മതേതര രാഷ്ട്രീയക്കാര്‍ക്കുള്ള ജനകീയ ആജ്ഞകള്‍

എന്തൊക്കെ പ്രചാരണങ്ങള്‍ നടത്തിയാലും നിത്യജീവിത ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ അത് പരിഗണിക്കും. നോട്ടുനിരോധനവും ജി എസ് ടിയും കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഗ്രാമീണരാണ് ഈ തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിച്ചത്. മന്‍ കി ബാത് എന്ന ഏകപക്ഷീയ റേഡിയോ പ്രസംഗമല്ല, അച്ഛേ ദിന്‍ എന്ന പ്രഖ്യാപനമല്ല, ജനജീവിതത്തില്‍ ദുരിതങ്ങള്‍ അകറ്റാനുള്ള നടപടികളാണ് വേണ്ടത് എന്ന് ജനങ്ങള്‍ മോദിയോട് മുഖത്തടിച്ച് പറയുകയാണ് ചെയ്തിരിക്കുന്നത്.
Posted on: December 14, 2018 12:15 pm | Last updated: December 14, 2018 at 12:15 pm

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒന്നാണ് എന്ന് നിസ്സംശയം പറയാം. ഭരണഘടനയും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഭരണക്രമവും സ്ഥാപനങ്ങളുമെല്ലാം ഒരു മടിയുമില്ലാതെ നശിപ്പിച്ചുകൊണ്ട് ഒരു ഫാസിസ്റ്റ് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് നേതൃത്വത്തിലുള്ള സംഘ്പരിവാറിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ ലോക്‌സഭയില്‍ മതേതര കക്ഷികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ ഇതിലെ ഫലങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടണം.

സംസ്ഥാനങ്ങള്‍ ആര് ഭരിക്കും എന്ന് വ്യക്തമായിട്ടുണ്ട്. ഛത്ത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസും തെലങ്കാനയില്‍ ടി ആര്‍ എസും മിസോറാമില്‍ മിസോ നാഷനല്‍ ഫ്രണ്ടും അധികാരമുറപ്പിച്ചു. ബി എസ് പിക്കും സമാജ്‌വാദി പാര്‍ട്ടിക്കുമുള്ള സീറ്റുകള്‍ കൂടി പരിഗണിച്ചാല്‍ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ സാധ്യത വോട്ടെണ്ണല്‍ ഘട്ടത്തിലേ കല്‍പ്പിക്കപ്പെട്ടതാണ്. പക്ഷേ, ഗവര്‍ണര്‍ പദവിയടക്കമുള്ള അധികാരവും ആരെയും വിലക്ക് വാങ്ങാനുള്ള പണവും പോലീസും എത്ര നാണം കെട്ടും അധികാരം കൈയടക്കുന്നതിലുള്ള ഉളുപ്പില്ലായ്മയും ആണ് ഇക്കാലമത്രയും ബി ജെ പിയുടെ സ്വഭാവം എന്നതും ഇങ്ങനെ ഗോവയിലും മണിപ്പൂരിലും മറ്റും അധികാരം പിടിച്ച സമീപകാലചരിത്രവും ഉള്ളതുകൊണ്ട് കോണ്‍ഗ്രസിന് അത്ര എളുപ്പമല്ല എന്ന് വിലയിരുത്തപ്പെടുകയുണ്ടായി.
ഈ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ചില പ്രത്യേകതകള്‍ പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന് അല്‍പ്പം തിരിച്ചടി നേരിട്ട രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും തുടങ്ങാം. ഏറെ ചെറിയ സംസ്ഥാനമായ മിസോറാമില്‍ മിസോ നാഷനല്‍ ഫ്രണ്ട് നേടിയ വിജയത്തിന് അഖിലേന്ത്യ തലത്തില്‍ വലിയ പ്രാധാന്യമില്ല. ഏഴ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എക്കാലത്തും ആധിപത്യമുണ്ടായിരുന്ന കോണ്‍ഗ്രസിന് അവരുടെ ഭരണമുണ്ടായിരുന്ന അവസാനത്തെ സംസ്ഥാനവും കൈവിട്ടു എന്നുള്ളത് മാത്രം ഒരു ഫലമായി പറയാം. ബി ജെ പിക്ക് അവിടെ കാര്യമായ നേട്ടമൊന്നുമില്ല. പക്ഷേ, കോണ്‍ഗ്രസിന്റെ ശത്രു എന്ന നിലയില്‍ അതിനവര്‍ പ്രാധാന്യം നല്‍കുന്നു എന്ന് മാത്രം.

തെലങ്കാന പ്രതീക്ഷിച്ചതുപോലെ ടി ആര്‍ എസിനു ലഭിച്ചു. പക്ഷേ, ഇത്ര വലിയൊരു വിജയം അവര്‍ പോലും കരുതിക്കാണില്ല. ആകെയുള്ള 119 സീറ്റില്‍ 87ഉം അവര്‍ നേടി. ആ സംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം നയിച്ച വ്യക്തി എന്ന നിലയില്‍ കെ ചന്ദ്രശേഖര റാവു എന്ന കെ സി ആറിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയശക്തി അവിടെയില്ല എന്നത് തീര്‍ച്ചയാണ്. തന്റെ ഭരണത്തില്‍ ഏതാണ്ടെല്ലാ വിഭാഗം ജനങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ സൗജന്യങ്ങള്‍ നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കൊടുക്കാന്‍ കഴിയുന്ന നിരവധി വാഗ്ദാനങ്ങള്‍ നല്‍കി. കാലാവധി തികയാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ നിയമസഭ പിരിച്ചുവിട്ട് ഒരു ചൂതാട്ടത്തിനാണ് അദ്ദേഹം ഒരുങ്ങിയത്. അതുകൊണ്ട് യാതൊരു വിധ പഴുതുകളുമില്ലാതെ ജയം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്തു. വോട്ടര്‍ പട്ടികയില്‍ ആ സര്‍ക്കാര്‍ നടത്തിയ കൃത്രിമങ്ങളെ കുറിച്ച് ചില പരാതികള്‍ നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. ഭരണയന്ത്രം എല്ലാ രീതിയിലും അദ്ദേഹത്തെ സഹായിച്ചു. പക്ഷേ, കെ സി ആറിന്റെ ഈ വലിയ വിജയത്തിനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ എതിരാളികളായ കോണ്‍ഗ്രസിന്റെ തെറ്റായ കണക്കുകൂട്ടലുകളായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കണ്ണ് വെച്ച് കൊണ്ട് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി രാഹുല്‍ ഗാന്ധി ഉണ്ടാക്കിയ സഖ്യം ഒരു വന്‍ വിഡ്ഢിത്തമായിരുന്നു, തെലങ്കാനയിലെങ്കിലും എന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. തെലങ്കാനക്ക് വേണ്ടി ജീവന്മരണ പോരാട്ടം നടത്തിയ കെ സി ആറിനെ നേരിടാന്‍ തെലങ്കാന എന്ന ആശയത്തെ നഖശിഖാന്തം എതിര്‍ത്ത നായിഡുവിന്റെ തെലുങ്ക്‌ദേശത്തെ ആ ജനതക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഒരര്‍ഥത്തില്‍ ആ പോരാട്ടത്തില്‍ നായിഡു ആയിരുന്നു ടി ആര്‍ എസിന്റെ മുഖ്യശത്രു. മുകള്‍ത്തട്ടില്‍ രാഹുല്‍ ഗാന്ധിയും നായിഡുവും ഒരുമിച്ചു പ്രചാരണം നടത്തിയെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ക്കു പോലും ആ സഖ്യം സ്വീകാര്യമായില്ല എന്ന് വ്യക്തം.

കോണ്‍ഗ്രസിന്റെ പ്രശ്‌നം ഇവിടെയും തീരുന്നില്ല. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിയായ രാജശേഖര റെഡ്ഢിയുടെ മകന്‍ ജഗന്‍ കോണ്‍ഗ്രസിനും നായിഡുവിനും വെല്ലുവിളിയായി ആന്ധ്രയില്‍ വളര്‍ന്നുവരുന്നു. നായിഡുവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതിനെ താത്വികമായി എതിര്‍ക്കാന്‍ ജഗനും വഴിയായി. ചുരുക്കത്തില്‍ ഈ സഖ്യം കോണ്‍ഗ്രസിനോ തെലങ്ക് ദേശത്തിനോ ഒരു ഗുണവും ചെയ്തില്ല, ചെയ്യുമെന്ന് തോന്നുന്നുമില്ല. തെലുങ്കാനയിലും ബി ജെ പിക്ക് കാര്യമായ നേട്ടം ഉണ്ടായില്ല. മജ്‌ലിസ് പാര്‍ട്ടി അതിന്റെ ശക്തികേന്ദ്രങ്ങള്‍ ഏഴ് സീറ്റുകള്‍ നേടി സംരക്ഷിച്ചു.

തെലങ്കാനയില്‍ സഖ്യം തെറ്റായിരുന്നു എങ്കില്‍ മറ്റു ചിലയിടങ്ങളില്‍ സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതാണ് അവര്‍ക്ക് വിനയായത്, പ്രത്യേകിച്ചും മധ്യപ്രദേശിലും രാജസ്ഥാനിലും. ഒരുപക്ഷേ, എല്ലാ പ്രവചനങ്ങളെയും കാര്യമായി തെറ്റിച്ച ഒരു ഫലമാണ് ഛത്തീസ്ഗഢില്‍ കാണാന്‍ കഴിയുന്നത്. ഭരണകക്ഷിയായ ബി ജെ പിക്ക് മുന്‍തൂക്കം നല്‍കുന്ന ഒപ്പത്തിനൊപ്പം എന്നതായിരുന്നു മിക്ക പ്രവചനങ്ങളും. മൂന്ന് തവണ തുടര്‍ച്ചയായി ഭരണം നടത്തുന്ന അവിടത്തെ മുഖ്യമന്ത്രി രമണ്‍ സിംഗ് തീര്‍ത്തും ജനകീയനായും ദരിദ്രര്‍ക്കു അന്നദാതാവായും അറിയപ്പെട്ടു. കോണ്‍ഗ്രസിന്റെ മിക്ക നേതാക്കളും അവിടെ നക്‌സലൈറ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ശേഷിക്കുന്നവരില്‍ പ്രധാനിയും മുന്‍ മുഖ്യമന്ത്രിയുമായ അജിത് ജോഗി പാര്‍ട്ടി വിട്ട് ജനത കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കി രംഗത്ത് വന്നു. അവിടെ സാമാന്യം ശക്തിയുള്ള ഒരു മതേതര കക്ഷിയായ ബി എസ് പിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കി. എല്ലാ അര്‍ഥത്തിലും കോണ്‍ഗ്രസിനെതിരായിരുന്നു സാഹചര്യം. പക്ഷേ, ഫലം വന്നപ്പോള്‍ ബി ജെ പി തോറ്റമ്പി. മൊത്തം 90 സീറ്റുകളില്‍ 68ഉം അവിടെ കോണ്‍ഗ്രസ് നേടി. ബി ജെ പിയുടെ മുഖ്യമന്ത്രിയടക്കം തോറ്റു. അജിത് ജോഗിക്കും അടി തെറ്റി. എന്താണിതിനുള്ള കാരണങ്ങള്‍? ഏറ്റവും പ്രധാനം സംസ്ഥാനത്താകെ ഉണ്ടായ കര്‍ഷക ദുരിതങ്ങള്‍ ആയിരുന്നു. ഒപ്പം ആദിവാസി മേഖലയില്‍ ബി ജെ പിക്കെതിരെ ഉയര്‍ന്നു വന്ന ശക്തമായ വികാരവും. അവിടെ രാഹുല്‍ ഗാന്ധി നടത്തിയ വ്യാപകമായ പ്രചാരണത്തില്‍ കാര്‍ഷിക വിഷയത്തിന് ഊന്നല്‍ നല്‍കി എന്ന് മാത്രമല്ല കര്‍ഷകര്‍ക്ക് സ്വാമിനാഥന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന താങ്ങുവില നല്‍കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. കോണ്‍ഗ്രസില്‍ അധികം നേതാക്കള്‍ ഇല്ല എന്നത് ഒരര്‍ഥത്തില്‍ അവര്‍ക്കു ഗുണമായി. രാജസ്ഥാനില്‍ ഒട്ടനവധി റിബല്‍ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. അതില്‍ ആറ് പേര്‍ അവിടെ വിജയിച്ചിട്ടുമുണ്ട്. അത്തരം വോട്ടു ഭിന്നിക്കല്‍ ഛത്തീസ്ഗഢില്‍ ഒഴിവായി.

മതേതര സഖ്യങ്ങള്‍ സാധ്യമായിരുന്നെങ്കില്‍ യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയുമായിരുന്ന രണ്ട് സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. ഓരോ അഞ്ച് വര്‍ഷങ്ങളിലും ഭരണമാറ്റം ഉണ്ടാകുന്നതാണ് രാജസ്ഥാന്റെ രീതി എന്ന് ആശ്വസിക്കാമെങ്കിലും 2013ല്‍ അവിടെ ജയിച്ചപ്പോള്‍ അത് മോദി തരംഗമാണെന്ന് പറഞ്ഞ ബി ജെ പിക്ക് അവിടെ തോല്‍ക്കുമ്പോള്‍ ആ തരംഗത്തിനെന്തു പറ്റി എന്ന് പറയാനും ബാധ്യതയുണ്ട്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പായിരിക്കുന്നു. എന്നാല്‍ പല പ്രവചനങ്ങളും സൂചിപ്പിച്ചതുപോലെ ഒരു തരംഗം ഒന്നും കോണ്‍ഗ്രസിന് അനുകൂലമായി അവിടെ ഉണ്ടായില്ല. അഥവാ ബി ജെ പി വിരുദ്ധ തരംഗം ഉണ്ടാകുന്നതിന് എതിരാളികളില്‍ ഭിന്നിപ്പ് കാരണമായി എന്ന് കാണാം. കോണ്‍ഗ്രസിലെ വിമതശല്യം അവരെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്. ബി ജെ പിക്കകത്തും കാര്യമായ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ബി എസ് പിയും എസ് പിയും അവിടെ നേടിയ വോട്ടുകളും കൂടി കൂട്ടിയാല്‍ സാമാന്യം നല്ല വിജയം അവിടെ ഉണ്ടാകുമായിരുന്നു. ഒപ്പം കര്‍ഷകസമരങ്ങളില്‍ കൂടി ജനപിന്തുണ വര്‍ധിപ്പിച്ച ഇടതു പക്ഷത്തിനും ചില പ്രദേശങ്ങളില്‍ കാര്യമായ വോട്ട് കിട്ടി. സി പി എമ്മിന് അവിടെ രണ്ട് സീറ്റുകള്‍ കിട്ടിയത് ചെറിയ കാര്യമല്ല.

അവസാനം വരെയും മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി ജെ പിയും ഏതാണ്ട് ഒപ്പമായിരുന്നു. നിരവധി സീറ്റുകളില്‍ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് ഇരുപക്ഷത്തെയും സ്ഥാനാര്‍ഥികള്‍ മുന്നിട്ടു നിന്നത്. കോണ്‍ഗ്രസ് കഷ്ടിച്ച് കടന്നു കൂടി എന്ന് പറയാം. പക്ഷേ, ഒറ്റനോട്ടത്തില്‍ തന്നെ കാണാവുന്ന ഒരു വസ്തുത നിരവധി മണ്ഡലങ്ങളില്‍ ബി എസ് പിയും എസ്പിയും മറ്റു മതേതര കക്ഷികളും പിടിച്ച വോട്ടുകളുടെ ഒരു ചെറിയ ശതമാനം കൊണ്‍ഗ്രസിന് കിട്ടിയാല്‍ തന്നെ പത്തോ പതിനഞ്ചോ സീറ്റുകളില്‍ ബി ജെപി തോല്‍പ്പിക്കപ്പെടുമായിരുന്നു എന്നതാണ്. മറിച്ചും ചില ഇടങ്ങളില്‍ ഉണ്ട്. അതായത് മറ്റു മതേതരകക്ഷികള്‍ മുന്നിലും കോണ്‍ഗ്രസ് പിന്നിലുമായിരിക്കുമ്പോള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ട് ബി ജെപി വിജയിക്കുന്നുമുണ്ട്.
ഈ തിരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ എന്താണ്? എന്തൊക്കെ പ്രചാരണങ്ങള്‍ നടത്തിയാലും നിത്യജീവിത ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ അത് പരിഗണിക്കും എന്നതാണ് ആദ്യപാഠം. നോട്ടുനിരോധനവും ജി എസ് ടിയും കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഗ്രാമീണരാണ് ഈ തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിച്ചത്. രാമക്ഷേത്ര നിര്‍മാണമടക്കമുള്ള വര്‍ഗീയ വിഷയങ്ങള്‍ ഇറക്കിയിട്ടും സംഘ്പരിവാറിന്റെ മുഴുവന്‍ സംഘടനാശേഷിയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അധികാരങ്ങളും പ്രയോഗിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ കൈയില്‍ അടക്കിയിട്ടും വോട്ടര്‍ പട്ടികയിലും വോട്ടിംഗ് യന്ത്രങ്ങളിലും തിരിമറി നടത്തിയിട്ടും ബി ജെ പി തോറ്റെങ്കില്‍ അത് ജനങ്ങളുടെ കടുത്ത രോഷത്തിന്റെ പ്രകടനമാണ്. ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ മോദിപ്രഭാവത്തിന് കഴിയുമെന്ന ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണിത്. മന്‍ കി ബാത് എന്ന ഏകപക്ഷീയ റേഡിയോ പ്രസംഗമല്ല, അച്ഛേ ദിന്‍ എന്ന പ്രഖ്യാപനമല്ല, ജനജീവിതത്തില്‍ ദുരിതങ്ങള്‍ അകറ്റാനുള്ള നടപടികളാണ് വേണ്ടത് എന്ന് ജനങ്ങള്‍ മോദിയോട് മുഖത്തടിച്ച് പറയുകയാണ് ചെയ്തിരിക്കുന്നത്.

2013ലാണ് ഗുജറാത്തിന് പുറത്ത് മോദി പ്രഭാവം നമ്മള്‍ കണ്ടത്. ഇതേ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വലിയ വിജയം നേടുകയും അടുത്ത വര്‍ഷം നടന്ന ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടി ഇന്ത്യയാകെ പ്രചാരണം നടത്തുകയും ചെയ്തു. അന്ന് മുതല്‍ ഇന്നുവരെ ഒറ്റപ്പെട്ട രണ്ട് സന്ദര്‍ഭങ്ങളില്‍ തോറ്റതൊഴിച്ചാല്‍ (ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയോടും ബിഹാറില്‍ മതേതര മഹാസഖ്യത്തോടും) പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മോദി നടത്തിയ പ്രചാരണം വഴി ബി ജെ പിക്ക് മുന്നേറ്റം സാധ്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആദ്യമായി ആ പ്രഭാവത്തിനു മങ്ങലേറ്റിരിക്കുന്നു. ഇതിന്റെ ചില ലക്ഷണങ്ങള്‍ ഗുജറാത്തില്‍ കണ്ടതാണ്. പക്ഷേ, എന്നിട്ടും അവിടെ ബി ജെ പി പിടിച്ചുനിന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മോദി തോല്‍പ്പിക്കപ്പെടാന്‍ കഴിയുന്ന നേതാവാണ് എന്ന് ഇതിലൂടെ തെളിയുന്നു. ആ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും കഴിയും എന്ന ആത്മവിശ്വാസം വളര്‍ത്താനും ഇതിലൂടെ കഴിഞ്ഞിരിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതേതരകക്ഷികള്‍ തമ്മില്‍ ഒരു ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി ഭരണം വീണ്ടും വരുന്നത് തടയാന്‍ കഴിയില്ല എന്ന സന്ദേശവും ഈ ഫലങ്ങളിലുണ്ട് എന്നു കാണാം. രാജ്യം നേരിടുന്ന അടിയന്തര സാഹചര്യം നേരിടാന്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ ഈ കക്ഷികള്‍ തയ്യാറാകണം എന്നാണ് ജനവിധിയുടെ സന്ദേശം. ഇതില്‍ പ്രധാന ഉത്തരവാദിത്വം കോണ്‍ഗ്രസിന് തന്നെയാണ്. ആ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളുടെ ഇടപെടലുകളും അധികാരക്കൊതിയുമെല്ലാം ഇതിനു തടസ്സമാകുന്നു. അതൊഴിവാക്കാനാണ് ഈ ജനവിധി നേതാക്കളോട് ആവശ്യപ്പെടുന്നത്. അതിനവര്‍ തയ്യാറായില്ലെങ്കില്‍ അതൊരു ചരിത്രപരമായ വിഡ്ഢിത്തമായിരിക്കും. തിരുത്താന്‍ ഏറെ വിഷമമുള്ള വിഡ്ഢിത്തം.