മീ ടൂവില്‍ അഴിഞ്ഞുവീണ മുഖംമൂടികള്‍

Posted on: November 27, 2018 8:48 am | Last updated: November 26, 2018 at 9:52 pm

സമൂഹത്തില്‍ അധീശത്വം വഹിക്കുന്ന ഏത് പുതിയ പ്രവണതയേയും ‘കാലം മാറി മക്കളേ’ എന്ന ഭാഷ്യത്തിലേക്ക് ലളിതവത്കരിക്കുന്ന തിരക്കിലാണ് നാം. എല്ലാം വാര്‍ത്തയാകുകയും എന്നാല്‍ ഏതു അരുതായ്മയും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അല്ലാതാകുകയും ചെയ്യുന്ന ഒരു കാലം. ഇത്തരമൊരു സാഹചര്യം സംജാതമാകുന്നതില്‍ ആദ്യം പ്രതിക്കൂട്ടില്‍ നിര്‍ത്തുക ജനതയെ മൊത്തത്തില്‍ നേരിട്ടു സ്വാധീനിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാണ്. തൊട്ടു പിന്നിലായി മത സംഘടനകളേയും ഈ മൂല്യച്യുതിയുടെ ഉത്തരവാദിത്വമേല്‍പ്പിക്കും. അപ്പോഴും എഴുത്തുകാരെയും ബുദ്ധിജീവികളെയും വലിയ ഇരിപ്പിടത്തിലാണ് ഇരുത്താറുള്ളത്. അവരെ സാംസ്‌കാരിക കാവലാളുകളും ഏതുതരം അനീതികള്‍ക്കുമെതിരെയും പ്രതികരിക്കാന്‍ അര്‍ഹതപ്പെട്ടവരുമായി അടയാളപ്പെടുത്തും.

ആ സങ്കല്‍പ്പത്തിനുള്ള വലിയ പൊളിച്ചടുക്കലാണ് ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന മീ ടൂ ക്യാമ്പയിന്‍. സമൂഹത്തില്‍ പുരുഷാധിപത്യം കൊടികുത്തി വാഴുന്നുവെന്നായിരുന്നുവല്ലോ പ്രധാന മുറവിളി. മീ ടൂ സ്ത്രീ ആധിപത്യത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. അറിയപ്പെടുന്ന കവികളും കഥാകൃത്തുക്കളും പത്രാധിപന്‍മാരുമാണ് മീ ടൂ വിരിച്ച വലയില്‍ ഊരിപ്പോരാനാകാതെ കുരുങ്ങി കിടക്കുന്നത്.
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയും രാഷ്ട്രീയ രംഗത്ത് ശക്തമായ സ്വാധീനവുമുള്ള എം ജെ അക്ബറാണ് മീ ടൂവിന് ഇരയായി സ്ഥാനം നഷ്ടപ്പെട്ട പ്രമുഖരില്‍ ഒരാള്‍. പിന്നെ വെളിപ്പെടുത്തലുകളുടെ പ്രവാഹം തന്നെയുണ്ടായി. വന്ന് വന്ന് ഇന്നു ഞാന്‍ നാളെ നീ എന്ന ഒരു തലത്തിലേക്കത് വളര്‍ച്ച പ്രാപിക്കുകയാണ്. ഇങ്ങ് കേരളത്തില്‍ കവി എ അയ്യപ്പനെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ വന്നെങ്കിലും മലയാളി അതോര്‍ത്ത് ഞെട്ടിയതൊന്നുമില്ല. കാരണം എ അയ്യപ്പന്‍, ജോണ്‍ എബ്രഹാം, സുരാസു തുടങ്ങിയവര്‍ അസാമാന്യ പ്രതിഭാശാലികള്‍ എന്ന ഗണത്തിലും അതിലുപരി പരസ്യമായി അരാജക ജീവിതം നയിച്ചവര്‍ എന്ന നിലയിലും വിധി എഴുതപ്പെട്ടവരാണല്ലോ.

എഴുത്തുകാര്‍ എന്ന നിലയിലും പത്രപ്രവര്‍ത്തകര്‍ എന്ന നിലയിലുമൊക്കെ കേരളീയര്‍ മാന്യതയുടെ ആദരവ് ചാര്‍ത്തിക്കൊടുത്തിരുന്ന പലരും മീ ടൂവിലൂടെ തുറന്നു കാട്ടപ്പെടുമ്പോള്‍ മലയാളത്തിലെ വായനാസമൂഹവും ഒപ്പം സാംസ്‌കാരിക രംഗവും ലജ്ജിച്ച് തല താഴ്‌ത്തേണ്ട അവസ്ഥയുണ്ട്. നവ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ മീ ടൂവില്‍ പരാമര്‍ശിക്കുന്നത് കഥ, കവിതാ വിഭാഗത്തില്‍ പെടുന്ന യുവ പ്രതിഭകളെയാണ്. കവികള്‍ക്കും കഥാകൃത്തുക്കള്‍ക്കും അത് പോലെ കലാരംഗത്തുള്ളവര്‍ക്കും സൗഹൃദത്തിന്റെ മറവില്‍ സ്ത്രീകളോട് ലൈംഗിക ചൂഷണമൊക്കെ ആകാമെന്ന്് ഇവരില്‍ ചിലര്‍ സ്വയമങ്ങ് തീരുമാനിച്ച മട്ടാണ്.

സര്‍ഗാത്മകതയുള്ളവരില്‍ ലൈംഗിക തൃഷ്ണകള്‍ കൂടിയ അളവില്‍ പ്രവര്‍ത്തിക്കും എന്നൊക്കെയാണ് ചിലര്‍ തട്ടിവിടുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിക്കുന്നതിലും എഴുത്തുകാര്‍ തന്നെയാവും മുമ്പില്‍. എന്നാല്‍ എഴുത്തുകാരുടെ മേല്‍വിലാസമുള്ളവരില്‍ ചിലര്‍ സ്ത്രീ എന്നും തങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവരാണെന്ന ചീഞ്ഞ ധാരണ കൊണ്ടുനടക്കുന്നവരുമാണ്.
അതുകൊണ്ട് മീ ടൂവിലൂടെ പുറത്തു വന്ന വെളിപ്പെടലുകളില്‍ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്‌കാരിക രംഗവും സാഹിത്യ രംഗവും നിശിതമായ വിചാരണ നേരിടേണ്ടിയിരിക്കുന്നു. സദാചാര ബോധത്തെ കപട സദാചാരമായി മുദ്രകുത്തുന്ന പ്രസംഗവും എഴുത്തും കുത്തഴിഞ്ഞ ജീവിത ശൈലിക്കുള്ള മുന്‍കൂര്‍ ജാമ്യമായി കണക്കാക്കുകയാണ് ചിലര്‍. ഈ കാപട്യം തുറന്നു കാണിക്കുന്നതില്‍ മീ ടൂ വലിയ പങ്കുവഹിക്കുമെന്ന് കരുതാം.