നെതര്‍ലാന്‍ഡ്‌സിനു സഡന്‍ ഡെത്ത്; ഹോക്കി ലോക കപ്പില്‍ ബെല്‍ജിയന്‍ വിജയഗാഥ

Posted on: December 16, 2018 10:33 pm | Last updated: December 17, 2018 at 11:08 am

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ബെല്‍ജിയം വിജയഗാഥ. ഫൈനലില്‍ മൂന്നു തവണ ചാമ്പ്യന്മാരായ
നെതര്‍ലന്‍ഡ്‌സിനെ സഡന്‍ ഡെത്തില്‍ കീഴടക്കിയാണ് ബെല്‍ജിയം ഇതാദ്യമായി ഹോക്കി ലോക കിരീടം സ്വന്തമാക്കിയത്.

തുല്യ ശക്തികളുടെ പോരാട്ടത്തില്‍ നാലു ക്വാര്‍ട്ടറുകളും സമനിലയില്‍ കലാശിച്ചതോടെ കളി അധിക സമയത്തിലേക്കു നീണ്ടു. എന്നാല്‍ അതിലും ഫലമുണ്ടായില്ല. തുടര്‍ന്നു പെനാല്‍ട്ടിയില്‍ 2-2 എന്ന നിലയില്‍ ഇരു ടീമുകളും പരസ്പരം വിട്ടുകൊടുക്കാന്‍ തയാറായില്ല. സഡന്‍ ഡെത്തില്‍ നെതര്‍ലാന്‍ഡ്‌സിന്റെ ഷോട്ട് പാഴായപ്പോള്‍ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ച് ബെല്‍ജിയം കപ്പില്‍ മുത്തമിടുകയായിരുന്നു.

ചരിത്രത്തിലാദ്യമായി ഒരു ഹോക്കി ഫൈനല്‍ സമനിലയില്‍ കലാശിക്കുന്നതിനും ബെല്‍ജിയം ആദ്യമായി കപ്പു നേടുന്നതിനും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം സാക്ഷിയായി. നേരത്തെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ എട്ടു ഗോളുകള്‍ക്കു നിലംപരിശാക്കി ആസ്‌ത്രേലിയ വെങ്കല മെഡല്‍ കരസ്ഥമാക്കി.