Connect with us

Kerala

വിവാദ പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ളക്ക് തിരിച്ചടി; കേസിന് സ്‌റ്റേയില്ല

Published

|

Last Updated

കൊച്ചി: വിവാദ പ്രസംഗത്തില്‍ കേസെടുത്ത നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സ്‌റ്റേ ചെയ്തില്ല. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചത്. ദുരുദ്ദേശപരമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും ശ്രീധരന്‍ പിള്ള ഹരജിയില്‍ ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗം നടത്തിയ ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോഴിക്കോട് യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ കോഴിക്കോട് കസബ പോലീസാണ് ഐ പി സി 505 (1) ബി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ്. കേസ് നടക്കാവ് പോലീസിന് കൈമാറി.
മാധ്യമ പ്രവര്‍ത്തകനായ ഷൈബിന്‍ നന്മണ്ട നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പൊതുപ്രവര്‍ത്തകരായ സാജന്‍ എസ് ബി നായര്‍, ഡി വൈ എഫ് ഐ നേതാവ് എല്‍ ജി ലിജീഷ് എന്നിവരും വിവിധ സ്റ്റേഷനുകളില്‍ സമാനമായ പരാതി നല്‍കിയിട്ടുണ്ട്.

ശബരിമലയിലെ സമരം ബി ജെ പിയുടെ അജന്‍ഡയായിരുന്നുവെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം വിവാദമായിരുന്നു. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടയടക്കാന്‍ താനാണ് ഉപദേശം നല്‍കിയത്. ശബരിമല ബി ജെ പിക്ക് സുവര്‍ണാവസരമാണെന്നും നമ്മള്‍ വെച്ച കെണിയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
തന്ത്രിയെയും പ്രവര്‍ത്തകരെയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചിരിക്കയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന എല്ലാ സംഘര്‍ഷങ്ങളുടെയും ഉത്തരവാദിത്തം കൂടി ശ്രീധരന്‍ പിള്ള പരോക്ഷമായി ഏറ്റെടുത്ത പശ്ചാത്തലത്തില്‍ സമൂഹ സ്പര്‍ധ ഉണ്ടാക്കിയതിന് കേസെടുക്കണമെന്നും ക്രിമിനല്‍ ഗൂഢാലോചന, ക്രിമിനല്‍ കുറ്റത്തിന് പ്രേരണ, കലാപത്തിന് ആഹ്വാനം എന്നിവ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Latest