ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം സമനില; ഇത്തവണ ജംഷഡ്പൂരിനോട്- 2-2

Posted on: October 29, 2018 9:38 pm | Last updated: October 30, 2018 at 10:29 am

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ജംഷ്ഡ്പൂര്‍ എഫ് സിക്കെതിരെ സമനില പൊരുതി നേടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് മത്സരം സമനിലയിലാക്കിയത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചായ മൂന്നാം സമനിലയാണിത്.

കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ മഞ്ഞപ്പടയെ ഞെട്ടിച്ചുകൊണ്ട് ജംഷഡ്പൂര്‍ മുന്നിലെത്തി. ആസ്‌ത്രേലിയന്‍ സൂപ്പര്‍ താരം ടിം കാഹില്‍ ആണ് സ്‌കോര്‍ ചെയ്തത്. 31ാം മിനുട്ടില്‍ സൂസൈരാജ് ലീഡ് രണ്ടായി ഉയര്‍ത്തി. 71ാം മിനുട്ടില്‍ സ്‌റ്റൊജനോവിച് കേരളത്തിന്റെ ആദ്യ ഗോള്‍ നേടി. കളിയവസാനിക്കാന്‍ അഞ്ച് മിനുട്ട് ബാക്കിനില്‍ക്കെ സികെ വിനീത് സമനില ഗോള്‍ നേടി. ഇതിനിടെ ലഭിച്ച ഒരു പെനാല്‍റ്റി സ്‌റ്റൊജനോവിച് പാഴാക്കിയത് കേരളത്തിന് തിരിച്ചടിയായി.

നാല് മത്സരങ്ങളില്‍ ഒരു ജയവും മൂന്ന് സമനിലകളുമായി ബ്ലാസ്റ്റേഴ്‌സ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്തും അഞ്ച് കളികളില്‍ ഒരു ജയവും നാല് സമനിലകളും ഉള്‍പ്പെടെ ഏഴ് പോയിന്റുള്ള ജംഷഡ്പൂര്‍ നാലാം സ്ഥാനത്തുമാണ്. നാല് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള എഫ് സി ഗോവയാണ് ലീഗില്‍ ഒന്നാമത്.