Connect with us

Articles

ബി ജെ പി മലയിറങ്ങുമ്പോള്‍

Published

|

Last Updated

ഒടുവില്‍ ബി ജെ പി മലയിറങ്ങുകയാണ്. ഇനി സെക്രട്ടേറിയറ്റിന് മുന്നിലാണത്രേ സമരം. നല്ലത്. ശബരിമല രക്ഷപ്പെട്ടല്ലോ. മലയിലെ പ്രതിഷേധനാടകങ്ങള്‍ ഉദ്ദേശിച്ച ഫലം ചെയ്തിട്ടില്ലെന്ന വിലയിരുത്തലാണ് ബി ജെ പിക്കകത്തെ ഭൂരിഭാഗത്തിനുമുള്ളത്. യുവതീ പ്രവേശം തടയുകയെന്ന ലക്ഷ്യത്തെ പിന്തുണച്ചവര്‍ പോലും അതിനായി സ്വീകരിച്ച മാര്‍ഗത്തില്‍ അതൃപ്തരാണ്. അത് അയ്യപ്പസന്നിധിയെ സംഘര്‍ഷഭൂമിയാക്കി മാറ്റാനും പോലീസ് വലയത്തില്‍ അകപ്പെടുത്താനും മാത്രമേ ഉപകരിച്ചുള്ളൂ എന്ന പൊതു വികാരമാണ് ശക്തമായി നില്‍ക്കുന്നത്. യുവതികളുടെ വരവ് അവര്‍ വീട്ടില്‍ നിന്നിറങ്ങും മുമ്പേ തടയാന്‍ തയ്യാറായി നില്‍ക്കുന്ന, എന്തിനും പോന്ന കേഡര്‍മാരും യുവതികള്‍ മല ചവിട്ടാന്‍ ചിന്തിക്കുന്നതിന് മുമ്പേ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ കെല്‍പ്പുള്ള മാധ്യമ ഡിറ്റക്ടീവുകളും ഉള്ളപ്പോള്‍ എന്തിനാണ് സന്നിധാനത്തും അവിടേക്കുള്ള വഴികളിലും കുഴപ്പുമുണ്ടാക്കുന്നത്? ഇങ്ങനെയാണോ ഒരു സമരം നയിക്കേണ്ടത്? എത്രയെത്ര ആചാര ലംഘനങ്ങളാണ് ഈ സമര കോലാഹലങ്ങള്‍ക്കിടയില്‍ സംഭവിച്ചത്? പേരിന് വിമര്‍ശിച്ചെങ്കിലും ശബരിമലയിലെ പോലീസ് സാന്നിധ്യത്തെ ഓരോ തവണയും അംഗീകരിക്കുകയല്ലേ കോടതി ചെയ്തത്? യഥാര്‍ഥ ഭക്തര്‍ എന്ന ഒരു പ്രയോഗം തന്നെ രൂപപ്പെട്ടതിന്റെ അര്‍ഥമെന്താണ്? ഇത്തരം നിരവധിയായ ചോദ്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുമ്പോഴാണ് ബി ജെ പി സമരമുഖം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നത്. നിയമസഭയുടെ സേഫ് സോണില്‍ “അവിശ്വാസികള്‍”ക്കെതിരായ സമരം ശക്തമാക്കി ക്രഡിറ്റ് മുഴുവന്‍ കോണ്‍ഗ്രസ് കൊണ്ടുപോകുമോയെന്ന ഭയം ബി ജെ പിയെ പിടികൂടിയിട്ടുണ്ട്. അതുകൊണ്ട് ഒരു വഴിയേ ഉള്ളൂ. മലയിറങ്ങുക.

ശബരമലയെന്ന ഗോള്‍ഡന്‍ ഓപര്‍ച്യൂണിറ്റി മുതലാക്കാന്‍ ആര്‍ എസ് എസ് തയ്യാറാക്കിയ പദ്ധതി ഇതൊന്നുമായിരുന്നില്ല. കേരളം മുഴുവന്‍ പടരുന്ന കലാപം. സംസ്ഥാനത്തിന് പുറത്ത് നിന്ന് ആളും അര്‍ഥവും ഒഴുകുന്ന കലാപം. ഒടുവില്‍ സമ്പൂര്‍ണമായ വര്‍ഗീയ വിഭജനം. തത്കാലം ഇത്തരം അത്യാഹിതമൊന്നും ഉണ്ടായില്ല. കേരളം ഇപ്പോഴും സംഘ്പരിവാറിന് മുന്നില്‍ സാഷ്ടാംഗത്തിന് മടിച്ചു നില്‍ക്കുന്നു. ചിന്താശേഷി മുഴുവന്‍ അടഞ്ഞുപോയ വിശ്വാസികളുടെ എണ്ണം ഇപ്പോഴും ന്യൂനപക്ഷം തന്നെയാണ്. ചിന്തിക്കുന്ന വിശ്വാസികള്‍ക്കാണ് ഭൂരിപക്ഷം. നവോത്ഥാനം ഉഴുതുമറിച്ച മണ്ണായത് കൊണ്ടാണ് കേരളം സംഘ്പരിവാറിന് കീഴൊതുങ്ങാത്തതെന്ന വാദം ഒരു പരിധി വരെ ശരിയാണ്. ആര്‍ക്കും അത്ര എളുപ്പത്തില്‍ തകര്‍ക്കാനാകാത്ത വിധം സങ്കലിതവും മതേതരവുമായ മൂല്യങ്ങള്‍ കേരളത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ജാതിവിരുദ്ധ സമരങ്ങളുടെ ഭാഗമായാണ് ഇവിടെയുള്ള ഹിന്ദു സമൂഹത്തില്‍ നവോത്ഥാനം സാധ്യമായത്. ആ ജാതി വിരുദ്ധ സമരങ്ങള്‍ക്ക് പലതിനും നേതൃത്വം നല്‍കിയിരുന്നത് സവര്‍ണ വിഭാഗങ്ങളിലെ മനുഷ്യരായിരുന്നു. ഈ സമരങ്ങള്‍ മാനവികമായ മഹത്തായ അവബോധം കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ വേരുകള്‍ അത്ര പെട്ടെന്ന് അറുത്തു മാറ്റാനാകില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും അടിത്തറ ഈ ചരിത്രമാണ്. ഇവിടുത്തെ വലതു പക്ഷം പോലും അല്‍പ്പം ഇടത്തോട്ട് ചാഞ്ഞത് അതുകൊണ്ടാണ്. ഇവിടെയുള്ള എല്ലാ സമൂഹിക വിഭാഗങ്ങളിലും ഈ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ ഉണ്ട്. ദേശീയ തലത്തില്‍ അരങ്ങേറുന്ന അസഹിഷ്ണുതാ പ്രകടനങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായ പ്രതികരണം ഉയര്‍ന്നത് കേരളത്തില്‍ നിന്നാണല്ലോ. ഇവിടെയുള്ള ഇടത്തരക്കാര്‍ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളെയും സ്വാസ്ഥ്യത്തേയും എന്തിനും മീതെ കാണുന്നു. അതുകാണ്ട് തന്നെ കലാപത്തിനും സംഘര്‍ഷത്തിനും ഇറങ്ങിപ്പുറപ്പെടാന്‍ അവരെ കിട്ടില്ല. താഴേതട്ടിലുള്ളവരാകട്ടേ സാമാന്യത്തിലധികം വിദ്യാഭ്യാസം സിദ്ധിച്ചവരും നല്ല ചിന്താശേഷിയുള്ളവരുമാണ്. വൈകാരികമായി പ്രതികരിക്കാന്‍ അവരെയും കിട്ടില്ല. അവര്‍ക്ക് അവരുടേതായ തൊഴില്‍ മേഖലകളുണ്ട്. സ്വന്തമായ ആരാധനാ മൂര്‍ത്തികളും മിത്തുകളും പിന്തുടരുന്നു ഇവിടെയുള്ള ഹൈന്ദവ സമൂഹങ്ങള്‍. അവരുടെ സാമൂഹിക, സാമ്പത്തിക താത്പര്യങ്ങളും വിഭിന്നമാണ്. അതുകൊണ്ട് നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഏകീകരണം അസാധ്യമായ ഒരു സങ്കല്‍പ്പമാണ്. സി പി എം പോലെ ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരുകളുള്ള പാര്‍ട്ടിയുള്ളപ്പോള്‍ ആര്‍ എസ് എസിന്റെ ശിഥിലീകരണ തന്ത്രങ്ങള്‍ അത്ര എളുപ്പമാകില്ല. ആര്‍ എസ് എസിന്റെ മുഖ്യ ശത്രു ഇപ്പോഴും സി പി എമ്മാകുന്നതിന്റെ കാരണമതാണ്. ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ ന്യൂനപക്ഷ വര്‍ഗീയ, തീവ്രവാദ പ്രകടനങ്ങള്‍ ശക്തമാക്കുമെന്ന പ്രതിപ്രവര്‍ത്തനത്തിനും കേരളത്തിന്റെ മണ്ണില്‍ പരിമിതികള്‍ ഉണ്ട്. ഹിന്ദുത്വ ആക്രോശങ്ങളോട് മൃദുവായി പ്രതികരിച്ചപ്പോഴൊക്കെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ പണി കിട്ടിയിട്ടുണ്ട്. അതാണ് കേരളത്തിലെ രാഷ്ട്രീയം.

എന്നാല്‍ ശബരിമല വിഷയത്തില്‍ പ്ലാന്‍ എയും ബിയും കടന്ന് പ്ലാന്‍ സിയുമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബി ജെ പിക്ക് ചുരുങ്ങേണ്ടിവന്നതിന്റെ അടിസ്ഥാന കാരണം ഈ സമരത്തിന്റെ ജാതിയാണ്. യുവതീ പ്രവേശമടക്കമുള്ള ആചാരലംഘനങ്ങള്‍ രാഷ്ട്രീയ ആയുധമായി രൂപം മാറിയപ്പോള്‍ ഓരോ ജാതി വിഭാഗവും അവരവരുടെ കണ്ണിലൂടെ തന്നെയാണ് അതിനെ കണ്ടത്. സംഘ്പരിവാര്‍ നല്‍കിയ കാവിക്കണ്ണടയിലൂടെ ശബരിമലയിലേക്ക് നോക്കാന്‍ പലരും തയ്യാറായില്ല. നവോത്ഥാനത്തെ കുറിച്ചുള്ള സി പി എമ്മിന്റെ ശ്രദ്ധ ക്ഷണിക്കലിന്റെ ദൗത്യം യഥാര്‍ഥത്തില്‍ അതായിരുന്നു. ജാതിവിരുദ്ധ പോരാട്ടങ്ങളെ ഒര്‍മിപ്പിക്കുക വഴി ജാതിയെന്ന യഥാര്‍ഥ്യത്തെ ആധുനിക കാലത്തേക്ക് ആനയിക്കുകയാണ് പാര്‍ട്ടി ചെയ്തത്. ചെരിപ്പിടാനും മാറുമറക്കാനും വഴിനടക്കാനും തൊഴാനും പള്ളിക്കൂടത്തില്‍ പോകാനും മിണ്ടാനും നിവര്‍ന്ന് നില്‍ക്കാനും നടത്തിയ സമരങ്ങളെ പുനരാവിഷ്‌കരിച്ച് അന്നത്തെ സവര്‍ണ- അവര്‍ണ പിളര്‍പ്പ് കൃത്യമായി കൊണ്ടുവരാനായിരുന്നു സുനില്‍ പി ഇളയിടവും അസംഖ്യം നവോത്ഥാന പ്രഭാഷകരും ശ്രമിച്ചത്.

പ്രഭാഷണം കൊണ്ട് മാത്രം കാര്യം നടക്കില്ലല്ലോ. അതിന് സാമൂഹിക വൈകാരികത ഇളക്കിവിടണം. അതു ചെയ്തത് സണ്ണി എം കപ്പിക്കാടും പുലയമഹാസഭയുടെ പുന്നല ശ്രീകുമാറുമൊക്കെയാണ്. കൃത്യമായ ആശയപ്രചാരണത്തിന് അവര്‍ മുന്നിട്ടിറങ്ങി. ധീവര സഭ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് പരാതിപ്പെടുമ്പോഴും ബി ജെ പിക്കൊപ്പമില്ലെന്ന് തന്നെയാണ് വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡുകളെക്കുറിച്ച് അവര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ അത് പരിഹരിക്കാന്‍ അയ്യപ്പനെ കരുവാക്കുന്നതില്‍ എതിര്‍പ്പുമുണ്ട്. വെള്ളാപ്പള്ളി നടേശന്‍ ചരിത്രപരമായ തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുവെന്ന് പ്രത്യേകം കാണേണ്ടതാണ്. മകനെ എന്‍ ഡി എ ജാഥ നയിക്കാനയച്ചെങ്കിലും ഈഴവര്‍ ബി ജെ പിയുടെ സമരത്തിനൊപ്പമില്ലെന്ന കൃത്യമായ സന്ദേശം അദ്ദേഹം മുന്നോട്ട് വെച്ചു. അതോടെ വലിയൊരു ആള്‍ക്കൂട്ട ഹിസ്റ്റീരിയ സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചന നനഞ്ഞ പടക്കമായി മാറി. ശശികലയെ അറസ്റ്റ് ചെയ്യുമ്പോള്‍ നാട് കത്തിയെരിയുമെന്നല്ലേ ആരും കരുതുക. അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താലൊഴിച്ച് എന്തുണ്ടായി? ഹര്‍ത്താല്‍ നടത്താന്‍ ആര്‍ക്കാണ് സാധിക്കാത്തത്? സുരേന്ദ്രന് വേണ്ടി ഒന്നുമുണ്ടായതുമില്ല.

ദളിത് സമൂഹത്തിലെ ഇത്തിരി ചിന്താശേഷിയുള്ള ഒരാള്‍ക്കും പങ്കെടുക്കാനാകാത്ത വിധം ബ്രാഹ്മണ്യത്തിന്റെ ആഘോഷമാണ് ശബരിമലയിലും തെരുവിലും കണ്ടത്. ശൂദ്രരാണെന്ന് സ്വയമറിയാതെ നായര്‍ സര്‍വീസ് സൊസൈറ്റിയൊക്കെ അതില്‍ പങ്കു ചേരുന്നുവെന്ന് മാത്രം. കേരളത്തില്‍ നടന്ന ക്ഷേത്ര പ്രവേശന സമരങ്ങളുടെയെല്ലാം ഉള്ളടക്കം ബ്രാഹ്മണിക്കല്‍ വിരുദ്ധമായിരുന്നു. അന്ന് ആ സമരത്തെ പിന്തുണച്ച പാരമ്പര്യമാണ് നായര്‍ സംഘടനകള്‍ക്കുള്ളത്. “ഉശിരന്‍ നായര്‍ മണിയടിക്കും, ഇല നക്കി നായര്‍ പുറത്തടിക്കും” എന്ന് മുദ്യാവാക്യം മുഴക്കിയത് ഒരു നായരായിരുന്നു. അദ്ദേഹത്തിന്റെ പേര് പി കൃഷ്ണ പിള്ളയെന്നായിരുന്നു. ആദ്യം കോണ്‍ഗ്രസും പിന്നീട് കമ്യൂണിസ്റ്റുമായയാള്‍. 1931 ഡിസംബറില്‍ ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ഭാഗമായി ക്ഷേത്ര വളപ്പില്‍ കടന്നു കയറി മണിയടിച്ച കൃഷ്ണ പിള്ളയെ ബ്രാഹ്മണ മേലാളരുടെ ചട്ടമ്പികളായ നായന്‍മാര്‍ തല്ലിച്ചതച്ചപ്പോഴായിരുന്നു ഈ വാചകം പിറന്നത്. കേരളത്തിലെ ഹൈന്ദവ സമൂഹത്തില്‍ നവോത്ഥാനം സാധ്യമാക്കിയെന്ന് പറയുന്ന എല്ലാ സമരങ്ങളും ബ്രാഹ്മണ്യത്തിന് എതിരായിരുന്നു.

അതേ ബ്രാഹ്മണ്യം ഇന്ന് മറ്റൊരു നിലയില്‍ അധികാര സംസ്ഥാപനം നടത്തുന്നതാണ് ശബരി മലയില്‍ കാണുന്നത്. അവിടെ രക്തം ചിന്തിയും കാത്തു സൂക്ഷിക്കുമെന്ന് പറയുന്ന ആചരണം ശുദ്ധ ബ്രാഹ്മണ്യമാണ്. തന്ത്രിക്കും രാജ(?)കുടുംബത്തിനും അപ്രമാദിത്വം കല്‍പ്പിക്കുന്ന താന്ത്രിക വിധികളില്‍, താഴ്ന്നവരെന്ന് മുദ്ര കുത്തിയ ജനവിഭാഗങ്ങളുടെ ഒരു അവകാശവും സ്ഥാപിക്കപ്പെടുന്നില്ല. ക്ഷേത്രത്തിന്റെ യഥാര്‍ഥ ഉടമസ്ഥരായ മലയരയരുടെ പ്രാഥമിക അവകാശമായിരുന്ന തേനഭിഷേകം പോലുള്ള ചടങ്ങുകള്‍ എടുത്തു കളഞ്ഞപ്പോള്‍ ആചാര സംരക്ഷണ മുദ്രാവാക്യം എവിടെ നിന്നുമുയര്‍ന്നില്ലല്ലോ. മകരവിളക്ക് കത്തിക്കാനുള്ള അവകാശം ആദിവാസി വിഭാഗങ്ങളില്‍ നിന്ന് എടുത്തുമാറ്റിയപ്പോഴും ഒച്ചപ്പാടുണ്ടായില്ല. ഇത്തരത്തിലുള്ള വിഭാഗീയതകളെക്കുറിച്ച് നന്നായി അറിയുന്നത് കൊണ്ട് തന്നെയാണ് ദളിത് സംഘടനകള്‍ ഈ സമരത്തിനില്ലെന്ന് തീര്‍ത്ത് പ്രഖ്യാപിച്ചത്. എസ് എന്‍ ഡി പിയില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെ അത്ര എളുപ്പത്തില്‍ ആട്ടിയോടിക്കാന്‍ സാധിക്കില്ലല്ലോ. അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ ഗുരുവിനോട് പ്രമാണിമാര്‍ ചോദിക്കുന്നു: “ആര് തന്നു പ്രതിഷ്ഠിക്കാന്‍ അധികാരം?” “അതിന് ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണല്ലോ” എന്ന് ഗുരുവിന്റെ മറുപടി. കണ്ണാടി പ്രതിഷ്ഠയും നടത്തി അദ്ദേഹം. ടി ജി മോഹന്‍ദാസും തന്ത്രിയുമൊക്കെ ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കിയ താന്ത്രിക സമുച്ചയത്തില്‍ എവിടെയാണ് ഈ പ്രതിഷ്ഠാവിധികളുള്ളത്?
സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ജാതി ശ്രേണിയില്‍ താഴ്ന്നവര്‍ ഹിന്ദുക്കളേയല്ല. പാഴ്ജന്‍മങ്ങളാണ് അവര്‍. കലാപത്തീയില്‍ വിറകുകളാകാനും വോട്ട് കുത്താനും മാത്രമേ അവര്‍ക്ക് ഈ ദളിത് സമൂഹത്തെ വേണ്ടൂ. വോട്ടിന് ജാതിയില്ലല്ലോ. ഇക്കാര്യം ദളിതുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഗുജറാത്തിലെ ഉന പ്രക്ഷോഭം.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദു വികാരം ഇളക്കി വിടാന്‍ എക്കാലവും പുറത്തെടുക്കാറുള്ള പശു രാഷ്ട്രീയത്തിന്റെ യഥാര്‍ഥ ഉന്നം ദളിതുകളായിരുന്നു. ദളിത് ജനവിഭാഗങ്ങള്‍ക്കും ബി ജെ പിയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ വനവാസി വിഭാഗങ്ങള്‍ക്കും പശു അമ്മയോ ദൈവമോ അല്ല. മറിച്ച് ഇഹലോകവുമായി ബന്ധപ്പെട്ട ഭക്ഷണം, തൊഴില്‍, കൃഷി തുടങ്ങിയവക്കുള്ള ഉപാധിയാണ്. അതുകാണ്ട് രാഷ്ട്രീയ ധ്രുവീകരണത്തിന് സൃഷ്ടിച്ചെടുത്തിട്ടുള്ള വിശാല ഹിന്ദു ഐക്യത്തെ പശു രാഷ്ട്രീയം പൊളിച്ചടുക്കുന്നു. പകരം ഞങ്ങള്‍ ഹിന്ദുക്കളേയല്ലെന്ന് പ്രഖ്യാപിക്കാന്‍ ദളിതരെ അത് പാകമാക്കുന്നു. സവര്‍ണ, അവര്‍ണ വിഭാഗങ്ങളുടെ സ്വത്വപരമായ സംഘട്ടനമാണ് പശു രാഷ്ട്രീയത്തില്‍ നടക്കുന്നത്. അങ്ങനെയാണ് പശുക്കള്‍ സംഘ് രാഷ്ട്രീയത്തെ തിരിഞ്ഞു കുത്തിയത്.

ഇതിന് സമാനമാണ് ശബരിമലയെന്ന വജ്രായുധത്തിന്റെയും സ്ഥിതി. വര്‍ഗീയ വിഭജനവും ധ്രുവീകരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതി ജാതി വിഭജനത്തിനാണ് വഴിയൊരുക്കിയത്. സവര്‍ണസേവയാണ് അവര്‍ണരുടെ മോക്ഷത്തിനുള്ള ഏകമാര്‍ഗമെന്ന് നിഷ്‌കര്‍ഷിക്കുന്ന മനുസ്മൃതി രാജ്യത്തിന്റെ ഭരണഘടനയാകുന്ന കാലം സ്വപ്‌നം കാണുന്ന ആര്‍ എസ് എസിനെ വിശ്വസിക്കാന്‍ ദളിതര്‍ക്ക് സാധിക്കില്ലല്ലോ. മതത്തെ ആചാരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മൂല്യത്തിലേക്ക് ഉയര്‍ത്തണമെന്ന വലിയ ആശയത്തിലേക്ക് നടക്കാന്‍ കെല്‍പ്പില്ലാത്ത ഒരു സമൂഹത്തില്‍ സംഘ്പരിവാറിനെപ്പോലെ വര്‍ഗീയത ആളിക്കത്തിക്കാന്‍ എല്ലാ സന്നാഹങ്ങളുമുള്ളവര്‍ ഇറങ്ങിക്കളിക്കുമ്പോള്‍ ആ ധ്രുവീകരണ തന്ത്രത്തെ ശിഥിലമാക്കുന്ന മറ്റൊരു വൈകാരികത അനിവാര്യമാണ്. അതാണ് ജാതി. ആ അര്‍ഥത്തില്‍ ജാതിയാണ് കേരളത്തെ “രക്ഷിച്ച”ത്.