Connect with us

Editorial

വിദ്യാലയങ്ങളിലെ ആയുധ പരിശീലനം

Published

|

Last Updated

പോലീസ് ആക്ട് 2001ലെ 73-ാം വകുപ്പ് പ്രകാരം കായിക പരിശീലനം നടത്തുന്നതിന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ അനുമതിയില്ലാതെ സ്‌കൂളുകളിലും ആരാധനാലയങ്ങളിലും ആയുധ പരിശീലനം ഉള്‍ക്കൊള്ളുന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പാടില്ല. അത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ കെട്ടിട ഉടമക്ക് അധികാരവുമില്ല. വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും സ്‌കൂളുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്. എന്നിട്ടും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ എസ് എസിന്റെ ആയുധ പരിശീലന ക്യാമ്പുകള്‍ നടന്നുവരുന്നു.

ഇക്കാര്യം തിങ്കളാഴ്ച നിയമസഭയില്‍ ചില അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, സംസ്ഥാനത്ത് ആര്‍ എസ് എസ് നടത്തുന്ന എല്ലാ കായിക ആക്രമണ പരിശീലന പ്രവര്‍ത്തനങ്ങളും പോലീസ് നിരീക്ഷിച്ചുവരികയാണെന്നും അവ തടയുന്നതിന് നിയമനിര്‍മാണം പരിഗണനയിലുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു ചാനല്‍ തെളിവുകള്‍ സഹിതം ആര്‍ എസ് എസ് പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കഴിഞ്ഞ ക്രിസ്മസ് അവധിയിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരിശീലന ക്യാമ്പുകള്‍ പിന്നെയും അരങ്ങേറി.

സമീപ കാലത്ത് തുടങ്ങിയതല്ല സംസ്ഥാനത്തെ സ്‌കൂളുകളിലെയും ക്ഷേത്രങ്ങളിലെയും ആര്‍ എസ് എസ് ആയുധ പരിശീലന ക്യാമ്പുകള്‍. ദശാബ്ദങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് നടന്നുവരുന്നുണ്ട്. സ്‌കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും ആര്‍ എസ് എസ് നേതൃത്വം ഇതിനായി അനുമതി സമ്പാദിക്കുന്നത്. കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരുന്നിട്ടും അനുമതി നല്‍കുന്ന സ്‌കൂളുകളുമുണ്ട്. വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകളെന്നോ ശില്‍പ്പശാല, സെമിനാര്‍ തുടങ്ങിയ ബാനറുകളിലോ സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പുകളില്‍ കുട്ടികളെ പോലും പങ്കെടുപ്പിക്കുകയും കൊടിയ വര്‍ഗീയ വിഷം കുത്തിവെക്കുകയും ആയുധ പരിശീലനം നല്‍കുകയും ചെയ്യുന്നു. പുറത്തുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പകലില്‍ സാധാരണ ക്ലാസുകളായിരിക്കും. രാത്രികളിലാണ് സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന ക്ലാസുകളും ആയുധപരിശീലനവും മറ്റും സംഘടിപ്പിക്കുന്നതെന്നാണ് ഇതു സംബന്ധിച്ചു അന്വേഷണം നടത്തിയ ചാനല്‍ വെളിപ്പെടുത്തിയത്. കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാണ് ക്യാമ്പിലേക്ക് കൊണ്ടുവരുന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന നീളമുള്ള വടിയായ ദണ്ഡ ഉപയോഗിച്ച് ആക്രമിക്കുന്നതിനാണ് പ്രധാനമായും പരിശീലനമെന്നും വ്യത്യസ്ത സാഹചര്യങ്ങളില്‍ കൈകാലുകള്‍ ഉപയോഗിച്ച് ശരീരത്തിലെ മര്‍മ ഭാഗങ്ങളില്‍ ആക്രമിക്കാനും പഠിപ്പിക്കുന്നതായും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലാനുള്ള പരിശീലനം പോലും നടക്കുന്നതായി വിവരമുണ്ടെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തല്‍. “എതിരാളികള്‍ക്ക് അവസരം നല്‍കാതെ അങ്ങോട്ട് ആക്രമിക്കുക” എന്നാണ് പരിശീലകര്‍ക്ക് വിതരണം ചെയ്ത ഒരു കൈപുസ്‌കത്തിലെ നിര്‍ദേശം. തിരൂരിലെ യാസര്‍ അറഫാത്തിനെയും കൊടിഞ്ഞിയിലെ ഫൈസലിനെയും കാസര്‍കോട് മദ്‌റസ അധ്യാപകനെയും വകവരുത്തിയത് ഇത്തരം ക്യാമ്പുകളില്‍ നിന്ന് പരിശീലനം നേടിയവരാണെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നതാണ്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയാണ് പരിശീലന വേദികളെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പോലീസിലെ സംഘ്പരിവാര്‍ സ്വാധീനം കൊണ്ടാണോ എന്നറിയില്ല ഉദ്യോഗസ്ഥര്‍ ഇത് കാണാത്ത ഭാവം നടിക്കുകയാണ്. പല സ്‌റ്റേഷനുകളിലെയും ക്രമസമാധാന ചുമതലയിലുള്ള സി ഐമാരും എസ് ഐമാരുമടക്കം പോലീസിലെ ഒരു വിഭാഗം സംഘ്പരിവാര്‍ അനുകൂലികളാണെന്നതും സംസ്ഥാന പോലീസിനുള്ളില്‍ ആര്‍ എസ് എസ് അനുഭാവികളുടെ ഒരു സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും പുറത്ത് വന്നതാണല്ലോ. പോലീസിന്റെ പ്രതിച്ഛായ തകര്‍ക്കുന്നത് സേനക്കുള്ളിലെ സംഘ്പരിവാര്‍ അനുകൂലികളാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു. “ഞങ്ങളുടെ ക്യാമ്പ് റെയ്ഡ് ചെയ്യാന്‍ പോലീസിന് ധൈര്യമുണ്ടോ”യെന്ന് ചാനല്‍ ചര്‍ച്ചയില്‍ ബി ജെ പി നേതാവ് വെല്ലുവിളിച്ചതും പോലീസിലെ സംഘ്പരിവാറിന്റെ സ്വാധീനത്തിലാണെന്ന് സന്ദേഹിക്കണം.

പ്രകോപനപരമായ പ്രസ്താവനകളിലൂടെയും വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെയും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചാണ് ആര്‍ എസ് എസും ബി ജെ പിയും സ്വാധീനം നേടുന്നത്. കേരളത്തിലും ഈ അടവ് പലപ്പോഴും പയറ്റിയിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ പ്രതിഫലനമുണ്ടാക്കിയിട്ടില്ല. ആയുധ പരിശീലനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതുള്‍പ്പെടെ സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡകളെ ശക്തമായി പ്രതിരോധിച്ചില്ലെങ്കില്‍ മുസാഫര്‍ നഗറും, ഗുജറാത്തുമെല്ലാം ഇവിടെ സൃഷ്ടിക്കപ്പെടും. ഇത്തരം ശക്തികള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ഇടതുപക്ഷ സര്‍ക്കാറിനേ കഴിയൂ.

---- facebook comment plugin here -----

Latest