Connect with us

Editorial

പാഴ്‌വേലയാകുന്ന സഭാ സമ്മേളനങ്ങള്‍

Published

|

Last Updated

എന്തിനാണ് ലക്ഷങ്ങള്‍ മുടക്കി നിയമസഭാ സമ്മേളനങ്ങള്‍ ചേരുന്നത്? നവംബര്‍ 27ന് ആരംഭിച്ച നിയമസഭാ സമ്മേളനം എല്ലാ ദിവസവും ശബരിമല പ്രശ്‌നത്തെ ചൊല്ലി അലങ്കോലപ്പെട്ടു മിനുട്ടുകള്‍ക്കകം പിരിയുകയായിരുന്നു. സഭ തുടങ്ങിയ ഉടനെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കുന്നതിനാല്‍ എല്ലാ ദിവസവും ചോദ്യോത്തര വേളയും ശ്രദ്ധക്ഷണിക്കലും റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തു. മറ്റു പ്രധാന അജന്‍ഡകളിലേക്ക് കടന്നതുമില്ല. ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാനാണ് പ്രധാനമായും സഭ വിളിച്ചു ചേര്‍ത്തത്. ഈ സമ്മേളനത്തില്‍ അതു നടക്കുമോ എന്നത് സംശയമാണ്.

ശബരിമലയില്‍ നടപ്പാക്കിയ നിരോധനാജ്ഞ ഭക്തരുടെ ദര്‍ശനത്തിന് പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ പിന്‍വലിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം. എന്നാല്‍ പോലീസ് നിയന്ത്രണങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിനല്ലാതെ ഭക്തര്‍ക്ക് ഒരു പരാതിയുമില്ല. പോലീസ് നടപടികള്‍ ഭക്തരെ തീരെ ബാധിക്കുന്നില്ലെന്നാണ് സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട ജനത്തിരക്ക് വ്യക്തമാക്കുന്നത്. തുലാമാസ പൂജക്ക് നടതുറന്ന ആദ്യദിനങ്ങളില്‍ സംഘ്പരിവാര്‍ സൃഷ്ടിച്ച ആസൂത്രിത കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് പടിപടിയായി ഒഴിവാക്കുന്നുമുണ്ട്. സോപാനത്ത് ദര്‍ശനത്തിനു ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും അഷ്ടാഭിഷേക വഴിപാടിന്റെ നിയന്ത്രണവും പമ്പാ ഗണപതികോവിലിലും പരിസരത്തും സജ്ജീകരിച്ചിരുന്ന പ്രത്യേക സുരക്ഷയുമെല്ലാം ഇതിനകം ഒഴിവാക്കിയിട്ടുണ്ട്.
പമ്പയിലും സന്നിധാനത്തും ചില്ലറ അസൗകര്യങ്ങളൊക്കെയുണ്ടെങ്കിലും അയ്യപ്പ ഭക്തര്‍ പൊതുവെ സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണം കൊണ്ട് ഭക്തര്‍ക്ക് ഒരു പ്രയാസവുമില്ലെന്ന് ഹൈക്കോടതിയും വിലയിരുത്തി. ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് കോടതി നിയോഗിച്ച നിരീക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു. പ്രതിപക്ഷവും ചില സര്‍ക്കാര്‍വിരുദ്ധ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതു പോലെയുള്ള പ്രശ്‌നങ്ങളൊന്നും സന്നിധാനത്തില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമിനികിന്റെയും വിലയിരുത്തല്‍. തങ്ങള്‍ കണ്ട ഭക്തരെല്ലാം സംതൃപ്തരാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന പരാതിയെ തുടര്‍ന്ന് സന്നിധാനം സന്ദര്‍ശിച്ച് ഭക്തരെ നേരിട്ടു കണ്ട് വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് കമ്മീഷന്‍ പ്രസ്താവന നടത്തിയത്.

ബി ജെ പിക്ക് ശബരിമലയില്‍ വ്യക്തമായ രാഷ്ട്രീയ, വര്‍ഗീയ അജന്‍ഡയുണ്ട്. എന്നാല്‍ സുപ്രീംകോടതി വിധി വന്ന ഉടനെ സന്നിധാനത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് പ്രസ്താവനയിറക്കിയ പ്രതിപക്ഷ നേതാവ് പെട്ടെന്ന് നിലപാടു മാറ്റിയതിനു പിന്നില്‍ സര്‍ക്കാറിനെ പ്രയാസത്തിലാക്കുക എന്നതിലപ്പുറം പ്രത്യേക ലക്ഷ്യമൊന്നുമില്ല. മാത്രമല്ല, നിരോധനാജ്ഞ നീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ സത്യഗ്രഹ സമരം നടത്തുന്ന എം എല്‍ എമാരും യു ഡി എഫ് നേതൃത്വവും സര്‍ക്കാര്‍ നടപടികളെ കോടതി പിന്തുണച്ചതോടെ വെട്ടിലായിരിക്കുകയുമാണ്. ശബരിമലയില്‍ പോലീസ് രാജാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അപ്പാടെ തള്ളിയ കോടതി, നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതു കൊണ്ട് ഭക്തര്‍ക്ക് അവിടെ എന്ത് പ്രയാസമാണുള്ളതെന്ന ചോദ്യത്തിന് എതിര്‍ വിഭാഗത്തിന് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. നിരാഹാര സമരം തുടങ്ങി കുടുങ്ങിയ മട്ടിലാണ് പ്രതിപക്ഷം ഇപ്പോള്‍. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബഹളം വെച്ച പ്രതിപക്ഷം അവസാന ദിവസങ്ങളില്‍ നിരാഹാരസമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യത്തിലേക്ക് മാറേണ്ടി വന്നത് അവര്‍ എത്തിപ്പെട്ട ഗതികേടിലേക്ക് വിരല്‍ ചൂണ്ടുന്നു.

വിലപ്പെട്ടതാണ് നിയമ സഭയുടെ സമയം. നാടിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും നിയമനിര്‍മാണത്തിനും വിനിയോഗിക്കാനുള്ളതാണ് പാര്‍ലിമെന്റിന്റെയും നിയമസഭകളുടെയും സമയം. കേരളത്തില്‍ ഇപ്പോള്‍ പ്രളയാനന്തര പുനരുദ്ധാരണം നടപ്പാക്കുന്ന സമയമായതിനാല്‍ അക്കാര്യങ്ങളെക്കുറിച്ച് ധാരാളം ചര്‍ച്ച ചെയ്യാനുണ്ട്. ഈ ഘട്ടത്തില്‍ സഭയുടെ സമയം രാഷ്ട്രീയ പകപോക്കലിനും സര്‍ക്കാറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുമായി ദുരുപയോഗപ്പെടുത്തുന്നത് നാടിനോടും ജനങ്ങളോടും ചെയ്യുന്ന കടുത്ത ദ്രോഹമാണ്. സഭയില്‍ കയറി ഹാജര്‍ പട്ടികയില്‍ ഒപ്പിട്ട് അന്നത്തെ വേതനവും മറ്റു ആനുകൂല്യങ്ങളും ഉറപ്പാക്കിയ ശേഷമാണ് അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു സ്തംഭിപ്പിക്കുന്നത്. അവര്‍ക്കൊന്നും നഷ്ടപ്പെടാനില്ല. എല്ലാം സഹിക്കേണ്ടത് ജനങ്ങളാണല്ലോ.
2006-11 കാലത്ത് പന്ത്രണ്ടാം നിയമസഭയുടെ കാലത്ത് നിയമസഭയുടെ സുഗമമായ നടത്തിപ്പിന്, പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി സമഗ്രമായ ഒരു പെരുമാറ്റച്ചട്ടം തയ്യാറാക്കി അവതരിപ്പിച്ചിരുന്നു. അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കരുത്, സഭക്കുള്ളില്‍ മുദ്രാവാക്യം വിളിക്കരുത്, അംഗങ്ങള്‍ തമ്മില്‍ പാര്‍ലിമെന്ററി അല്ലാത്ത പദപ്രയോഗങ്ങള്‍ പാടില്ല, സ്പീക്കറുടെ ഡയസിനു നേരേ കുതിക്കുകയോ ഡയസില്‍ കയറാന്‍ ശ്രമിക്കുകയോ ചെയ്യരുത്, സഭക്കുള്ളില്‍ ബാനറുകളോ പ്ലക്കാര്‍ഡുകളോ കൊണ്ടുവരരുത് എന്നിവയായിരുന്നു മുഖ്യനിര്‍ദേശങ്ങള്‍. എന്നാല്‍ പ്രസ്തുത പെരുമാറ്റച്ചട്ടം ഇന്നു വരെ നടപ്പാക്കിയിട്ടില്ല. പിന്നീട് സഭ പലപ്പോഴും അലങ്കോലപ്പെടുകയും അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി വരെ നടന്നിട്ടും ആരും പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ഓര്‍ത്തതുമില്ല. ഇനിയും വൈകാതെ അതു നടപ്പാക്കുകയോ അംഗങ്ങള്‍ സ്വയം സംയമനവും നിയന്ത്രണവും പാലിക്കാന്‍ സന്നദ്ധമാകുകയോ ചെയ്യുന്നില്ലെങ്കില്‍ പാഴ്‌വേലയായിത്തീരും നിയമസഭാ സമ്മേളനങ്ങള്‍.

Latest