ശ്രീധരന്‍ പിള്ള പറയുമ്പോള്‍ അല്ല നട അടക്കേണ്ടത്; വെളിപ്പെടുത്തലിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം: കോടിയേരി

Posted on: November 5, 2018 1:50 pm | Last updated: November 5, 2018 at 3:46 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആര്‍എസ്എസ് ആസൂത്രണം ചെയ്ത അക്രമ പരമ്പരകളാണ് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും തെറ്റിദ്ധരിക്കപ്പെട്ട ആളുകള്‍ സമരത്തില്‍ നിന്ന് പിന്മാറണം. തന്ത്രികുടംബത്തെ സ്വാധീനിക്കാന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചു.

തന്ത്രികുടുംബത്തോടുള്ള ബഹുമാനം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നത്. ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ കൈയിലിരുന്ന് കളിക്കേണ്ട ആളല്ല തന്ത്രി. ശ്രീധരന്‍ പിള്ള പറയുമ്പോള്‍ അല്ല നട അടക്കേണ്ടത്. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് വിലയിരുത്തല്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.