ഗജ ചുഴലിക്കാറ്റ്: സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പ്

Posted on: November 15, 2018 11:53 pm | Last updated: November 15, 2018 at 11:53 pm

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നവംബര്‍ 16 വൈകുന്നേരം മുതല്‍ നവംബര്‍ 20 വരെ തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍. ഇതിനോടകം ഈ മേഖലയില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും നവംബര്‍ 16 ന് വൈകീട്ടോട് കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താന്‍ ആവശ്യപ്പെടാനും നിര്‍ദേശമുണ്ട്.

ഈ മുന്നറിയിപ്പ് മുഴുവന്‍ മത്സ്യ ബന്ധനഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഹാര്‍ബറുകളിലും വിളിച്ചറിയിക്കാന്‍ ഫിഷറീസ് വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ മുന്നറിയിപ്പ് എല്ലാവരിലേക്കും എത്തിയെന്ന് ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പിനോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോസ്റ്റ് ഗാര്‍ഡ്, നേവി എന്നീ ഫോഴ്സുകള്‍ ഡോണിയര്‍ ഉപയോഗിച്ചും അവരവരുടെ കടലിലുള്ള കപ്പലുകള്‍ ഉപയോഗിച്ചും മത്സ്യതൊഴിലാളികളെ ഈ മുന്നറിയിപ്പ് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.