ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം

Posted on: October 13, 2018 10:20 am | Last updated: October 13, 2018 at 11:52 am

കോഴിക്കോട്: പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതുമായ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഇനിമുതല്‍ കര്‍ശന നടപടി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഏജന്‍സികളും സംഘടനകളും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി കൂടാതെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. അനുമതി കൂടാതെ ഇത്തരത്തില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ റോഡില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതായും കണ്ടെത്തിയിരുന്നു.

ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ അനധികൃതമായി സ്ഥാപിക്കുന്നത് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ് ഇത് പരിശോധിക്കേണ്ടത്.
ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് മുമ്പായി അതിലെ ഉള്ളടക്കത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ചേര്‍ത്ത് മുന്‍കൂറായി തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബീഭത്സമായ രംഗങ്ങള്‍ ചിത്രീകരിക്കുന്നതുമായ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല. യാത്രക്കാ ര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാത്ത ഇടങ്ങളില്‍ മാത്രമേ ഇനിമുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതിയുള്ളൂ. നടപ്പാതയിലും നടപ്പാതക്ക് ഇരുവശവും വളവുകളിലും പാലങ്ങളിലും റോഡുകള്‍ക്ക് കുറുകെ ഗതാഗത തടസ്സം ഉണ്ടാക്കുന്ന വിധത്തിലും ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാന്‍ പാടില്ല. ഇതിന് വിരുദ്ധമായി സ്ഥാപിച്ച ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും സ്ഥാപിച്ചവര്‍ക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും സംസ്ഥാന തദ്ദേശസ്വയംഭരണ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോര്‍ഡുകള്‍ ഈ മാസം 15ന് മുമ്പായി നീക്കം ചെയ്യണം. ബോര്‍ഡുകള്‍ നീക്കം ചെയ്തത് സംബന്ധിച്ച് ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനവും ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഈമാസം 25ന് മുമ്പായി റിപ്പോര്‍ട്ട് നല്‍കണം. അനുമതിയോടെ സ്ഥാപിക്കുന്ന ബോര്‍ഡുകളും ബാനറുകളും ഉപയോഗം അവസാനിക്കുന്ന തീയതിക്ക് ശേഷം പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ സ്ഥാപിച്ചവര്‍ തന്നെ എടുത്തുമാറ്റണം. ഈ ദിവസത്തിന് ശേഷവും എടുത്തുമാറ്റാത്ത ബോര്‍ഡുകള്‍ പഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്യുകയും അതിനു വേണ്ടിവരുന്ന ചെലവുകള്‍ സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും. ഫൈനുള്‍പ്പെടെ നിയമനടപടികളും സ്വീകരിക്കും. തീയതി വെച്ചുള്ള പ്രോഗ്രാം ബാനറുകള്‍ക്ക് പ്രോഗ്രാം അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും തീയതി വെക്കാതെയുള്ള പരസ്യങ്ങള്‍ക്ക് പരമാവധി 60 ദിവസം പിന്നിട്ടുള്ള തീയതി ഉപയോഗം അവസാനിച്ച തീയതിയായും കണക്കാക്കും. പരസ്യം കൂടുതല്‍ സമയത്തേക്ക് നിലനിര്‍ത്തണമെങ്കില്‍ ഇത് സംബന്ധിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിയോട് അനുമതി വാങ്ങണം. 1994ലെ പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 209(സി) പ്രകാരം അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്.

1994ലെ മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 275 പ്രകാരം അനധികൃത ബോര്‍ഡുകളും ബാനറുകളും കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി സെക്രട്ടറിക്കും നീക്കം ചെയ്യാം. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ ഇത് സംബന്ധിച്ച നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.