Connect with us

Articles

ജനാധിപത്യത്തെ വലിച്ച് താഴെയിറക്കുന്നവര്‍

Published

|

Last Updated

ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ സുപ്രീം കോടതിവിധി നടപ്പാക്കിയ കേരള സര്‍ക്കാറിനെ വലിച്ച് താഴെയിറക്കുമെന്നാണ് ആക്രോശിച്ചത്. ഇത്തരം ഭീഷണികളും ആക്രോശങ്ങളും സംഘ്പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വിധ്വംസകമായ പ്രഖ്യാപനങ്ങളാണ്. ശബരിമലയെ മുന്‍നിര്‍ത്തി കലാപം പടര്‍ത്താനുള്ള ഹിന്ദുത്വതീവ്രവാദികളുടെ ആസൂത്രിത നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍. ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ശനി ശിഖ്‌നാപൂര്‍ ക്ഷേത്രത്തില്‍ കോടതിവിധി നടപ്പാക്കി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചവരാണ് കേരളത്തില്‍ സുപ്രീം കോടതിവിധി നടപ്പിലാക്കാന്‍ പാടില്ലെന്ന വാദവുമായി വിശ്വാസികളെ ഇളക്കിവിട്ട് കലാപം പടര്‍ത്താന്‍ നോക്കുന്നത്. ബി ജെ പിയുടെ ഇരട്ടത്താപ്പും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് തങ്ങളുടെ ഫാസിസ്റ്റ് അജന്‍ഡ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള കുത്സിത നീക്കങ്ങളുമാണ് ശബരിമല വിവാദത്തിന് പിന്നിലെന്ന് എല്ലാവര്‍ക്കും മനസ്സിലാകും.

ഭരണഘടനയെയും കോടതിവിധിയെയും വെല്ലുവിളിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ നേതാക്കള്‍ ശബരിമല മുന്‍നിര്‍ത്തി കലാപങ്ങള്‍ അഴിച്ചുവിട്ടത്. ശബരിമലയെ മറ്റൊരു അയോധ്യയാക്കാനുള്ള ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും അജന്‍ഡക്ക് കര്‍സേവ ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് യു ഡി എഫ് നേതാക്കള്‍. തുലാമാസ പൂജകള്‍ക്കായി നട തുറക്കുന്ന വേളയില്‍ സംസ്ഥാനത്താകെ വര്‍ഗീയ കലാപമഴിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് ആര്‍ എസ് എസും ബി ജെ പിയും നടത്തിയത്. അയ്യപ്പധര്‍മസേന തൊട്ട് സംഘ്പരിവാര്‍ പടച്ചുവിട്ട നിരവധി വര്‍ഗീയതീവ്രവാദ സംഘങ്ങളെ ഇതിനായി സജ്ജീകരിച്ച് നിര്‍ത്തുകയാണ്. അയ്യപ്പ ഭക്തരുടെ പേരില്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയായിരുന്നു. ആര്‍ എസ് എസിന്റെ കില്ലര്‍സ്‌ക്വാഡിലുള്ള ക്രിമിനലുകളെയാണ് കലാപമുണ്ടാക്കാനായി ശബരിമലയില്‍ വിന്യസിച്ചത്. രാഹുല്‍ഈശ്വര്‍ തന്നെ അത് തുറന്ന് പറഞ്ഞിരിക്കുകയാണല്ലോ. സന്നിധാനത്തില്‍ ചോര വീഴ്ത്താനുള്ള സ്‌ക്വാഡുകളെ വിന്യസിച്ചിരുന്നുവെന്ന്. ചോര വീണു കഴിഞ്ഞാല്‍ ക്ഷേത്രം അശുദ്ധമായിയെന്ന് വരുത്തി അടച്ചിടാനും ഈ സംഭവം പ്രചരിപ്പിച്ച് വര്‍ഗീയകലാപം അഴിച്ചുവിടാനുമാണ് ഹിന്ദുത്വ വര്‍ഗീയവാദികളുടെ പദ്ധതി.

ഇതിനായി അവര്‍ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി മൂവായിരത്തിലേറെ ക്രിമിനലുകളെ ശബരിമല വനത്തിനകത്തും പുറത്തുമായി കേന്ദ്രീകരിപ്പിച്ചു. യുവതികളെ തടയാനെന്ന വ്യാജേന അയ്യപ്പഭക്തരെയാകെ വിരട്ടുകയും ഭീഷണി പടര്‍ത്തുകയും ചെയ്തു. മലകയറാന്‍ വന്ന 50 കഴിഞ്ഞ സ്ത്രീകളെ പോലും ഈ ക്രിമിനല്‍ സംഘങ്ങള്‍ കൈയേറ്റം ചെയ്യുകയാണ് ഉണ്ടായത്. സുപ്രീം കോടതിവിധിയനുസരിച്ച് യുവതികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമപരമായ ബാധ്യത നിര്‍വഹിക്കാന്‍ ശ്രമിച്ച പോലീസ് ഉദേ്യാഗസ്ഥരെവരെ കൈയേറ്റം ചെയ്യുകയും അക്രമിക്കുകയും ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകരെ വരെ ശാരീരികമായി കൈയേറ്റം ചെയ്യുകയും അശ്ലീലങ്ങള്‍ വിളിച്ചുപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു.

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി വിയുടെ പ്രതിനിധിയായ പൂജ പ്രസന്നയെവരെ ഭീകരമായി കൈയേറ്റം ചെയ്യുകയും തടയുകയും ചെയ്തു. ദേശീയ ചാനലുകളുടെ പ്രതിനിധികളെ സംഘടിതമായി തടയുകയും അക്രമഭീഷണി മുഴക്കി തിരിച്ചയക്കുകയുമായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഇന്ത്യന്‍ പ്രതിനിധി സുഹാസിനിരാഗിനെ തെറിവിളിച്ചും ക്രിമിനലുകള്‍ പിന്തിരിപ്പിച്ചു. നിരവധി ടി വി ചാനലുകളുടെ വാഹനങ്ങളും ക്യാമറകളും മൈക്കുകളുമെല്ലാം തല്ലിതകര്‍ത്തു. പോലീസിന്റെയും സര്‍ക്കാറിന്റെയും ജാഗ്രതയോടെയുള്ള ഇടപെടലുകളാണ് കലാപപദ്ധതി പൊളിച്ചത്.
സുപ്രീം കോടതി ഉത്തരവ് വന്നയുടനെ കേന്ദ്ര ആഭ്യന്തരവകുപ്പ് വിധി നടപ്പിലാക്കാനും ക്ഷേത്രദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്താനും രേഖാമൂലം സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ബി ജെ പിയുടെ സമുന്നത നേതാക്കളും കേന്ദ്രമന്ത്രിമാരും വിധി നടപ്പിലാക്കണമെന്നും വേണ്ടിവന്നാല്‍ അതിനായി പട്ടാളത്തെവരെ വിളിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇടതു സര്‍ക്കാറിനെതിരായി വിശ്വാസികളെ ഇളക്കിവിട്ട് ഒരു രണ്ടാം വിമോചനസമരത്തിനാണ് സംഘ്പരിവാര്‍ സംഘടനകളും യു ഡി എഫ് നേതാക്കളും കോപ്പുകൂട്ടിയത്.

ഇപ്പോള്‍ കേരള ഹൈക്കോടതി കാര്യങ്ങളിലൊരു വ്യക്തത വരുത്തിക്കൊണ്ട് വിധി പ്രസ്താവിച്ചിരിക്കുകയാണ്. മതിയായ സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്താതെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഋഷികേശ്‌റോയിയും ജസ്റ്റിസ് എ കെ ശങ്കരന്‍ നമ്പ്യാരുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് തള്ളിയത്. സുപ്രീംകോടതിവിധിക്കനുസൃതമായേ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകൂവെന്നും സംഘര്‍ഷത്തിന് കാരണം സര്‍ക്കാറല്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഒക്‌ടോബര്‍ 25ന് പൊതുതാത്പര്യ ഹരജി തള്ളിക്കൊണ്ടുള്ള വിധിപ്രസ്താവനയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് സുപ്രീം കോടതി വിധിക്ക് അനുസൃതമായി മാത്രമേ രാജ്യത്തെ അധികാര സ്ഥാപനങ്ങള്‍ക്കും പോലീസിനും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ്. സുപ്രീം കോടതി വിധിയുടെ മറവില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കാട്ടിയതും പോലീസ് വന്‍ സന്നാഹത്തോടെ യുവതികളെ സന്നിധാനത്ത് കൊണ്ടുപോയതുമാണ് ശബരിമലയിലുണ്ടായ സംഘര്‍ഷത്തിന് കാരണമെന്ന ഹരജിക്കാരന്റെ വാദം കോടതി തള്ളിക്കളയുകയാണുണ്ടായത്.

സുപ്രീം കോടതിവിധിക്ക് വിരുദ്ധമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതിക്കാവില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കുകയും ചെയ്തു. യുവതി പ്രവേശനം തടയണമെന്ന ആവശ്യത്തിന് ഉപോത്ബലകമായി ഹരജിക്കാരന്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ വൈരുധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങള്‍ സംബന്ധിച്ച് അറിവുണ്ടോയെന്ന് കോടതി ഹരജിക്കാരനോട് ആരാഞ്ഞു. രണ്ട് അനുച്ഛേദങ്ങളും വായിക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിച്ചു.

എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ കാര്യമായ അറിവില്ലെന്നും കോടതിയോട് തര്‍ക്കിക്കാന്‍ ഉദ്ദേശ്യമില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ മറുപടി. കോടതിയോട് തര്‍ക്കിക്കരുതെന്നും വാദമുഖങ്ങള്‍ ഉന്നയിക്കാമെന്നും കോടതി ഹരജിക്കാരനോട് പറഞ്ഞു. ഹൈക്കോടതിയുടെ ഈ വിധിപ്രസ്താവന അനാവശ്യനായി വിവാദങ്ങള്‍ സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനിറങ്ങി പുറപ്പെട്ടിരിക്കുന്ന വര്‍ഗീയവാദികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ള മറുപടി കൂടിയാണ്. സുപ്രീം കോടതി വിധി വന്നയുടനെ അതിനെ ചരിത്രവിധിയെന്ന് വിശേഷിപ്പിച്ച് സ്വാഗതം ചെയ്ത എ ഐ സി സി നേതൃത്വത്തിന്റെ നിലപാടുകളെ പോലും കാറ്റല്‍പ്പറത്തിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍ എസ് എസിന്റെ കൂടെ ഇറങ്ങിപുറപ്പെട്ടത്. ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലും ബി ജെ പി വാദങ്ങള്‍ ഏറ്റുപറയുകയും ദയനീയമായി അത് സ്ഥാപിക്കാനും പാടുപെടുകയാണ് അവര്‍. ഭരണഘടനക്കും കോടതിവിധിക്കുമെതിരായുള്ള അമിത്ഷായുടെ വെല്ലുവിളിയെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ താഴെയിറക്കുമെന്ന ഭീഷണിയെയും പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും കെ പി സി സി നേതാക്കള്‍ സംഘ്പരിവാറിന്റെ പരികര്‍മികളായി തന്നെ നിലകൊള്ളുന്നു. തന്ത്രികുടുംബം പോലും തള്ളിപ്പറഞ്ഞ രാഹുല്‍ ഈശ്വറിന്റെ വക്കാലത്തുമായി നടക്കുന്നത് കെ സുധാകരനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളാണ്.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വൈരനിര്യാതനബുദ്ധിയോടെയുള്ള നിലപാടുകളോട് പ്രതിപക്ഷനേതാവിന് ഒരു പ്രതിഷേധം പോലും ഇല്ല. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ പുനര്‍നിര്‍മിക്കാനും വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കാനും അനുവദിക്കണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടതാണ്. കേരളത്തിന്റെ ഈ ആവശ്യം നിര്‍ദാക്ഷിണ്യം തള്ളുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

വിദേശരാജ്യങ്ങളിലെ മലയാളികളില്‍ നിന്ന് സഹായം സ്വരൂപിക്കാനായി മന്ത്രിമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ പോകാനുള്ള അനുമതി പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കില്ല. അങ്ങേയറ്റം മനുഷ്യത്വരഹിതമായ നിലപാടാണ് മോദി സര്‍ക്കാര്‍ കേരളജനതയോട് സ്വീകരിച്ചിരിക്കുന്നത്. ശബരിമല പ്രശ്‌നത്തില്‍ വിധിയെ മറികടക്കാന്‍ കേരള നിയമസഭ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ബി ജെ പി നേതാക്കളുടെ പ്രസ്താവന ഏറ്റുപിടിച്ച് ഉറക്കത്തില്‍ പഴന്തുണി ചവക്കുന്നവരെ പോലെ പറഞ്ഞുനടക്കുകയാണല്ലോ കോണ്‍ഗ്രസ് നേതാക്കളെല്ലാം.

ഭരണഘടനാ ബഞ്ചിന്റെ വിധിയെക്കുറിച്ചും ശബരിമല പ്രശ്‌നത്തെ സംബന്ധിച്ചും ആശയക്കുഴപ്പം സൃഷ്ടിച്ച് സര്‍ക്കാറിനെതിരെ വിശ്വാസികളെ തിരിച്ചുവിടാന്‍ കഴിയുമോയെന്ന നീചമായ ശ്രമങ്ങളാണ് ബി ജെ പിക്കാരോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കുളംകലക്കി മീന്‍പിടിക്കാന്‍ അവസരം കാത്തിരിക്കുന്ന ഇത്തരക്കാരെ കേരള സമൂഹം തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയവുമില്ല.

2019-ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് തങ്ങളുടെ മുന്‍നിലപാടുകളെല്ലാം ഉപേക്ഷിച്ച് ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ ശബരിമല യുവതീ പ്രവേശനത്തിനെതിരെ കാടിടളക്കി കോലാഹലം സൃഷ്ടിക്കുന്നത്. ഇത് കോണ്‍ഗ്രസുകാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് മതനിരപേക്ഷതയോടും ജനാധിപത്യത്തോടുമുള്ള അവരുടെ പ്രതിബദ്ധതയില്ലായ്മകൊണ്ടുതന്നെയാകാനേ തരമുള്ളൂ. “ഇത് ഭ്രാന്താലയമോ”യെന്ന് സ്വാമി വിവേകാനന്ദനെക്കൊണ്ട് സന്ദേഹിപ്പിച്ച അന്ധകാരപൂര്‍ണമായ അവസ്ഥയില്‍ നിന്ന് ആധുനികതയുടേതായ വര്‍ത്തമാനത്തിലേക്ക് മലയാളി സമൂഹം നടന്നെത്തിയത് വ്യവസ്ഥയുടെ കിരാതനീതികളോട് ഏറ്റുമുട്ടിയാണ്. അലംഘനീയങ്ങളെന്ന് കരുതിയ പല ആചാരങ്ങളും വിശ്വാസങ്ങളും കാലാനുസൃതമായി പരിഷ്‌കരിച്ചുകൊണ്ടാണ് ഇന്നത്തെ കേരളമുണ്ടായതെന്ന കാര്യം ബി ജെ പി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഓര്‍മയുണ്ടാവില്ലെങ്കിലും ചരിത്രബോധമുള്ള ഓരോ മലയാളിക്കും അതറിയാം.

Latest