നജ്മല്‍ ബാബുവിന്റെ മരണവും യുക്തിവാദികളുടെ മരണാനന്തര ജീവിതവും

യുക്തിവാദികള്‍ നജ്മല്‍ ബാബുവിന്റെ മയ്യിത്ത് കത്തിച്ചാണ് അവരുടെ പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നജ്മല്‍ ബാബുവിന് വേണ്ടി വാദിച്ചവര്‍ അവരുടെ ആഗ്രഹം നടപ്പിലാക്കാന്‍ കഴിയാതെ പോയതിലെ നാണക്കേടും പ്രതിസന്ധിയും മറികടക്കാന്‍ ശ്രമിച്ചത് നജ്മല്‍ ബാബുവിന്റെ ഇസ്‌ലാം തിരഞ്ഞെടുപ്പും ഖബറടക്കപ്പെടാനുള്ള ആഗ്രഹവും രാഷ്ട്രീയ തീരുമാനമായിരുന്നു എന്ന നൂലില്‍ തൂങ്ങിപ്പിടിച്ചാണ്. 'യുക്തിവാദം ഒരു കപട ഹൈന്ദവ വാദമാണ്' എന്നാണു നജ്മല്‍ ബാബു ജീവിത കാലത്തു പറഞ്ഞത്. 'രാഷ്ട്രീയ ഇസ്‌ലാം' ഒരു കപട യുക്തിവാദമാണ് എന്നാണോ ആ മരണം നമ്മെ ഓര്‍മിപ്പിച്ചത്?
Posted on: October 13, 2018 8:56 am | Last updated: October 12, 2018 at 9:58 pm

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ മരണപ്പെട്ട നജ്മല്‍ ബാബുവിന്റെ മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണല്ലോ. ഏറ്റവും ഒടുവില്‍ കൊടുങ്ങല്ലൂരില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന് ‘ജോയോര്‍മ്മ പെരുന്നാള്‍’ എന്ന പേരിട്ടതിനെ ചൊല്ലിയും ‘മതരഹിതമായി ദഹിപ്പിച്ച മൃതദേഹം’ അഞ്ചാം ദിവസം തന്നെ കടലില്‍ നിമഞ്ജനം ചെയ്തതു ഏത് മതാചാരപ്രകാരമാണെന്നുള്ള ചോദ്യങ്ങളും നജ്മല്‍ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും എന്നതിന്റെ സൂചനകളാണ്. താന്‍ മരണപ്പെട്ടാല്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ ഇസ്‌ലാമികാചാരപ്രകാരം മറവുചെയ്യണം എന്ന നജ്മല്‍ ബാബുവിന്റെ ആഗ്രഹവും ആവശ്യവും ആണല്ലോ വിവാദത്തിന്റെ കാതല്‍. പക്ഷേ, ആ ആഗ്രഹം നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, യുക്തിവാദികള്‍ എന്നവകാശപ്പെടുന്ന അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ മയ്യിത്തില്‍ അവകാശവാദമുന്നയിക്കുകയും പോലീസും മറ്റു അധികാരികളും അതനുവദിക്കുകയും സഹോദരന്റെ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു.

ടി എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന്റെ രാഷ്ടീയ ഭൂതകാലമാണ് മരണത്തിനു ശേഷം തന്റെ ശരീരം എങ്ങനെ ആയിരിക്കണം പരിപാലിക്കപ്പെടേണ്ടത് എന്നതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ പലര്‍ക്കും എളുപ്പത്തില്‍ ദഹിക്കാത്ത ഒന്നാക്കി മാറ്റിയത്. ആ ദഹനക്കേട് അദ്ദേഹത്തിന്റെ മയ്യിത്ത് ദഹിപ്പിക്കുന്നതിലൂടെ മറികടക്കാന്‍ കഴിയും എന്നായിരിക്കണം യുക്തിവാദി സഹോദരങ്ങള്‍ കരുതിയത്. ഇവരുടെ വാദത്തില്‍ യുക്തി എത്രയുണ്ട്, വാദങ്ങള്‍ എത്രയുണ്ട് എന്നതു വേറൊരു ചര്‍ച്ച തന്നെയാണ്. പക്ഷേ, യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരുടെ പൊള്ളത്തരങ്ങളെ, അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ, ആത്മവിശ്വാസമില്ലായ്മകളെ നജ്മല്‍ ബാബുവിന്റെ മരണവും മരണാനന്തര ക്രിയകളും വേണ്ടുവോളം അടയാളപ്പെടുത്തുന്നുണ്ട്. അതില്‍ പ്രധാനം, യുക്തിവാദികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖല മരണാനന്തര ജീവിതത്തിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടി വന്നു എന്നതാണ്. മരണമെന്നത് ജീവശാസ്ത്രപരമായ ഒരുപ്രതിഭാസം മാത്രമാണെന്നും അതോടെ എല്ലാം തീരുമെന്നുമുള്ള അവരുടെ യുക്തിബോധത്തെ പ്രഹരിച്ചുകൊണ്ടാണല്ലോ നജ്മല്‍ ബാബുവിന്റെ മയ്യിത്ത് സഹോദരന്റെ വീടിന്റെ തെക്കേപറമ്പില്‍ കത്തിയമര്‍ന്നത്. നജ്മല്‍ ബാബുവിന്റെ ജീവിതത്തെക്കാളേറെ, അദ്ദേഹത്തിന്റെ മരണാനന്തര ജീവിതം അവരെ വിളറിപിടിപ്പിച്ചതിന്റെ താത്പര്യവും മറ്റൊന്നായിരിക്കാന്‍ തരമില്ല. അതല്ലാതെ നജ്മല്‍ ബാബുവിനെ മരണാനന്തര ലോകത്തേക്ക് ടി എന്‍ ജോയിയാക്കി തന്നെ പറഞ്ഞയക്കണം എന്ന പിടിവാശി അവര്‍ക്ക് ഉണ്ടാകേണ്ടതില്ലല്ലോ. മരണശേഷവും അവരുടെ ടി എന്‍ ജോയി മുസ്‌ലിമായിട്ടായിരിക്കുമോ ജീവിക്കുക എന്നതല്ല, മരണശേഷമായിരിക്കും ജോയി യഥാര്‍ഥത്തില്‍ തന്റെ മുസ്‌ലിം ജീവിതം ജീവിക്കുക എന്ന ആശങ്കയാണ് ജീവിതത്തില്‍ പിടികൂടാന്‍ കഴിയാത്ത നജ്മല്‍ ബാബുവിനെ മരണത്തില്‍ പിടികൂടാന്‍ യുക്തിവാദികളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

നജ്മല്‍ ബാബു ഇസ്‌ലാമിനെ കുറിച്ചുള്ള തന്റെ ആലോചന തുടങ്ങിയത് തന്നെ ഖബറിടത്തെ കുറിച്ചുള്ള ആലോചനയില്‍ നിന്നാണ്. മുസ്‌ലിം ആകുന്നതിനും മുമ്പ് തന്നെ ജോയിയുടെ ആലോചന മരണ ശേഷം ജീവിക്കാനുള്ള സ്ഥലത്തെ കുറിച്ചായിരുന്നു. ആ സ്ഥലം ചേരമാന്‍ പള്ളിയിലെ ഖബറിടം ആയിരിക്കണം എന്ന ആഗ്രഹമാണ് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് തന്നെ കൂടുതല്‍ അടുപ്പിക്കുന്നത്. തന്റെ മരണാനന്തര ജീവിതത്തെ മനോഹരമാക്കാന്‍ വേണ്ടിയാണ് ടി എന്‍ ജോയി ഇസ്‌ലാമിനെ തിരഞ്ഞെടുത്തത് എന്നു പറഞ്ഞാല്‍ ഒട്ടും തെറ്റാവില്ല. കാരണം മരണാനന്തരം തന്റെ ഭൗതിക ശരീരത്തെ എങ്ങനെ പരിപാലിക്കണം എന്നതിനെ കുറിച്ചുള്ള ആലോചനയാണ് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മുന്നില്‍ ടി എന്‍ ജോയി ആദ്യമായി വെച്ചത്. ഇസ്‌ലാമിക വിശ്വാസപ്രകാരവും അതങ്ങനെ തന്നെയാണല്ലോ. മരണാനന്തര ജീവിതം നന്നാക്കിയെടുക്കാന്‍ വേണ്ടി മരണത്തിനു മുമ്പുള്ള ജീവിതത്തില്‍ ഒരുക്കങ്ങള്‍ നടത്തുക എന്നാണല്ലോ മുസ്‌ലിംകളോടുള്ള ഇസ്‌ലാമിന്റെ ആഹ്വാനം.

എന്നാല്‍, ഫാസിസത്തിന്റെ കാലത്തെ കേവലം ഒരു രാഷ്ട്രീയ തീരുമാനം മാത്രമായി അതിനെ ചുരുക്കിക്കാണാനാണ് പലര്‍ക്കും താത്പര്യവും സൗകര്യവും. യുക്തിവാദികള്‍ നജ്മല്‍ ബാബുവിന്റെ മയ്യിത്ത് കത്തിച്ചാണ് അവരുടെ പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചത്. എന്നാല്‍, നജ്മല്‍ ബാബുവിന് വേണ്ടി വാദിച്ചവര്‍ അവരുടെ ആഗ്രഹം നടപ്പിലാക്കാന്‍ കഴിയാതെ പോയതിലെ നാണക്കേടും പ്രതിസന്ധിയും മറികടക്കാന്‍ ശ്രമിച്ചത് നജ്മല്‍ ബാബുവിന്റെ ഇസ്‌ലാം തിരഞ്ഞെടുപ്പും ഖബറടക്കപ്പെടാനുള്ള ആഗ്രഹവും രാഷ്ട്രീയ തീരുമാനമായിരുന്നു എന്ന നൂലില്‍ തൂങ്ങിപ്പിടിച്ചാണ്. രണ്ടു കൂട്ടര്‍ക്കും തങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞത് നജ്മല്‍ ബാബുവിന്റെ മയ്യിത്ത് കത്തിച്ചതിലൂടെയാണ്. ഒരു കൂട്ടര്‍ക്ക് മതം മാറ്റമായിരുന്നു രാഷ്ട്രീയ തീരുമാനമെങ്കില്‍ മറ്റേ കൂട്ടര്‍ക്ക് മതം മാറിയ ശരീരം കത്തിക്കലായിരുന്നു രാഷ്ട്രീയ തീരുമാനം. അങ്ങനെ രണ്ട് രാഷ്ട്രീയ തീരുമാനങ്ങളുടെ വിജയമായി നജ്മല്‍ ബാബുവിന്റെ ജീവിതവും മരണവും പകുത്തെടുക്കപ്പെട്ടു. അതുകൊണ്ടുതന്നെ, ചേരമാന്‍ പെരുമാള്‍ പള്ളിയില്‍ തല്‍ഖീന്‍ ചൊല്ലി ആ മയ്യിത്ത് മറമാടിയിരുന്നെങ്കില്‍ യുക്തിവാദികള്‍ മാത്രമായിരുന്നില്ല പരാജയപ്പെടുക, മതവും മതം മാറ്റവും മരണാനന്തര ജീവിതവുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനമായി കരുതിപ്പോരുന്ന ഈ രാഷ്ട്രീയ വാദികള്‍ കൂടി ആയിരുന്നു. അതുകൊണ്ടാണല്ലോ ജമാഅത്തെ ഇസ്‌ലാമി നേതാവ് ഖാലിദ് മൂസാ നദ്‌വിക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നത്: ‘നജ്മല്‍ ബാബു വിഷയം ഒരു മത വിഷയമേയല്ല. ഖബറടക്കപ്പെടാനുള്ള ഒരു മുസ്‌ലിമിന്റെ അധികാരത്തെ ആരും കൈയേറിയ വിഷയവുമല്ല നജ്മല്‍ ബാബു വിഷയം. നജ്മല്‍ ബാബുവിന്റെ ഇസ്‌ലാം സ്വീകരണം ഒരു മതംമാറ്റവും ആയിരുന്നില്ല. മറിച്ച് ബാബു തന്നെ വ്യക്തമാക്കിയത് പോലെ അതൊരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. പ്രസ്തുത രാഷ്ട്രീയത്തെ ഉള്‍കൊള്ളാന്‍ കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് കഴിഞ്ഞുവെന്നതാണ് മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ വിജയം. മൃതദേഹത്തിന് മേല്‍ ഒരു അവകാശവാദവും ഉന്നയിക്കാന്‍ മുസ്‌ലിം സമൂഹം മുതിരാതിരുന്നത് ഉയര്‍ന്ന രാഷ്ടീയ പക്വതയുടെ അടയാളം തന്നെയാണ്. നജ്മല്‍ ഖബറിടത്തില്‍ മറമാടപ്പെടേണ്ടത് നജ്മലിന്റെ ആവശ്യമായിരുന്നു, നജ്മലിന്റെ രാഷ്ട്രീയ ആവശ്യം. ഒരു രാഷ്ട്രീയ ആവശ്യത്തെ മുദ്ര പേപ്പറില്‍ അടക്കം ചെയ്യണമെന്ന് പറയുന്നതില്‍ കാര്യമൊന്നുമില്ല. ശരീരത്തില്‍ ജീവനുള്ള കാലത്ത് ഒരു പൗരന്‍ ഉയര്‍ത്തിയ രാഷ്ട്രീയ വ്യക്തിത്വത്തെ ജീവനില്ലാത്ത ശരീരം പിടിച്ചെടുത്ത് റദ്ദ് ചെയ്യാന്‍ മാത്രം പിന്തിരപ്പന്‍മാരാണ് ഇടതു യുക്തിവാദികളായ തന്റെ ബന്ധുക്കളെന്ന് നജ്മല്‍ കരുതാതിരുന്നത് അദ്ദേഹത്തിന്റെ കുറ്റമാണോ? ഒരിക്കലുമല്ല. ഇടതു യുക്തിവാദികളുടെ രാഷ്ട്രീയം വലതു സവര്‍ണ ശീലുകളോട് പൊരുതാന്‍ ശേഷിയില്ലാത്തവിധം ജീര്‍ണിച്ചു കിടപ്പാണെന്ന ബോധ്യത്തെ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ആ ചിതയില്‍ നിന്നുയര്‍ന്ന ജ്വാലകള്‍ക്ക് കഴിഞ്ഞിരിക്കുന്നു.’

സത്യത്തില്‍ ആ ചിതയില്‍ നിന്നുയര്‍ന്ന ജ്വാലകള്‍ തന്നെയല്ലേ ഖാലിദ് മൂസ നദ്‌വി പറയുന്ന ‘ഇടതു യുക്തിവാദികളുടെ രാഷ്ട്രീയം വലതു സവര്‍ണ ശീലുകളെ’യും ആഹ്ലാദഭരിതരാക്കിയത്? എന്തുകൊണ്ടാകണം ഈ രണ്ടു കൂട്ടരെയും നജ്മല്‍ബാബുവിന്റെ ചിത രാഷ്ട്രീയമായി ഇത്രമേല്‍ പ്രചോദിപ്പിക്കുന്നത്? ‘ഹിന്ദു ഇടതുപക്ഷ’ത്തിന്റെ വിശ്വാസവും ‘മുസ്‌ലിം വലതുപക്ഷ’ത്തിന്റെ രാഷ്ട്രീയവും ഒന്നാകുന്നതെവിടെയാണ്? ‘വലതുപക്ഷ ഇസ്‌ലാം’ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നതു തന്നെ മക്കയിലെയും മദീനയിലെയും ഖബറിടങ്ങള്‍ തകര്‍ത്തുകൊണ്ടാണ്. തങ്ങള്‍ക്ക് സഊദിയുടെ അധികാരം ലഭിച്ചാല്‍ ആദ്യം ചെയ്യുക മദീനയിലെ റൗളാ ശരീഫ് (പ്രവാചകരുടെ അന്ത്യവിശ്രമ സ്ഥലം) തകര്‍ക്കലായിരിക്കും എന്നു പറഞ്ഞത് കേരളത്തിലെ സലഫീ പ്രസ്ഥാനങ്ങളാണ്. നാടുകാണിയിലെ മഖ്ബറ ഈ മുസ്‌ലിം യുക്തിവാദികളെ അലോസരപ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നല്ലല്ലോ. ആ മഖ്ബറ തകര്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത് ഏതു വിശ്വാസവും രാഷ്ട്രീയവുമായിരിക്കും? ഹിന്ദു യുക്തിവാദികള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല മരണാനന്തര ജീവിതത്തിലേക്ക് കൂടി വ്യാപിപ്പിച്ച ഘട്ടത്തില്‍ തന്നെയാണ് മുസ്‌ലിം യുക്തിവാദികള്‍ മരണാനന്തര ജീവിതത്തില്‍ നിന്നും പ്രവര്‍ത്തനം അവസാനിപ്പിച്ചു മടങ്ങുന്നത് എന്നത് ഒരര്‍ഥത്തില്‍ കൗതുകകരം തന്നെ. ആ കൗതുകങ്ങള്‍ക്കു കൊടുങ്ങല്ലൂരില്‍ പരസ്പരം കണ്ടുമുട്ടാനുള്ള വഴിയൊരുക്കുക കൂടിയായിരുന്നു നജ്മല്‍ ബാബു. മറ്റു പലതിനുമൊപ്പം ഈ രണ്ടു കൂട്ടര്‍ക്കുമിടയിലെ സമാനതകള്‍ മനസ്സിലാക്കാനും അവര്‍ക്കു പരസ്പരം പരിചയം പുതുക്കാനും നജ്മല്‍ ബാബുവിന്റെ മരണം നിമിത്തമായി. ‘യുക്തിവാദം ഒരു കപട ഹൈന്ദവ വാദമാണ്’ എന്നാണ് നജ്മല്‍ ബാബു ജീവിത കാലത്ത് പറഞ്ഞത്. ‘രാഷ്ട്രീയ ഇസ്‌ലാം’ ഒരു കപട യുക്തിവാദമാണ് എന്നാണോ ആ മരണം നമ്മെ ഓര്‍മിപ്പിച്ചത്?

പലരും കരുതുന്നത് പോലെ ഇസ്‌ലാമിലേക്കുള്ള മാറ്റം കേവലം ഫാസിസത്തോടുള്ള രാഷ്ട്രീയ പ്രതികരണം മാത്രമായിരുന്നെങ്കില്‍ മരണാനന്തര ജീവിതത്തെ പ്രതി ആയിരുന്നില്ല ജോയിയുടെ ഇസ്‌ലാമിനെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങേണ്ടിയിരുന്നത്. ഒരാളുടെ ജീവിതത്തില്‍ ഫാസിസം ഉള്‍പ്പടെയുള്ള എല്ലാ രാഷ്ട്രീയ ആവിഷ്‌കാരങ്ങളുടെയും സ്വാധീനം അയാളുടെ അന്ത്യശ്വാസത്തോടെ അവസാനിക്കും. മരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം ആണെന്നതാണ് അക്കൂട്ടര്‍ക്കു നടത്താവുന്ന ഏറ്റവും അവസാനത്തെ പ്രസ്താവന. പക്ഷേ, ജോയി അതിനപ്പുറത്തേക്കു പോയാണ് നജ്മല്‍ ബാബു ആകുന്നത്. അനീതികളോടും അതിക്രമങ്ങളോടും നിരന്തര സമരം നടത്തിയ ആളായിരുന്നു നജ്മല്‍ ബാബു.

ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഏറ്റവും ധൈര്യമാവശ്യമുള്ളതും തനിക്കേറ്റവും ആഹ്ലാദം തരുന്നതുമായ തീരുമാനങ്ങള്‍ എടുത്ത വ്യക്തിയാണ് ടി എന്‍ ജോയി. ജീവിതത്തെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണ് അദ്ദേഹത്തെ കൊണ്ട് ഈ നിലപാടുകള്‍ എടുപ്പിച്ചത്. താന്‍ ജീവിക്കുന്ന ലോകം ഇപ്പോള്‍ ഉള്ളതിനേക്കാളും മെച്ചപ്പെട്ട നിലയില്‍ എത്തണം എന്ന ശുഭാപ്തി വിശ്വാസം. എഴുപതുകളില്‍ അദ്ദേഹത്തെ നക്‌സലൈറ് പ്രസ്ഥാനത്തില്‍ എത്തിച്ചതും പിന്നീട് ട്രേഡ്‌യൂനിയന്‍ മൂവ്‌മെന്റുകളിലും പ്രസാധക സംരംഭങ്ങളിലും ബ്യുട്ടീഷ്യന്‍ ജോലിയിലും അദ്ദേഹത്തെ എത്തിച്ചത് ജീവിതത്തെ കുറിച്ചുള്ള ഈ ശുഭാപ്തി വിശ്വാസമായിരുന്നു.

കേരളത്തിലെ നക്‌സലൈറ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളും സാംസ്‌കാരിക പ്രവര്‍ത്തകനും നിരവധി ദശകങ്ങളായി ഇവിടത്തെ വിവിധങ്ങളായ ജനകീയ മനുഷ്യാവകാശ സമരങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു നജ്മല്‍ ബാബു. അങ്ങനെ ഒരാളുടെ പില്‍ക്കാല ജീവിതം എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില മുന്‍ധാരണകള്‍ ഉണ്ട്. ആ മുന്‍ധാരണകളില്‍ മരണാനന്തര ജീവിതം കടന്നുവരുന്നില്ല തന്നെ. ആ ധാരണയെയാണ് തന്നെ ചേരമാന്‍ പള്ളിയില്‍ ഖബറടക്കണം എന്ന ആവശ്യത്തിലൂടെ ജോയി ആദ്യം തകര്‍ത്തത്. പിന്നീട് ഇസ്‌ലാമിലേക്കുള്ള തന്റെ പരിവര്‍ത്തനത്തിലൂടെയും നജ്മല്‍ ബാബു ആ വെല്ലുവിളിയെ കനപ്പിച്ചു. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ മാത്രമുള്ള കാര്യ ശേഷി നജ്മല്‍ബാബുവിന്റെ കുടുംബമോ സുഹൃത്തുക്കളോ ഇനിയും കൈവരിച്ചിട്ടില്ല എന്ന ദുഃഖകരമായ സത്യം കേരളത്തിന്റെ സാംസ്‌കാരിക ജാഗ്രതയെക്കുറിച്ചും നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുമുള്ള നമ്മുടെ അവകാശ വാദങ്ങളെ കൂടിയാണ് റദ്ദ് ചെയ്യുന്നത്. കേരളത്തിലെ സാംസ്‌കാരിക രംഗത്ത് ഇത്രയും വിപുലമായ സുഹൃത് ശൃംഖയുള്ള ഒരാള്‍ക്കാണ് ഈ ഗതി ഉണ്ടായതെന്ന കാര്യം നമ്മുടെ ആശങ്ക വര്‍ധിപ്പിക്കേണ്ടതാണ്.

പക്ഷേ, തന്റെ മരണാനന്തര ജീവിതത്തെ മനോഹരമാക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തത് ഇസ്‌ലാമിനെയാണ്. ജോയിയുടെ എല്ലാ ‘തമാശ’കളും മനസ്സിലാക്കാന്‍ മത്സരിച്ച സുഹൃത്തുക്കള്‍ക്ക് ആ ‘തമാശ’ മനസ്സിലാക്കാന്‍ കഴിയാതെ പോയി. മറ്റു ചിലരാകട്ടെ, ഫിലിപ് എം പ്രസാദിന്റെ സത്യസായി ഭക്തിയോട് കൂട്ടിച്ചേര്‍ത്ത് ടി എന്‍ ജോയിയുടെ ഇസ്‌ലാമിനെയും സമീകരിക്കാന്‍ ശ്രമിച്ചു. നജ്മല്‍ ബാബു ആയിരുന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, വ്യക്തി സ്വാതന്ത്ര്യത്തിന്റെ വാദമെങ്കിലും ഉയര്‍ത്തി നടപ്പിലാക്കി കൊടുക്കുമായിരുന്ന ആ ആഗ്രഹത്തെ നജ്മല്‍ ബാബുവായതോടെ പലരും കൈയൊഴിഞ്ഞു. അവര്‍ക്ക് ചേരമാന്‍ പള്ളിക്കും തെക്കേപ്പുറത്തെ ചിതക്കും ഇടയിലെ സമവായമായി ഹെല്‍ത്ത് കെയര്‍ ഇന്സ്റ്റിറ്റിയൂട്ട് മാറി. ഇസ്‌ലാമാകുന്നതോടെ ഒരാള്‍ക്ക് വ്യക്തി സ്വാതന്ത്ര്യത്തിന്റെ തണല്‍ പോലും ലഭിക്കില്ലെന്ന് വന്നു. നജ്മല്‍ ബാബുവിന്റെ സുഹൃത്തുക്കള്‍ എന്നു സ്വയം കരുതിപ്പോരുന്ന മുസ്‌ലിംകളാകട്ടെ, അവരുടെ സാമുദായിക ഉത്തരവാദിത്വം കൈയൊഴിഞ്ഞു രാഷ്ട്രീയ പക്വത കാണിക്കാനുള്ള അവസരമായി നജ്മല്‍ ബാബുവിന്റെ മരണത്തെ കണ്ടു. പാരമ്പര്യ യുക്തിവാദികള്‍ ആകട്ടെ അവരുടെ സാമുദായിക താത്പര്യവും ഉത്തരവാദിത്വവും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. ചുരുക്കത്തില്‍ മതം, മതം മാറ്റം എന്നിവയോടുള്ള രണ്ടു കൂട്ടരുടെയും സമീപനങ്ങളുടെ തുടര്‍ച്ച തന്നെയാണ് നജ്മല്‍ ബാബുവിന്റെ ജീവിതത്തോടും മരണത്തോടുമുള്ള സമീപനങ്ങളിലൂടെ പുറത്തേക്കു ചാടി വന്നത്.

(മുഹമ്മദ് ഹാജി എന്ന) സൈമണ്‍ മാസ്റ്ററുടെ മരണ ശേഷം മയ്യിത്ത് അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി മെഡിക്കല്‍ കോളജിനു വിട്ടുകൊടുത്ത ബന്ധുക്കളുടെ നടപടിയില്‍ നജ്മല്‍ ബാബു പ്രതിഷേധിച്ചിരുന്നു. ആ ഗതി തനിക്കും വരുമോ എന്നാശങ്കിക്കുകയും അങ്ങനെ സംഭവിക്കരുത് എന്നാഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, നജ്മല്‍ ബാബുവിനും ആ ഗതി തന്നെ വന്നു. ഇസ്‌ലാമിലേക്ക് മതം മാറി വരുന്നവരുടെ മയ്യിത്തിനോട് സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ചുള്ള ഒരു പ്രത്യേക മാതൃക തന്നെ രൂപപ്പെട്ടുവരികയാണ് എന്നാണോ നാം സംശയിക്കേണ്ടത്? മതം മാറ്റം രാഷ്ട്രീയ തീരുമാനമാണ് എന്നു കരുതുന്നവര്‍ക്കും മരണാനന്തര ശ്രുശൂഷ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് മനസ്സിലാക്കുന്നവര്‍ക്കുമിടയില്‍ ഇക്കാര്യത്തില്‍ ഒരു സമവായം രൂപപ്പെട്ടു വരുന്നുണ്ടോ? മതം മാറ്റം ഒരു രാഷ്ട്രീയ തീരുമാനമാണ് എന്ന വാദമാണ് മയ്യിത്ത് കത്തിക്കുന്നതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കികൊടുക്കുന്നത് എന്നു വരുമ്പോള്‍ പ്രത്യേകിച്ചും.
ഇനിയിപ്പോള്‍, ഇസ്‌ലാമിലെ യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് മരണത്തോടു കൂടിയാണ് എന്ന് നമ്മെ ഓര്‍മപ്പെടുത്തുകയായിരുന്നോ നജ്മല്‍ ബാബു?