Connect with us

International

ഇറാനെതിരായ യുഎസ് ഉപരോധം: ഇന്ത്യക്ക് സഊദി കൂടുതല്‍ എണ്ണ നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത നവംബര്‍ മുതല്‍ ഇന്ത്യ അടക്കമുള്ള ഉപഭോക്ത രാഷ്ട്രങ്ങള്‍ക്ക് അധിക ക്രൂഡ് ഓയില്‍ വിതരണം ചെയ്യാന്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സഊദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

നവംബറില്‍ സഊദി ഇന്ത്യയിലെ ആഭ്യന്തര വിതരണക്കാര്‍ക്ക് 40 ലക്ഷം ബാരല്‍ ക്രൂഡ് അധികം നല്‍കുമെന്നാണു റിപ്പോര്‍ട്ട്. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
അമേരിക്കന്‍ താത്പര്യത്തിന് വഴങ്ങി ഇറാനില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി നിര്‍ത്തുന്നതോടെയുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ ഇതോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നവംബര്‍ നാല് മുതലാണ് ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമായ ഇറാന് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയിരുന്നത് ഇന്ത്യയാണ്. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഇറാനില്‍ നിന്നുള്ള ഇറക്കുമതി തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യ തങ്ങളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നത് തുടരുമെന്നാണ് പ്രതീക്ഷയെന്ന് ഇറാനും പ്രതികരിച്ചിരുന്നു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉപരോധം കാരണം ചില വെട്ടിക്കുറക്കലുകള്‍ വേണ്ടിവന്നേക്കും.

അമേരിക്കന്‍ ഉപരോധം നിലവില്‍വന്നതോടെ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതായി മിക്ക റിഫൈനറികളും സൂചന നല്‍കി. ഇതേതുടര്‍ന്ന്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, മാംഗളൂര്‍ റിഫൈനറി പെട്രോകെമിക്കല്‍സ് എന്നീ കമ്പനികള്‍ സൗദിയില്‍നിന്ന് അടുത്ത മാസം മുതല്‍ പത്തു ലക്ഷം ബാരല്‍ അധിക എണ്ണ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 250 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ മാസംതോറും സഊദി അറേബ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്.