപാതകം നടത്തിയവരെ നിർദ്ദയം വെടിവെച്ചു കൊല്ലൂ. അതുകൊണ്ട് ഒന്നും സംഭവിക്കില്ല” – വിഡിയോയിൽ കുമാരസ്വാമി പറയുന്നു. ഉന്നത പോലീസ് ഓഫീസർക്കാണ് അദ്ദേഹം ഈ നിർദ്ദേശം നൽകുന്നതെന്നാണ് സൂചന. ഒരു മാധ്യമപ്രവർത്തകനാണ് ഇത് വീഡിയോയിൽ പകർത്തിയത്.

സംഭവം വിവാദമായതോടെ കുമാരസ്വാമി പ്രതികരണവുമായി രംഗത്തുവന്നു. അപ്പോഴത്തെ വൈകാരിക അവസ്ഥയിലാണ് അങ്ങനെ പ്രതികരിച്ചതെന്നും അത് ഒരു ഓർഡർ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ കുമാരസ്വാമി ആകെ അസ്വസ്ഥനായിരുന്നുവെന്ന് പാർട്ടി കേന്ദ്രങ്ങളും പ്രതികരിച്ചു.