പശ്ചിമഘട്ടത്തിന് തലയുയര്‍ത്തി നില്‍ക്കണം

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള നിര്‍മാണ സാമഗ്രികള്‍ക്ക് ക്ഷാമമുണ്ടെന്നത് ശരി തന്നെ. പരിസ്ഥിതിലോല മേഖലയില്‍ ഇപ്പോള്‍ ലഭിച്ച ഇളവ് കൊണ്ട് അത്യാവശ്യകാര്യങ്ങളുടെ നിര്‍വഹണം നടത്തുന്നതിന് ആരും തടസ്സം പറയില്ല. പക്ഷേ, ഇളവുകളുടെ മറവില്‍ പശ്ചിമഘട്ടത്തിലെ സ്വകാര്യഭൂമിയില്‍ നിന്ന് ഇഷ്ടം പോലെ മണലും പാറയും ഖനനം ചെയ്യുകയും അടച്ചിട്ട ക്വാറികള്‍ നിയന്ത്രണമില്ലാതെ വീണ്ടും തുറക്കുകയും ചെയ്താല്‍ പ്രളയവും ഉരുള്‍പൊട്ടലും മലയിടിച്ചിലും ഇനി ആരു വിചാരിച്ചാലും തടുക്കാനാകില്ലെന്ന ഓര്‍മ കൂടി പൊതുസമൂഹത്തിന് ഉണ്ടാകണം. വികസനമെന്ന ലേബലില്‍ പ്രകൃതിയില്‍ നടക്കുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം വന്നേ തീരൂ. നിയമങ്ങള്‍ കുറേക്കൂടി കര്‍ശനവും പഴുതടച്ചുള്ളതുമാക്കണമെന്ന വാദം കണ്ണടച്ച് ഇനി തളളിക്കളയുകയും ചെയ്യരുത്.
Posted on: December 11, 2018 2:11 pm | Last updated: December 11, 2018 at 2:11 pm

പശ്ചിമഘട്ടത്തെ അടുത്തറിയാന്‍ ജപ്പാനില്‍ നിന്നു കുറേയെറെ ശാസ്ത്രജ്ഞമാര്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് ഇടുക്കിയുടെ മലനിരകളില്‍ എത്തിയിരുന്നു. മലനിരകളില്‍ വളരുന്ന കാട്ടുചെടികളെ കുറിച്ച് പഠനം നടത്തുന്നതിനാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം എത്തിയത്. ഇരവികുളം, വട്ടവട, ടോപ് സ്റ്റേഷന്‍, എല്ലപ്പെട്ടി, എന്നിവടങ്ങളിലും, സമീപ പ്രദേശങ്ങളിലെ ചോലവനങ്ങളും സന്ദര്‍ശിച്ച് കാട്ടുചെടികള്‍, പൂക്കള്‍ എന്നിവയെ കുറിച്ച് പഠനം നടത്തുകയും അവയുടെ ചിത്രങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തുകയും ചെയ്തു. മൂന്നാര്‍ മലനിരകളില്‍ മാത്രം 20 തരം നീലക്കുറിഞ്ഞികള്‍ കണ്ടെത്തിയതായി സംഘത്തലവന്‍ സറ്റോകോ മാറ്റ്‌സുമാട്ടോ പിന്നീട് പറഞ്ഞു. ഇടുക്കി ജലാശയത്തിന് സമീപത്ത് അപൂര്‍വമായ ഓട്ടേറെ ചെടികള്‍ വളരുന്നതായും സംഘം പറഞ്ഞു. ഇടുക്കിയുടെ മണ്ണില്‍ ഔഷധ ഗുണമുള്ള നിരവധി ആയുര്‍വേദ ചെടികള്‍ കണ്ടെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരം ചെടികളില്‍ നിന്നും മനുഷ്യന് ആവശ്യമായ മരുന്നുകളും മറ്റും കണ്ടെത്തുന്നതിനും സംഘം ശ്രമിച്ചതായും വാര്‍ത്തകളുണ്ടായി. ഒരു വലിയ കോട്ട പോലെ കേരളത്തെ കാത്തു സൂക്ഷിക്കുന്ന പശ്ചിമ ഘട്ടത്തിന്റെ പ്രസക്തി കടലേഴും കടന്ന് എത്രയോ അകലെപ്പോലും എത്തണമെങ്കില്‍ എന്തായിരിക്കും പശ്ചമിമഘട്ടത്തിന്റെ പ്രത്യേകതയെന്ന് അധികമൊന്നും ചിന്തിക്കാതെ നമ്മുക്ക് പറയാന്‍ കഴിയും.
കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് പശ്ചിമഘട്ടം. ലോകത്തിലെ 35 സുപ്രധാന ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് എന്ന പ്രത്യേകത പശ്ചിമഘട്ടത്തിനുണ്ട്. ഏകദേശം 25 കോടി ജനതയുടെ ജീവിതവും ആവാസകേന്ദ്രവും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്നു. നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമായ പശ്ചിമഘട്ടം ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥലം കൂടിയാണ്. അനേകം ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും നിറഞ്ഞ ജൈവസംരക്ഷണ മേഖലയും കൂടിയാണിത്. പാലക്കാടന്‍ ചുരവും സഹ്യനെ ആനമല, നീലഗിരി എന്നീ വനമേഖലകളാക്കി വിഭജിക്കുന്നു. ആറു തരത്തിലുള്ള വനങ്ങള്‍ പശ്ചിമഘട്ടത്തിന്റെ സവിശേഷതയാണ്. അപൂര്‍വയിനങ്ങളായ അനേകം ജീവികള്‍ ഇപ്പോഴും ഇവിടെ കാണപ്പെടുന്നത്തിനാല്‍ റെഡ് ഡാറ്റാ ബുക്കിലെ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളില്‍ ആയുള്ള 25 കോടിയിലധികം ജനങ്ങള്‍ പ്രധാനമായും കുടിക്കാനും കൃഷി ചെയ്യാനുമുള്ള ജലത്തിന് ആശ്രയിക്കുന്നത് പശ്ചിമഘട്ടത്തെയാണെന്നറിയുമ്പോള്‍ അതീവ ജാഗ്രതയോടെ സംരക്ഷിക്കപ്പെടേണ്ട ഒരു പാരിസ്ഥിതിക പ്രദേശമാണു പശ്ചിമ ഘട്ട വനവും മലനിരകളും എന്നു പറയേണ്ട ആവശ്യമുണ്ടാകില്ല.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയുള്ള ഉത്തരവ് വീണ്ടും വന്നതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടം വീണ്ടും വലിയ ചര്‍ച്ചയാകുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, നിയന്ത്രണം സംബന്ധിച്ച് തീരുമാനിക്കാന്‍ 2013 നവംബറിലാണ് കരടു വിജ്ഞാപനമിറക്കിയത്. പരിസ്ഥിതിലോല പ്രദേശങ്ങളായ 123 വില്ലേജുകളില്‍ ഖനനത്തിനും കെട്ടിട നിര്‍മാണങ്ങള്‍ക്കുമടക്കം ഹരിത ട്രിബ്യൂണല്‍ ഇതേത്തുടര്‍ന്ന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. ഖനനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് നിര്‍മാണ പ്രവര്‍ത്തനങ്ങളെയടക്കം ബാധിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കേന്ദ്രം ഇളവനുവദിച്ചിട്ടുള്ളത്. വനത്തില്‍ മാത്രം ഇ എസ് എ നിജപ്പെടുത്തി കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. വനമേഖല മാത്രം ഉള്‍ക്കൊള്ളുന്ന 8656.3 ചതുരശ്ര കിലോ മീറ്റര്‍ മാത്രം ഇ എസ് എ പ്രദേശമായി വേര്‍തിരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. 2013 നവംബര്‍ 13ലെ ഉത്തരവനുസരിച്ചുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രളയാനന്തര പുനര്‍ നിര്‍മാണത്തില്‍ കേരളം നേരിടുന്ന പ്രതിസന്ധിയടക്കം ജനപ്രതിനിധികള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിരുന്നു. നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം മൂലം റോഡുകള്‍ പോലും ഗതാഗത യോഗ്യമാക്കാന്‍ കഴിയാത്ത അത്യന്തം ഗൗരവതരമായ സാഹചര്യമാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്നായിരുന്നു ബന്ധപ്പെട്ടവര്‍ കേന്ദ്രത്തെ അറിയിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രം ഇപ്പോള്‍ ഇളവനുവദിച്ചത്.
നേരത്തെയുണ്ടായിരുന്ന പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി 59,940 ചതുരശ്ര കിലോ മീറ്ററില്‍ നിന്ന് 56,825 ചതുരശ്ര കിലോമീറ്ററാക്കിയാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ ഉത്തരവില്‍ പശ്ചിമഘട്ടത്തില്‍ നിന്ന് വനേതര മേഖലകള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രം തള്ളുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013 നവംബര്‍ 13 ലെ നിരോധന ഉത്തരവില്‍ 5-ാം ഖണ്ഡികയില്‍ ഇ എസ് എ വിസ്തൃതി പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിലും കൂടി 59,904 ചതുരശ്ര കിലോ മീറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഇത് 56,825 ചതുരശ്ര കിലോ മീറ്റര്‍ ആയി കുറച്ചതോടെ കേരളത്തിലെ ജനവാസകേന്ദ്രങ്ങളും, കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂര്‍ണമായും ഇ എസ് എ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ ഭേദഗതി ചെയ്ത് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കേരളത്തിലെ ഇ എസ് എ വിസ്തൃതി 9,993 ചതുരശ്ര കിലോ മീറ്റര്‍ മാത്രമാണ്.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള നിര്‍മാണ സാമഗ്രികള്‍ക്ക് ക്ഷാമമുണ്ടെന്നത് ശരി തന്നെ. പരിസ്ഥിതിലോല മേഖലയില്‍ ഇപ്പോള്‍ ലഭിച്ച ഇളവ് കൊണ്ട് അത്യാവശ്യകാര്യങ്ങളുടെ നിര്‍വഹണം നടത്തുന്നതിന് ആരും തടസ്സം പറയില്ല. പക്ഷേ, ഇളവുകളുടെ മറവില്‍ പശ്ചിമഘട്ടത്തിലെ സ്വകാര്യഭൂമിയില്‍ ഇഷ്ടം പോലെ മണലും പാറയും ഖനനം ചെയ്യുകയും അടച്ചിട്ട ക്വാറികള്‍ നിയന്ത്രണമില്ലാതെ വീണ്ടും തുറക്കുകയും ചെയ്താല്‍ പ്രളയവും ഉരുള്‍പൊട്ടലും മലയിടിച്ചിലും ഇനി ആരു വിചാരിച്ചാലും തടുക്കാനാകില്ലെന്ന ഓര്‍മ കൂടി പൊതുസമൂഹത്തിന് ഉണ്ടാകണം.
നിയന്ത്രണമില്ലാത്ത ഖനനമാണ് പശ്ചിമഘട്ടത്തിന് എക്കാലവും മരണമണി മുഴക്കിയതെന്ന് ചൂണ്ടിക്കാട്ടിയ യഥാര്‍ഥ പരിസ്ഥിതി വാദികളുടെ വാക്കുകളെ ഇനിയെങ്കിലും ഗൗരവായി കാണണം. വികസനമെന്ന ലേബലില്‍ പ്രകൃതിയില്‍ നടക്കുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം വന്നേ തീരൂവെന്നും നിയമങ്ങള്‍ കുറേക്കൂടി കര്‍ശനവും പഴുതടച്ചുള്ളതുമാക്കണവുമെന്ന ഇവരുടെവാദം കണ്ണടച്ച് ഇനി തളളിക്കളയുകയും ചെയ്യരുത്. പശ്ചിമഘട്ടത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ നടന്നുവരുന്ന വികസന ഭരണ രീതികളില്‍ അപാകതകള്‍ ഏറെയുണ്ട്. പ്രദേശത്തിന്റെ ആവാസവ്യവസ്ഥാ പ്രത്യേകതകള്‍, ഭൂപ്രകൃതി, ജലസ്രോതസ്സുകള്‍, ചതുപ്പുകള്‍, സൂക്ഷ്മ കാലാവസ്ഥ ജൈവവൈവിധ്യം, കാടിന്റെ വ്യത്യസ്തത തുടങ്ങിയവയൊന്നും കണക്കിലെടുത്തല്ല പലയിടത്തെ വികസനപ്രവര്‍ത്തനങ്ങളും നടത്തുന്നത്. കേരള പശ്ചിമഘട്ടത്തില്‍ വര്‍ധിച്ചുവരുന്ന പാറമടകളും, ഇവിടങ്ങളിലേക്ക് പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു കയറുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസും ടൂറിസവുമെല്ലാം പശ്ചിമമലനിരകളെ വല്ലാതെ ശോഷിപ്പിക്കുന്നുണ്ട്. ഇവയെക്കുറിച്ചെല്ലാം ഇനിയെങ്കിലും ഗൗരവപരമായ ഇടപെടലുകള്‍ക്ക് പൊതു സമൂഹം തയ്യാറാകേണ്ടതുണ്ട്.
മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നുള്ള പഴയ ഒരു കണക്കു പ്രകാരം നേരത്തെ കേരളത്തില്‍ അയ്യായിരത്തോളം പാറ, ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അനൗദ്യോഗികമായി കണക്കാക്കിയാല്‍ ഇതിലും എത്രയോധികമാണ് ക്വാറികളുടെ എണ്ണം. 1967 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. എന്നാല്‍ നിബന്ധനകള്‍ പാലിക്കാതെയുള്ള ഖനനമാണ് പലയിടത്തും നടക്കുന്നത്. ഇതു മൂലം പരിസ്ഥിതിക്കുണ്ടാകുന്ന നാശനഷ്ടം, ക്വാറികളിലെ പൊടിമൂലം സസ്യങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഉണ്ടാകുന്ന നാശം, ജലസ്രോതസ്സിനുണ്ടാകുന്ന നാശം തുടങ്ങിയവയൊന്നും ആരും അന്നും ഇന്നും കണക്കിലെടുക്കാറില്ല. ഇനിയിതെല്ലാം ഗൗരവമായിത്തന്നെ കണ്ടേ തീരൂ. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ക്വാറികള്‍ക്ക് കേരളത്തില്‍ അനുമതി നല്‍കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ഇതിനകം അറിയിച്ചിട്ടുണ്ട്. ഖനനവും ക്വാറികളുടെ പ്രവര്‍ത്തനവും പ്രളയത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്. ഖനനത്തിനുള്ള അപേക്ഷകളൊന്നും തന്നെ ഇപ്പോള്‍ സ്വീകരിക്കേണ്ടെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. വലിയ ദുരന്തമുണ്ടായതിനാല്‍ പുതിയ ക്വാറികള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാറും നിലപാടെടുത്തിരുന്നു. അതീവ ലോല പ്രദേശങ്ങളില്‍ നിര്‍മാണം, ക്വാറികള്‍, ഖനനം എന്നിവ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും തടയാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
പരിസ്ഥിതിയുടെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പുതിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ എന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇത് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കാന്‍ കഴിഞ്ഞാല്‍ തന്നെ പശ്ചിമഘട്ടത്തിന് വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെടാനാകും. പശ്ചിമഘട്ടത്തിന്റെ ജൈവമേഖലക്കും ആവാസ വ്യവസ്ഥക്കും കനത്ത തിരിച്ചടി നല്‍കിയാണ് പ്രളയകാലം കടന്നുപോയതെന്നത് ആരും മറന്നിട്ടുണ്ടാകില്ല. നമ്മുടെ നിലനില്‍പ്പിനാവശ്യമായ ജലവും മഴയും പ്രകൃതിവിഭവങ്ങളും എന്തിന്, ശുദ്ധവായു വരെ പ്രദാനം ചെയ്യുന്ന ഈ വിശാല മലനിരകള്‍ പ്രളയകാലത്തിനുശേഷം ഏറെ ഭീഷണി നേരിടുകയാണ്. ഒന്നും രണ്ടുമല്ല കേരളത്തിലെ പശ്ചിമ ഘട്ട മേഖലകളിലെ മലനിരകളില്‍ 200 ഓളം ഉരുള്‍പൊട്ടലുകളാണ് ഇക്കുറിയുണ്ടായത്. മണ്ണിടിച്ചില്‍ വേറെ. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇതിന്റെ തിക്തത അനുഭവിക്കേണ്ടിവന്നത്. മലയോര മേഖലകളിലെ ഉരുള്‍പൊട്ടലില്‍ മാത്രം നൂറ്റിയൊന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പരിസ്ഥിതി സംരക്ഷണ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തുമ്പോള്‍ അതിന് കൊടുക്കേണ്ടിവരുന്ന വില വലുതാണെന്ന് ഇത്തരം സംഭവങ്ങള്‍ മാത്രം എടുത്തു നോക്കിയാല്‍ വ്യക്തമാകും.
നൂറ്റാണ്ടിലെ വലിയ പ്രളയം മനുഷ്യനിര്‍മ്മിതിയാണെന്ന വാദത്തിന് ആക്കം കൂട്ടുന്നതാണ് പശ്ചിമഘട്ട മലനിരകളിലെ പ്രകൃതിക്ഷോഭത്തിന്റെ കാരണങ്ങളായി വിലയിരുത്തുന്ന ഘടകങ്ങള്‍. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പെരുകുന്ന നിര്‍മാണ പ്രവൃത്തികള്‍, ഉയരുന്ന ക്വാറികള്‍ ഇവയൊക്കെ ദുരന്തത്തിന്റെ കാരണങ്ങളായി വിലയിരുത്തുന്നുണ്ട്. പരിസ്ഥിതി മേഖലകളിലെ ഇടപെടലുകളില്‍ നിയന്ത്രണമില്ലെങ്കില്‍ ഇനിയും സമാന പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ വലിയിരുത്തുന്നതില്‍ പോലും പക്ഷപാതം കാണിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.