Connect with us

Socialist

സുന്നി ഐക്യവും സമുദായ പത്രവും!

Published

|

Last Updated

ഒരു പത്രമെന്ന നിലയില്‍ സുന്നീ ഐക്യം സംബന്ധിച്ച വാര്‍ത്ത കൊടുക്കേണ്ടതായിരുന്നു എന്ന പരിദേവനത്തിനോ, മെയിലഡ്രസ് തെറ്റിയത് കൊണ്ടാണ് വാര്‍ത്ത വരാതിരുന്നത് എന്നൊക്കെയുള്ള ന്യായീകരണങ്ങള്‍ക്കോ, സലഫികളുടെ ഐക്യത്തില്‍ ആഹ്ലാദം കൊണ്ട് അച്ചുനിരത്തിയവര്‍ സുന്നീ ഐക്യവാര്‍ത്ത അവഗണിച്ചു എന്ന വിമര്‍ശനത്തിനോ ആശങ്കകള്‍ക്കോ ഒന്നും ചന്ദ്രികയെ സംബന്ധിച്ചിടത്തോളം വലിയ അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല.

ജനതിക സ്വഭാവം എന്നൊന്നുണ്ടല്ലോ. ചന്ദ്രിക പത്രത്തിന്റെ ചരിത്രവും തുടക്കവുമൊന്നും ഇങ്ങനെയൊന്നിനെയും സാധൂകരിക്കുന്നില്ല. തലശ്ശേരിയില്‍ നിന്ന് കെ എം സീതി തുടങ്ങിയ പത്രമാണ് അത്. സീതിയെ കുറിച്ച് പറയേണ്ടതില്ലല്ലോ. വഹാബിസത്തിന്റെ ആദ്യരൂപമായ ഐക്യസംഘത്തിന്റെ സ്ഥാപക നേതാവ്. വഹാബി ഐക്യസംഘം മുസ്ലിം ബേങ്ക് തുടങ്ങി പലിശ അനുവദനീയമാക്കിയതിനെ എതിര്‍ത്തതിന്റെ പേരില്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനോട് ജീവിതകാലം മുഴുവന്‍ പക പോക്കിയ ആളാണ് ഈ സീതി വക്കീല്‍. തലശ്ശേരിയില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് പ്രസംഗിക്കാന്‍ വന്നപ്പോള്‍ സീതി നടത്തിയ ഉപചാപങ്ങള്‍ സാഹിബിന്റെ ജീവചരിത്രത്തില്‍ കാണാം.

ഇങ്ങനെയൊരാള്‍ നട്ടുനനച്ച് കെ എം മൗലവിയെ പോലുള്ളവര്‍ ആദ്യകാലത്ത് സ്ഥിരം എഴുത്തുകാരായിരുന്ന പത്രത്തില്‍ നിന്നാണോ നിങ്ങള്‍ പാരമ്പര്യ സുന്നീ മുസ്ലിംകള്‍ക്ക് ഇടം പ്രതീക്ഷിക്കുന്നത്? സലഫികളുടെ സംസ്ഥാന പ്രസിഡന്റായിരുന്ന മങ്കട അബ്ദുല്‍ അസീസ് മൗലവിയെ പോലെ ഒരാളെ ചീഫ് എഡിറ്ററാക്കണമെങ്കില്‍ പത്രത്തിന് എത്രത്തോളം സലഫീ ആഭിമുഖ്യം വേണം? എം സി വടകര, എം ഐ തങ്ങള്‍, റഹീം മേച്ചേരി, ജാഫര്‍ അത്തോളി തുടങ്ങിയവരല്ലേ ചന്ദ്രികയുടെ എക്കാലത്തെയും എഴുത്തുകാരും താക്കോല്‍ സ്ഥാനങ്ങളിലിരുന്നവരും? ശരീഫ് സാഗര്‍, മുസ്തഫ തന്‍വീര്‍ തുടങ്ങിയവരിപ്പോള്‍ ഇവരുടെ ഇളമുറത്തമ്പുരാക്കന്മാരായി ലേഖനപ്പേജില്‍ വിരാചിക്കുകയാണ്.

മുമ്പ് മുതലേ, ചന്ദ്രിക വാരാന്ത്യപ്പതിപ്പുകളിലും റമസാന്‍ പതിപ്പുകളിലുമൊക്കെ പാരമ്പര്യ മുസ്ലിംകളെ അവമതിക്കാനും പരിഷ്‌കണത്തിന്റെ മേല്‍ക്കുപ്പായമിട്ട വഹാബിസത്തെ വെള്ളപൂശാനും ഉപയോഗിച്ച മഷിക്കും കടലാസിനും കൈയും കണക്കുമുണ്ടാകില്ല. വിദ്യാഭ്യാസ പുരോഗതി, നവോത്ഥാനം, സ്ത്രീ വിദ്യാഭ്യാസം, സമുദായ പരിഷ്‌കണം തുടങ്ങിയ മേമ്പൊടികള്‍ ചേര്‍ത്തായിരുന്നു പാരമ്പര്യ മുസ്ലിംകള്‍ക്കെതിരെയുള്ള ഈ ഭര്‍ത്സനങ്ങളൊക്കെയും. ഒരു സലഫീ ലഘുലേഖയെ ഓര്‍മിപ്പിക്കുമാറ് അതൊക്കെ തരാതരം എഴുതിവിടാനായി ടി അബ്ദുല്ല, എ പി സുബൈര്‍, പി മുഹമ്മദ് കുട്ടശ്ശേരി, കരുവള്ളി മൗലവി, മങ്കട മൗലവി തുടങ്ങിയവരുമുണ്ടായിരുന്നു. കെ പി കുഞ്ഞിമൂസയുടെയും സെയ്തു മുഹമ്മദ് നിസാമിയുടെയും ആശയപക്ഷപാതം തീരെ കലരാത്ത കുറിപ്പുകളും അവിടെവിടെയായി ചേര്‍ത്തിരുന്നു എന്നതും വിസ്മരിക്കുന്നില്ല. “അഗ്‌നി” എന്ന സിനിമയുടെ പരസ്യത്തിന് ഖുര്‍ആന്‍ സൂക്തം ഉപയോഗിച്ച പുരോഗമന അഭിവാജ്ഞയും പത്രത്തിന് സ്വന്തം.

“മുജാഹിദ് പക്ഷം പണ്ഡിതന്മാര്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ സുന്നീ പക്ഷം വാദങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു” എന്നായിരുന്നല്ലോ കുറ്റിച്ചിറ സംവാദത്തെ കുറിച്ച് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തത്. നല്ല ലീഗുകാരാന്‍ കൂടിയായിരുന്ന കെ പി ഉസ്മാന്‍ സാഹിബ് ഇതേകുറിച്ച് സംവാദ വേദിയില്‍ വെച്ച് തന്നെ ചന്ദ്രികയെ താക്കീത് ചെയ്തതു ചരിത്രം. ഒരുകാലത്ത് പ്രസിദ്ധീകരണ യോഗ്യമല്ലാത്ത “വിവാദ വാര്‍ത്ത”യായിരുന്നല്ലോ ചന്ദ്രികക്ക് നബിദിനം.

ഇ കെ ഹസന്‍ മുസ്ലിയരുടെ (ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ സഹോദരന്‍) മരണവാര്‍ത്തക്കൊപ്പം അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി വിവശനായ ചിത്രം കൊടുത്ത് സുന്നികളെ ഒന്നുകൂടി വേദനിപ്പിച്ചത് യാദൃശ്ചികമല്ല എന്ന് മനസ്സിലാകണമെങ്കില്‍ ഈയടുത്ത് മരിച്ച കരുവള്ളി മൗലവിയുടെ ചരമ വാര്‍ത്ത (ജൂലൈ 20, 2018) ശ്രദ്ധിച്ചാല്‍ മതിയാകും.

വിസ്ഡം വഹാബികളുടെ ആചാര്യനായ കരുവള്ളി മുഹമ്മദ് മൗലവിയുടെ സൂപ്പര്‍ ലീഡ് മരണ വാര്‍ത്തയുടെ ആദ്യ വാചകത്തില്‍ മാത്രം വീര്‍പ്പ് മുട്ടി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ പത്തോളം വിശേഷണങ്ങളാണ്. ആള്‍ മരിച്ചെതില്‍ എത്തണമെങ്കില്‍ ഈ മഹാവിശേഷണങ്ങള്‍ ശ്വാസംപിടിച്ച് വായിച്ചു തീര്‍ത്തിട്ടുവേണം. പോരാത്തതിന് ആറിലേറെ വാര്‍ത്തകളും എഡിറ്റോറിയിലും മുഖ്യലേഖനവും.

തീവ്രവാദ കേസില്‍ കുടുങ്ങിയ എം എം അക്ബറിനെയും സലഫീ പ്രചാരകരേയും രക്ഷിച്ചെടുക്കാന്‍ ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ വ്യാജലേഖനം കൊടുക്കാനും ഇ കെ വിഭാഗം സുന്നികളുടെ ക്യാമ്പയിന്‍ പ്രമേയത്തിന്റെ മുദ്രാവാക്യം വെട്ടിത്തിരുത്താനും എവിടെ നിന്നാണ് ധൈര്യം ലഭിക്കുന്നത് എന്നതിനുള്ള ഉത്തരം കൂടി ഈ ചരിത്രത്തിലുണ്ട്.

മനോരമയില്‍ നിന്ന് പോലും ആളുകളെ വലിച്ച് വലിയ സന്നാഹങ്ങളോടെ ഹുസൈന്‍ മടവൂരും കൂട്ടരും വര്‍ത്തമാനം തുടങ്ങിയപ്പോഴോ, അതിന് മുമ്പ് ജമാഅത്തെ ഇസ്ലാമിക്കാര്‍ മാധ്യമം തുടങ്ങിയപ്പോഴോ ചന്ദ്രികക്ക് യാതൊരു വിഷമവും ഉണ്ടായിരുന്നില്ല, എന്നല്ല ആവുന്ന ഒത്താശകള്‍ അവര്‍ക്കൊക്കെ ചെയ്തുകൊടുക്കുകയും ചെയ്തു. മാധ്യമം എഡിഷനുകള്‍ ഓരോന്നായി തുടങ്ങിയപ്പോഴും ചന്ദ്രിക ആ വഴി നോക്കിയില്ല. കാരണം, എഴുതുന്നതും തയ്യാറാക്കുന്നതും വഹാബികളാണെങ്കിലും വായിക്കാനും വരിക്കാരാകാനും ഫണ്ട് പിരിക്കാനും പാവം സുന്നികള്‍ ഉണ്ടാകുമെന്ന് അവര്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
ഇങ്ങനെയൊക്കെയായിട്ടും സുന്നീ പള്ളികളുടെ ചുമരുകളില്‍ ആ പഴയ ചന്ദ്രിക കലണ്ടര്‍ ഇപ്പോഴും തൂങ്ങിയാടുന്നിടത്താണ് ചന്ദ്രികയുടെ കൗശലം. വീക്ഷണത്തിനോ ദേശാഭിമാനിക്കോ അങ്ങനെയൊന്ന് സ്വപ്നം കാണാനെങ്കിലും കഴിയുമോ ഏതെങ്കിലും കാലത്ത്?

ഏതായാലും പാരമ്പര്യ സുന്നികളോട് നീതി കാണിക്കാനായില്ലെങ്കിലും നമ്പിനാരായണനോട് നീതി പുലര്‍ത്തിയല്ലോ സമുദായ പത്രം. നല്ല നമസ്‌കാരം