Connect with us

National

അഞ്ചിടത്തെ വോട്ട് വിഹിതം: ആയുധം നഷ്ടപ്പെട്ട് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതോടെ ബി ജെ പി ദേശീയ നേതൃത്വം കടുത്ത പ്രതിസന്ധിയില്‍. ബി ജെ പി ഉയര്‍ത്തിയ വര്‍ഗീയ രാഷ്ട്രീയം ഇനി വിലപ്പോകില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ബി ജെ പിയുടെ രാഷട്രീയ കോട്ടകളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും യു പി മുഖ്യമന്ത്രി യോഗിആദിത്യ നാഥും അടക്കമുള്ളവര്‍ കടുത്ത വര്‍ഗീയ പ്രയോഗങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉയര്‍ത്തിയിരുന്നത്. എന്നിട്ടും വോട്ട് ശതമാനത്തില്‍ ഇടിവ് സംഭവിച്ചത് ബി ജെ പി ദേശീയ നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുമെന്നുറപ്പാണ്.

രാജസ്ഥാനിലാണ് ബി ജെ പിക്ക് വലിയ രീതിയിലുള്ള ഇടിവ് സംഭവിച്ചത്. 2013ല്‍ 45.2 ശതമാനം വോട്ട് ലഭിച്ചിരുന്ന ബി ജെ പിക്ക് ഇവിടെ ഇക്കുറി 38.3 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന് 2013ലെ 33.1 ശതമാനത്തില്‍ നിന്നും 39.35 ശതമാനത്തിലേക്ക് ഉയരാനും സാധിച്ചു. ഛത്തീസ്ഗഢില്‍ 2013ല്‍ ബി ജെ പിക്ക് 41 ശതമാനം വോട്ട് ലഭിച്ചിരുന്നെങ്കില്‍ ഇക്കുറി 33 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്തിട്ടില്ല. കോണ്‍ഗ്രസിന് കേവലം മൂന്ന് ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ഉണ്ടായിരിക്കുന്നത്. 2013ല്‍ 40.3 ശതമാനം ആയിരുന്നെങ്കില്‍ ഇക്കുറി 43 ശതമാനമാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ ബി ജെ പിക്ക് ഈ പ്രാവശ്യം ലഭിച്ചത് 41 ശതമാനം വോട്ട് മാത്രമാണ്. 2013ല്‍ 44.9 ശതമാനമായിരുന്നു. കോണ്‍ഗ്രസിന് ഇവിടെ 2013ലെ 36.4 ശതമാനത്തില്‍ നിന്നും 40.9 ശതമാനമായി ഉയരുകയും ചെയ്തു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. പകരമുണ്ടായിരുന്നത് വര്‍ഗീയ പ്രചാരണങ്ങളായിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇത് വിജയിച്ചില്ലെന്നതും മധ്യപ്രദേശിലടക്കം കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചതും ബി ജെ പിയെ വെട്ടിലാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കടുത്ത വര്‍ഗീയ പ്രചാരണങ്ങളുമായി ഇറങ്ങുക മാത്രമാണ് ബി ജെ പിക്ക് മുന്നിലുള്ള ഏക വഴി. രാമക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതിയെ മറികടന്ന് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ബി ജെ പി നീങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Latest