മോദി സര്‍ക്കാറിന് ആശ്വാസം ; റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

Posted on: December 14, 2018 11:11 am | Last updated: December 14, 2018 at 4:48 pm

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധ വിമാന ഇടപാട് സംബന്ധിച്ചു കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹരജികളും കോടതി തള്ളി. അഭിഭാഷകരായ എംഎല്‍ ശര്‍മ, വിനീത ഡാന്‍ഡെ, പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂറി, യശ്വന്ത് സിന്‍ഹ, ആംആദ്മി നേതാവ് സജ്ഞയ് സിംഗ് എന്നിവരാണ്  അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഇടപാടില്‍ സര്‍ക്കാറിന്റെ എല്ലാ നടപടികളും കോടതി ശരിവെച്ചു. വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.

മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പരാജയം ഏറ്റ് വാങ്ങിയ ബിജെപി സര്‍ക്കാറിന് ഏറെ ആശ്വാസകരമാണ് ഇപ്പോള്‍ വന്ന സുപ്രീം കോടതി വിധി.കോടതിക്കല്ല, വിദഗ്ധര്‍ക്കാണു കരാര്‍ പരിശോധിക്കാന്‍ സാധിക്കുകയെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെയും ഹര്‍ജികളുടെയും അടിസ്ഥാനത്തില്‍ തീരുമാനം പാടില്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. റഫാല്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങള്‍ സര്‍ക്കാര്‍ രഹസ്യരേഖയായാണു നല്‍കിയത്. 36 റഫാല്‍ വിമാനങ്ങള്‍ക്ക് ഏകദേശം 60,000 കോടി രൂപയാണു ചെലവിടുന്നത്. സര്‍ക്കാറെടുക്കുന്ന തന്ത്രപ്രധാന കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി