Connect with us

Articles

ഔദ്യോഗിക രഹസ്യ നിയമം എന്ന തുറുപ്പ്‌

Published

|

Last Updated

“”ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് പോര്‍ വിമാനങ്ങള്‍ (റാഫേല്‍) വാങ്ങുന്നതിനുള്ള പ്രാഥമിക കരാറില്‍ ഒപ്പുവെച്ചത് 2008ല്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ്. അന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണിയായിരുന്നു. കരാറിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥ അന്നേയുണ്ടായിരുന്നു. രഹസ്യ സ്വഭാവമുള്ള കരാറാണത്””- അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞതാണിത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് നിശ്ചയിച്ച വിലയുടെ മൂന്ന് മടങ്ങ് നല്‍കിയാണ് ഇപ്പോള്‍ റാഫേല്‍ വാങ്ങുന്നതെന്നും വിമാനത്തിന്റെ വില എത്രയെന്ന് പരസ്യപ്പെടുത്തുന്നതിന് കരാര്‍ തടസ്സമല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതിന് മറുപടി പറയുകയായിരുന്നു നിര്‍മല സീതാരാമന്‍.

യു പി എ സര്‍ക്കാറിന്റെ കാലത്തെ കരാറനുസരിച്ച് 18 പോര്‍ വിമാനങ്ങള്‍ ദസോള്‍ട്ടില്‍ നിന്ന് നേരിട്ട് വാങ്ങാനും 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച് എ എല്‍) ദസോള്‍ട്ടും ചേരുന്ന സംയുക്ത സംരംഭം ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു ഉദ്ദേശ്യം. ഇതാകെ മാറ്റിക്കൊണ്ടാണ് 2015ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 36 പോര്‍ വിമാനങ്ങള്‍ നേരിട്ട് വാങ്ങാന്‍ നിശ്ചയിച്ചത്. ദസോള്‍ട്ട് സംയുക്ത സംരംഭത്തിലെ ഇന്ത്യന്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ തീരുമാനിച്ചതും. കരാര്‍ അപ്പടി അട്ടിമറിച്ചപ്പോഴും, സംഗതികള്‍ രഹസ്യമായിരിക്കണമെന്ന വ്യവസ്ഥ നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം ശ്രദ്ധിച്ചു. 2015ല്‍ മോദി, ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതിന് ഒരു മാസം മുമ്പുവരെ എച്ച് എ എല്ലായിരിക്കും സംയുക്ത സംരംഭത്തിലെ പങ്കാളിയെന്ന് പറഞ്ഞ ദസോള്‍ട്ടിനു മേല്‍ അനില്‍ അംബാനിയുടെ രണ്ടാഴ്ച പ്രായമില്ലാത്ത റിലയന്‍സ് ഡിഫന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ അടിച്ചേല്‍പ്പിക്കുന്നത്. റാഫേല്‍ വാങ്ങുന്നതിന് കരാറായെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച് രണ്ടാഴ്ചക്ക് ശേഷം രൂപമെടുത്ത റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ ലിമിറ്റഡാണ് ഇപ്പോള്‍ ദസോള്‍ട്ടിന്റെ പങ്കാളി. ദസോള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡില്‍ റിലയന്‍സ് എയ്‌റോസ്ട്രക്ചറിന് 51 ശതമനം ഓഹരി പങ്കാളിത്തം. കഥ ഇവ്വിധമായിരിക്കെ, സംഗതികള്‍ രഹസ്യമായിരിക്കേണ്ടത് പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും അവര്‍ അംഗങ്ങളായ സര്‍ക്കാറിന്റെയും അതിനെ പിന്തുണക്കുന്ന ബി ജെ പിയുടെയും (സംഘ്പരിവാരത്തിന്റെയാകെയും) ബാധ്യതയാണ്.
യു പി എ സര്‍ക്കാറിന്റെ കാലത്തെ കരാറനുസരിച്ച് നിശ്ചയിച്ച വിലയുടെ മൂന്നിരട്ടി നല്‍കി 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതിന്റെ യുക്തി എന്താണ്? പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സിനെ പങ്കാളിയാക്കിയതിന്റെ കാരണം എന്താണ്? എച്ച് എ എല്ലുമായുള്ള കരാര്‍ നിലനിന്നിരുന്നുവെങ്കില്‍ 108 പോര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുമായിരുന്നു. അതുവഴി പോര്‍വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് ലഭിക്കുമായിരുന്നു. അതെല്ലാം ഇല്ലാതാക്കിയതിന്റെ “രാജ്യ സ്‌നേഹം” എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘ് പാളയത്തില്‍ തന്നെയുള്ള അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും സുപ്രീം കോടതിയെ സമീപിച്ചത്. പോരാത്തതിന് പ്രശാന്ത് ഭൂഷണും. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും വിതരണം ചെയ്തതിലെ അഴിമതിയുള്‍പ്പെടെ വിവിധ ആരോപണങ്ങളില്‍ ദീര്‍ഘമായ നിയമയുദ്ധങ്ങള്‍ നടത്തിയ പ്രശാന്ത് ഭൂഷണ്‍, റാഫേലിലും അങ്കത്തിന് ബാല്യം കാണുന്നു.

ഹരജികള്‍ പരിഗണിച്ച സുപ്രീം കോടതി, തീരുമാനങ്ങളിലേക്ക് എത്തിയ നടപടിക്രമങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് പരിഗണിച്ചത്. റിപ്പോര്‍ട്ടിലെ പരസ്യമാക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ ഹരജിക്കാര്‍ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കൂടിയ വില നല്‍കി 36 പോര്‍ വിമാനങ്ങള്‍ വാങ്ങുക, എച്ച് എ എല്ലിന് പകരം റിലയന്‍സിനെ ദസോള്‍ട്ടിന്റെ പങ്കാളിയാക്കുക എന്നീ തീരുമാനങ്ങളിലേക്ക് എത്തിയ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് കരുതേണ്ടത്. അതിലെ ഏത് വിവരം പരസ്യപ്പെടുത്തിയാലും അത്, അഴിമതിക്കെതിരെ പോരാടുന്ന അമ്പത്തിയാറിഞ്ച് നെഞ്ചളവുണ്ടെന്ന് അവകാശപ്പെടുന്ന നേതാവിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ വെളിപ്പെടുത്തുന്നതാകും എന്ന് ഭയക്കുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ടാണ് റിപ്പോര്‍ട്ടായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്.
ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മൂന്നാമതൊരാളെ അറിയിക്കുകയോ? പ്രത്യേകിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളുടെ കൈകളിലെ പാവയായി മാറിയ യശ്വന്ത് സിന്‍ഹയെയും അരുണ്‍ ഷൂരിയെയും! രാജ്യ സ്‌നേഹികളാരെങ്കിലും അവ്വിധം ചെയ്യുമോ? അഥവാ അങ്ങനെ ചെയ്താല്‍ തന്നെ രാജ്യ സ്‌നേഹികള്‍ പൊറുക്കുമോ? ആകയാല്‍ ഈ റിപ്പോര്‍ട്ടിലെയും റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇനി സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലെയും വിവരങ്ങളൊക്കെ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയിലായിരിക്കും.
ദസോള്‍ട്ടില്‍ നിന്ന് പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും സര്‍ക്കാറുകള്‍ തമ്മിലുണ്ടാക്കിയ കരാര്‍, അതിലെ വ്യവസ്ഥയനുസരിച്ച് തന്നെ പൂര്‍ണമായും രഹസ്യമാണ്. നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ പറഞ്ഞ 2008ലെ വ്യവസ്ഥ. റാഫേലിന്റെ വേഗം, പറക്കുന്ന ഉയരം, മറ്റ് സാങ്കേതിക സൗകര്യങ്ങള്‍, അതില്‍ ഘടിപ്പിക്കാവുന്ന ആയുധങ്ങള്‍ ഒക്കെ രഹസ്യമാണ്. ഒപ്പം വിമാനത്തിന്റെ വിലയും. അതേസമയം റാഫേല്‍ വാങ്ങുക എന്ന തീരുമാനത്തിലേക്ക് എത്തിയ നടപടിക്രമങ്ങള്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം രഹസ്യമല്ല. വ്യോമസേനയുടെ ആവശ്യപ്രകാരമാണോ വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം 36 ആക്കിയത്? ഈ ആവശ്യം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചിരുന്നോ? നേരത്തെ നിശ്ചയിച്ചതിലും അധികം വില നല്‍കി വിമാനം വാങ്ങുക എന്ന നിര്‍ദേശത്തെ ധനമന്ത്രാലയം അംഗീകരിച്ചിരുന്നോ? ദസോള്‍ട്ടുമായുള്ള സംയുക്ത സംരംഭത്തിലെ പങ്കാളിത്തത്തില്‍ നിന്ന് എച്ച് എ എല്ലിനെ ഒഴിവാക്കുക എന്ന നിര്‍ദേശം ആര് മുന്നോട്ടുവെച്ചതാണ്? ഇക്കാര്യത്തില്‍ വ്യവസായ – പ്രതിരോധ മന്ത്രലയങ്ങളുടെ അഭിപ്രായം എന്തായിരുന്നു? എച്ച് എ എല്ലിന്റെ സ്ഥാനത്ത് അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ആരായിരുന്നു? ഇക്കാര്യത്തില്‍ മന്ത്രാലയങ്ങളുടെ പ്രതികരണം ആരാഞ്ഞിരുന്നോ? സര്‍വോപരി, പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി കൂടി ഇക്കാര്യങ്ങളൊക്കെ പരിശോധിച്ച് അംഗീകാരം നല്‍കിയിരുന്നോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളൊന്നും ഇന്ത്യാ – ഫ്രാന്‍സ് കരാറിലെ വ്യവസ്ഥയനുസരിച്ച് രഹസ്യമല്ല.
ഈ ചോദ്യങ്ങളില്‍ ചിലതിനുള്ള ഉത്തരം അറിഞ്ഞോ അറിയാതെയോ മുന്‍ പ്രതിരോധ മന്ത്രിയും ഇപ്പോഴത്തെ പ്രതിരോധ മന്ത്രിയും പറഞ്ഞിട്ടുണ്ട്. 36 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായി എടുത്തതാണെന്ന് പറഞ്ഞത്, മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ്. യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ കരാര്‍ അട്ടിമറിച്ചത് നമ്മുടെ പ്രധാനമന്ത്രി നേരിട്ടാണെന്നാണ് അതിന്റെ അര്‍ഥം. ആ അട്ടിമറി തീരുമാനിച്ചതിന്റെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്താന്‍ പാകത്തിലുള്ള വിവരങ്ങളാകില്ലല്ലോ? അതിനാല്‍ അത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരിക തന്നെ ചെയ്യും.
എച്ച് എ എല്ലുമായി സഹകരിക്കാന്‍ ദസോള്‍ട്ട് തയ്യാറല്ലായിരുന്നു അതുകൊണ്ടാണ് മാറ്റിയത് എന്ന് പറഞ്ഞത് ഇപ്പോഴത്തെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും. റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ സഹകരിക്കാനുള്ള സാങ്കേതിക മികവ് എച്ച് എ എല്ലിനില്ലെന്നും നിര്‍മല പറഞ്ഞിരുന്നു. ഈ രണ്ട് വാദങ്ങളെയും ദസോള്‍ട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എറിക് ട്രാപ്പിയര്‍ തള്ളിക്കളയുകയാണ്. പുതിയ കരാറില്‍ യാതൊരു അപാകവുമില്ലെന്ന് സ്ഥാപിച്ചെടുക്കാനായി, അനില്‍ അംബാനിയുടെ ജ്യേഷ്ഠന്‍ മുകേഷിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ട്രാപ്പിയര്‍ ചില വസ്തുതകള്‍ പറഞ്ഞുപോയത്. എച്ച് എ എല്ലിന്റെ കാര്യത്തില്‍ ദസോള്‍ട്ടിന്

അതൃപ്തിയൊന്നുമുണ്ടായിരുന്നില്ലെന്നും എച്ച് എ എല്ലില്‍ പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് വിശദമായ ധാരണാപത്രം തയ്യാറാക്കിയിരുന്നുവെന്നും ട്രാപ്പിയര്‍ പറഞ്ഞു. ഇതനുസരിച്ചാണെങ്കില്‍ ഇന്ത്യന്‍ യൂനിയന്റെ പ്രതിരോധ മന്ത്രി പറഞ്ഞത് നുണയാണ്. അല്ലെങ്കില്‍ എച്ച് എ എല്ലിനെ മാറ്റി റിലയന്‍സിനെ കൊണ്ടുവന്നതിന്റെ കാരണം പ്രതിരോധ മന്ത്രിക്ക് അറിയില്ല. രണ്ടാണെങ്കിലും പരസ്യപ്പെടുത്താന്‍ പാകത്തിലുള്ള വിവരങ്ങളല്ല. അതിനാല്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വന്നേ മതിയാകൂ.
കേന്ദ്ര സര്‍ക്കാര്‍ കോടതി മുമ്പാകെയും ജനങ്ങളുടെ മുമ്പാകെയും മറുപടി പറയേണ്ട ചോദ്യങ്ങളിലൊന്നിന്റെ ഉത്തരം പോലും രാജ്യ സുരക്ഷയെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്നതല്ല. അനില്‍ അംബാനിയുടെ കമ്പനിയെ പ്രതിരോധ കരാറിന്റെ ഭാഗമാക്കിയത്, പക്ഷേ രാജ്യ താത്പര്യത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. എച്ച് എ എല്ലിനെ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ റാഫേല്‍ നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യപ്പെടുമായിരുന്നു. അതിനുള്ള സാധ്യത ഇല്ലാതാക്കി, കരാറിനെ അട്ടിമറിച്ചതാണെങ്കില്‍, ആ വിവരം പുറത്തുവരുന്നതുകൊണ്ട് പ്രയാസമുണ്ടാകുക അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവിനും ആ നേതാവ് നേതൃത്വം നല്‍കുന്ന സര്‍ക്കാറിനും അതിനെ പിന്തുണക്കുന്ന സംഘപരിവാറിനും മാത്രമാണ്. അതൊഴിവാക്കാന്‍ വേണ്ടി, കരാര്‍ വ്യവസ്ഥകളും ഔദ്യോഗിക രഹസ്യ നിയമവും ഒക്കെ ദുരുപയോഗം ചെയ്യുന്നതാണ് “രാജ്യസ്‌നേഹികളല്ലാത്ത പൗരന്‍മാര്‍” കണ്ടുകൊണ്ടിരിക്കുന്നത്. ആ കാഴ്ച അങ്ങനെ തുടരട്ടെ എന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് തീരുമാനിക്കുമെന്ന് കരുതുന്നില്ല. സര്‍വ്വതും രഹസ്യമെന്ന വാദം, ഭയം മൂലമാണ്.