Connect with us

Ongoing News

കലവറയില്‍ രുചിക്കാം; വയനാടന്‍ ചായ

Published

|

Last Updated

ആലപ്പുഴ: ഇത്തവണ വയനാടന്‍ ചായ രുചിക്കാം കലോത്സവ നഗരിയിലെ കലവറയില്‍. കലോത്സവത്തിന് ചായപ്പൊടി കൊണ്ടുവന്നത് വയനാട്ടില്‍ നിന്ന്. വെളിച്ചെണ്ണയും നാളികേരവും കൊല്ലക്കാരുടേത്, കോട്ടയത്തു നിന്ന് പഞ്ചസാരയും ശര്‍ക്കരയും ഇങ്ങനെ ഓരോ ജില്ലയിലേയും നാടന്‍ വിഭവങ്ങളുടെ ഒഴുക്കാണ് അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കലവറയിലേക്ക്.

എറണാകുളത്ത് നിന്നുള്ള ചേനയും പത്തനംതിട്ടയില്‍ നിന്നുള്ള പച്ചക്കായയും കലോത്സവ കലവറക്ക് മാറ്റേകുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെയെത്തിയ ഭക്ഷണ വിഭവങ്ങള്‍ ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ചിത്തരജ്ഞന്‍ ഏറ്റുവാങ്ങി. അതത് ജില്ലകളില്‍ നിന്നുമുള്ള കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലവറയിലേക്കാവശ്യമുള്ള വസ്തുക്കള്‍ എത്തിച്ചത്. പത്തനംതിട്ട ജില്ല കമ്മിറ്റിയാണ് ആദ്യമെത്തി വിഭവങ്ങള്‍ കൈമാറിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങളെല്ലാം പ്രധാന ഭക്ഷണ വിതരണ കേന്ദ്രമായ ഇ.എം.എസ്. സ്റ്റേഡിയത്തിലെ കലവറയില്‍ എത്തിക്കഴിഞ്ഞു.

പതിവു പോലെ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണയും ഭക്ഷണമൊരുക്കുന്നത്. കലോത്സവ ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒമ്പതു വരെ പ്രഭാത ഭക്ഷണം, 11 മുതല്‍ 2.30വരെ ഉച്ചഭക്ഷണം, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ ചായ, രാത്രി ഏഴ് മുതല്‍ ഒമ്പതു വരെ അത്താഴം എന്നിങ്ങനെയാണ് ഭക്ഷണ സമയം ക്രമീകരിച്ചിരിക്കുന്നത്. മൂന്നു ദിവസവും അഞ്ച് വീതം കറികളടങ്ങിയ ഉച്ചയൂണാണ് ഒരുക്കുന്നത്.പായസവുമുണ്ടാകും. രണ്ടു തരം ഒഴിച്ചു കറികള്‍, അവിയല്‍, തോരന്‍, അച്ചാര്‍, കൂട്ടുകറി എന്നിവയടങ്ങുന്നതാണ് മെനു. പ്രഭാത ഭക്ഷണമായി ഇഡ്ലി, ഉപ്പുമാവ്, പുട്ട് എന്നിവയാണ് ഒരുക്കുക. വൈകിട്ട് ചായയും ചെറുകടിയും ഒരുക്കിയിട്ടുണ്ട്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പതിനായിരത്തോളം സ്റ്റീല്‍ ഗ്ലാസുകള്‍, പാത്രങ്ങള്‍, 120 പാചക വാതക സിലിണ്ടറുകള്‍ എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കൊഴിവാക്കി ഹരിത ചട്ടപ്രകാരമാണ് കലവറയുടെ പ്രവര്‍ത്തനങ്ങള്‍. ഹരിതചട്ടം ഉറപ്പാക്കാനായി എന്‍.എസ്.എസ്., ഹരിതകര്‍മ്മ സേന, ശുചീകരണ ഉദ്യോഗസ്ഥര്‍ എന്നിവരെ വിന്യസിക്കും. അജൈവ, ജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരംതിരിച്ച് ശേഖരിക്കാനായി പ്രത്യേക സംഭരണികളും സ്ഥാപിക്കും.

Latest