Connect with us

National

രാഹുലും നായിഡുവും ഒരു വേദിയില്‍; ബി ജെ പിക്കും മുന്നണിക്കും വെല്ലുവിളി

Published

|

Last Updated

ഹൈദരാബാദ്: ഒരുകാലത്ത് ശത്രുപക്ഷങ്ങളിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തെലുഗു ദേശം പാര്‍ട്ടി നേതാവ് എന്‍ ചന്ദ്രബാബു നായിഡുവും പൊതുയോഗത്തില്‍ വേദി പങ്കിട്ടു. ബി ജെ പിക്കെതിരെ ജനകീയ മുന്നണിയായി തിരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസിന്റെയും ടി ഡി പിയുടെയും പ്രചാരണ റാലിയില്‍ ഇന്നലെയായിരുന്നു ഈ സംഗമം. ദേശീയതലത്തില്‍ ബി ജെ പി വിരുദ്ധ മുന്നണി നീക്കവുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസും ടി ഡി പിയും സമാന കക്ഷികളെ കൂട്ടിയിണക്കുന്നതിനുള്ള ശ്രമത്തിലാണ്.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇരു പാര്‍ട്ടികളും തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നതിനുള്ള ധാരണയുണ്ടാക്കിയത്. ഈ മാസം ആദ്യം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കൂടിയായ എന്‍ ചന്ദ്രബാബു നായിഡുവും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യധാരണയുണ്ടാക്കിയതിന് ശേഷം ഇരുവരും ഇതാദ്യമായാണ് പൊതുവേദിയില്‍ ഒരുമിച്ച് പങ്കെടുക്കുന്നത്. കോണ്‍ഗ്രസിനും ടി ഡി പിക്കും പുറമേ സി പി ഐ, തെലങ്കാന ജനസമിതി (ടി ജെ എസ്) എന്നിവരാണ് ജനകീയ മുന്നണിയിലെ മറ്റ് കക്ഷികള്‍.

ഇന്നലെ ഖമ്മമില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നായിഡുവിനും രാഹുലിനുമൊപ്പം സി പി ഐ നേതാവ് എസ് സുധാകര്‍ റെഡ്ഢി, ടി ജെ എസ് നേതാവ് എം കോദന്ദരം, മഡിഗ സംവരണ പോരാട്ട സമിതി (എം ആര്‍ പി എസ്) നേതാവ് മന്ദ കൃഷ്ണ മഡിഗ എന്നിവരും പങ്കെടുത്തിരുന്നു. ഈ പൊ” എന്നാണ് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഢി വിശേഷിപ്പിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ രൂപം കൊണ്ട കൂട്ടുകെട്ട് ബി ജെ പിക്കും അവരുടെ മുന്നണിക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്ന തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിനും ഈ കൂട്ടുകെട്ട് തലവേദനയുണ്ടാക്കിയിട്ടുണ്ട്.

വിഭജനത്തിന് ശേഷം ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യം കേന്ദ്രം പരിഗണിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് എന്‍ ഡി എയുമായുണ്ടായിരുന്ന ബന്ധം ചന്ദ്രബാബു നായിഡു അവസാനിപ്പിച്ചത്.
ആവേശകരമായ മത്സരം നടക്കുന്ന തെലങ്കാനയില്‍ ബി ജെ പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരും കോണ്‍ഗ്രസിന് വേണ്ടി യു പി എ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണ രംഗത്തുണ്ടായിരുന്നു. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസ് 94 സീറ്റുകളിലും ടി ഡി പി 13 സീറ്റുകളിലും മത്സരിക്കുമ്പോള്‍ ശേഷിക്കുന്ന മണ്ഡലങ്ങളില്‍ സി പി ഐയും ടി ജെ എസുമാണ് ജനകീയ മുന്നണിക്ക് വേണ്ടി ജനവിധി തേടുന്നത്. അതേസമയം, ഭരണകക്ഷിയായ ടി ആര്‍ എസും കേന്ദ്രത്തില്‍ അധികാരം കൈയാളുന്ന ബി ജെ പിയും തനിച്ചാണ് തെലങ്കാന നിയസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്.

Latest