Connect with us

Articles

പുതിയ ശീതസമരത്തിന് ചൂടേറും

Published

|

Last Updated

ശീതസമരം ഒരു കാലത്തും അത്ര തണുത്തതായിരുന്നില്ല. ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മിലുള്ള കിടമത്സരം വലിയ നേട്ടങ്ങള്‍ക്ക് വഴിവെച്ചുവെന്ന് പറയാറുണ്ട്. ബഹിരാകാശ ഗവേഷണത്തില്‍ കുതിച്ചു ചാട്ടത്തിന് അത് കളമൊരുക്കിയെന്നും വന്‍ മുതല്‍ മുടക്ക് വേണ്ട പര്യവേക്ഷണങ്ങള്‍ സാധ്യമായത് വമ്പന്‍മാരുടെ മൂപ്പിളമ തര്‍ക്കം മൂലം മാത്രമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടാറുണ്ട്. അമേരിക്കന്‍ മേധാവിത്വത്തെ സോവിയറ്റ് യൂനിയന്‍ വെല്ലുവിളിച്ചത് ഏകധ്രുവ ലോകമെന്ന വലിയ അപകടത്തെ തടഞ്ഞു നിര്‍ത്തിയെന്നും വാദിക്കാവുന്നതാണ്. ഇന്ത്യയിലേക്ക് കുതിച്ച യു എസിന്റെ ഏഴാം കപ്പല്‍ പട പാതിവഴിയില്‍ വെച്ച് മടങ്ങിപ്പോയത് മറുപുറത്ത് യു എസ് എസ് ആറുള്ളത് കൊണ്ടാണെന്ന് ഉദാഹരിക്കുകയുമാകാം. എന്നാല്‍ ഈ മാത്സര്യം ലോകത്താകെയുണ്ടാക്കിയ രാഷ്ട്രീയ കെടുതികള്‍ ഈ ന്യായവാദങ്ങളെ മുഴുവന്‍ അപ്രസക്തമാക്കുന്നു. ഏത് ചെറിയ ഉഭയകക്ഷി തര്‍ക്കത്തെയും ശീതസമരം ബഹുകക്ഷി സങ്കീര്‍ണതയാക്കി മാറ്റി. ആയുധ കിടമത്സരമായിരുന്നു ഈ വടംവലിയുടെ ഏറ്റവും ഭീകരമായ ഉപോത്പന്നം. സ്വയം ആയുധമണിഞ്ഞുവെന്നത് മാത്രമായിരുന്നില്ല പ്രശ്‌നം. തങ്ങളുടെ പക്ഷത്തേക്ക് ചായ്ച്ചു നിര്‍ത്തിയ മുഴുവന്‍ രാഷ്ട്രങ്ങളെയും ആയുധ സംഭരണിയാക്കി. പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുക, ആയുധം വില്‍ക്കുക എന്നതായിരുന്നു നയം. തുടക്കത്തില്‍ സൈനിക സഹായങ്ങള്‍ നല്‍കും. ആ സഹായങ്ങളുടെ ആത്മവിശ്വാസത്തില്‍ ദുര്‍ബല രാഷ്ട്രങ്ങള്‍ സ്വന്തം നിലമറന്ന് പോരിനിറങ്ങും. പോകെപ്പോകെ “സഹായ”മായി കിട്ടിയ ആയുധം പോരാതെ വരും. അപ്പോള്‍, നാട്ടില്‍ സ്‌കൂള്‍ തുടങ്ങാനും പട്ടിണി മാറ്റാനും വെച്ച പണമെടുത്ത് ആയുധം വാങ്ങാനിറങ്ങും. വികസ്വര, വികസിത രാജ്യങ്ങളുമായി വന്‍ ശക്തികള്‍ ഏര്‍പ്പെടുന്ന ഓരോ ആയുധക്കരാറും ഊറ്റിയെടുത്തത് കോടിക്കണക്കായ മനുഷ്യരുടെ ചോരയും നീരുമായിരുന്നു. ഇന്ത്യയുടെ മുന്‍കൈയില്‍ രൂപപ്പെട്ട ചേരി ചേരാ നയം ഈ ആയുധകിടമത്സരത്തോടുള്ള ശരിയായ പ്രതികരണമായിരുന്നു. അതിന്റെ ശില്‍പ്പികള്‍ തന്നെ അതില്‍ വെള്ളം ചേര്‍ത്തുവെന്നതും ആ നയം ഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നമായി പരിഹാസപാത്രമായെന്നതും പില്‍ക്കാല ചരിത്രം. സോവിയറ്റ് യൂനിയന്‍ തകര്‍ന്നു. അവിടെ കമ്യൂണിസം പോയി. റഷ്യന്‍ ഫെഡറേഷന്‍ മാത്രമായി. യു എസ് പലതരം പ്രതിസന്ധികളിലൂടെ കടന്നു പോയി. പല നിലകളിലുള്ള വെല്ലുവിളികള്‍ അവര്‍ അഭിമുഖീകരിക്കാന്‍ തുടങ്ങി. കാലത്തിന്റെ ഈ മാറ്റം ഈ രണ്ട് രാജ്യങ്ങളെയും ഒരു പാട് പാഠങ്ങള്‍ പഠിപ്പിച്ചു. സഹകരണമാണ് പുതിയ കാലത്തിന്റെ തന്ത്രമെന്ന് അവര്‍ തിരിച്ചറിഞ്ഞു. താത്പര്യങ്ങള്‍ സംഗമിച്ചിടത്തെല്ലാം അവര്‍ കൈകോര്‍ത്തു. ആ ബാന്ധവം ശീതസമരത്തേക്കാള്‍ അപകടകരമായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ആരെന്നത് പ്രസക്തമായ കാര്യമല്ല; വ്യക്തിയല്ല അമേരിക്കന്‍ താത്പര്യങ്ങളാണ് പ്രധാനമെന്നാണ് സര്‍വരും അംഗീകരിച്ച വസ്തുത. അതുകൊണ്ടാണ് ബരാക് ഒബാമ വന്നിട്ടും അമേരിക്ക കാര്യമായി മാറാതിരുന്നത്. അപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് വരുമ്പോള്‍ ട്രംപിസം പുലരുന്നതോ? യു എസിന്റെ പുതിയ പ്രതിസന്ധികള്‍ക്ക് ഭ്രാന്തമായ പരിഹാരങ്ങള്‍ തേടുകയാണ് അദ്ദേഹം ചെയ്യുന്നത്. തന്റെ മുന്‍ഗാമികള്‍ നടപ്പാക്കിയത് കുറേക്കൂടി അക്രമാസക്തമായും പ്രാകൃതമായും പിന്തുടരുന്നു. ബിസിനസ്സുകാരന്റെ ലാഭ നഷ്ട യുക്തിയാണ് അദ്ദേഹത്തെ നയിക്കുന്നത്. “അമേരിക്കാ ഫസ്റ്റ്”എന്ന നയം എല്ലാ അന്താരാഷ്ട്ര ബാധ്യതകളില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ടാണ് അദ്ദേഹം നടപ്പാക്കുന്നത്. ഒരര്‍ഥത്തില്‍ അത് “അമേരിക്ക എലോണ്‍” എന്ന ഒറ്റപ്പെടലാണ്. മറ്റൊരര്‍ഥത്തില്‍ അമേരിക്ക ഒറ്റക്ക് മതിയെന്ന അഹങ്കാരവുമാണ്. കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങി. ഇറാനുമായുള്ള ആണവ കരാര്‍ കീറിയെറിഞ്ഞു. വ്യാപാര ഉടമ്പടികള്‍ മുഴുവന്‍ തകര്‍ത്തു. ഇസ്‌റാഈലിലെ യു എസ് എംബസി ജറൂസലമിലേക്ക് മാറ്റി. ഏറ്റവും ഒടുവില്‍ റഷ്യയുമായി രണ്ട് ദശാബ്ദത്തിനപ്പുറം ഒപ്പുവെച്ച ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന സമാധാന കരാറും ഉപേക്ഷിക്കാന്‍ പോകുകയാണ്.

ദി ഇന്റര്‍മീഡിയേറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ട്രീറ്റി 1987ലാണ് ഒപ്പുവെച്ചത്. അന്നത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും സോവിയറ്റ് ജനറല്‍ സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവും ഈ കരാറില്‍ ഒപ്പുവെച്ച് പേനകള്‍ കൈമാറിയപ്പോള്‍ ലോകം വാഴ്ത്തി, സമാധാനത്തിന്റെ വാതില്‍ തുറന്നിരിക്കുന്നുവെന്ന്. 500 മുതല്‍ 5500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ആണവ, പരമ്പരാഗത മിസൈലുകളുടെ നിര്‍മാണം നിരോധിക്കുന്നതാണ് കരാര്‍. ഇവയുടെ ലോഞ്ചറുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ആയുധം കുന്നുകൂട്ടുന്നതില്‍ നിന്ന് ഞങ്ങള്‍ പിന്‍വാങ്ങുന്നുവെന്ന പ്രായശ്ചിത്ത പ്രഖ്യാപനമായിരുന്നു കരാര്‍. എന്നാല്‍ ഈ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി വരാറുണ്ട്. പലപ്പോഴും പിന്‍വാങ്ങലിന്റെ വക്കില്‍ എത്തിയതുമാണ്. കരാര്‍ പാലിക്കുന്നതില്‍ റഷ്യ സമ്പൂര്‍ണ പരാജയമാണെന്നും അതുകൊണ്ട് കരാറില്‍ നിന്ന് പിന്‍വാങ്ങുകയല്ലാതെ വഴിയില്ലെന്നുമാണ് ട്രംപ് വാര്‍ത്താ ലേഖകരോട് പറഞ്ഞത്. എന്താണ് ഇത്തരമൊരു തീരുമാനത്തിന് ഹേതുവായി ഇപ്പോള്‍ സംഭവിച്ചത് എന്ന ചോദ്യത്തിന് ഉത്തരമില്ല. കരാറില്‍ നിന്ന് പിന്‍വാങ്ങുക എന്നാല്‍ എന്താണ് അര്‍ഥം- പത്രക്കാരുടെ ചോദ്യം. നിരോധിക്കപ്പെട്ട ആയുധങ്ങള്‍ അമേരിക്ക വികസിപ്പിക്കുമെന്ന് തന്നെ- ട്രംപിന്റെ മറുപടി. യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ മോസ്‌കോയിലുള്ളപ്പോഴാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

സോവിയറ്റ് യൂനിയന്റെ പതന ശേഷം അല്‍പ്പമൊന്ന് അയഞ്ഞ റഷ്യ- യു എസ് ആയുധ കിടമത്സരത്തിനാണ് ട്രംപ് പുനരാരംഭം കുറിക്കുന്നത്. ശീതസമരത്തിന്റെ എല്ലാ സവിശേഷതകളും അസ്തമിച്ചില്ലെങ്കിലും സാമ്പത്തിക നയത്തിലടക്കം ഇരു രാജ്യങ്ങളും ഒരേ തൂവല്‍ പക്ഷികളായിരുന്നു. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണമാണ് പുതിയ വടംവലിക്ക് ഇടവരുത്തിയത്. യുക്രൈനിലെ ഇടപെടലിലും അമേരിക്കക്ക് കടുത്ത വിയോജിപ്പുണ്ട്. റഷ്യക്കെതിരെ സഖ്യശക്തികളെ അണിനിരത്തി കടുത്ത ഉപരോധത്തിന് അമേരിക്ക തുടക്കം കുറിച്ച സന്ദര്‍ഭത്തില്‍ കൂടിയാണ് ഈ പിന്‍മാറ്റം.

റഷ്യയുടെ പ്രതികരണവും മാരകമായിരുന്നു. ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങുക വഴി അങ്ങേയറ്റം അപകടകരമായ ചുവടാണ് അമേരിക്ക വെച്ചിരിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റ്യാബ്‌കോവ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. എല്ലാവരും ഈ നടപടിയെ ശക്തമായി അപലപിക്കുകയേ ഉള്ളൂ. അമേരിക്ക ബ്ലാക്ക്‌മെയില്‍ തന്ത്രമാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ശക്തമായ കരാറില്‍ നിന്നാണ് അമേരിക്ക പിന്‍വാങ്ങുന്നത്. തന്ത്രപരമായ സ്ഥിരത മേഖലയിലാകെ സാധ്യമാക്കുന്നതും ആണവ ആയുധ മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമാണ് കരാര്‍. ഇത്തരത്തില്‍ അന്താരാഷ്ട്ര കരാറുകള്‍ ലംഘിക്കുന്നത് യു എസ് പതിവാക്കുകയാണെങ്കില്‍ സൈനികവും സാങ്കേതികവുമായ തിരിച്ചടികള്‍ക്ക് റഷ്യ നിര്‍ബന്ധിതരാകും. എന്നാല്‍ ഈ ഘട്ടത്തില്‍ അത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ രൂക്ഷമായി പ്രതികരിക്കുന്ന റഷ്യയും കരാര്‍ പാലിക്കുന്നതില്‍ തീര്‍ത്തും നിഷ്‌കളങ്കരായിരുന്നുവെന്ന് പറയാനാകില്ല. 1987ല്‍ കരാര്‍ ഒപ്പുവെച്ചെങ്കിലും പല തവണ ഇരു രാജ്യങ്ങളും വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ട്. എസ് എസ് -20 മിസൈല്‍ സംവിധാനം വിന്യസിച്ച് റഷ്യയാണ് ആദ്യ പ്രകോപനമുണ്ടാക്കിയത്. യൂറോപ്പില്‍ ക്രൂയിസ്- പെരിഷിംഗ് മിസൈലുകള്‍ സ്ഥാപിച്ച് അമേരിക്ക തിരിച്ചടിച്ചു. 1991ല്‍ ഇരു പക്ഷവും നിരവധി മിസൈലുകള്‍ നിര്‍വീര്യമാക്കി. അന്ന് ഇരു രാജ്യങ്ങളിലെയും വിദഗ്ധര്‍ പരസ്പരം പരിശോധന നടത്തുകയും ചെയ്തു. നേരത്തേ ഒപ്പുവെച്ച ആന്റി ബാലിസ്റ്റിക് മിസൈല്‍ കരാറില്‍ നിന്ന്, 2002ല്‍ ഇതേ പോലെ അമേരിക്ക പിന്‍വാങ്ങുകയായിരുന്നു. ജോര്‍ജ് ഡബ്ല്യു ബുഷ് ആയിരുന്നു അന്ന് പ്രസിഡന്റ്. റഷ്യയുമായി അമേരിക്ക ഒപ്പുവെച്ച മറ്റൊരു പ്രധാന കരാറാണ് 2011 ഫെബ്രുവരി അഞ്ചിന് ഒപ്പുവെച്ച ന്യൂ സ്റ്റാര്‍ട്ട്. ബരാക് ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ഈ കരാറും മിസൈല്‍ വ്യാപനം തടയുന്നത് ലക്ഷ്യമിട്ടായിരുന്നു. ഈ കരാറിലും ട്രംപ് കൈവെക്കുമെന്നുറപ്പാണ്.

ഇങ്ങനെ ഉടമ്പടികളില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും. നാളെ തന്നെ അമേരിക്കയും റഷ്യയും യുദ്ധത്തിനിറങ്ങുമെന്നാണോ? സമീപ ഭാവിയിലോ ദീര്‍ഘ ഭാവിയിലോ അതുണ്ടാകില്ല. കാരണം യുദ്ധം ഇന്ന് ഒരു രാഷ്ട്രീയ തീരുമാനമല്ല, സാമ്പത്തിക തീരുമാനമാണ്. പിന്നെ എന്താണ് നടക്കുക. ആയുധ വ്യാപനം തന്നെ. ഒരു നിയന്ത്രണവുമില്ലാതെ ആയുധ നിര്‍മാണം പൊടിപൊടിക്കും. സാമ്പത്തിക ശക്തിയുടെ നല്ല പങ്ക് ഈ ദിശയില്‍ ചെലവഴിക്കും. സ്വാഭാവികമായും ഈ ആയുധങ്ങള്‍ക്ക് വിപണി വേണം. ഭയവും സംശയവും അരക്ഷിതാബോധവുമാണ് എല്ലാതരം ആയുധങ്ങള്‍ക്കും വിപണിയുണ്ടാക്കുന്നത്. അതുകൊണ്ട് വിവിധ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശത്രുതകള്‍ കത്തിച്ചു നിര്‍ത്തുകയാണ് സാമ്രാജ്യത്വ ശക്തികള്‍ ചെയ്യുക. ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കലും സമാധാനത്തിലെത്തില്ല. സഊദിയും ഖത്വറും കൂടുതല്‍ അകലും. യമനില്‍ തീവ്രവാദികള്‍ പുളയ്ക്കും. ഇസ്‌റാഈലും സിറിയയും ഏറ്റുമുട്ടും. ഇറാനും തുര്‍ക്കിയും ഭയക്കേണ്ട ശക്തികളാകും. ഇതൊന്നും സ്വാഭാവികമായി സംഭവിക്കുന്നതല്ല. റിമോട്ട് കണ്‍ട്രോളിലായിരിക്കും കാര്യങ്ങള്‍.

ഇന്ത്യയില്‍ റഷ്യയും അമേരിക്കയും പയറ്റുന്ന കച്ചവട തന്ത്രം മാത്രം നോക്കിയാല്‍ ഇത് മനസ്സിലാകും. രണ്ടെടുത്താല്‍ ഒന്ന് ഫ്രീ ശൈലിയിലുള്ള കച്ചവടമാണ് നടക്കുന്നത്. അമേരിക്കയുമായി കോംകാസ (കമ്യൂണിക്കേഷന്‍ കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി)കരാറില്‍ ഒപ്പു വെച്ച് മഷിയുണങ്ങിയില്ല, റഷ്യ ചാടിവീണു. എസ്- 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനവുമായാണ് വരവ്. ഇന്ത്യയുടെ വളരെക്കാലത്തെ പൂതിയാണ്. ചൈനയും പാക്കിസ്ഥാനുമാണ് ലക്ഷ്യം. വഌദ്മിര്‍ പുടിന്‍ നേരിട്ട് എഴുന്നള്ളിയാണ് ഈ കരാറില്‍ ഇന്ത്യയുമായി ഒപ്പുവെച്ചത്. അമേരിക്ക അടങ്ങിയിരിക്കുമോ? അമേരിക്കയുടെ ശത്രുക്കളെ സഹായിക്കുന്നവര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അധികാരം നല്‍കുന്ന കാറ്റ്‌സ അനുസരിച്ച് ഇന്ത്യക്ക് മേല്‍ ഉപരോധം വരുമെന്ന് ട്രംപ് ഭരണകൂടം ഭീഷണി മുഴക്കി. റഷ്യയുമായുള്ള കരാര്‍ ഇന്ത്യയുടെ അവകാശമാണെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും ന്യൂഡല്‍ഹി വ്യക്തമാക്കി. ഉള്ളത് പറയണമല്ലോ. അത് ധീരമായ ശബ്ദമായിരുന്നു. അതോടെ യു എസ് ചീട്ട് മാറ്റി. അമേരിക്കയില്‍ നിന്ന് എഫ്- 16 പോര്‍വിമാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ഉപരോധത്തില്‍ ഇളവ് നല്‍കാമെന്നാണ് യു എസ് ഇപ്പോള്‍ പറയുന്നത്. ട്രംപിന്റെ മനസ്സിലെ അച്ചുതണ്ടില്‍ സഊദിയും ഇസ്‌റാഈലും ഈജിപ്തും ഇന്ത്യയുമുണ്ട്. വല്ലാത്തൊരു കൂട്ടുകെട്ടായിരിക്കും അത്. ട്രംപ്, സല്‍മാന്‍, നെതന്യാഹു, അല്‍ സീസി, നരേന്ദ്ര മോദി…. എന്തൊരു കോമ്പിനേഷന്‍.

അതാണ് കളി. ആയുധക്കച്ചവടത്തിന്റെ കമ്പോള വിളികളാണെങ്ങും. ശീതസമരത്തിന്റെ പുതിയ പതിപ്പിന് ചൂടേറ്റുന്നത് ഈ ആയുധ വ്യാപനമാണ്. സര്‍വനശീകാരിയായ ആയുധങ്ങളുടെ കൈവിട്ട കളിയാണിത്. മേഖലാപരമായ സന്തുലനവും സമാധാനവും മാത്രമാണ് ഇതിന് മറുപടി. ആയുധവത്കരണത്തിന്റെ ആവശ്യമില്ലാത്തവിധം സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വികസ്വര, അവികസിത രാജ്യങ്ങള്‍ തയ്യാറാകണം. പുതിയ ചേരിചേരാ നയത്തിന്റെ അടിത്തറ ഈ സഹവര്‍ത്തിത്വമായിരിക്കണം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest