Connect with us

National

ബംഗാളില്‍ ബി ജെ പി രഥയാത്ര ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ബി ജെ പിയുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നിഷേധിച്ചു. രഥയാത്രക്ക് അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ രഥയാത്രക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

ഇത് ചോദ്യം ചെയ്ത് ബി ജെ പി സംസ്ഥാന ഘടകം ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവുണ്ടായത്. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംസ്ഥാനത്തെ 42 മണ്ഡലങ്ങളിലും കടന്നെത്തുന്ന രീതിയില്‍ മൂന്ന് രഥയാത്രകള്‍ നടത്താനാണ് ബി ജെ പിയുടെ പരിപാടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രഥയാത്രയില്‍ പങ്കെടുക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.സംസ്ഥാനത്ത് 22 സീറ്റെങ്കിലും പിടിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം. നിലവില്‍ രണ്ട് സീറ്റ് മാത്രമാണ് ബി ജെ പിയുടെ അക്കൗണ്ടിലുള്ളത്.

Latest