Connect with us

Articles

ഹിന്ദു പാക്കിസ്ഥാന്‍

Published

|

Last Updated

ശശി തരൂരിന്റെ “ഹിന്ദു പാക്കിസ്ഥാനെ”ന്ന പരാമര്‍ശം അബദ്ധ ധാരണകളിലേക്കാണ് നമ്മെ നയിക്കുക. രാജ്യമെത്തിപ്പെടാനിടയുള്ള തീര്‍ത്തും പ്രതികൂലവും ഭീതിജനകവുമായ അവസ്ഥയെ ചൂണ്ടിക്കാട്ടാന്‍ പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍, സംഘ്പരിവാരം ഇത്രയും കാലം പണിപ്പെട്ട് വളര്‍ത്തിക്കൊണ്ടുവന്ന മുസ്‌ലിം വിരുദ്ധതയെ ശരിവെക്കുക കൂടിയാണ് ചെയ്യുന്നത്. അവര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത്, അവര്‍ക്ക് പ്രാതിനിധ്യമുള്ളിടത്ത് സംഗതികള്‍ ഇങ്ങനെയൊക്കെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും സമ്മതിക്കുകയാണെന്നും അവരോട് താരതമ്യപ്പെടുത്തി ഇന്ത്യന്‍ യൂനിയനെ അപമാനിക്കുകയാണെന്നും വാദിക്കാന്‍ അവര്‍ക്ക് എളുപ്പം. ഒപ്പം ഹിന്ദു മതത്തില്‍ അധിഷ്ഠിതമായ രാജ്യഭരണമാണ് തങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന ആര്‍ എസ് എസ് വാദത്തെ അംഗീകരിക്കുക കൂടിയാണ്. ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്ന് തരൂര്‍ വാദിക്കുമ്പോള്‍ തന്നെ, അദ്ദേഹമുപയോഗിച്ച താരതമ്യം രണ്ടും ഒന്നാണെന്ന വാദത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ആദ്യം. പാക്കിസ്ഥാന്‍ അനുകൂലിയല്ല. രാജ്യമെന്ന നിലക്ക് ഇന്ത്യന്‍ യൂനിയനേക്കാള്‍ കവിഞ്ഞ മതിപ്പ് ആ രാജ്യത്തോട് ഇല്ല തന്നെ. ഇന്ത്യന്‍ യൂനിയനെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവര്‍ത്തനം ആ രാജ്യത്തിന്റെ മണ്ണില്‍ നിന്ന് ഉരുവമെടുക്കുന്നുണ്ടെന്നും അതിന് അവിടുത്തെ ഭരണകൂടം മൗനാനുവാദം നല്‍കുന്നുണ്ടെന്നും വിശ്വസിക്കുകയും ചെയ്യുന്നു.
കോണ്‍ഗ്രസ് നേതാവായ ശശി തരൂരിന്റെ “ഹിന്ദു പാക്കിസ്ഥാനെ”ന്ന പരാമര്‍ശത്തെക്കുറിച്ച് എഴുതുമ്പോള്‍ രാജ്യദ്രോഹിപ്പട്ടം ചാര്‍ത്തിക്കിട്ടാനുള്ള സാധ്യത ഏറെയാണെന്നതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിച്ചത്. 2019ല്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ യൂണിയനെ “ഹിന്ദു പാക്കിസ്ഥാനാ”ക്കാന്‍ പാകത്തില്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നാണ് ശശി തരൂരിന്റെ അഭിപ്രായം. ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യം രാഷ്ട്രീയ സ്വയം സേവക് സംഘ് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ആ ലക്ഷ്യം നേടുന്നതിന് ഇനിയധികം കാലം കാത്തിരിക്കേണ്ടി വരില്ലെന്ന തോന്നല്‍ ആര്‍ എസ് എസ്സിലും പരിവാര സംഘടനകളിലും ഉടലെടുത്തിരിക്കുന്നു. അത് മുന്‍നിര്‍ത്തി ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കല്‍ ഭരണത്തിലൂടെയും അല്ലാതെയും ഊര്‍ജിതമാക്കുകയാണ് അവര്‍. ഈ സാഹചര്യത്തില്‍ ഇനിയും ബി ജെ പി അധികാരത്തിലെത്തിയാല്‍ “ഹിന്ദു പാക്കിസ്ഥാനാ”യി രാജ്യം മാറുമെന്ന തരൂരിന്റെ അഭിപ്രായം ഒറ്റനോട്ടത്തില്‍ ശരിയാണ്. എന്നാല്‍ ഈ പ്രയോഗം, യാഥാര്‍ഥ്യവുമായി എത്രമാത്രം ചേര്‍ന്നു നില്‍ക്കുന്നതാണ് എന്നതും പാക്കിസ്ഥാനോടുള്ള താരതമ്യം സംഘപരിവാര്‍ അജന്‍ഡകളെ ഏതളവില്‍ സഹായിക്കുമെന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
പാക്കിസ്ഥാന്‍ എന്നത് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാനാണ്. അവിടം പോലെയാകുമെന്ന് പറയുമ്പോള്‍ മതരാഷ്ട്രമാകുമെന്നാണ് പ്രാഥമിക വിവക്ഷ. ഇതര വിഭാഗങ്ങള്‍ക്കൊന്നും സ്വതന്ത്ര ജീവിതം അനുവദിക്കാത്ത പാക്കിസ്ഥാനിലെ രീതി ഇവിടെയും വരുമെന്നാണ് മറ്റൊരു അര്‍ഥം. ഇതര വിഭാഗങ്ങള്‍ക്ക് സ്വതന്ത്ര ജീവിതം അനുവദിക്കാത്ത ഇടമെന്നാല്‍ അത്രയ്ക്ക് അസഹിഷ്ണുത അവിടെ നിലനില്‍ക്കുന്നുവെന്നാണ് സൂചന. എന്തുകൊണ്ട് അവിടെ ഇത്രയും അസഹിഷ്ണുതയെന്ന് ചോദിച്ചാല്‍ അത് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്താനാകയാല്‍ എന്നാണ് മറുപടി. അതായത് അവിടുത്തെ ജനസംഖ്യയില്‍ 97 ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ തികഞ്ഞ മത മൗലികവാദികളാണെന്നാണ് സൂചന. ഇതര വിശ്വാസങ്ങളെയൊക്കെ ഇല്ലാതാക്കി ഇസ്‌ലാമിക രാഷ്ട്രം പൂര്‍ണമാക്കാന്‍ യത്‌നിക്കുന്നവര്‍.

പാക്കിസ്ഥാനിലിപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടുത്തെ അധികൃതര്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയെ ആധാരമാക്കി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവ്വിധമാണ്. അഞ്ച് വര്‍ഷത്തിനിടെ മുസ്‌ലിംകളല്ലാത്ത വോട്ടര്‍മാരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായിരിക്കുന്നു. 2013ലെ വോട്ടര്‍ പട്ടികയനുസരിച്ച് മുസ്‌ലിംകളല്ലാത്ത വോട്ടര്‍മാരുടെ എണ്ണം 27.7 ലക്ഷമായിരുന്നു. ഇപ്പോഴത് 36.3 ലക്ഷമായിരിക്കുന്നു. ഹിന്ദു മത വിശ്വാസികളായ വോട്ടര്‍മാരുടെ എണ്ണം 2013ല്‍ 14 ലക്ഷമായിരുന്നു. 2018ല്‍ അത് 17.7 ലക്ഷമായി ഉയര്‍ന്നു. ഇവരില്‍ 40 ശതമാനവും സിന്ധ് പ്രവിശ്യയിലാണ്. ബാക്കി 60 ശതമാനം പാക്കിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്നു. 2013ല്‍ 12.3 ലക്ഷമായിരുന്നു വോട്ടര്‍ പട്ടികയിലെ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം. ഇക്കുറിയത് 16.4 ലക്ഷമായിരിക്കുന്നു. വര്‍ധനയുടെ വേഗം കൂടുതല്‍ ക്രിസ്തുമത വിശ്വാസികളിലാണ്. പാഴ്‌സി, അഹമ്മദിയ, സിഖ്, ബുദ്ധിസ്റ്റ്, ബഹായ് തുടങ്ങിയ വിഭാഗക്കാരായ വോട്ടര്‍മാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 1947ല്‍ ഇസ്‌ലാമിക റിപ്പബ്ലിക്കായി രൂപം കൊണ്ട് എഴുപതാണ്ട് പിന്നിടുമ്പോഴും ഇതര വിശ്വാസധാരകളില്‍പ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കില്‍, സംഗതി ഇസ്‌ലാമിക് റിപ്പബ്ലിക്കായിരിക്കെത്തന്നെ അവര്‍ക്കവിടെ സ്വന്തം വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കാന്‍ കഴിയുന്നുവെന്നാണ് അര്‍ഥം.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചുവെന്ന പരാതി ഉയരുക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വന്തം ആചാരമര്യാദകള്‍ പരസ്യമായി ആചരിക്കാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപമുയരുക തുടങ്ങിയതൊന്നും അപൂര്‍വമല്ല അവിടെ. ന്യൂനപക്ഷങ്ങള്‍ രണ്ടാംതരം പൗരന്‍മാരായി കണക്കാക്കപ്പെടുന്നുവെന്ന പരാതിയും ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതികള്‍ അധികൃതര്‍ വേണ്ട ഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതൊക്കെ നിലനില്‍ക്കുമ്പോഴും വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണ് എങ്കില്‍ ആസൂത്രിതമായ വംശഹത്യാ ശ്രമമോ വെറുപ്പു വളര്‍ത്തി, ഈ സമൂഹങ്ങളെ പുറംതള്ളാനുള്ള ശ്രമമോ ആ രാജ്യത്ത് നടക്കുന്നില്ല എന്ന് കരുതണം. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാനാണ് അതെന്നിരിക്കെ ഈ സാഹചര്യം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.

മറ്റൊന്ന് ആ രാഷ്ട്രത്തിന്റെ 70 വര്‍ഷത്തെ സ്വതന്ത്ര ജീവിതത്തില്‍ ഒരിക്കല്‍പോലും അവിടെ രാഷ്ട്രീയ – ഭരണ സ്ഥിരത ഉണ്ടായിട്ടില്ല എന്നതാണ്. രാജ്യം ദീര്‍ഘകാലം പട്ടാള മേധാവിയുടെ ഏകാധിപത്യ ഭരണത്തിന്‍ കീഴിലുമായിരുന്നു. രാഷ്ട്രീയ – ഭരണ സ്ഥിരത ഇല്ലാതിരിക്കുന്നതും ഏകാധിപത്യ വാഴ്ച അരങ്ങേറുന്നതും രാജ്യത്തെ പൗരന്‍മാരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗക്കാരുടെ, സുരക്ഷയെ അപകടത്തിലാക്കുന്നതാണ്. വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറത്തുള്ള തീവ്ര നിലപാടുകാരോ ഭീകരവാദ സംഘടനകളോ ഭരണത്തെയും സൈന്യത്തെയും സ്വാധീനിക്കുന്ന സ്ഥിതിയും ആ രാജ്യത്തുണ്ടായിരുന്നു, ഏറിയും കുറഞ്ഞും അതിപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. ഈ അവസ്ഥയും ഏറെ ദോഷകരമായി ബാധിക്കേണ്ടത് ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. എന്നിട്ടും അവരുടെ എണ്ണം കുറഞ്ഞ അളവിലാണെങ്കിലും വര്‍ധിക്കുന്നുവെന്നത് മതത്തെയോ ദേശീയതയോ അധികരിക്കുന്ന ഫാഷിസ്റ്റ് മനോഭാവം ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാനില്‍ വളര്‍ന്നുവന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്.
ജനാധിപത്യ, മതനിരപേക്ഷ, റിപ്പബ്ലിക്കായ എല്ലാ വിശ്വാസധാരകള്‍ക്കും തുല്യാവകാശം വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ യൂനിയന്റെ എഴുപത് വര്‍ഷം വിലയിരുത്തി നോക്കാം. ഭരണഘടന വാഗ്ദാനം ചെയ്ത മതനിരപേക്ഷ സംവിധാനത്തെ അട്ടിമറിച്ച്, ബഹുസ്വരത ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് ഇവിടെ വിഘാതമുണ്ടായിരുന്നില്ല. മതനിരപേക്ഷ ജനാധിപത്യത്തിനൊപ്പം നില്‍ക്കുന്നുവെന്ന് വാഗ്ദാനം ചെയ്ത പാര്‍ട്ടിയുടെ നേതാവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപതിയായപ്പോള്‍, നിര്‍ബന്ധിത വന്ധ്യംകരണം നടപ്പാക്കിയും ചേരികള്‍ ഇടിച്ചുനിരത്തിയും പ്രതിപക്ഷശബ്ദങ്ങളെയൊക്കെ ഇല്ലാതാക്കിയും ഭരണകൂടവും അതിനെ നിയന്ത്രിച്ചവരും ഫാഷിസ്റ്റ് മനോഭാവം കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങള്‍ ആസൂത്രിതമായ വംശഹത്യാ ശ്രമം പലകുറി നേരിട്ടിട്ടുണ്ട് സ്വതന്ത്ര ഇന്ത്യയില്‍. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം ഡല്‍ഹിയിലും വടക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളിലും സിഖുകാര്‍ നേരിട്ടത് ആസൂത്രിതമായ വംശഹത്യാ ശ്രമമായിരുന്നു. ഭരണകൂടത്തിന്റെ എതാണ്ടെല്ലാ വിഭാഗങ്ങളും അക്രമികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തു. 35 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ പേരില്‍ ഒരൊറ്റയാള്‍ പോലും ഈ രാജ്യത്ത് ശിക്ഷിക്കപ്പെട്ടിട്ടില്ല. പഞ്ചാബില്‍ ഭൂരിപക്ഷമെങ്കിലും രാജ്യത്തെ ആകെ ജനസംഖ്യയെടുക്കുമ്പോള്‍ സിഖുകാര്‍ ന്യൂനപക്ഷമാണ്.
2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയതും ആസൂത്രിതമായ വംശഹത്യാ ശ്രമമായിരുന്നു. അക്രമികള്‍ക്ക് സകല അവസരവും നല്‍കിക്കൊണ്ട് ഭരണകൂടം മാറി നിന്നു. ഭൂരിപക്ഷത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി, വംശഹത്യാ ശ്രമത്തിന് പിന്തുണ നല്‍കി ഭരണാധികാരിയെന്ന ആരോപണം നിലനില്‍ക്കുന്നു. അക്രമം നിയന്ത്രിക്കാന്‍ പട്ടാളത്തെ നിയോഗിക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശം അവഗണിച്ച്, കേന്ദ്ര ഭരണാധികാരികളും സൗകര്യമൊരുക്കി. ഇവ്വിധം ആസൂത്രിതമായ അതിക്രമങ്ങള്‍ പലത് ചൂണ്ടിക്കാട്ടാനാകും. പൗരന്‍മാരെ ഭരണകൂടം ലക്ഷ്യമിടുന്നതിന് പാക്കിസ്ഥാനില്‍ നിന്ന് പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഭരണനേതൃത്വവും പോലീസും ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലുകള്‍ വ്യാപകമായി ആസൂത്രണം ചെയ്യുന്നതിന്റെ കഥകള്‍ അവിടെ നിന്ന് അത്രത്തോളം പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ യൂണിയനില്‍ ഗുജറാത്തിലും ഇപ്പോള്‍ ഉത്തര്‍ പ്രദേശിലും നടന്നത് അത്തരം ആസൂത്രിത ഏറ്റുമുട്ടല്‍ കൊലപാതകങ്ങളായിരുന്നു. മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് പരമോന്നത കോടതിയുടെ പല നിര്‍ദേശങ്ങള്‍ക്ക് ശേഷവും അന്വേഷണം ഇഴയുന്നു.
രാഷ്ട്രീയ – ഭരണ സ്ഥിരതയുള്ള, ജനാധിപത്യ സമ്പ്രദായം സുശക്തമാണെന്ന് അവകാശപ്പെടുന്ന, അവ്വിധമുള്ള സമ്പ്രദായം ഭരണഘടനാ വ്യവസ്ഥകളാല്‍ സംരക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയനിലാണ് ഇതൊക്കെ നടന്നതും നടക്കുന്നതും. ചില സംഭവങ്ങളില്‍ സമാനതകളില്ലാത്ത ക്രൂരതയുടെ പേരില്‍ ഏതാനും പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിന് അവസരമൊരുക്കിയ ഉദ്യോഗസ്ഥരോ അവരെ നിയന്ത്രിച്ച ഭരണകര്‍ത്താക്കളോ പിഴ മൂളിയ ചരിത്രമില്ല. പരമോന്ന കോടതിയ്ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച്, ബാബ്‌രി മസ്ജിദ് തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ക്ക് എന്തെങ്കിലും പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടോ ഇന്ത്യന്‍ യൂണിയനില്‍? ഏകാധിപതിയായ പട്ടാള മേധാവിയെ അധികാരഭ്രഷ്ടനാക്കി ജനാധിപത്യം പേരിനെങ്കിലും പുനഃസ്ഥാപിക്കാനും, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന് കണ്ടെത്തിയപ്പോള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കാനും തയ്യാറായിരുന്നു ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാനിലെ നീതിന്യായ സംവിധാനമെന്നത് ഇവിടെ ഓര്‍ക്കണം.

താരതമ്യം പലപ്പോഴും അബദ്ധ ധാരണകളിലേക്കാണ് നമ്മെ നയിക്കുക. രാജ്യമെത്തിപ്പെടാനിടയുള്ള തീര്‍ത്തും പ്രതികൂലവും ഭീതിജനകവുമായ അവസ്ഥയെ ചൂണ്ടിക്കാട്ടാന്‍ പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍, സംഘ്പരിവാരം ഇത്രയും കാലം പണിപ്പെട്ട് വളര്‍ത്തിക്കൊണ്ടുവന്ന മുസ്‌ലിം വിരുദ്ധതയെ ശരിവെക്കുക കൂടിയാണ് ചെയ്യുന്നത്. അവര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത്, അവര്‍ക്ക് പ്രാതിനിധ്യമുള്ളിടത്ത് സംഗതികള്‍ ഇങ്ങനെയൊക്കെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും സമ്മതിക്കുകയാണെന്നും അവരോട് താരതമ്യപ്പെടുത്തി ഇന്ത്യന്‍ യൂനിയനെ (ഭാരതത്തെ എന്ന് സംഘപരിവാരം) അപമാനിക്കുകയാണെന്നും വാദിക്കാന്‍ അവര്‍ക്ക് എളുപ്പം. ഒപ്പം ഹിന്ദു മതത്തില്‍ അധിഷ്ഠിതമായ രാജ്യഭരണമാണ് തങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന ആര്‍ എസ് എസ് വാദത്തെ അംഗീകരിക്കുക കൂടിയാണ്. ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്ന് തരൂര്‍ വാദിക്കുമ്പോള്‍ തന്നെ, അദ്ദേഹമുപയോഗിച്ച താരതമ്യം രണ്ടും ഒന്നാണെന്ന വാദത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
തീവ്ര ദേശീയതയിലും വംശ ശുദ്ധിയിലും അധിഷ്ഠിതമായ നാസിസത്തോടാണ് സംഘപരിവാരത്തിന്റെ “ഹിന്ദുത്വ” കൂടുതല്‍ ചേര്‍ന്നിരിക്കുന്നത്. അവരില്‍ നിന്നാണ് ആര്‍ എസ് എസ്സിന്റെ സ്ഥാപക നേതാക്കള്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നതും. ജനാധിപത്യ സമ്പ്രദായത്തെ ഹൈജാക്ക് ചെയ്ത് നാസിസം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം കൂടുതല്‍ അപകടകരവും തിരുത്താന്‍ പ്രയാസമുള്ളതുമാകുന്നു. ഇന്ത്യയുടെ അധികാരം കൈയാളുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിനെ കൂടുതല്‍ ആഴത്തിലും വ്യാപ്തിയിലും വളര്‍ത്താനുുള്ള ശ്രമങ്ങളെയും ഇന്ത്യന്‍ യൂണിയന്‍ നിലനിര്‍ത്താന്‍ ശ്രമിച്ച ബഹുസ്വര സ്വഭാവത്തിന്റെയും ഭരണഘടന ഉറപ്പാക്കുന്ന തുല്യാവകാശങ്ങളുടെയും ബലത്തിലാണ് ചെറുക്കാന്‍ ശ്രമിക്കേണ്ടത്. അതിനപ്പുറത്ത് താരതമ്യങ്ങളിലൂടെ അപകടത്തിന്റെ വലുപ്പം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് സംഘപരിവാരത്തിന്റെ വാദങ്ങള്‍ക്ക് ബലമേകാന്‍ മാത്രമേ സഹായിക്കൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest