Connect with us

Editors Pick

രാത്രി ജോലിക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍

Published

|

Last Updated

പ്രകൃതിയുടെ താളത്തിനൊത്താണ് മനുഷ്യന്റെ ജീവിതക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അര നൂറ്റാണ്ട് മുമ്പു വരെ മനുഷ്യര്‍ ജീവിച്ചിരുന്നത് ഈ താളത്തിന് അനുസൃതമായായിരുന്നു. നേരത്തെ കിടന്ന് പുലര്‍ച്ചെ എഴുന്നേറ്റ് കൃത്യസമയത്ത് പ്രഭാത ഭക്ഷണവും കഴിച്ച് ജോലിക്ക് പോകുകയും മറ്റു ജീവിത ചിട്ടകള്‍ കൃത്യമായി പാലിച്ചുമായിരുന്നു അവര്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കമ്പ്യൂട്ടറും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മനുഷ്യര്‍ക്കിടയില്‍ ആധിപത്യം സ്ഥാപിച്ചതോടെ ഈ താളം പലതും തെറ്റി. പാതിരാത്രി കഴിഞ്ഞ് ഉറക്കം, തോന്നുമ്പോള്‍ ഭക്ഷണം തുടങ്ങി ജീവിതത്തിന്റെ സന്തുലിതാവസ്ഥയില്‍ മാറ്റങ്ങള്‍ സംഭവിച്ചു.

രാത്രി ജോലി ചെയ്യുന്ന ആളുകളിലാണ് ഈ താളംതെറ്റല്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. രാത്രി ആറ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ്. ശരീരത്തിന് പൂര്‍ണ വിശ്രമം ലഭിക്കുന്നതിനും ഉന്മേഷം ലഭിക്കുന്നതിനും ഇത് നിര്‍ബന്ധമാണ്. ഉറങ്ങുന്ന സമയത്താണ് ശരീരത്തിലെ കോശങ്ങള്‍ അവയുടെ കേടുപാടുകള്‍ പരിഹരിക്കുന്നത്. സങ്കീര്‍ണമായ പല രാസപ്രവര്‍ത്തനങ്ങളും നടക്കുന്നതും ഈ സമയത്താണ്. രാത്രി നഷ്ടപ്പെട്ട ഉറക്കത്തിന് പകരം പകല്‍ എത്ര ഉറങ്ങിയാലും ഇത് പരിഹരിക്കപ്പെടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നോ രണ്ടോ ദിവസം ഉറക്കമിളച്ചതുകൊണ്ട് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പിന്നീടുള്ള ദിവസം കുറച്ച് സമയം കൂടുതല്‍ ഉറങ്ങി ഇത് പരിഹരിക്കാം. എന്നാല്‍ രാത്രിയില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ പകല്‍ എത്ര ഉറങ്ങിയാലും ഉറക്കനഷ്ടം പരിഹരിക്കപ്പെടില്ല. ശാരീരികവും മാനസികവുമായ ദിനക്രമങ്ങള്‍ക്ക് പ്രകൃതി നിശ്ചയിച്ച താളത്തെ മാനിക്കാതെ രാത്രി തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ശരീരത്തെ പല പ്രശ്‌നങ്ങളിലേക്കും തള്ളിവിടും. രാത്രി ജീവനക്കാരുടെ ജീവതാളം ജോലിക്കനുസൃതമായി ക്രമേണ പൊരുത്തപ്പെടുമന്നാണ് മുമ്പ് വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ നടന്ന ചില പഠനങ്ങള്‍ ഇത് തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രി സ്ഥിരമായ ജോലി ചെയ്യുന്നവരേക്കാള്‍ കൂടെക്കൂടെ രാത്രി ജോലി ചെയ്യുന്നവരിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്.

ഉറക്കം നഷ്ടപ്പെട്ടതിന്റെ ലക്ഷണങ്ങള്‍

ക്ഷീണം, തളര്‍ച്ച, ഉറക്കം തൂങ്ങുക, അസ്വസ്ഥത, ഏകാഗ്രതയില്ലായ്മ, കോട്ടുവായിടല്‍, പെട്ടെന്ന് ദേഷ്യം വരിക തുടങ്ങിയവയാണ് ഉറക്കം നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍. രാത്രിജോലി മൂലം ഉറക്കം നഷ്ടപ്പെടുന്നവര്‍ക്ക് ഉറക്കക്കുറവും അനുഭവപ്പെടാറുണ്ട്. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരാതിരിക്കുക, ഉറങ്ങിയാല്‍ തന്നെ പെട്ടെന്ന് ഉണര്‍ന്ന് പോകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത്തരക്കാര്‍ അനുഭവിക്കുന്നു.

പ്രമേഹം, അമിതവണ്ണം

ഉറക്കത്തിന്റെ താളംതെറ്റുന്നത് പ്രമേഹത്തിനും അമിത വണ്ണത്തിനും കാരണമാകും. ഉറക്കനഷ്ടം വിശപ്പിനെയും ഗ്ലൂക്കോസിന്റെ ചയാപചയപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെയും സാധീനിക്കും. ഇത് അമിതവണ്ണത്തിന് കാരണമാകും. പ്രമേഹം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ തേടിയെത്താന്‍ പിന്നെ താമസിക്കില്ല.

രോഗ പ്രതിരോധ ശേഷി ക്ഷയിക്കും

ശരീരത്തിലെ രോഗ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്ന ഹോര്‍മോണാണ് മെലടോണ്‍. ഉറക്ക ഹോര്‍മോണ്‍ എന്നും ഇത് അറിയപ്പെടുന്നുണ്ട്. രാത്രി ഉറക്കം നഷ്ടപ്പെടുന്നത് ഈ ഹോര്‍മോണിന്റെ ഉത്പാദനം കുറയാന്‍ കാരണമാകും. ഇത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെ ക്ഷയിപ്പിക്കും. ക്യാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങളെ പ്രതിരോധിക്കുന്നതിന് മെലടോണ്‍ അനിവാര്യമാണ്.

ആര്‍ത്തവ ക്രമക്കേട്, ലൈംഗിക പ്രശ്‌നങ്ങള്‍

രാത്രി ഉറക്കം നഷ്ടപ്പെടുന്നതും ഇതുമൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങളും മനുഷ്യന്റെ പ്രത്യുത്പാദന ശേഷിയേയും ബാധിക്കും. പുരുഷന്മാരിലെ ഉദ്ധാരണശേഷി കുറവ്, ബീജങ്ങളുടെ കുറവ്, സ്ത്രീകളിലെ വന്ധ്യത, ആര്‍ത്തവ ക്രമക്കേട് എന്നിവയ്‌ക്കെല്ലാം ജൈവഘടികാരം തെറ്റുന്നത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അസിഡിറ്റി, പെപ്റ്റിക്, അള്‍സര്‍, വയറുവേദന, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളും രാത്രി ഉറക്കമൊഴിക്കുന്നവരില്‍ കണ്ടുവരുന്നുണ്ട്.

കടപ്പാട്: ആരോഗ്യത്തോടെ ജീവിക്കാന്‍ – ഡോ. ടിഎം ഗോപിനാഥ പിള്ള

Latest