Connect with us

Ongoing News

ഹൈദരാബാദ് ടെസ്റ്റ്; വിന്‍ഡീസ് ബാറ്റ് ചെയ്യുന്നു. ഷര്‍ദുല്‍ ഠാക്കൂറിന് അരങ്ങേറ്റം

Published

|

Last Updated

ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റിന് 21 റണ്‍സെടുത്തിട്ടുണ്ട്. കീറണ്‍ പവലിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. അശ്വിന്റെ പന്തില്‍ ജഡേജ പിടിച്ച് പുറത്താക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഷര്‍ദുള്‍ ഠാകുര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. മുഹമ്മദ് ഷാമിക്ക് പകരക്കാരനായാണ് ഠാകൂര്‍ ടീമില്‍ ഇടം നേടിയത്.

പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ

ഹൈദരാബാദ്: ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡറും ഫാസ്റ്റ് ബൗളര്‍ കെമാര്‍ റോചയും ടീമില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നു. ആദ്യ ടെസ്റ്റ് തോറ്റ വിന്‍ഡീസിന് പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റ് ജയിക്കേണ്ടതുണ്ട്.
രാജ്‌കോട്ടില്‍ ഇന്നിംഗ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയം. ഒന്നാം ഇന്നിംഗ്‌സില്‍ മാത്രമായിരുന്നു ഇന്ത്യ ബാറ്റ് ചെയ്തത്. 649 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി ഡിക്ലയര്‍ ചെയ്ത ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് തവണ വിന്‍ഡീസിനെ ആള്‍ ഔട്ടാക്കി.
മികച്ച തുടക്കം ലഭിച്ചതായിരുന്നു രാജ്‌കോട്ടില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. രണ്ടാം ടെസ്റ്റില്‍ ആതിഥേയരെ പറക്കാന്‍ വിടില്ലെന്നാണ് വിന്‍ഡീസ് ആള്‍ റൗണ്ടര്‍ റോസ്റ്റന്‍ ചേസ് നല്‍കുന്ന താക്കീത്. ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡറും പേസര്‍ കെമാര്‍ റോചയും തിരിച്ചെത്തുമ്പോള്‍ ടീം കുറേക്കൂടി ശക്തമാകും – റോസ്റ്റന്‍ പറയുന്നു.

രാജ്‌കോട്ടില്‍ 26 ഓവര്‍ ഓഫ് സ്പിന്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന റോസ്റ്റന്‍ പിഴവുകള്‍ പരിഹരിക്കുമെന്ന് കട്ടായം പറയുന്നു. ഓരോ ബാറ്റ്‌സ്മാനെതിരെയും കൃത്യമായ ബൗളിംഗ് പ്രകടനം വിന്‍ഡീസ് പദ്ധതിയിടുന്നുണ്ടത്രെ. സന്ദര്‍ശകരുടെ പേടിസ്വപ്‌നം യുവതാരം പൃഥ്വിഷായാണ്. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ പൃഥ്വിയുടെ ഫോം കണ്ട് ശരിക്കും ഭയന്നിരിക്കുന്നു വിന്‍ഡീസ് ബൗളര്‍മാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പിന്‍ഗാമിയായി വാഴ്ത്തുകള്‍ വന്നു കഴിഞ്ഞു പൃഥ്വിക്ക്.
സാഹചര്യങ്ങള്‍ ശരിക്കും പഠിച്ച് ബാറ്റ് ചെയ്യുന്ന പൃഥ്വി ഷാ ടീമിന് മുതല്‍ക്കൂട്ടാണെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഇന്നലെ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. എന്നാല്‍,സച്ചിന്‍ ഭായിയോട് ഉപമിച്ച് യുവതാരത്തെ കരിയറിന്റെ ആരംഭത്തില്‍ തന്നെ സമ്മര്‍ദത്തിലാക്കരുതെന്ന് വിരാട് അപേക്ഷിച്ചു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷായുടെ പ്രകടനത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ടാം ടെസ്റ്റിലും സ്പിന്നിന് അനുകൂല പിച്ച് ഒരുക്കുമെന്നതിനാല്‍ പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

സ്ലിപ്പിലെ ഫീല്‍ഡിംഗ് പിഴവാണ് ഇന്ത്യയെ അലട്ടുന്ന ഘടകം. അത് പരിഹരിക്കാന്‍ ഇന്ത്യന്‍ ടീം കഠിന പരിശീലനമാണ് നടത്തുന്നത്.
നിരന്തരമുള്ള പരിശീലനവും മറ്റും കളിക്കാരുടെ മികവ് ഉയര്‍ത്താത്തതിനെ തുടര്‍ന്ന് ടെക്‌നോളജിയുടെ സഹായം തേടാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ശ്രമം. ഹൈദരാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുന്‍പായി ഇന്ത്യ ടെക്‌നോളജിയുടെ സഹായത്താല്‍ സ്ലിപ്പ് പരിശീലനം നടത്തി.

സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മെഷീന്‍ ആണ് ടീം ഉപയോഗിച്ചത്. പന്ത് കൃത്യമായി ഫീല്‍ഡര്‍മാര്‍ക്ക് ലഭിക്കുന്ന രീതിയില്‍ ബാറ്റ്‌സ്മാന്റെ സഹായമില്ലാതെ എറിഞ്ഞുനല്‍കുന്ന മെഷീന്റെ വീഡിയോയും ബിസിസിഐ പുറത്തുവിട്ടു. ഫീല്‍ഡര്‍മാരുടെ ദ്രുതഗതിയിലുള്ള പ്രതികരണശേഷി വര്‍ധിപ്പിക്കാന്‍ ഉപകരണത്തിന് കഴിയുമെന്നാണ് ബി സി സി ഐ പറയുന്നത്.
ഇംഗ്ലണ്ടിലും മറ്റും നടന്ന പരമ്പരയില്‍ നിരന്തരം സ്ലിപ്പ് ക്യാച്ചുകള്‍ വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ഇത് പരിഹരിക്കാനുള്ള മാര്‍ഗം കൂടിയാണിത്. മെഷീനില്‍ പന്ത് പുറത്തേക്ക് തെറിക്കുന്നതിന്റെ വേഗതയും മറ്റും മാറ്റംവരുത്താന്‍ കഴിയും.

ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ പുതിയ മെഷീനില്‍ കളിക്കാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി.
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് ഇന്ത്യ ഒരിന്നിംഗ്‌സിലും 272 റണ്‍സിനും ജയിച്ചിരുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീം കടുത്ത പരിശീലനത്തിലാണ്.

Latest