നിപ്പാ: 48 ഫലങ്ങളും നെഗറ്റീവ്

Posted on: May 30, 2018 6:08 am | Last updated: May 30, 2018 at 12:02 am

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്നലെ ഫലം വന്ന 48 കേസുകളില്‍ എല്ലാം നെഗറ്റീവ്. ഇവരില്‍ മരിച്ച നഴ്‌സ് ലിനിയുടെ രണ്ട് മക്കളും ഉള്‍പ്പെടും. പതിനാല് പേരാണ് ഇതുവരെ മരിച്ചത്.

ഇതുവരെ ഫലം വന്ന 159ല്‍ 143 പേര്‍ക്കും നെഗറ്റീവായത് രോഗം വലിയ തോതില്‍ വ്യാപിച്ചില്ലെന്നതിന്റെ തെളിവാണ്. കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നിപ്പാ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഒരു പരിധിവരെ കഴിഞ്ഞുവെന്നത് ആശ്വാസം പകരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേര്‍ മാത്രമാണ്. ഇവരുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതി പ്രതീക്ഷ പകരുന്നതാണ്. ജൂണ്‍ അഞ്ച് കഴിഞ്ഞാല്‍ മാത്രമേ രോഗവ്യാപന സാധ്യതകള്‍ പൂര്‍ണമായും വിലയിരുത്താനാകൂ. രോഗികളുമായി ബന്ധപ്പെട്ട 958 പേരെയാണ് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നത്.