റാഫേല്‍; കോടതി വിധിയിലും കുരുക്ക്

Posted on: December 17, 2018 10:28 am | Last updated: December 17, 2018 at 10:28 am

പഞ്ചസംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ റാഫേല്‍ ആയുധ ഇടപാടിലെ സുപ്രീം കോടതി വിധിയും കേന്ദ്ര സര്‍ക്കാറിന് തലവേദനയായിരിക്കുകയാണ്. റാഫേല്‍ വിമാന വിലയുടെ വിശദാംശങ്ങള്‍ പാര്‍ലിമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നും ഇതു സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് തയാറായെന്നുമുള്ള വിധി ന്യായത്തിലെ 25-ാം ഖണ്ഡികയിലെ പരാമര്‍ശങ്ങളാണ് സര്‍ക്കാറിന് വിനയായത്. റാഫേല്‍ വിഷയത്തില്‍ സി എ ജി റിപ്പോര്‍ട്ട് ഇതുവരെയും പാര്‍ലിമെന്റില്‍ വെച്ചിട്ടില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറായി വരുന്നതേയുള്ളൂ. സി എജിയുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും മുമ്പ് സര്‍ക്കാറിന് നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കുന്ന എക്‌സിറ്റ് മീറ്റിംഗിന്റെ തീയതി പോലും ഇതു വരെ തീരുമാനിച്ചിട്ടില്ല. റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തൊട്ടു മുമ്പേ സമര്‍പ്പിക്കാനാവുകയുള്ളുവെന്നാണ് സി എ ജി വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. സി എ ജി റിപ്പോര്‍ട്ട് തയ്യാറായെന്നോ അത് പി എ സിക്ക് ലഭിച്ചെന്നോ കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുമില്ല. പിന്നെ എന്തുകൊണ്ട് കോടതി ഇങ്ങനെ പറയാന്‍ ഇടയായി?

വിവരങ്ങള്‍ പരസ്യമാകാതിരിക്കാന്‍ മുദ്രവച്ച കവറിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതിലെ രണ്ട് വാചകങ്ങള്‍ കോടതി തെറ്റായി വ്യാഖ്യാനിച്ചതാണ് വിധിപ്രസ്താവനയില്‍ അബദ്ധം സംഭവിക്കാന്‍ കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. പി എ സി റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും സി എ ജി റിപ്പോര്‍ട്ടിന്റെ സംഗ്രഹം പാര്‍ലിമെന്റില്‍ വെക്കുമെന്നുമുള്ള ഭാവിക്രിയയിലുള്ള പദങ്ങളാണത്രെ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, പി എ സിയുടെ പരിശോധന നടന്നു കഴിഞ്ഞുവെന്ന് കോടതി ഭൂതകാലക്രിയയില്‍ തെറ്റായി മനസ്സിലാക്കുകയായിരുന്നുവത്രെ. സര്‍ക്കാറിന്റെ ഈ വാദത്തില്‍ ദുരൂഹതകളുണ്ട്. ചീഫ് ജസ്റ്റിസാണ് വിധിന്യായം എഴുതിയതെങ്കിലും മറ്റു രണ്ട് ജഡ്ജിമാരും അതില്‍ ഒപ്പുവെച്ചിരിക്കെ അവരും വിധി വായിച്ചിട്ടുണ്ടെന്നാണ് അനുമാനിക്കേണ്ടത്. സര്‍ക്കാര്‍ നല്‍കിയ രേഖകളും അവര്‍ കണ്ടിട്ടുണ്ട്. എന്നിട്ടും, മൂന്ന് പേര്‍ക്കും ഒരു പോലെ പിഴവ് സംഭവിച്ചതെങ്ങനെ? മാത്രമല്ല, സര്‍ക്കാര്‍ പറയുന്ന ഏതെങ്കിലും കാര്യത്തില്‍ അവ്യക്തതകള്‍ ഉണ്ടെങ്കിലോ മനസ്സിലാക്കാന്‍ പ്രയാസമുണ്ടെങ്കിലോ ന്യായാധിപന്മാര്‍ക്ക് സര്‍ക്കാര്‍ അഭിഭാഷകരോട് ചോദിച്ച് ആശയക്കുഴപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഇവിടെ അതുണ്ടായതുമില്ല.
വിഷയം വിവാദമായതിനെ തുടര്‍ന്നു വിധിപ്രസ്താവത്തിലെ തെറ്റുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. പി എ സി അധ്യക്ഷനും ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സര്‍ക്കാറിനെതിരെ രംഗത്തു വരികയും സി എ ജിയെയും സര്‍ക്കാറിന് വേണ്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച അറ്റോര്‍ണി ജനറലിനെയും പി എ സി വിളിച്ചു വരുത്തുമെന്നും വാര്‍ത്താസമ്മേളനത്തിന്‍ പ്രഖ്യാപിച്ചതോടെയാണ് തിരുത്തല്‍ ഹരജി നല്‍കിയത്. സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയെന്ന സര്‍ക്കാര്‍ വാദത്തെയും ഖാര്‍ഗെ ചോദ്യം ചെയ്തു.

സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി മാസങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന റാഫോല്‍ ഇടപട് വിവാദത്തിന് സുപ്രീം കോടതി വിധിയോടെ താത്കാലികമായെങ്കിലും വിരാമമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബി ജെ പി നേതൃത്വം. റാഫേല്‍ ഇടപാടിലും കരാറിലും സംശയിക്കത്തക്ക ഒന്നുമില്ലെന്നും അന്വേഷണത്തിനുത്തരവിടേണ്ട ആവശ്യമില്ലെന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭുഷണ്‍, മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി എന്നിവര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ തിരുത്തി വിമാനങ്ങളുടെ എണ്ണം 36 മാത്രമാക്കിയതില്‍ അഴിമതി ഉള്ളതിനാല്‍ അന്വേഷിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. കോടതി വിധി പൊക്കിപ്പിടിച്ചു മോദിയുടെ കൈ ശുദ്ധമാണെന്നും കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള പ്രസ്താവനയുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും മറ്റു നേതാക്കളും രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ വിധിയിലെ വസ്തുതാപരമായ ‘അബദ്ധം’ വിവാദമായത് പാര്‍ട്ടിയെയും സര്‍ക്കാറിനെയും കൂടുതല്‍ പ്രയാസത്തിലാക്കിയിരിക്കുകയാണ്. കോടതി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തെറ്റായി മനസ്സിലാക്കിയതല്ല, സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

വേറെയും ദുരൂഹതകളുണ്ട് കോടതി വിധിയില്‍. വിമാനം വാങ്ങല്‍ പ്രക്രിയയെയും വിലയെയും കുറിച്ച് വായുസേനാ ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങള്‍ കോടതി ചോദിച്ചറിഞ്ഞെന്ന് വിധിയിലുണ്ട്. എന്നാല്‍ കോടതിയില്‍ അത്തരം കാര്യങ്ങളൊന്നും വായുസേനാ ഉദ്യോഗസ്ഥരോടു ചോദിച്ചില്ലെന്നാണ് പ്രശാന്ത്ഭൂഷണ്‍ വെളിപ്പെടുത്തിയത്. പ്രതിരോധ കരാറുകള്‍ പരിശോധനക്ക് വിധേയമാക്കുന്നതില്‍ കോടതിക്ക് ചില പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കരാറിന്റെ വിശദാംശങ്ങളിലേക്ക് കൂടുതല്‍ കടക്കാതെയാണ് കോടതിവിധി പ്രസ്താവിച്ചതെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ കോടതി വിധിയില്‍ തൂങ്ങി ആരോപണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സര്‍ക്കാറിനാകുമോ?