പയ്യന്നൂര്‍ വാഹനാപകടം: മരണം അഞ്ചായി

Posted on: October 19, 2018 12:15 pm | Last updated: October 19, 2018 at 7:28 pm

പയ്യന്നൂര്‍: ദേശീയപാതയില്‍ പയ്യന്നൂര്‍ എടാട്ട് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ച ബിന്ദുലാലിന്റെ മാതാവ് പത്മാവതി (69) ആണ് ഇന്ന് മരിച്ചത്. തൃശൂര്‍ ചാലക്കുടിയില്‍ നിന്ന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

കാര്‍ ഓടിച്ചിരുന്ന തൃശൂര്‍ കൂര്‍ക്കഞ്ചേരി കാഞ്ഞിരങ്ങാടി ഐശ്വര്യ ഗാര്‍ഡനില്‍ പുന്ന വീട്ടില്‍ ബിന്ദുലാല്‍ (42), മകള്‍ ദിയ (ഒമ്പത്), ബിന്ദുലാലിന്റെ സഹോദരി ബിന്ദിതയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ (14) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ പത്മാവതി, ഭാര്യ അനിത, മകളായ നിയ, സഹോദരി ബിന്ദിത എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 4.15 ഓടെ പയ്യന്നൂര്‍ എടാട്ട് സെന്‍ട്രല്‍ സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് ചാലക്കുടിയിലേക്ക് ഡീസലുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് കാറിലിടിച്ചത്. കാറോടിച്ചിരുന്ന ബിന്ദു ലാല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് ബിന്ദുലാലും കുടുംബവും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടത്. ചാലക്കുടിയില്‍ നിന്ന് വാടകക്കെടുത്ത കാറിലായിരുന്നു യാത്ര.