Connect with us

Articles

ആര്‍ക്കാണ് ഇപ്പോള്‍ അച്ഛേ ദിന്‍ ഉള്ളത്?

Published

|

Last Updated

എന്താണ് ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥ? ഏറ്റവും വലിയ ഭക്തര്‍ക്ക് പോലും ഇക്കാര്യത്തില്‍ ഒരു അച്ഛേദിന്‍ ആണിന്ന് എന്ന് പറയാന്‍ കഴിയില്ല. നാലര വര്‍ഷത്തെ ഭരണം കഴിഞ്ഞ് ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ്? ഇന്ത്യന്‍ രൂപയുടെ വില ചരിത്രത്തില്‍ ഇല്ലാത്ത വിധം താഴേക്ക് പോയിരിക്കുന്നു. ഒരു തമാശയായി പറയുന്നത് പോലെ കളികള്‍ക്ക് മുമ്പ് ടോസ് ചെയ്യുമ്പോള്‍ മാത്രമാണ് നമ്മുടെ നാണയം മുകളിലേക്ക് പോകുന്നത്. ഇത്ര വലിയ ഒരു തകര്‍ച്ച രൂപയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല.

ഇന്ത്യക്കാര്‍ക്കെല്ലാം സുദിനം (അച്ഛേ ദിന്‍) കൊണ്ട് വരും എന്ന വാഗ്ദാനവുമായിട്ടാണല്ലോ നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. ഒരു ജനതക്ക് ഏറ്റവും പ്രധാനമായത് അവരുടെ സാമ്പത്തിക സ്ഥിരതയാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയാണ് ജനതയുടെ അവസ്ഥയും നിശ്ചയിക്കുന്നത്. എന്താണ് ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥ? ഏറ്റവും വലിയ ഭക്തര്‍ക്ക് പോലും ഇക്കാര്യത്തില്‍ ഒരു അച്ഛേദിന്‍ ആണിന്ന് എന്ന് പറയാന്‍ കഴിയില്ല. നാലര വര്‍ഷത്തെ ഭരണം കഴിഞ്ഞ് ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ്? ഇന്ത്യന്‍ രൂപയുടെ വില ചരിത്രത്തില്‍ ഇല്ലാത്ത വിധം താഴേക്ക് പോയിരിക്കുന്നു. ഒരു തമാശയായി പറയുന്നത് പോലെ കളികള്‍ക്ക് മുമ്പ് ടോസ് ചെയ്യുമ്പോള്‍ മാത്രമാണ് നമ്മുടെ നാണയം മുകളിലേക്ക് പോകുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഡോളറിന് 65 രൂപ ആയിരുന്നത് ഇപ്പോള്‍ 75 രൂപക്കടുത്തായി. ഇത്ര വലിയ ഒരു തകര്‍ച്ച രൂപയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ നാണയത്തിന്റെ ബലം അവരുടെ സാമ്പത്തിക ശക്തിയെ കാണിക്കുന്നു എന്ന് പറയാം.

മോദി അധികാരത്തിലെത്തുമ്പോള്‍ പറഞ്ഞിരുന്നത് ഒരു ലിറ്റര്‍ പെട്രോളിന് 50 രൂപക്ക് നല്‍കുമെന്നായിരുന്നു. ലോകത്ത് ഏറ്റവും ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഉണ്ടായിരുന്നത് 2008 ലാണ്, ബാരലിന് 148.11 ഡോളര്‍. അന്ന് ഇന്ത്യയിലെ പെട്രോള്‍ വില 60 രൂപയില്‍ താഴെ മാത്രം. മോദി അധികാരത്തില്‍ ഇരുന്ന കാലത്ത് ക്രൂഡ് വില ഏതാണ്ട് അഞ്ചിലൊന്നായി കുറഞ്ഞു, 30 ഡോളറില്‍ താഴെ. എന്നിട്ടും പെട്രോളിന് ഒരു രൂപ പോലും കുറഞ്ഞില്ല. മാത്രവുമല്ല, ഡീസലിനുള്ള വിലനിയന്ത്രണം കൂടി എടുത്തുകളയുകയും ചെയ്തു. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ 12 പ്രാവശ്യം എക്‌സൈസ് തീരുവ കൂട്ടി. ഇപ്പോള്‍ ക്രൂഡിന്റെ വില 2008 ന്റെ പാതിയാണ്. പക്ഷേ പെട്രോള്‍ വില 85 രൂപക്കടുത്താണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോള്‍ ചില്ലറ ഇളവുകള്‍ നല്‍കും. പക്ഷേ, ദിവസങ്ങള്‍ക്കകം അത് പഴയ അവസ്ഥ എത്തും.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കൂട്ടുമെന്നും മൊത്ത ആഭ്യന്തര ഉത്പാദനം ( ജി ഡി പി) 7 .8 ശതമാനത്തില്‍ എത്തുമെന്നും മറ്റും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുമ്പോള്‍ അവരുടെ ഏറ്റവും അടുത്ത കോര്‍പറേറ്റുകള്‍ പോലും അതൊരു തമാശയായി മാത്രമേ എടുക്കൂ. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ പെട്ട 78 എണ്ണം പാപ്പര്‍ പട്ടികയിലായിരിക്കുന്നു. അതില്‍ 20 എണ്ണം ദേശീയ കമ്പനി ട്രിബ്യൂണല്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശിച്ചിരിക്കുന്നു.

വൈദ്യുതി ഉത്പാദന മേഖലയിലെ 30 വന്‍ കമ്പനികള്‍ ഏതു ദിവസവും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനി സമയം നല്‍കാന്‍ കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി വിധിച്ചതിനാല്‍ ആണിത്. ഇവരുടെ വീട്ടാക്കട ബാധ്യത 1,40,000 കോടി രൂപയായിരുന്നു. ഇതില്‍ മൂന്നെണ്ണം ടാറ്റ, അദാനി, എസ്സാര്‍ മഹാഭീമന്മാരാണ്. ഇവക്കു പുറമെ മറ്റു 92 കമ്പനികള്‍ അറവുശാലക്കടുത്തതാണ്, ആറ് മാസത്തിലധികമായി അവരുടെ കടം തിരിച്ചടവ് മുടങ്ങിക്കിടക്കുന്നു. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ഭീമന്‍ കമ്പനികളുടെ 3,16,500 കോടി രൂപക്കുള്ള വായ്പകള്‍ എഴുതിത്തള്ളിയതിന് ശേഷമുള്ള അവസ്ഥയാണിത്. ചെറുകിട കമ്പനികളുടെ വായ്പാ കുടിശ്ശിക കഴിഞ്ഞ ഒരൊറ്റ വര്‍ഷം കൊണ്ട് ഇരട്ടിയായിരിക്കുന്നു. ഈ രോഗം സാമ്പത്തിക സ്ഥാപനങ്ങളെയും ബാധിച്ചിരിക്കുന്നു. ആ രംഗത്തെ അതിഭീമമായ ഐ എല്‍ ആന്റ് എഫ് എസ് എന്ന സ്ഥാപനത്തിലെ തകര്‍ച്ച ഓഹരിക്കമ്പോളത്തെ തകര്‍ത്തിരുന്നു. വിദേശ കമ്പനികള്‍ ഓഹരി വിട്ടു കളയുന്നു. ഇതോടെ രൂപയുടെ മൂല്യവും താഴുന്നു. ഇത് വിലക്കയറ്റത്തിനും വഴിവെക്കുന്നു.

രൂപയുടെ വില കുറഞ്ഞപ്പോള്‍ പതിവ് ന്യായീകരണക്കാര്‍ ചില പതിവ് കാരണങ്ങളുമായി എത്തി. ക്രൂഡിന്റെ വില വര്‍ധനവ്, യു എസ പലിശനിരക്കില്‍ വരുത്തിയ കുറവ്, അന്താരാഷ്ട്ര കുഴപ്പങ്ങള്‍ തുടങ്ങിയുള്ള ഒരു ന്യായങ്ങളും സമര്‍ഥിക്കാന്‍ അവര്‍ക്കായില്ല. ഈ തകര്‍ച്ച മറച്ചു പിടിക്കാന്‍ റിസര്‍വ് ബേങ്കും പരമാവധി ശ്രമിച്ചു. നമ്മുടെ വിദേശനാണയത്തിലെ കരുതല്‍ ധനത്തില്‍ നിന്നും 425 ബില്യണ്‍ ഡോളര്‍ (42,500 കോടി) അവര്‍ കമ്പോളത്തിലിറക്കി. പക്ഷേ, അങ്ങനെ മുറം കൊണ്ട് തടയാവുന്ന ഒന്നായിരുന്നില്ല തകര്‍ച്ചയുടെ അണപൊട്ടല്‍. ഇത് വഴി ഇന്ത്യയുടെ വിദേശ വ്യാപാരത്തിലെ വിടവ് വളരെ കൂടി. സര്‍ക്കാറിന്റെ ധനക്കമ്മി കൂടി. വികസനമൂലധന ചെലവുകള്‍ കുറക്കേണ്ടതായി വന്നു. ഇതിനെ തടയാന്‍ ചില ദുര്‍ബല മാര്‍ഗങ്ങള്‍ കണ്ടെത്തി. അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുക എന്നതായിരുന്നു അതിലൊന്ന്. വിചിത്രമായ തീരുമാനങ്ങളാണ് ഇതില്‍ എടുത്തത്. ഉദാഹരണം പറയാം. വാഷിംഗ് മെഷീന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഉള്ള കസ്റ്റംസ് തീരുവ കൂട്ടി, പക്ഷേ, അത് പത്ത് കിലോയില്‍ താഴെ ഉള്ളവക്ക് മാത്രം. പത്ത് കിലോക്കു മുകളില്‍ ഉള്ളവ അവശ്യ ഉത്പന്നമാണോ? ചുരുക്കത്തില്‍ ജനങ്ങളെ ദ്രോഹിച്ചിട്ടു പോലും രാജ്യത്തെ സാമ്പത്തികസ്ഥിതി തകരുകയാണ്. മുന്‍കാലങ്ങളില്‍ ജനങ്ങള്‍ അല്‍പം ഭാരം വഹിച്ചാലും രാജ്യം രക്ഷപ്പെടുമെന്നായിരുന്നു. പക്ഷേ, ഇപ്പോള്‍ രാജ്യവും ജനങ്ങളും ഒരുപോലെ ദുരിതത്തിലായി.

യഥാര്‍ഥത്തില്‍ 2008ല്‍ ഉണ്ടായ മാന്ദ്യത്തില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടു എന്ന അവകാശവാദം എത്രമാത്രം പൊള്ളയായിരുന്നു എന്നും അത് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചുകൊണ്ടായിരുന്നു എന്നും ഇപ്പോള്‍ ബോധ്യമാകുന്നു. അതിനും ഒന്നര പതിറ്റാണ്ട് മുമ്പ് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാകുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ട് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ നികുതിപ്പണവും സാധാരണ ജനങ്ങള്‍ പൊതുമേഖലാ ബേങ്കുകളില്‍ നിക്ഷേപിച്ച പണവും ദുര്‍വ്യയം ചെയ്തുകൊണ്ടായിരുന്നു എന്ന സത്യം മറച്ചുവെക്കപ്പെട്ടു. അന്നത്തെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച ഒരു കുമിളയായിരുന്നു. അതിന്റെ മറവില്‍ വലിയ പല തട്ടിപ്പുകളും നടന്നു. അതില്‍ ചെലവ് മാത്രമേ പുറത്തുവന്നുള്ളൂ, എന്റോണ്‍, ഹര്‍ഷദ് മേത്ത തുടങ്ങി ടു ജി വരെ അതില്‍ പെടുന്നു. രാഷ്ട്രീയ കോര്‍പറേറ്റ് ശക്തികള്‍ തടിച്ചു കൊഴുത്തു. പൊതുമേഖലാ ബേങ്കുകള്‍ പാപ്പരായത് നമ്മള്‍ കണ്ടില്ല. മല്ലയ്യമാരും നീരവ് മോദിമാരും ചോര്‍ത്തിയതിന് കണക്കുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നു. സാധാരണ മുതലാളിത്തമല്ല ക്രോണി അഥവാ ചങ്ങാത്ത മുതലാളിത്തമാണിവിടെ വാഴുന്നത്. ബേങ്കുകളുടെ ഈ ദുരവസ്ഥ മറച്ചുപിടിക്കാന്‍ വേണ്ടിയാണ് 2016 നവംബര്‍ എട്ടിന് നിലവിലുള്ള കറന്‍സിയുടെ 86 ശതമാനം വരുന്ന 500, 1000 രൂപ നോട്ടുകള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ബേങ്കുകള്‍ തകരുമായിരുന്നു, അതിന്റെ കാരണക്കാരായ ഒമ്പത് ലക്ഷം കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാന്‍ വൈകുന്ന കോര്‍പറേറ്റുകളുടെ മുഖം വെളിച്ചത്ത് വരുമായിരുന്നു. അവരില്‍ നിന്നും കടത്തിന്റെ ഒരു ഭാഗം തിരിച്ചു പിടിക്കണം എന്നാവശ്യപ്പെട്ട അന്നത്തെ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ ഒഴിവാക്കി റിലയന്‍സിന്റെ ഉദ്യോഗസ്ഥനായിരുന്ന ഊര്‍ജിത് പട്ടേലിനെ ആ സ്ഥാനത്തിരുത്തിയതും എന്തിനായിരുന്നു എന്ന് വ്യക്തം. തിരിച്ചു കിട്ടാനുള്ള തുകയുടെ ഏഴിലൊന്ന് വരുന്ന ഒന്നേകാല്‍ ലക്ഷം കോടി രൂപ നല്‍കേണ്ടത് റിലയന്‍സായിരുന്നു എന്നും ഓര്‍ക്കാം.

ഇന്ത്യയിലെ മൂലധന മുതല്‍മുടക്ക് വലിയ തോതില്‍ കുറയുന്നു എന്നും അതിന്റെ ഫലമായി സാമ്പത്തിക തകര്‍ച്ച ഉണ്ടാകുമെന്നും 2018ലെ സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ തന്നെ കാണിക്കുന്നുണ്ട്. ഇതെങ്ങനെയെല്ലാം സമ്പദ്ഘടനയെ ബാധിക്കുന്നു എന്നും സര്‍വേ പറയുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് തൊഴില്‍ മേഖലയിലുണ്ടാകുന്ന ഇടിവാണ്. അത് വഴി ഉണ്ടാകുന്ന തൊഴിലില്ലായ്മയാണ്. കമ്പോളത്തിലെ ആവശ്യങ്ങള്‍ കുറയുന്നു. ഇതുവഴി ഉത്പാദനത്തില്‍ കുറവുണ്ടാകുന്നു. സര്‍ക്കാറിന് കിട്ടുന്ന റവന്യൂ വരുമാനം കുറയുന്നു. അടിസ്ഥാന സൗകര്യമേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ കുറയുന്നു. ഇതെല്ലാം വഴി ഉത്പന്നങ്ങളുടെ വില കൂടുന്നു, മത്സരശേഷിയും അത് വഴി കയറ്റുമതിയും കുറയുന്നു. ഇത് ഔപചാരിക തൊഴില്‍ മേഖലയിലാണ് ആദ്യം പ്രകടമാകുക. എന്നാല്‍ അതുമായി ജൈവമായി പരോക്ഷബന്ധമുള്ള അനൗപചാരിക മേഖലയിലും തളര്‍ച്ച ഉണ്ടാകുന്നു. അനൗപചാരിക മേഖലക്ക് ഈ ആഘാതം താങ്ങാനുള്ള ശേഷി വളരെ കുറവാണ്. അതുണ്ടാക്കുന്ന സാമൂഹികാഘാതം വളരെ ഗുരുതരമാണ്. രാഷ്ട്രീയമായി ദോഷകരമെന്നു കണ്ടാല്‍ സര്‍ക്കാര്‍ ഇടപെടേണ്ടി വരും. അതുസര്‍ക്കാറിന്റെ കമ്മി വര്‍ധിപ്പിക്കും. അത് വഴി രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകും. വിദേശ കടബാധ്യത വര്‍ധിക്കും. ഇതൊരു ദൂഷിതവലയമായി തുടരും.

നോട്ടു പിന്‍വലിക്കലിന് രണ്ട് വയസ്സാകുന്നു. ഇന്നത്തെ പ്രതിസന്ധി ഇത്രക്കും രൂക്ഷമാക്കിയത് ആ നടപടിയാണെന്ന് ആര്‍ക്കും ബോധ്യമാകും. ഏറ്റവും വലിയ ആഘാതം ജനങ്ങളില്‍ ഏല്‍പ്പിച്ച ഒരു നടപടി ആയിരുന്നു അത്. 95 ശതമാനം ഇടപാടുകളും പണത്തിലൂടെ നടക്കുന്ന ഒരു രാജ്യത്തെ 86 ശതമാനം പണവും പിന്‍വലിക്കപ്പെട്ടാല്‍ എന്ത് സംഭവിക്കും എന്നറിയാത്തവരല്ലല്ലോ ഭരണകര്‍ത്താക്കള്‍. പണം കിട്ടാന്‍ ക്യൂ നിന്ന് വലഞ്ഞ ജനകോടികള്‍, അതില്‍ മരിച്ചവര്‍, ചികിത്സ കിട്ടാത്തവര്‍, വിദ്യാഭ്യാസം, വിവാഹം, ഗൃഹനിര്‍മാണം, തൊഴില്‍, വ്യാപാരം മുതലായവക്ക് തടസ്സം നേരിട്ടവര്‍… അതിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യവും നേടിയെന്ന് നടപ്പാക്കിയവര്‍ പോലും ഇന്നവകാശപ്പെടുന്നില്ല. പനരൂപത്തില്‍ ഇന്നാട്ടില്‍ കേവലം ആറ് ശതമാനം മാത്രമേയുള്ളൂ എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന കള്ളപ്പണത്തില്‍ എത്ര കണ്ടെത്തി? മൊത്തം കറന്‍സിയില്‍ 0 .02 ശതമാനം മാത്രമുള്ള കള്ളനോട്ട് പിടിക്കാന്‍ 86 ശതമാനം നോട്ടുകളുമില്ലാതാക്കുക എന്നതിന് എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നതിനേക്കാള്‍ ബുദ്ധിശൂന്യമെന്നേ പറയാന്‍ കഴിയൂ. നശിച്ചു പോയതും മറ്റും കൂടി കണക്കാക്കിയാല്‍ സര്‍ക്കാര്‍ അടിച്ചതിനേക്കാള്‍ കൂടുതല്‍ കറന്‍സി തിരിച്ചെത്തി എന്ന് പറയുമ്പോള്‍ അതില്‍ കള്ളനോട്ടും നല്ല നോട്ടാക്കി മാറ്റി എന്നുതന്നെ കരുതേണ്ടിവരും. പിന്നെ തീവ്രവാദാക്രമണം കുറക്കുക എന്ന ലക്ഷ്യത്തെപ്പറ്റി ഇന്ന് പറയേണ്ടതില്ലല്ലോ.

പക്ഷേ, ഈ നടപടി നമ്മുടെ തൊഴില്‍മേഖലയെയും മൊത്തം ഉത്പാദനത്തെയും അതുവഴി ജനജീവിതത്തെയും എത്രമാത്രം ബാധിച്ചു എന്ന വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പണത്തിന്റെ ഇല്ലായ്മ കൊണ്ട് ഏറ്റവുമധികം ബാധിച്ച മൂന്ന് പ്രധാന മേഖലയും അവ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും മാത്രം ഇവിടെ പരിശോധിക്കാം. കൃഷി, വ്യാവസായിക ഉത്പാദനം, നിര്‍മാണം എന്നിവയാണത്. രാജ്യത്തെ തൊഴിലിന്റെ മുക്കാല്‍ പങ്കും ഈ മേഖലകളില്‍ നിന്നാണ് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഈ മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാകുന്ന മൊത്തം മൂല്യ വര്‍ധനവ് രാജ്യത്തെ മൊത്തം മൂല്യവര്‍ധനവിന്റെ പകുതിയില്‍ മേലെയാണ്. നോട്ടു പിന്‍വലിക്കലിന് മുമ്പ് വരെ ഈ മേഖലയിലെ മൊത്തം മൂല്യവര്‍ധനവിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് എട്ട് ശതമാനത്തിനടുത്തായിരുന്നു. എന്നാല്‍, 2016 നവംബറിന് ശേഷം അത് കേവലം 4.6 ശതമാനമായി താഴ്ന്നു. ഇത് മാത്രം മൂലം രാജ്യത്തെ ജി ഡി പി വളര്‍ച്ചാനിരക്കില്‍ ഒന്നര ശതമാനത്തിലധികം ഇടിവുണ്ടായി. ഇതു മൂലം ഉണ്ടാകുന്ന തൊഴില്‍ നഷ്ടം അനേക കോടികളുടെ ജീവിതം തകര്‍ത്തു. ഇതുപോലെ തന്നെ മറ്റൊരാഘാതമായിരുന്നു ജി എസ് ടി നടപ്പാക്കല്‍. ഗ്രാമീണ അനൗപചാരിക മേഖലകളെ അത് വീണ്ടും തകര്‍ത്തു. ചുരുക്കത്തില്‍ കടം തിരിച്ചടക്കാതെ അന്യരാജ്യത്തേക്ക് കടന്ന് ജീവിതം ആസ്വദിക്കുന്ന മല്യമാര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും മാത്രമാണ് ഇപ്പോള്‍ അച്ഛേ ദിന്‍ ഉള്ളത്. ശബരിമലയും സിനിമയിലെ സ്ത്രീപ്രശ്‌നങ്ങളും റാഫേലും ഒക്കെ പ്രധാനം തന്നെ. പക്ഷേ എല്ലാ ജനങ്ങളെയും ബാധിക്കുന്ന സമ്പദ്ഘടനയുടെ തകര്‍ച്ച നാം മറന്നു പോകുന്നത് ശരിയോ?

Latest