വിദേശനിര്‍മിത വിദേശ മദ്യ വിതരണത്തില്‍ വന്‍ അഴിമതി: പ്രതിപക്ഷ നേതാവ്

Posted on: December 12, 2018 12:38 pm | Last updated: December 12, 2018 at 4:40 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിര്‍മിത വിദേശ മദ്യം വ്യാപകമാക്കാനുള്ള എക്‌സൈസ് വകുപ്പിന്റെ നടപടിയില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂച്ച പാല് കുടിക്കുന്നത് പോലെ സര്‍ക്കാര്‍ കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിയര്‍ , വൈന്‍ പാര്‍ലറുകള്‍ വഴി വിദേശനിര്‍മിത് വിദേശ മദ്യം ഒഴുക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇത് സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ ഉന്നയിച്ച ആരോപണം പൂര്‍ണമായും ശരിയാണെന്നും ചെന്നിത്തല പറഞ്ഞു.

പല്ലി വാല് മുറിച്ചിട്ട് രക്ഷപ്പെടുന്നതുപോലെയുള്ള പരിപാടിയാണ് എക്‌സൈസ് മന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. അഴിമതി സംബന്ധിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ മന്ത്രി അതെല്ലാം നിരാകരിക്കുകയും നിസാരവത്കരിക്കുകയുമാണ്. സര്‍ക്കാറിന്റെ അഴിമതിക്കെതിരായ പോരാട്ടം തുടരും. യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ തുടരുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നില്ല. ഇക്കാര്യത്തില്‍ സ്പീക്കര്‍ നിസ്സഹായനാണ. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം അംദീകരിക്കരുതെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാറിന്. അഞ്ച് സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദിക്കുണ്ടായ അനുഭവം പിണറായിക്കുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.