ട്രംപ് വരില്ല

Posted on: October 31, 2018 10:12 am | Last updated: October 31, 2018 at 10:12 am

എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം നിരസിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ദിന പരേഡിലേക്ക് ലോക നേതാക്കളെ ക്ഷണിക്കുന്നതിന് പ്രത്യേക നടപടിക്രമമുണ്ട്. ആദ്യം നിര്‍ദിഷ്ട അതിഥി വരുമോ എന്ന് ഉറപ്പ് വരുത്തും. അദ്ദേഹത്തിന് ആ തീയതിയില്‍ സ്വന്തം നാട്ടില്‍ വല്ല പ്രധാന ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കാനുണ്ടോ? ഏതെങ്കിലും അന്താരാഷ്ട്ര ഉച്ചകോടിക്കായി അദ്ദേഹം സമയം നല്‍കിക്കഴിഞ്ഞിട്ടുണ്ടോ? മറ്റെന്തെങ്കിലും തടസ്സങ്ങളുണ്ടോ? എന്നൊക്കെ നയതന്ത്രതലത്തില്‍ അന്വേഷിച്ച ശേഷമാണ് ഔദ്യോഗിക ക്ഷണം കൈമാറാറുള്ളത്. ക്ഷണം നിരസിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ കരുതല്‍. ട്രംപിന്റെ കാര്യത്തില്‍ ഈ പ്രക്രിയയൊന്നും നടന്നില്ലെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തെ നേരെയങ്ങ് ക്ഷണിക്കുകയായിരുന്നു. ക്ഷണം നിരസിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് അത്രക്ക് ആത്മവിശ്വാസമുള്ളത് കൊണ്ടായിരിക്കാം ഈ തിടുക്കം സംഭവിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസിഡന്റ് നടത്തേണ്ട വാര്‍ഷിക പ്രഭാഷണത്തിന്റെ ദിവസം ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ദിനത്തോട് ചേര്‍ന്നാണ് വരുന്നത് എന്നതിനാല്‍ ട്രംപിന് ഇന്ത്യയിലെത്താന്‍ സാധിക്കില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് പറയുന്നത്. ഈ പ്രഭാഷണം നടക്കാറുള്ളത് ജനുവരി അവസാനവാരത്തിലോ ഫെബ്രുവരി ആദ്യത്തിലോ ആണ്. കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ റിപ്പബ്ലിക് ദിന ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത്. ഈ ക്ഷണത്തിന് ഔദ്യോഗികമായി ഒരു മറുപടിയും കൊടുത്തിരുന്നില്ലെന്നും വക്താവ് പറയുന്നു. നവംബര്‍ 30ന് അര്‍ജന്റീനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും സംസാരിക്കും. സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും വക്താവ് അവകാശപ്പെട്ടു.

ഏതായാലും ജനുവരി 26ലേക്ക് ഇനി അധികം ദിവസങ്ങളില്ലാത്തതിനാല്‍ പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ആരെയെങ്കിലും എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ട്രംപ് വന്നില്ലെങ്കില്‍ വിളിക്കാനായി മൂന്ന് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും പരിഭ്രമത്തിന്റെ ഒരാവശ്യവുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇനിയിപ്പോള്‍ ആര് മുഖ്യാതിഥിയായി വന്നാലും ട്രംപിന്റെ ആഗമനവുമായി ബന്ധപ്പെട്ടുണ്ടായ പരുക്ക് പരിഹരിക്കുക സാധ്യമല്ല. ഇത്തരമൊരു ആശയക്കുഴപ്പം ഒഴിവാക്കുന്ന തരത്തിലാകണമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ റിപ്പബ്ലിക്കായതിന്റെ ഓര്‍മ ദിനം വിവാദങ്ങളില്‍ പെടുന്നുവെന്നത് ലോകത്തിന് മുന്നില്‍ വലിയ കുറച്ചിലാണ്. വിദേശയാത്രകളാല്‍ സമ്പന്നനായ ഒരു പ്രധാനമന്ത്രിയാണ് രാജ്യത്തിനുള്ളത്. അദ്ദേഹത്തിന് ലോക നേതാക്കളുമായുള്ള സൗഹൃദം അത്രമേല്‍ ഊഷ്മളവുമാണ്. അങ്ങനെയൊരാള്‍ ഭരണതലപ്പത്തുള്ളപ്പോള്‍ മുഖ്യാതിഥിക്കായി വിയര്‍ക്കേണ്ടി വരുന്നത് വലിയ കഷ്ടമാണെന്നേ പറയാനുള്ളൂ.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ക്ഷണം നിരസിച്ചുവെന്നത് അത്ഭുതകരമായ കാര്യമാണ്. അവര്‍ തമ്മിലുള്ള ബന്ധം അത്രക്ക് ദൃഢമാണെന്നതിന് നിദര്‍ശനമായി ഇരുവരും പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മാത്രം മതിയാകും. മോദി അമേരിക്കയിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനായി നടത്തിയ എല്ലാ ക്രമീകരണങ്ങളും ഇതുവരെ ഒരു നേതാവിന്റെ കാര്യത്തിലും ഉണ്ടാകാത്തതായിരുന്നു. പ്രോട്ടോകോള്‍ ചട്ടങ്ങളെല്ലാം അന്ന് കാറ്റില്‍ പറന്നു. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് ട്രംപ് പലതവണ പ്രഖ്യാപിച്ചു. അത്രക്ക് ഗാഢമായി മോദിയോട് സൗഹൃദ പ്രകടനം നടത്തിയ മറ്റൊരു നേതാവ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാത്രമാണ്. അത്‌കൊണ്ട് മോദി വിളിച്ചാല്‍ എന്ത് വിലകൊടുത്തും ട്രംപ് വരണ്ടേതായിരുന്നു.

അപ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഡൊണാള്‍ഡ് ട്രംപ് എന്നല്ല ഏത് അമേരിക്കന്‍ പ്രസിഡന്റും മറ്റൊരു രാജ്യത്തോട് കാണിക്കുന്ന സൗഹൃദം തികച്ചും സോപാധികമാണെന്ന വസ്തുതയാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്. റഷ്യയുമായി ട്രംപ് തുടക്കം കുറിച്ചിട്ടുള്ള പുതിയ ആയുധ പന്തയത്തില്‍ ഇന്ത്യ പങ്കാളിയാകണം. ഇറാനെതിരെ പ്രയോഗിച്ച ഉപരോധം ഇന്ത്യയും പാലിക്കണം. ചൈനയോടുള്ള നിഴല്‍ യുദ്ധത്തില്‍ ഇന്ത്യ കാവലാളാകണം. ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്കക്കൊപ്പം നില്‍ക്കണം. തിരുവായ്ക്ക് എതിര്‍വായില്ലാതെ ഇതിനെല്ലാം സമ്മതിക്കണം. ആണവ കരാറിലും ഏറ്റവും ഒടുവില്‍ കോംകാസ (കമ്യൂണിക്കേഷന്‍ കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി) കരാറിലും ഒപ്പുവെച്ച് ഈ വിധേയത്വം ഇന്ത്യ തെളിയിച്ചതാണ്. നിരവധിയായ വ്യാപാര കരാറുകളിലും യു എസ് താത്പര്യങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നു. ഇസ്‌റാഈല്‍ ബാന്ധവം വഴി മോദി സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയിട്ടുമുണ്ട്. എന്നാല്‍ ഈയിടെ ചില ‘വ്യതിചലനങ്ങള്‍’ ഇന്ത്യ നടത്തിക്കളഞ്ഞുവെന്നാണ് അമേരിക്കയുടെ പരാതി. റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ട്രംപിന് സഹിക്കാനാകില്ല. ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള സാധ്യത ആരായുന്നു. ഡോളറിതര സാമ്പത്തിക ബന്ധത്തിന് ആരെങ്കിലും തയ്യാറായാല്‍ സഹകരിക്കാമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങളില്‍ വികസ്വര കൂട്ടായ്മയില്‍ പങ്കാളിയാകുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ട്രംപിന്റെ ക്ഷണ നിരാസം കൃത്യാന്തര ബാഹുല്യം കൊണ്ടാണെന്ന് വിശ്വസിക്കുക പ്രയാസമാണ്.