കര്‍ണാടകയിലെ കല്ലുകടികള്‍

Posted on: October 9, 2018 8:56 am | Last updated: October 8, 2018 at 9:59 pm

കര്‍ണാടകയുടെ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത് മുതല്‍ തുടങ്ങിയതാണ് സ്വന്തം പാളയത്തിനകത്ത് നിന്ന് തന്നെയുള്ള ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍. സര്‍ക്കാറിനകത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഏതാണ്ട് അറുതിയായ സമയത്താണ് രണ്ടാംഘട്ട മന്ത്രിസഭാ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ആറും ജനതാദള്‍- എസിന് ഒന്നും മന്ത്രിസ്ഥാനങ്ങള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. കോണ്‍ഗ്രസില്‍ ഒരു ഡസനോളം പേര്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത് നേതൃത്വത്തിന് ചെറുതല്ലാത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ആരെയും അസംതൃപ്തരാക്കാതെ ഉത്തര കര്‍ണാടകക്ക് കൂടി പരിഗണന നല്‍കിക്കൊണ്ട് മന്ത്രിസഭാ വിപുലീകരണം നടത്തുകയെന്ന ഉത്തരവാദിത്വമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ളത്. സഖ്യസര്‍ക്കാറില്‍ അതൃപ്തിയറിയിച്ച് ബെല്‍ഗാവിയിലെ സതീഷ് ജാര്‍ക്കിഹോളിയും സഹോദരനും മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളിയും നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. ജാര്‍ക്കിഹോളി സഹോദരങ്ങളെ ബി ജെ പി ഇപ്പോഴും നോട്ടമിടുന്നുണ്ട്. രമേശും സതീഷും ബി ജെ പിയിലേക്ക് വന്നാല്‍ ഇവരെ പിന്തുണക്കുന്ന പതിനഞ്ചിലധികം എം എല്‍ എമാര്‍ കൂറുമാറി ബി ജെ പിയില്‍ ചേരുമെന്നാണ് യെദ്യൂരപ്പയും കൂട്ടരും കണക്കുകൂട്ടുന്നത്. സതീഷ് ജാര്‍ക്കിഹോളിയുമായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യചര്‍ച്ച നടത്തി അനുരഞ്ജനത്തിന്റെ അന്തരീക്ഷം വീണ്ടെടുത്തിട്ടുണ്ടെങ്കിലും ഇവരെ ഏത് സമയവും ചാക്കിട്ടുപിടിക്കാനാണ് ബി ജെ പി നീക്കം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ജാര്‍ക്കിഹോളി സഹോദരന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ അത് സഖ്യസര്‍ക്കാറിന് ഉയര്‍ത്തുന്ന ഭീഷണി ചെറുതായിരിക്കില്ല.

മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് നടക്കുന്ന വിമത നീക്കങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്. എന്നാല്‍ മന്ത്രിസഭാ വികസനത്തിന് ശേഷം വിഭാഗീയത രൂക്ഷമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എം ബി പാട്ടീലിനും സതീഷ് ജാര്‍ക്കിഹോളിക്കും മന്ത്രിസഭയില്‍ ഇടം നല്‍കിയില്ലെങ്കില്‍ പ്രശ്‌നം വീണ്ടും ആളിക്കത്തും. മന്ത്രിപദവി ലഭിക്കാത്തവരെ സര്‍ക്കാറിന് കീഴിലുള്ള ബോര്‍ഡ്- കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും മന്ത്രിപദവി തന്നെ ലഭിക്കണമെന്ന് ഏറെ പേരും നിര്‍ബന്ധം പിടിക്കുന്നത് മന്ത്രിസഭാ വികസനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എ സംഗമേശിനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്ക് മുന്നില്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ശിവമൊഗ ജില്ലയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എം എല്‍ എയായ സംഗമേശിനെ മന്ത്രിയാക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

കഴിഞ്ഞ മാസം മൂന്നാം വാരം മന്ത്രിസഭാ വികസനം നടത്താനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാറിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്നും ബി ജെ പിയില്‍ നിന്നും ശക്തമായ നീക്കങ്ങള്‍ ഉണ്ടായതോടെ ഇത് സംബന്ധിച്ച ചര്‍ച്ചകളെല്ലാം അവസനാപ്പിക്കുകയായിരുന്നു. പ്രശ്‌നങ്ങളെല്ലാം ഏതാണ്ട് പരിഹരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിലേക്ക് കടക്കുന്നത്. ഇതോടൊപ്പം സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന ബോര്‍ഡ്- കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള ചെയര്‍മാന്‍മാരുടെ നിയമനവും നടക്കാനിരിക്കുകയാണ്. ഒക്‌ടോബര്‍ രണ്ടാം വാരത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പറയുന്നതെങ്കിലും ഇപ്പോഴും മന്ത്രിസ്ഥാനം ആര്‍ക്കൊക്കെയാണെന്നത് സംബന്ധിച്ച് അന്തിമ ധാരണയിലെത്താന്‍ നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല. ജാഖഗണ്ഡി, രാമനഗര ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ തിരക്കിട്ട് മന്ത്രിസഭാ വികസനം വേണ്ടെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് മുഖവിലക്കെടുക്കാന്‍ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ തയ്യാറായിട്ടില്ല. മന്ത്രിസഭാ വികസനം നടത്തിക്കഴിഞ്ഞാല്‍ സ്ഥാനം ലഭിക്കാത്തവര്‍ അതൃപ്തി അറിയിച്ച് സര്‍ക്കാറിനെതിരെ രംഗത്ത് വരാനുള്ള സാധ്യതയേറെയാണ്. ഇത് ഉപതിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കള്‍ മന്ത്രിസഭാ വികസനത്തിനെതിരെയുള്ള നിലപാട് സ്വീകരിക്കാന്‍ കാരണം.

രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തിന് രാഹുല്‍ഗാന്ധി അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ കോണ്‍ഗ്രസിലും ജെ ഡി എസിലും സജീവമായിരിക്കുന്നത്. ഉള്‍പ്പെടുത്തേണ്ടവരെ സിദ്ധരാമയ്യ ചെയര്‍മാനായ അഞ്ചംഗ കോണ്‍ഗ്രസ്- ജെ ഡി എസ് ഏകോപന സമിതിയാണ് നിശ്ചയിക്കുക. ജാതി സമവാക്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും കോണ്‍ഗ്രസ് ബാക്കിവരുന്ന മന്ത്രിമാരെയും നിശ്ചയിക്കുകയെങ്കിലും എം ബി പാട്ടീലിനും സതീഷ് ജാര്‍ക്കിഹോളിക്കും മന്ത്രിപദവി കിട്ടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ലിംഗായത്തില്‍ നിന്ന് നാല് പേരും വൊക്കലിഗയില്‍ നിന്ന് ഒമ്പത് പേരും എസ് സി- എസ് ടിയില്‍ നിന്ന് നാല് പേരും മുസ്‌ലിം -ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് മൂന്ന് പേരും കുറുംബ സമുദായത്തില്‍ നിന്ന് രണ്ട് പേരുമാണ് ആദ്യഘട്ടത്തില്‍ മന്ത്രിസഭയില്‍ ഇടം നേടിയത്. ധാരണ പ്രകാരം 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22 ഉം ജെ ഡി എസിന് 12ഉം സ്ഥാനങ്ങളാണുള്ളത്. വിമത നീക്കം മുന്നില്‍ക്കണ്ടാണ് ഇരുപാര്‍ട്ടികളും ഏതാനും മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടിരുന്നത്.

മന്ത്രിസ്ഥാനം ലഭിക്കാത്തവരും ഉദ്ദേശിച്ച വകുപ്പുകള്‍ ലഭിക്കാത്തതില്‍ മന്ത്രിമാരും പ്രതിഷേധ സ്വരം കടുപ്പിച്ചത് സര്‍ക്കാറിന് തുടക്കത്തിലുണ്ടാക്കിയ ഭരണ പ്രതിസന്ധി വലുതായിരുന്നു. മുഖ്യമന്ത്രിയായ എച്ച് ഡി കുമാരസ്വാമിക്ക് ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനോ മന്ത്രിസഭായോഗം ചേരാനോ സാധിക്കാത്ത അവസ്ഥയും സംജാതമായിരുന്നു. 25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് വകുപ്പുകള്‍ വീതിച്ചു നല്‍കിയത്. എന്നാല്‍, വകുപ്പിനെ ചൊല്ലിയുള്ള തര്‍ക്കം പിന്നെയും പ്രതിസന്ധിക്കിടയാക്കി. ഓഫീസുകളിലെത്തി ഫയലുകള്‍ പരിശോധിക്കാനോ ഒപ്പിടാനോ മന്ത്രിമാര്‍ തയ്യാറാകാത്ത സ്ഥിതിയില്‍ വരെ കാര്യങ്ങളെത്തിയിരുന്നു. ഈ സാഹചര്യം ആവര്‍ത്തിക്കാതെ അഭിപ്രായ സമന്വയത്തിലൂടെ ബാക്കി വരുന്ന മന്ത്രിമാരെ നിശ്ചയിക്കാനാണ് കോണ്‍ഗ്രസ്- ജെ ഡി എസ് ഏകോപന സമിതി ശ്രമിക്കുന്നത്.
ഒഴിവ് വരുന്ന മുപ്പതോളം കോര്‍പറേഷന്‍- ബോര്‍ഡ് ചെയര്‍മാന്‍മാരുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന് 20 ഉം ജനതാദള്‍- എസിന് പത്തും ചെയര്‍മാന്‍ സ്ഥാനങ്ങളാണ് നീക്കി വെച്ചിട്ടുള്ളത്. ഇക്കാര്യത്തിലെല്ലാം അഭിപ്രായസമന്വയമുണ്ടാക്കി അന്തിമതീരുമാനമെടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് നേതൃത്വത്തിന് അത്ര എളുപ്പം സാധ്യമാണോയെന്നതാണ് പ്രസക്തമായ ചോദ്യം. സഖ്യസര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ഇരുകക്ഷികളിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെങ്കില്‍ മന്ത്രിസഭാ വികസനവും ഒഴിവുള്ള കോര്‍പറേഷന്‍- ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നിയമനവും ഉടന്‍ നടത്തേണ്ടത് അനിവാര്യമാണ്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും ഭരണത്തില്‍ നിന്ന് താഴെയിറക്കാനും ബി എസ് യെദ്യൂരപ്പയും കൂട്ടരും പതിയിരുന്ന് ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ സ്വന്തം പാളയത്തിനകത്ത് പ്രശ്‌നങ്ങള്‍ ഇല്ലാതെ നോക്കാന്‍ സഖ്യസര്‍ക്കാറിന് സാധിക്കേണ്ടതുണ്ട്. സര്‍ക്കാറില്‍ പങ്കാളിയായിട്ടുള്ള കക്ഷി എന്ന നിലയില്‍ നയപരമായ എല്ലാകാര്യങ്ങളും കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തയ്യാറാകണം. അതേസമയം, വല്യേട്ടന്‍ മനോഭാവത്തോടെ സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അനാവശ്യമായി ഇടപെടുന്ന സമീപനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാനും പാടില്ല. തന്നെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കുമാരസ്വാമിക്ക് ഒരു വേളയില്‍ തുറന്നുപറയേണ്ടിവന്നതും ഈ സാഹചര്യത്തിലായിരുന്നു.

അടുത്ത വര്‍ഷം രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ആഭ്യന്തര പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമാകേണ്ട സമയമാണിത്. ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന യാതൊരു പ്രവര്‍ത്തനവും സഖ്യകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായിക്കൂടാത്തതാണ്. പരാതികള്‍ക്കിട നല്‍കാത്ത വിധത്തില്‍ മന്ത്രിസഭാ വികസനം നടത്തുകയെന്നതാണ് ഇതിന് ആദ്യമായി സര്‍ക്കാര്‍ ചെയ്യേണ്ടത്. അധികാരത്തിലേറുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയാല്‍ മാത്രമേ ജനകീയ പിന്തുണയും ജനകീയാടിത്തറയും കൂടുതല്‍ അരക്കിട്ടുറപ്പിക്കാനും വരുന്ന തിരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട വിജയം നേടാനും സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവാണ് ഇരുകക്ഷികള്‍ക്കും ആവശ്യം. രണ്ട് കക്ഷികളുടെയും നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായ പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് നടന്നെത്താന്‍ സാധിക്കുകയുള്ളൂ.