Connect with us

Editorial

ശക്തികാന്ത് ദാസിന്റെ നിയമനവും വിവാദത്തില്‍

Published

|

Last Updated

റിസര്‍വ് ബേങ്കുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഒന്നൊന്നായി വിവാദമാവുകയാണ്. ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് കാലാവധി നീട്ടിക്കൊടുക്കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. നോട്ട് പിന്‍വലിക്കാനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത് മൂലമാണ് കാലാവധി നീട്ടക്കൊടുക്കാതിരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടര്‍ന്ന് നിയമിതനായ ഉര്‍ജിത് പട്ടേലിന് റിസര്‍വ് ബേങ്കിനെ വരുതിയില്‍ നിര്‍ത്താനുള്ള മോദിയുടെ തീരുമാനത്തോട് യോജിക്കാനാകാതെയാണ് രാജി വെച്ചൊഴിയേണ്ടി വന്നത്. കിട്ടാക്കടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാന്‍ സഹായകമായ വിധത്തില്‍ ബേങ്കുകളുടെ വായ്പാ നയത്തില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. നിലവില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ പേരിലുള്ള കിട്ടാക്കടങ്ങളാണ് ബേങ്കുകള്‍ നേരിടുന്ന മുഖ്യപ്രതിസന്ധി. മൊത്തം വായ്പയുടെ 16-17 ശതമാനം വരും കിട്ടാക്കടങ്ങള്‍.
ഏറ്റവുമൊടുവില്‍ ഉര്‍ജിത് പട്ടേലിന്റെ പിന്‍ഗാമിയായി ശക്തികാന്ത് ദാസിനെ നിയമിച്ച സര്‍ക്കാര്‍ നടപടിയും വിവാദമായിരിക്കുകയാണ്. സാമ്പത്തിക മേഖലയില്‍ വേണ്ട പരിജ്ഞാനമില്ലാത്തയാളും, അഴിമതിയുടെ കറ പുരണ്ട ഉദ്യോഗസ്ഥനുമാണ് ശക്തികാന്തെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികളില്‍ നിന്നും ബി ജെ പിക്കുള്ളില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നുവന്നത്. ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി നിയമനത്തെ വിമര്‍ശിച്ച് പ്രധാനമന്തിക്ക് കത്ത് നല്‍കിയിട്ടുണ്ട.് മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും എയര്‍സെല്‍ മാക്‌സിസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തിരുന്നുവെന്നാണ് സ്വാമി പറയുന്നത്. ചിദംബരത്തെ രക്ഷിക്കാനായി 2014ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഡ്വക്കേറ്റായിരുന്ന കെ കെ വേണുഗോപാലിനെ ഒറ്റ രാത്രികൊണ്ട് മാറ്റി മറ്റൊരു വക്കീലിനെ ഏര്‍പ്പാടാക്കിയതും ദാസായിരുന്നുവത്രെ. ശക്തിദാസ് റവന്യൂ സെക്രട്ടറിയായിരിക്കെ അദാനിയും എസ്സാറും റിലയന്‍സും ഉള്‍പ്പെട്ട കല്‍ക്കരി അഴിമതി അന്വേഷണം അട്ടിമറിച്ചിരുന്നതായും ആരോപിക്കപ്പെടുന്നു.

മുന്‍നിര സാമ്പത്തിക വിദഗ്ധനായ അഭിജിത് ബാനര്‍ജിയും ദാസിന്റെ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ചു. റിസര്‍വ് ബേങ്ക് പോലെ സ്വയം ഭരണാവകാശമുള്ള ഒരു പൊതുസ്ഥാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ നിയമനമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ജി ഡി പി വളര്‍ച്ച മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിരിക്കെ സമ്പദ്ഘടനയെക്കുറിച്ചുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കഠിനാധ്വാനത്തിലാണ്. ഈ സാഹചര്യത്തില്‍ പക്ഷപാതമില്ലാതെയും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന ഒരു സാമ്പത്തിക വിദഗ്ധനെയാണ് ആര്‍ ബി ഐക്ക് വേണ്ടത്. എങ്കിലേ പ്രായോഗികതയോടെയുള്ള ഭരണം ഉണ്ടാവുകയുള്ളൂവെന്നും അഭിജിത് ബാനര്‍ജി പറയുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശക്തികാന്ത് ദാസ്. മോദിയുടെ പ്രധാന സാമ്പത്തിക പരിഷ്‌കാരമായി വിശേഷിപ്പിക്കപ്പെടുന്ന ജി എസ് ടി നികുതി സമ്പ്രദായം നടപ്പാക്കുന്നതില്‍ ദാസിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. ഇതിനപ്പുറം രാജ്യത്തെ മിക്ക സാമ്പത്തിക വിദഗ്ധരും നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍, അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന ദാസ് നോട്ട് നിരോധനത്തെ ശക്തിയായി ന്യായീകരിക്കുകയും നിരോധനം സാമ്പത്തിക മേഖലക്ക് ഗുണം ചെയ്തുെവന്നവകാശപ്പെടുകയും ചെയ്തിരുന്നുവെന്നതാണ് ആര്‍ ബി ഐ ഗവര്‍ണര്‍ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനത്തിന് മോദിസര്‍ക്കാര്‍ കണ്ട മുഖ്യയോഗ്യത.
രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കുറയുകയാണെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 8.2 ശതമാനമായിരുന്ന വളര്‍ച്ച ജൂലൈ – സെപ്തംബര്‍ കാലത്ത് 7.1 ശതമാനമായി ഇടിഞ്ഞതായി മന്ത്രാലയം നവംബര്‍ അവസാനത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ ഈ മോശം സാമ്പത്തിക സ്ഥിതി കണ്ടറിഞ്ഞ് വിദേശനിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയുമാണ്. ഒക്‌ടോബര്‍ മാസത്തില്‍ മാത്രം 35,593 കോടി രൂപയാണ് രാജ്യത്തെ ആഭ്യന്തര മൂലധന വിപണിയില്‍ നിന്നും പിന്‍വലിഞ്ഞത്. ബേങ്കുകളുടെ കിട്ടാക്കടം പത്ത് ലക്ഷം കോടി രൂപക്കടുത്തെത്തിയിരിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ 6.24 ലക്ഷം കോടി രൂപയുടെ ധനക്കമ്മിയേ ഉണ്ടാകൂ എന്നാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യ ഏഴ് മാസം കൊണ്ടുതന്നെ ഇത് 6.48 ലക്ഷം കോടി കവിഞ്ഞു. യു പി എ സര്‍ക്കാറിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ച കുറച്ചു കാണിച്ച് വ്യാജകണക്ക് അവതരിപ്പിച്ചതു കൊണ്ട് സ്ഥിതി മെച്ചപ്പെടുകയില്ല. ഈ പ്രതിസന്ധിയില്‍ നിന്ന് സമ്പദ്ഘടനയെ കരകയറ്റാനാവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ജവമുള്ള സാമ്പത്തിക വിദഗ്ധനെ ആര്‍ ബി ഐയുടെ തലപ്പത്ത് നിയോഗിക്കുകയാണ് ആവശ്യം. പകരം ഏറാന്‍ മൂളികളെ നിയമിച്ച് റിസര്‍വ് ബേങ്കിന്റെ അധികാരങ്ങളില്‍ കടന്നു കയറാനുള്ള പദ്ധതിയാണ് സര്‍ക്കാറിനെങ്കില്‍ ആ ര്‍ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ മുന്നറിയിപ്പ് നല്‍കിയത് പോലെ അര്‍ജന്റീനയുടെ ഗതിയാവും ഇന്ത്യക്കും. 2010ല്‍ അര്‍ജന്റീനയുടെ കേന്ദ്ര ബേങ്കില്‍ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് രാജ്യം കടുത്ത സാമ്പത്തികത്തകര്‍ച്ചയിലായത്.