ഇംഫാല്‍: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളാ എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം സമനില. ഇത്തവണ നെറോക്ക എഫ് സിയോടാണ് ഗോകുലം സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 45ാം മിനിട്ടില്‍ ബൗറിംഗ്‌ഡോ ബോഡോയിലൂടെ ഗോകുലം മുന്നിലെത്തി. എന്നാല്‍, 59ാം മിനിട്ടില്‍ എഡ്വോര്‍ഡോ ഫെരീറയിലൂടെ നെറോക്ക സമനില പിടിച്ചു.
കോഴിക്കോട്ട് നടന്ന സീസണിലെ ആദ്യ മത്സരത്തില്‍ ഗോകുലം കരുത്തരായ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ചിരുന്നു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും ഗോകുലം നെറോക്കയോട് തോല്‍വി വഴങ്ങിയിരുന്നു. ഹോം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനും എവേയില്‍ എതിരില്ലാത്ത ഒരു ഗോളിനുമായിരുന്നു തോല്‍വി. നവംബര്‍ നാലിന് ചെന്നൈ സിറ്റിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയമാണ് മത്സരവേദി.