പ്രളയശേഷം
വീടിപ്പോള്‍ ആകെ മാറിയിരിക്കുന്നു
മുന്നിലെ ഗെയ്റ്റിപ്പോള്‍ അടയ്ക്കാറില്ല
അന്യര്‍ക്ക് പ്രവേശനമില്ലെന്ന്
ബോര്‍ഡ് തൂങ്ങുന്നില്ല
അപരിചിതരെക്കാണുമ്പോള്‍
അള്‍സേഷ്യന്‍ കുരയ്ക്കാറില്ല
അടുക്കള ഭാഗത്തെ മതിലിന്
പണ്ടത്തെ ഉയരമില്ല
അതിര്‍ത്തി കടന്നെത്തുന്ന പന്തുകള്‍
മുത്തച്ഛന്‍ ഒളിപ്പിക്കാറില്ല.
അടുത്ത വീട്ടിലെയാട്ടിനെ
മുത്തശ്ശി ആട്ടിയോടിക്കാറില്ല.
ചേട്ടന്റെ ഫ്രണ്ട്‌സിനെ
അച്ഛന്‍ വഴക്കുപറയാറില്ല.
കുളത്തില്‍ച്ചാടാന്‍ പോകുമ്പോള്‍
അനിയന്‍ സമ്മതം ചോദിക്കാറില്ല.
വാതിലുകളെല്ലാം അടച്ചോയെന്ന്
ചേച്ചി ഞെട്ടിയുണരാറില്ല.
ഭിക്ഷക്കാര്‍ വന്ന് ബെല്ലടിക്കുമ്പോള്‍
ഇവിടാരുമില്ലെന്ന് കള്ളം പറയാന്‍
അമ്മയെന്നെ ഉന്തിവിടാറില്ല.
അമ്മ ഇട്ടുപഴകിയ സാരികളൊന്നും
വേലക്കാരിക്ക് കൊടുക്കാറില്ല.
പ്രളയശേഷം
വീടിപ്പോള്‍ ആകെ മാറിയിരിക്കുന്നു.
.